Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബദൽ വിദ്യാഭ്യാസത്തിന്റെ ആദ്യ വിജയമാതൃക

Gautham with family അനുരാധ, ഗൗതം, ഹിരണ്യ, പാർഥൻ

മക്കളുടെ പ്രോഗ്രസ് കാർഡ് കിട്ടുമ്പോഴുളള ടെൻഷൻ ഇവർക്കില്ല. ചുമട്ടുകാരെ പോലെ ഭാരം താങ്ങി സ്കൂൾ ബാഗുമായി മക്കൾ പോവുന്ന കാഴ്ചയും ഇവരുടെ ജീവിതത്തിൽ ഇല്ല. കാരണം ഇവർക്ക് സ്കൂൾ എന്നത് വീട് തന്നെയാണ്. വീടും ചുറ്റുപാടും അറിഞ്ഞാണ് ഇവരുടെ മക്കൾ വളരുന്നത്. അട്ടപ്പാടിയിലെ സാരംഗ് മലയിൽ എത്തുമ്പോൾ ഗൗതമിന്റെ അനുരാധയുടെയും മകൾ അഞ്ചുവയസ്സുകാരി ഹിരണ്യ ചിത്രം വരയ്ക്കുന്ന തിരക്കിലാണ്.

ഇലച്ചാർത്തുകൾക്കിടയിലൂടെ ഇറങ്ങിവരുന്ന കടുവ. ഇതൊന്നും ശ്രദ്ധിക്കാതെ പൂക്കൾ തേടുന്ന ശലഭങ്ങൾ. കുഞ്ഞുവരകളിലൂടെ ചിത്രം വളരുന്നു, കാട് പോലെ, നിർമലമായി. ചേച്ചിയുടെ ചിത്ര കല കണ്ട് അരികിലിരിക്കുന്നു അനിയൻ രണ്ടു വയസ്സുകാരൻ പാർഥൻ.

സ്കൂളിൽ പോവാതെയുളള ബദൽവിദ്യാഭ്യാസ മാതൃക ഗൗതം. മാതാപിതാക്കളായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും തുടങ്ങിയ സാരംഗിന്റെ സന്ദേശം ഇപ്പോള്‍ അടുത്ത തലമുറയിലും തെളിയുന്നു. സർക്കാർ സ്കൂൾ അധ്യാപകരായിരുന്ന ഗോപാലക‌ൃഷ്ണനും വിജയലക്ഷ്മിയും സാരംഗിനു തുടക്കമിടുന്നത് 1979-ൽ. മകന്റെ ഭാവി തുലക്കുന്നുവെന്ന് പറഞ്ഞ് ഒരു പാട് പഴികേട്ടിട്ടുണ്ട് അവർ. പക്ഷേ, പഴിവാക്കുകൾക്കു മേലേ ഗൗതം വളര്‍ന്നു. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുന്ന ഗൗതം ഇന്ന് ശ്രദ്ധേയനായ വെബ് ഡിസൈനർ. കോർപറേറ്റ് കമ്പനികളുടെ ‍ജോലിക്കു ക്യൂ നിൽക്കാതെ ബിരുദങ്ങളുടെ കടലാസ് ഭാരമില്ലാതെ അട്ടപ്പാടിയിലെ സാരംഗ് മലയിലിരുന്ന് ഗൗതം ഫ്രീലാൻസറായി ജോലി ചെയ്യുന്നു. ഇന്ത്യയിലെ വിവിധ കമ്പനികളുടെ വെബ് ഡിസൈനിങ് ജോലികൾ. ഇടയ്ക്കു കൃഷിയിടത്തിലേക്ക് ഇറങ്ങി പോ‌കുന്നു. കുട്ടികൾക്കൊപ്പം കഥ പറഞ്ഞും പാട്ടു പാടിയുമിരിക്കുന്നു. സ്വപ്നം പോലെയുളള ജീവിതം. ആ ഭംഗി ഓർത്തിരിക്കുമ്പോള്‍ ഹിരണ്യ വിളിച്ചു. അവളുടെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. ചിത്രത്തിനു താഴെ കൈയൊപ്പായി അവൾ സ്വന്തം പേരെഴുതി. ഹിരണ്യ. അക്ഷരങ്ങളും അക്കങ്ങളും അവൾക്ക് പരിചിതമാണ്. ഒപ്പമുണ്ട് പാട്ടിലും നൃത്തത്തിലും ഉളള ഇഷ്ടം. ജീവിതം അനുഭവിച്ചു ജീവിക്കുന്ന അറിവിന്റെ തിളക്കം ഹിരണ്യയുടെ കുഞ്ഞുവാക്കുകളിലുമുണ്ട്.

പാർഥന്റെ കുസൃതിച്ചോദ്യങ്ങളോട് കൂട്ടുകൂടിയിരിക്കുമ്പോൾ ഗൗതവും അനുരാധയും എത്തി. സ്കൂളിൽ പോകാതെയുളള വിദ്യാഭ്യാസ രീതിയെക്കുറിച്ച് ആളുകൾ സംസാരിച്ചു തുടങ്ങുന്നതിനും മുമ്പാണ് അധ്യാപകരായ ഗോപാലകൃഷ്ണനും വിജയ ലക്ഷ്മിയും സാരംഗ് എന്ന ബദൽ വിദ്യാഭ്യാസ ശ്രമം ആരംഭിക്കുന്നത്. മൂത്തമകൻ ഗൗതമിനെപ്പോലെ തന്നെ സാരംഗിന്റെ ബദല്‍ മാതൃകയിൽ വളര്‍ന്നവരാണ് സഹോദരിമാരായ കണ്ണകിയും ഉണ്ണിയാര്‍ച്ചയും. ‘അവരിപ്പോൾ പാലക്കാടാണ്. ന‌‌ൃത്തം പഠിക്കുന്നു. മേതില്‍ ദേവികയുടെ കീഴിൽ. ഞങ്ങൾ മൂന്നുപേരും കളരി പഠിച്ചിട്ടുണ്ട്.’ മണ്ണും മുളയും ചേർത്ത് ആദിവാസി നിര്‍മാണരീതിയിൽ പണിത പുതിയ വീടിന്റെ തിണ്ണയിലിരുന്ന് ഗൗതം പറയുന്നു.

പ്രയോഗിക്കാനുളള അറിവ്

‘ഗണിതത്തിന്റെ സമവാക്യങ്ങളോ പദാർത്ഥങ്ങളുടെ രാസസൂത്രങ്ങളോ ചോദിച്ചാൽ ഒരു പക്ഷേ. എനിക്ക് പറയാൻ കഴിയില്ല. ഒരാൾ കുറേ പഠിച്ച് ഒടുവിൽ ജോലി കിട്ടുന്നു. അപ്പോൾ ക്ലാസിലിരുന്നു പഠിച്ച എത്ര കാര്യങ്ങള്‍ അയാൾക്ക് പ്രയോജനപ്പെടുന്നുണ്ട് ? ജോലിയിൽ പിന്നെയും കുറേ കാര്യങ്ങൾ അയാൾ ചെയ്തു പഠിക്കുന്നു. യഥാർഥത്തില്‍ പ്രയോഗത്തിലൂടെയുളള ആ അറിവാണ് പ്രയോജനപ്പെടുന്നത്. പ്രയോഗിക്കാൻ പറ്റാത്ത അറിവുകൊണ്ട് എന്താണു ഗുണം എന്ന് എനിക്ക് അറിയില്ല.’ ഗൗതം ചോദിക്കുന്നു.

‘വിദ്യാഭ്യാസം നിർമാണപ്രവർത്തനമാണെന്ന സങ്കൽപ്പത്തിലാണു അച്ഛനും അമ്മയും സാരംഗ് തുടങ്ങുന്നത്. സാധാരണക്കാ രുടെ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരം ആയിരുന്നു വിദ്യാഭ്യാസത്തിലൂടെ അവർ ലക്ഷ്യം വച്ചിരുന്നത്. വിദ്യഭ്യാസം സൃഷ്ടിക്കുന്നത് ചില ശീലങ്ങളാണ്. ഉദാഹരണം പല്ലുതേയ്ക്കാതെ ഭക്ഷണം കഴിക്കുന്ന മലയാളികൾ എത്ര പേരുണ്ട്. അത് ശുചിത്വം എന്ന പേരിൽ പഠിച്ച ഒരു ശീലമാണ്, പക്ഷേ, ആരും കാണാത്തിടത്തോള‌ം കാലം വീട്ടിലെ വേസ്റ്റ് എവിടെ കൊണ്ടു പോയി തട്ടാനും ഒരു മടിയുമില്ല വിളപ്പിൽ ശാലയിൽ ഗ്രാമവാസികൾ സമരം ചെയ്യുന്നു. യഥാര്‍ഥത്തില്‍ ആ സമരമാണോ പരിഹാരം നഗരവാസികൾക്കു അവരണ്ടാക്കുന്ന വേസ്റ്റ് അവർ തന്നെ മാനേജ് ചെയ്യണമെന്ന ബോധം അല്ലേ ഉണ്ടാവേണ്ടത്. അതുണ്ടാവാതെ വ്യക്തിശുചിത്വം മാത്രം പഠിച്ചിട്ട് എന്തു കാര്യം ? അനുഭവിക്കേണ്ടി വരുന്ന പല പ്രശ്നങ്ങളിലും നമ്മൾ കൂടി കൂട്ടു പ്രതികളാണ്. രാഷ്ട്രീയവും സംസ്കാരവും ശരിയായ രീതിയില്‍ മനസ്സിലാക്കാനുളള വിദ്യാഭ്യാസമാണ് ലക്ഷ്യം. അല്ലാതെ സ്കൂളിൽ പോവാതെ ജീവിക്കുന്നതു കൊണ്ടു മാത്രം നല്ലത് എന്തോ സംഭവിക്കുമെന്ന പ്രതീക്ഷയില്ല.’

രണ്ടുപേര്‍ കണ്ടുമുട്ടുമ്പോള്‍

‘ഗൗതമിനു വഴി കാണിച്ചു കൊടുക്കാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്റെ വഴി ഞാൻ തന്നെ അലഞ്ഞു കണ്ടുപിടിച്ചതാണ്.’ സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഒറ്റപാലംകാരി അനുരാധയുടെ കാഴ്ചപ്പാട് അനുഭവങ്ങളിൽ നിന്നും ആര്‍‌ജിച്ചവയാണ്.സിവിൽ എൻജിനീയറിങ് കഴിഞ്ഞെങ്കിലും എനിക്ക് ആ ജോലി ചെയ്തപ്പോൾ അത് എന്റെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞു.

പിന്നെ, തമിഴ്നാട്ടിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമായി. അനിയൻ ജയദേവനാണ് സാരംഗിനെക്കുറിച്ച് പറഞ്ഞത്. അവൻ മുമ്പ് സാരംഗിൽ വന്നിരുന്നു. കൂടുതലും പറഞ്ഞത് ഗൗതത്തിനെക്കുറിച്ചാണ്.

ചേട്ടനു വാക്കത്തി ഉണ്ടാക്കാനറിയാം, കളിപ്പാട്ടമുണ്ടാക്കും. തറിയിൽ മുണ്ടും തോർത്തും നെയ്യും. പിന്നെ, കംപ്യൂട്ടറിൽ എല്ലാം അറിയാം. അങ്ങനെ എല്ലാമറിയുന്ന ചേട്ടനെക്കുറിച്ച് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. എന്നെയും ഗൗതമിനെയും പരിചയമുളള സുഹൃത്ത് ഹരിയാണ് എനിക്ക് ഗൗതമിന്റെ ഇമെയിൽ ഐഡി തരുന്നത്. അങ്ങനെ ഞങ്ങള്‍ പരിചയക്കാരായി. ഗൗതമിനൊപ്പം സാരംഗിൽ വന്നു. സാരംഗിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടറിയുകയായിരുന്നു ലക്ഷ്യം. ഇവിടെ എത്തിയ ഉടൻ തന്നെ വേറൊരു ആവശ്യത്തിനായി ഗൗതം പോയി. ഞാൻ പത്തു ദിവസം സാരംഗിൽ കഴി‍ഞ്ഞു. അതിനു ശേഷവും സൗഹൃദം തുടർന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോൾ ഇഷ്ടമാണെന്നു മനസ്സിലായി. വീട്ടിൽ കാര്യം പറഞ്ഞു. വിവാഹം തീരുമാനിച്ചു.’

‘ശരിക്കും വിവാഹത്തിനു ശേഷമാണ് ഞങ്ങള്‍ പ്രേമിക്കാനും സൊളളാനുമൊക്കെ തുടങ്ങിയത്. അക്കാലത്ത് എന്നും ചർചച കളും തര്‍ക്കങ്ങളുമൊക്കെ ആയിരുന്നു. ആരെങ്കിലും കേട്ടാൽ വലിയ വഴക്ക് നടക്കുകയാണെന്നു തോന്നാം.’പ്രണയകാലത്തി ന്റെ ഓർമയിൽ ഗൗതം ചിരിക്കുന്നു.

വിവാഹത്തിനു വേണ്ടി പുതുവസ്ത്രങ്ങൾ പോലും വാങ്ങിയില്ല. എല്ലാത്തരത്തിലുമുളള ധൂർത്തും ഒഴിവാക്കിയുളള വിവാഹം. അഗളി എൽപി സ്കൂളിൽ നിന്ന് വിവാഹിതരായി ഗൂളിക്കടവിൽ നിന്ന് നടന്നു മല കയറിയ വധൂവരന്മാർക്ക് ഒരു സമ്മാനം കിട്ടി നാട്ടുതാരുടെ വക. ഒരു പൈനാപ്പിളും കുറേ മുല്ലപ്പൂക്കളും.

യാത്രകള്‍ തന്ന പാഠം

‘വീട് വിട്ട് പുറത്തു പോകുമ്പോളാണ് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നത്. എന്നെ സംബന്ധിച്ച് ചെറുപ്പം മുതലേ ധാരാളം യാത്ര ചെയ്യാനുളള അവസരങ്ങൾ കിട്ടിയിട്ടുണ്ട്. കന്യാകുമാരിയിൽ നിന്ന് നൂറു ദിവസത്തെ പശ്ചിമഘട്ട സംരക്ഷണയാത്ര യിൽ പങ്കെടുക്കുന്നത് ഏഴാം വയസ്സിലാണ്. അന്ന് കന്യാകുമാരിയിൽ ചെല്ലുമ്പോഴാണ് ആദ്യമായി കടൽ കാണുന്നത്.

മുതിർന്നപ്പോള്‍ ഹിന്ദി പഠിക്കാനായി അച്ഛന്റെ മഹാരാഷ്ട്രക്കാരനായ സുഹൃത്തിന്റെ വീട്ടിൽ കുറച്ചു വർഷം താമസിച്ചു. അവിടെ നിന്ന് ബാബാ ആംതേയുടെ ആശ്രമത്തിൽ പോയി. നെയ്ത്തു പഠിച്ചു. കുഷ്ഠരോഗം നേരിട്ടവരാണ് അവിടെയുണ്ടായിരുന്നവരില്‍ പലരും. ഗോവയിൽ ‌ജോലി ചെയ്യുമ്പോഴ‌ാണ് വെബ് ‍ഡിസൈനിങ് പഠിച്ചു തുടങ്ങിയത്. ഇന്റര്‍നെറ്റായിരുന്നു പ്രധാന ഗുരു.

വിവാഹത്തിനു ശേഷം മഹാരാഷ്ട്ര വാർധയിലുളള സേവാഗ്രാം ആശ്രമത്തിൽ പോയി തിരികെ പോരുമ്പോൾ രണ്ടു ചര്‍ക്കകളും വാങ്ങി. ഇവിടെ സാരംഗിൽ മരപ്പരുത്തി കൃഷി ചെയ്യുന്നുണ്ട്. എല്ലാവർക്കുമുളള തുണി ചര്‍ക്കയിലൂടെ ഉണ്ടാക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ, ഭക്ഷണം പോലെ തന്നെ ആവശ്യകാര്യമാണ് വസ്ത്രവും. അതുകൊണ്ട് സ്വന്തം പരുത്തിയിൽ നിന്നു നൂറ്റ തുണി ധരിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്’. ഗൗതമിന്റെ വാക്കുകളിൽ ലക്ഷ്യത്തിന്റെ തിളക്കം.

മലമുകളിൽ ഗൗതം ഒറ്റയ്ക്കല്ല. അനുരാധയ്ക്കും മക്കള്‍ക്കുമൊപ്പം സ്വപ്നങ്ങള്‍ ഒരുപാടുണ്ട് കൂട്ടിന്. ഹിരണ്യയുടെയും പാർഥന്റെയും തലമുറയിലേക്കും ബദൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകരണം. ഒപ്പം താൽപര്യമുളള ജനസമൂഹത്തെ കൂടെ കൂട്ടണം. ക്രിയേറ്റീവ് ആയി ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്ന സ്വപ്നത്തി‌ലേക്ക് സാരംഗ് ചിറകടിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.