Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം ആ ബസ് പോലെ ആവരുത്

family

ഒരു പ്രസംഗത്തിനിടയിൽ ഞാൻ പറഞ്ഞു : 'ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതു പരസ്പരപൂരകങ്ങളായിട്ടാണ്.. സ്ത്രീ മാംസവും പുരുഷന്‍ അസ്ഥിയുമാണ്. തട്ടാനും മുട്ടാനും പൊട്ടാനും പരുവത്തിൽ പുരുഷന്‍ ഓടി നടക്കുമ്പോൾ അവനെം‌ സാന്ത്വനപ്പെടുത്തിയും തിരുത്തിയും പൊതിഞ്ഞു സൂക്ഷിക്കാൻ‌ ഭാര്യയെ നൽകി. അവൾ തളർന്നു ക്ഷീണിക്കുമ്പോഴും ബലഹീനയാകുമ്പോഴും അവളെ ശക്തിപ്പെടുത്താൻ പുരുഷനെ നൽകി. അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായി സ്ത്രീയെ പുരുഷനു നൽകി. '

പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ ഒരു സ്ത്രീ പറഞ്ഞു : അച്ചോ പ്രസംഗം നന്നായി. പക്ഷേ, ഞങ്ങളുടെ വീട്ടിൽ അസ്ഥിയുടെ അസ്ഥി അല്ല ഗുസ്തിയുടെ ഗുസ്തിയാണു നടക്കുന്നത്. ഇടി കിട്ടുന്നതിന് ഒരു കൈയും കണക്കുമില്ല. അച്ചോ...ആ സിനിമാ പാട്ടിൽ പറഞ്ഞ പോലെയായി കാര്യം. ' തുടക്കം മാംഗല്യം തന്തുനാനേനാ....പിന്നെ ജീവിതം.......' കണ്ണീരിനിടയിലും ആ പാവം ചിരിച്ചു.

നന്നായി ആരംഭിക്കുന്ന ദാമ്പത്യത്തിൽ സാവധാനം തകർച്ചകൾ കടന്നുവരുന്നതു കണ്ടിട്ടുണ്ട്. സ്നേഹം, സ്റ്റോപ്പിൽ നിർത്താതെ പോവുന്ന കെഎസ്ആർടിസി ബസ് പോലെ ആവരുത് , 'സ്നേഹം ഉണ്ടോ? ' ഉണ്ട് ' എന്നാലതുകൊണ്ട് വല്ല പ്രയോജനം ഉണ്ടോ? ' ഇല്ല....

ഈ അവസ്ഥയില്‍ മാറ്റം വരണം. സ്നേഹം പ്രകടിപ്പിക്കാനും ഉള്ളു തുറന്നു പറയാനുമുള്ളതാണ്.

സ്നേഹം എന്ന വേദന സംഹാരി

ഭര്‍ത്താവിനു രോഗമോ മനസ്സിൽ പ്രയാസമോ ഉണ്ടായാൽ ഭാര്യ അടുത്തിരിക്കണം. നെറ്റിയിൽ മരുന്നു പുരട്ടി കൊടുത്തും ചൂടു ചായ എടുത്തു കൊടുത്തും ശ്രദ്ധാപൂർവ്വം സംസാരിച്ചും സാന്നിദ്ധ്യം കൊടുത്തും ശുശ്രൂഷിക്കണം. അപ്പോൾ അവനു തോന്നും ഇവളെന്റെ വേദനകളിൽ ആശ്വാസമാണ്. ഒരു പെയിൻകില്ല‌ർ പോലെ തന്നെ വേദനകളെ മാറ്റുന്ന മരുന്നാണ് സ്നേഹം.

ഭാര്യയുടെ മാനസിക നൊമ്പരങ്ങളിലും ശാരീരിക ക്ഷീണത്തിലും ഭർത്താവും ഇപ്രകാരം തന്നെ പ്രവർത്തിക്കണം. ഞാൻ നിന്റെ ആപത്തിൽ ആശ്വാസമാണെന്നു പറഞ്ഞാൽപ്പോരാ പ്രവ‌ൃത്തികൾ കൊണ്ടു സ്ഥിരീകരിക്കണം. ഏതു ചെറിയ കാര്യത്തിലും ശ്രദ്ധ കൊടുക്കണം. ഇതു വളരെ പ്രധാനപ്പെട്ടതാണ്.

ജീവിതത്തിന്റെ ഉറപ്പ് പങ്കാളിയാണെന്നു മത്സരിച്ചു തെളിയിക്കണം. അതിനു ഭാര്യയും ഭർത്താവും മനസ്സുവച്ചാലേ നടക്കൂ. ഭാര്യയ്ക്കും ഭർത്താവിനും പരസ്പരമുള്ള വിശ്വാസമാണ് ഈ ഉറപ്പ്. പരസ്പരവിശ്വാസമെന്ന ഉറപ്പു മാഞ്ഞു പോയാൽ കുടുംബം ഉലയാൻ തുടങ്ങും. വീടിനുള്ളിലെ സ്നേഹം കൂട്ടാനുള്ള ഏറ്റവും നല്ല വഴി ജീവിതപങ്കാളിയോട് എല്ലാം ഉള്ളുതുറന്നു പറയുകയാണ്. ദിവസവും ഒരു മണിക്കൂർ ഭാര്യയും ഭര്‍ത്താവും മാത്രമിരുന്ന് ചിരിച്ച് ഉല്ലസിച്ചു സംസാരിച്ചു നോക്കൂ. ജീവിതത്തിന്റെ ഏതൊക്കെ മേഖലകളിൽ നിങ്ങളുടെ സന്തോഷം നിറയുന്നു എന്ന് സ്വയം തിരിച്ചറിയാനാവും.

പങ്കാളിക്കു മുന്നിൽ നിങ്ങളുടെ മനസ്സ് ചോർച്ചയുള്ള ചട്ടിയാവുകയാണ് നല്ലത്. തുറന്നു കാണിക്കാത്ത മനസ്സ് എപ്പോഴും സംശയങ്ങളും നിറയ്ക്കും. സംശയമുള്ള ഫോൺ വിളികളും പെരുമാറ്റങ്ങളും കടന്നുവരുകയും ചെയ്യുമ്പോൾ ദാമ്പത്യം ശിഥിലമാകും. ഭാര്യയേക്കാളധികമായി മറ്റു സ്ത്രീകളോടു സംസാരിക്കുന്ന ഭർത്താവും, ഭര്‍ത്താവിന‌േക്കാളധികം മറ്റു പുരുഷന്മാരെ പുകഴ്ത്തി പറയുന്ന ഭാര്യയും ദാമ്പത്യത്തിൽ പരാജയപ്പെടും. എത്ര മനസ്സു തകരുന്ന സാഹചര്യത്തിലും ജീവിത പങ്കാളിയെ മുറിപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഭാര്യയ്ക്കു വസ്ത്രവും പാർപ്പിടവും മരുന്നും വൈകാരികസുരക്ഷിതത്വവും ആത്മീയ വളർച്ചയ്ക്കുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്ന ഭർത്താവ്് അവളുടെ ജീവിതത്തിന് ഉറപ്പുകൊടുക്കുന്നു.

ഒന്ന് കേൾക്കൂ...

∙ കിടപ്പറയിൽ ഉറങ്ങും മുമ്പ് അരമണിക്കൂറെങ്കിലും ദമ്പതികൾ സംസാരിക്കുമെന്ന് തീരുമാനിക്കുക.

∙ സംസാരം പരസ്പരം തണലാവാനുള്ളതാണ്. സ്നേഹത്തോടെ സംസാരിക്കാനുള്ളതാണ്. മറിച്ചാവാതിരിക്കാൻ ശ്രദ്ധിക്കുക.

∙ പങ്കാളിക്കു‍ മുന്നിൽ തുറന്നു പറയാനാവാത്ത കാര്യങ്ങളൊന്നും ജീവിതത്തിൽ ഉണ്ടാവരുതെന്ന് ഉറപ്പിക്കുക.

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഫാമിലി കൗൺസലറും പ്രഭാഷകനും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.