Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പിശാചുക്കൾ എന്റെ മകളെക്കൊന്നു; കണ്ണീരോടെ ആ അമ്മ പറയുന്നു

Linda Trevan, Cassidy Trevan കാസിഡിയുടെ ഓർമ്മകൾ പങ്കുവെച്ച് അമ്മ ലിൻഡ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ.

പതിമൂന്നാം വയസ്സിൽ തന്റെ ജീവിതം മാറ്റിമറിച്ച ആ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചും അതേത്തുടർന്ന് താനനുഭവിച്ച മാനസീക സംഘർഷത്തെക്കുറിച്ചും ഹൃദയംനൊന്ത് മകളെഴുതിയ കത്ത് കൈയ്യിൽപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് ആ അമ്മ തുറന്നു പറഞ്ഞത്. ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിൽ താങ്ങായി നിൽക്കാതെ അവളെ തെറ്റിദ്ധരിച്ച സമൂഹത്തിന് തന്റെ മരണംകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

ഇത് കാസിഡി ട്രവൻ എന്ന കൗമാരക്കാരിയുടെ ജീവിതകഥ. അവൾ മരിച്ചിട്ടിപ്പോൾ രണ്ടുവർഷം പിന്നിടുന്നു. മരണശേഷവും ലോകം ഇവളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് ഇപ്പോൾ ഒരു കാരണമുണ്ട്. 15–ാം വയസ്സിൽ മരണത്തിലേക്കു തള്ളിയിട്ട ദുരനുഭവങ്ങളെക്കുറിച്ച് അവളെഴുതിയ ആത്മഹത്യാക്കുറിപ്പ് അമ്മ ഇപ്പോഴാണ് പുറത്തുവിട്ടത്. മകളുടെ മരണത്തിൽ ഉരുകി ജീവിച്ച അമ്മ ഇപ്പോഴാണ് സത്യങ്ങൾ പുറംലോകം അറിയണമെന്ന് ആഗ്രഹിക്കുന്നത്.

2013 ലാണ് കാസിഡി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അതു സംഭവിച്ചത്. അവളുടെ സഹപാഠികൾ ചേർന്ന് അവളെ ലൈംഗികമായി പീഡിപ്പിച്ചു. ഒരുസംഘം ആൺകുട്ടികൾ ചേർന്ന് കൂട്ടമായി അവളെ ബലാത്കാരം ചെയ്തു. ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിനിയായ കാസിഡിയുടെ ലാപ്ടോപ്പിൽ നിന്നാണ് അവളുടെ ആത്മഹത്യാക്കുറിപ്പ് അമ്മ കണ്ടെടുത്തത്.

കത്ത് തുടങ്ങുന്നതിങ്ങനെ. ഇതൊരു ശ്രദ്ധയാകർഷിക്കൽ തന്ത്രമോ എന്നെ വിശുദ്ധീകരിക്കാനുള്ള ശ്രമമോ അല്ല. ഇപ്പോഴെങ്കിലും എഴുതിയില്ലെങ്കിൽ ഇനിയൊരിക്കലും എഴുതാൻ കഴിഞ്ഞില്ലെന്നു വരാം. എനിക്കുവേണ്ടിയല്ല ഈ കത്ത് ഞാനെഴുതുന്നത്. എന്നെപ്പോലുള്ള പെൺകുട്ടികൾക്കുവേണ്ടിയാണ്. പ്രത്യേകിച്ച് എന്റെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കുവേണ്ടി.

ഞാൻ ...... സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. എന്റെ സഹപാഠികളാണ് എന്റെ മാനം നശിപ്പിച്ചത്. എന്നോടു ഈ ക്രൂരത ചെയ്തശേഷവും അവർ ആ സ്കൂളിൽത്തന്നെ പഠിച്ചികൊണ്ടിരിക്കുകയാണിപ്പോഴും. എന്റെ അനുഭവത്തെക്കുറിച്ച് തുറന്നെഴുതുന്നതിലൂടെ ആ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്കൂളിലെ അധ്യാപകർക്കും ഒരു മുന്നറിയിപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുകയാണ്.

Letter കാസിഡിയുടെ ആത്മഹത്യാക്കുറിപ്പിന്റെ ഒരു ഭാഗം.

എന്നെ മാനഭംഗപ്പെടുത്തിയവർ ഇപ്പോഴും അവിടെയുണ്ടെന്നുള്ളത് എന്നെ ഏറെ ഭയപ്പെടുത്തുന്നു. കൂട്ടബലാത്ക്കാരത്തിലൂടെ എന്നെ കീഴ്പ്പെടുത്തിയ അവർ നാളെ മറ്റുപെൺകുട്ടികളോടും ഇതു ചെയ്യില്ല എന്ന് എന്തുറപ്പാണുള്ളത്. എന്നെ ഉപദ്രവിച്ചവരോടുള്ള പ്രതികാരം തീർക്കാനല്ല ഈ കത്തെഴുതുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പഠിക്കുന്ന ആ സ്കൂളിലെ ഓരോ വിദ്യാർഥിനിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. ഇത്തരമൊരു മോശമായ അനുഭവമുണ്ടായിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പരിഗണനയും എനിക്കു ലഭിച്ചില്ല. എന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. മോശം സ്വഭാവമുള്ള പെൺകുട്ടി എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാവുമല്ലോ അത്രയും വൃത്തികെട്ട പ്രതികരണങ്ങൾ എന്റെ ഫെയ്സ്ബുക്ക് പേജിലേയ്ക്ക് അയക്കാൻ ചില വിദ്യാർഥികൾ ധൈര്യം കാട്ടിയത്.

ആർക്ക് ആരെക്കുറിച്ചും എത്ര മോശമായ കഥകൾ വേണമെങ്കിലും പടച്ചുണ്ടാക്കാം. അതു വിശ്വസിക്കാനും അതനുസരിച്ച് മോശമായി പെരുമാറാനും കുറേ ആളുകൾ എന്നും സമൂഹത്തിലുണ്ടാവും. നിങ്ങൾ എന്നെക്കുറിച്ച് എത്രത്തോളം മോശമായ കാര്യങ്ങളാണ് കേട്ടിട്ടള്ളത് എന്നെനിക്കറിയില്ല. ആളുകളുടെ വായടിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല. എനിക്കറിയാവുന്ന ‍ഞാൻ അനുഭവിച്ച ഒരു കാര്യം ഈ വേളയിൽ തുറന്നു പറയാൻ ആഗ്രഹിക്കുകയാണ്. ഞാൻ ബലാത്കാരത്തിന് ഇരയായിട്ടുണ്ട്. എന്റെ അവസ്ഥ നിങ്ങൾക്കുണ്ടാവാതിരിക്കാൻ ശ്രദ്ധയുള്ളവരാകൂ. സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലെടുക്കൂവെന്നു പറഞ്ഞാണ് കാസിഡി കത്ത് അവസാനിപ്പിച്ചത്.

കത്തിൽ തന്നെ ബലാത്കാരം ചെയ്തവരുടെ പേര് കാസിഡി പരാമർശിക്കാത്തതിനാൽ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. അവളെ ഉപദ്രവിച്ച് അവളുടെ ജീവനും ജീവിതവും തകർത്തവർ ആ സ്കൂളിൽത്തന്നെ ഇപ്പോഴും പഠിക്കുന്നു തകർന്ന ഹൃദയത്തോടെ ആ അമ്മ പറയുന്നു. നീണ്ട 22 മാസത്തെ ദുരിത ജീവിതത്തിനു ശേഷമാണ് തന്റെ മകൾ ജീവനൊടുക്കിയതെന്ന് കണ്ണീരോടെ ആ അമ്മ പറയുന്നു.

Linda Trevan, Cassidy Trevan കാസിഡിയുടെ ഓർമ്മകൾ പങ്കുവെച്ച് അമ്മ ലിൻഡ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ.

മാനസീകമായിത്തകർന്ന മകളെ പലവട്ടം ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും അവളുടെ മനസ്സിനും ശരീരത്തിനുമേറ്റ ആഘാതത്തിൽ നിന്ന് അവളൊരിക്കലും മോചിതയായില്ലെന്നും അങ്ങനെയാണ് അവൾ മരണത്തിലേക്കു നടന്നടുത്തതെന്നും അമ്മ ലിൻഡ വിശദീകരിക്കുന്നു. മകൾ മാനസീകമായിത്തകർന്ന ദിവസങ്ങളിൽ അവൾക്കു താങ്ങായി ലൂക്ക് എന്ന കൂട്ടുകാരൻ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അമ്മ ഓർക്കുന്നു. മകളുടെദുരിത ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അമ്മ ലിൻഡ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ ദുരിതകഥ പുറംലോകമറിഞ്ഞത്. ലോകമെമ്പാടുമുള്ള ജനങ്ങളാണ് ഈ അമ്മയ്ക്കു പ്രതികരണങ്ങളിലൂടെ ആശ്വാസമേകുന്നത്.


 

Your Rating: