Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ലോകം എന്റെ മകനെ വെറുക്കുന്നു

Mehendi Hassan മെഹന്ദി. ചിത്രത്തിന് കടപ്പാട് : കേറ്റേഴ്സ്

''എന്റെ കുഞ്ഞിന്റെ ശരീരമേ കല്ലുപോലെയുള്ളൂ. മനസ്സ് ഒരു എട്ടുവയസ്സുകാരന്റെയാണ്. ഓരോ നിമിഷവും വേദനകൊണ്ട് അലറിക്കരയുന്ന അവനെ ആട്ടിപ്പായിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നുന്നു''. നെഞ്ചുതകർന്ന് കണ്ണു കലങ്ങി ആ അമ്മ ചോദിക്കുന്നു. ഇത് ഒരു ബംഗ്ലാദേശി ബാലന്റെ ദുരവസ്ഥയുടെ കഥയാണ്. വെറും എട്ടുവയസ്സിനുള്ളിൽ ഒരു ആയുസ്സിന്റെ വേദനമുഴുവൻ ഏറ്റുവാങ്ങിയ ഒരു കുഞ്ഞിന്റെ ജീവിതം.

ശരീരം കരിങ്കല്ലുപോലെയുറച്ചു പോകുന്ന അപൂർവ ത്വക്ക് രോഗമാണ് മെഹന്ദി ഹസൻ എന്ന കുഞ്ഞിന്. മുഖമൊഴിച്ചുള്ള ശരീരഭാഗത്തെ തൊലിയെല്ലാം കല്ലുപോലെ ഉറച്ചതാണ്. തൊലിയുറയ്ക്കും തോറും അവന്റെ കുഞ്ഞു ശരീരത്തിൽ മുറിവുകളുണ്ടാവുന്നുണ്ട്. ശരീരത്തിൽ ആരെങ്കിലും തൊട്ടാൽ ആ വേദന ഇരട്ടിയാകും. പ്രാണവേദനയോടെ അലറിക്കരയുന്ന ആ കുഞ്ഞിന് ശരീരത്തേക്കാൾ വേദന ഇപ്പോൾ മനസ്സിനാണ്.

കൂടെക്കളിക്കാനോ കൂട്ടിരിക്കാനോ അവനു കൂട്ടുകാരില്ല. ബന്ധുക്കൾക്കും നാട്ടുകാർക്കും അവനെ കാണുന്നതുപോലും അറപ്പാണ്. കണ്ണീരോടെ അവന്റെ അമ്മ പറയുന്നു. അവന്റെ മനോവിഷമം മാറ്റാനായി സ്കൂളിൽ വിട്ടുനോക്കി. പക്ഷേ അവനൊപ്പം കുഞ്ഞുങ്ങൾ ഇടപഴകുന്നതിൽ അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടെന്നും അവനെ ഇനി സ്കൂളിൽ വിടേണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

അതിൽപ്പിന്നെ വീടിനുവെളിയിൽ ഒന്നിറങ്ങാൻ പോലും പേടിയാണവന്. ജനിച്ചു 12–ാം ദിവസം മുതൽ അവന്റെ ശരീരത്തിൽ ചില പാടുകൾ പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ തന്നെ ഡോക്ടർമാരെക്കണ്ടെങ്കിലും ആർക്കും അവന്റെ രോഗം നിർണ്ണയിക്കാനായില്ല. അവൻ വലുതാകുന്തോറും ത്വക്കിന്റെ കട്ടിയും കൂടിക്കൂടി വന്നു. കണ്ടാൽ അറപ്പുളവാക്കുന്ന വിധം അവന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഈ രോഗം പടർന്നു.

Mehendi Hassan with his mother and father Jahanara and Abul Kalam Azad മെഹന്ദി അച്ഛനമ്മമാർക്കൊപ്പം. ചിത്രത്തിന് കടപ്പാട് : കേറ്റേഴ്സ്

വാൻഡ്രൈവറായ അബുൽകലാം ആസാദിന്റെയും ദിവസക്കൂലിക്കു പണിയെടുക്കുന്ന ജഹനാരയുടെയും മൂന്നാമത്തെക്കുട്ടിയാണ് മെഹന്ദി. ശരീരത്തിൽത്തൊടുന്നതു പോലും കടുത്ത വേദനയ്ക്ക് ഇടയാക്കുമെന്നതിനാൽ അവനെ വസ്ത്രം ധരിപ്പിക്കാൻ പോലും കഴിയില്ലെന്നു മാതാപിതാക്കൾ സങ്കടപ്പെടുന്നു. മകന്റെ രോഗത്തേക്കാൾ അവരുടെ മനസ്സുതകർക്കുന്നത് സമൂഹത്തിന് അവനോടുള്ള മനോഭാവമാണ്. ജോലിചെയ്തു കിട്ടുന്ന കാശുമുഴുവൻ മകന്റെ ചികിത്സയ്ക്കായി ചിലവഴിച്ചിട്ടും അവന്റെ രോഗം ഭേദമാകാത്തതിൽ നിരാശ്ശരാണ് മാതാപിതാക്കൾ.

അപൂർവരോഗവുമായി ജീവിക്കുന്ന മകനെ സുഖപ്പെടുത്താൻ എന്തെങ്കിലും ചികിത്സാ സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുമോയെന്നറിയാനായി സർക്കാരോഫീസുകൾ കയറിയിറങ്ങുകയാണ് ഈ ദമ്പതികൾ. സമൂഹത്തിന്റെ അറപ്പും വെറുപ്പും ഏറ്റുവാങ്ങി ജീവിക്കുന്ന മകനെ എത്രയും വേഗം സുഖപ്പെടുത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ആദ്യ സ്കൂൾ അനുഭവം മറക്കാനാവാത്ത മുറിവാണ് അവന്റെ ഹൃദയത്തിലുണ്ടാക്കിയത്. മുറിവുകൾ വിങ്ങുന്ന അവന്റെ ശരീരത്തെ കൈയേറ്റം ചെയ്യാൻ പോലും ചില സഹപാഠികൾ ശ്രമിച്ചു. അവന്റെ മുന്നിലിരുന്നു ആഹാരം കഴിച്ച വിദ്യാർഥികളെ അധ്യാപകർ തന്നെ മാറ്റിയിരുത്തി.

ഒരു തെറ്റും ചെയ്യാതെ അന്യരുടെ പരിഹാസവും വെറുപ്പും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഈ കുഞ്ഞിന് ഉടനെ നല്ല ചികിത്സ ലഭിച്ചാൽ നിറമുള്ള സ്വപ്നം കണ്ട് ബാല്യകാലം ആഘോഷമാക്കാൻ അവനും സാധിക്കും.

Your Rating: