Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ അയാൾ കണ്ടത് അശ്ലീലസൈറ്റുകളിലെ സ്ത്രീകളെ പോലെ

Couple ചിത്രങ്ങൾ മോഡലുകളെ ഉപയോഗിച്ച് എടുത്തത്. : ഫോട്ടോ:ശ്യാം ബാബു

കുടുംബബന്ധം ഊഷ്മളമാക്കാനുളള ഏറ്റവും നല്ല മരുന്ന് ആരോഗ്യകരമായ രതിയാണെന്ന് മനഃശാസ്ത്രജ്ഞർ....

ഭാര്യയും ഭർത്താവും തമ്മിലുളള അടുപ്പത്തിന്റെ ആഴങ്ങൾ കൂടുന്നത് കിടപ്പറയിൽ വച്ചാണ്. പ്രണയത്തിന്റെ നിലാവിൽ രതിയുടെ മുല്ല പൂക്കുമ്പോൾ ഹൃദയങ്ങളുടെ അടുപ്പം കൂടിക്കൊണ്ടിരിക്കും. ഞരമ്പുകളിലപ്പോൾ സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ തിരയിളകാൻ തുടങ്ങിയിട്ടുണ്ടാകും. ഏതു വേനലിലും മഞ്ഞു പെയ്യും. ഇത്ര റൊമാന്റിക് ആണോ നിങ്ങളുടെ കിടപ്പറ?

പലപ്പോഴും യാഥാർഥ്യം ഇതായിരിക്കണമെന്നില്ല. അവിടെ അസംത‍ൃപ്തിയുടെ മണൽച്ചൂടു മാത്രമെയുണ്ടാകുകയുളളൂ. രതി പലപ്പോഴും മരുപ്പച്ചകൾ മാത്രമായി തീരും. ബാക്കിയാകുന്നത് കണ്ണീരും കുറ്റപ്പെടുത്തലുകളുടെ കുപ്പിച്ചിൽ കഷണങ്ങളും മാത്രം.

പണ്ടു കാലത്ത് ഈ വേദനകൾ കിടപ്പുമുറിയുടെ നാലു ചുമരുകൾക്കുള്ളിൽ വീണുറങ്ങിയേനെ. പക്ഷേ, ഇന്ന് ലൈംഗിക അസംതൃപ്തികൾ വിവാഹമോചനത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. എനിക്കിതല്ല വേണ്ടതെന്ന് ദമ്പതികൾ തുറന്നു പറയാൻ തുടങ്ങി. അശ്ലീല വിഡിയോകൾ മുതൽ അമിതമായ ഉത്കണ്ഠ വരെ കിടപ്പറയിൽ വില്ലന്മാരാകുന്നുണ്ട്. സൈക്കോളജിസ്റ്റുകളുടെ കേസ് ഡയറിയിലെ ചില മുഖങ്ങൾ കാണാം.

വിവാഹം കഴിഞ്ഞ് നാലാം ദിവസം.....

ആ ചെറുപ്പക്കാരൻ വിവാഹം കഴിഞ്ഞ നാലു ദിവസമേ ആയിട്ടുളളൂ. രണ്ടു പ്രാവശ്യം ലൈംഗിക ബന്ധത്തിലേർപ്പെട്ടു. പക്ഷേ, ഭാര്യയ്ക്ക് ‘ഓർഗാസം’ കിട്ടുന്നില്ല. ഇതു തുടർന്നാൽ ഭാര്യ മറ്റൊരാളെ തേടിപ്പോകുമോ എന്നായിരുന്നു അയാളുടെ പേടി....

വിവാഹം കഴിഞ്ഞ വെറും നാലു ദിവസത്തിനുളവിൽ ഇതെല്ലാം ഒരുമിച്ചു കിട്ടുമെന്നു കരുതുന്ന ‘ഭർത്താക്കന്മാർ’ ഇന്നുമുണ്ട്. സെക്സ് ഒരിക്കലും ഒരു ഫാസ്റ്റ് ഫുഡ് അല്ല . അതിന് ഒരു താളമുണ്ട്. അത് പങ്കുവയ്ക്കലിലൂടെ മാത്രമേ ലഭിക്കുകയുളളൂ. സംസാരത്തിലൂടെ, അടുത്തിടപഴകുന്നതിലൂടെ മത്രമേ അകലങ്ങൾ മാഞ്ഞ് ഒന്നിച്ചൊഴുകാനുളള കരുത്ത് ദമ്പതിമാർക്ക് ഉണ്ടാകുകയുളളൂ. അതുവരെ അവർ ഒരേ അകലം സൂക്ഷിക്കുന്ന രണ്ടു പുഴകൾ തന്നെയാണ്.

അതു മനസ്സിലാക്കിയില്ലെങ്കിൽ കിടപ്പുമുറി ഉത്കണ്ഠകളുടെ ഉത്സവപ്പറമ്പായി മാറും. മിക്ക ലൈംഗിക പരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണ്. ഇത് ആസ്വാദ്യത കുറയ്ക്കുമെന്നു മാത്രമല്ല വേദന നിറയ്ക്കുകയും ചെയ്യുന്നു.

കൃത്യമായ ലൈംഗിക അറിവില്ലാത്തതു മൂലമുണ്ടാകുന്ന സംശയങ്ങൾ വിവാഹമോചനത്തിനു വരെ കാരണമായേക്കാം. കുട്ടിക്കാലത്തോ കൗമാരത്തിലോ ലൈംഗികാവയവത്തെക്കുറിച്ചു കേട്ട തമാശകളിൽ നിന്നുണ്ടാകുന്ന അപകർഷതാ ബോധം, വിവാഹ ബന്ധത്തിനു മുമ്പ് ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിച്ചപ്പോഴുണ്ടായ പരാജയം, സുഹ‍ൃത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ അമിത പ്രതീക്ഷകൾ ഇതെല്ലാം ചെന്നെത്തുന്നത് അസംതൃപ്തിയിലേക്കാണ്.

അതു പോലെ ആകുന്നില്ല ഇത്....

ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന സംതൃപ്തിക്കുറവാണ് ആ ദമ്പത‌ിമാരെ ഡോക്ടർക്ക് മുന്നിൽ എത്തിച്ചത്. രണ്ടു പേരും പരസ്പരും കുറ്റപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഭർത്താവ് –അശ്ലീല വിഡിയോകൾ കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ലൈംഗികബന്ധത്തിൽ കിട്ടുന്നില്ല.

ഭാര്യ– കിടക്കയിലെ എല്ലാ പരീക്ഷണങ്ങളും പരാജയമാണ്. എനിക്കതു കാണുമ്പോൾ ഒരു വികാരവും തോന്നുന്നില്ല.

പുതിയ കാലത്തെ ദാമ്പത്യ രതിയിൽ ‘നീല’ കലർന്നിട്ടുണ്ട്. അശ്ലീല വിഡിയോകളും ലൈംഗിക ചർച്ചകളും എല്ലാം സർവസാധാരണമായിട്ടുണ്ടെങ്കിലും പലർക്കും ‘സെക്ഷ്വൽ മെചുരിറ്റി’(ലൈംഗിക പക്വത) ഇതു വരെ വന്നിട്ടില്ല. ഇവരിലാണ് ഇത്തരം വിഡിയോകൾ ആഴത്തിൽ പതിയുന്നതും കുഴപ്പത്തിൽ ചാടുന്നതും. അശ്ലീല വിഡിയോകൾ പതിവായി കണ്ട് നേടിയ അറിവു വച്ച് കിടപ്പറയിലേക്കെത്തുന്ന പലർക്കും ഉണ്ടാകാവുന്ന പ്രശ്നമാണ് ഈ ദമ്പതികൾക്കും ഉണ്ടായത്.

ഇത്തരം വിഡിയോകൾ വെറും അഭിനയം മാത്രമാണെന്ന തിരിച്ചറിവില്ലാത്തവർക്കാണ് ‘സമയ’ത്തെക്കുറിച്ചും രതിമൂർച്ഛയെക്കുറിച്ചും പങ്കാളിയുടെ ‘പെർഫോമൻസി’നെക്കുറിച്ചുമെല്ലാം ആശങ്കകളുണ്ടാകുന്നത്.

Couple ചിത്രങ്ങൾ മോഡലുകളെ ഉപയോഗിച്ച് എടുത്തത്. : ഫോട്ടോ:ശ്യാം ബാബു

എന്നാൽ സെക്സിനെ ഒരു ചടങ്ങുമാത്രമായി കാണുന്ന ഭാര്യമാരും കിടപ്പറയിൽ വിരസത നിറയ്ക്കുന്നു. ഭർത്താക്കന്മാർക്കു മുന്നിലേക്ക് നിർവികാരത നിറച്ച മുഖവുമായെത്തുന്നു ഭാര്യമാരുണ്ട്. ഈ താൽപര്യക്കുറവ് ഭർത്താക്കന്മാരുടെ മനസ്സു മ‍ടുപ്പിക്കും, കുടുംബപരമായ പ്രശ്നങ്ങളും കുട്ടികളുടെ കാര്യങ്ങളും ശാരീരികാവസ്ഥയും ശുചിത്വമില്ലായ്മയും വരെസ്ത്രീകളുടെ മനസ്സിനെ ബാധിച്ചേക്കാം.

മനുഷ്യനാണോ നിങ്ങൾ

മനസ്സിൽ തൊടുന്ന കവിതകൾ എഴുതുന്ന യുവതിയായിരുന്നു അവൾ. ഭർത്താവിന്റെ അമിതമായ ലൈംഗിക ആസക്തി, അതായിരുന്നു തുടക്കം. പിന്നീടത് ലൈംഗിക വൈകൃതത്തിലേക്കെത്തി. ഒടുവിൽ പീഡനത്തിലേക്കും. എല്ലാ ദിവസവും അയാൾക്ക് ലൈംഗികബന്ധത്തിലേർപ്പെടണമായിരുന്നു. വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തും. അതിനിടയിൽ ഏതെങ്കിലും ഇഷ്ടക്കേടു കാണിച്ചാൽ ശിക്ഷ–വിവസ്ത്രയായി തറയിൽ കിടക്കണം, പുലരും വരെ.

ലൈംഗിക വൈകൃതത്തിനപ്പുറം നിൽക്കുന്ന രോഗം തന്നെയാണിത്. ആ ഭർത്താവിനു മുന്നിൽ ഭാര്യ വെറുമൊരു ലൈംഗിക വസ്തു മാത്രമായിരുന്നു. ആ ചെറുപ്പക്കാരൻ വളർന്ന സാഹചര്യമാണ് അയാളെ ഇങ്ങനെയാക്കിയത്.

കൗമാരകാലം മുതൽക്കേ അയാൾ ഇന്റർനെറ്റിൽ അശ്ലീല വിഡിയോകൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊക്കെ സാധാരണ സൈറ്റുകൾ മാത്രമായിരുന്നെങ്കിലും കണ്ടു കണ്ട് അതിലെ താൽപര്യം നഷ്ടപ്പെട്ടു. അതോടെ വൈകൃതങ്ങളും പീഡനങ്ങളും ഉളള വെബ്സൈറ്റുകളായി താൽപര്യം. വെബ് കോം വഴി വിദേശത്തുളള ഏതോ പെൺകുട്ടിയോട് ലൈവ് സെക്സ് ചാറ്റായി.

പാട്ടു നിരന്തരം കേൾക്കുമ്പോൾ മൂളിപ്പാട്ടു പാടാൻ തോന്നുന്നതു പോലെ ലൈംഗിക വൈകൃതങ്ങൾ കൗമാരപ്രായത്തിൽ കൂടുതൽ കാണുമ്പോൾ മനസ്സിൽ പതിയാൻ സാധ്യതയുണ്ട്. ആ കൗമാരമാണ് വളർന്ന് വിവാഹപ്രായത്തിലേക്ക് എത്തിയത്. ഭാര്യയെ അയാൾ കണ്ടത് അശ്ലീലസൈറ്റുകളിലെ സ്ത്രീകളെ പോലെയാണ്. അങ്ങനെ കണ്ടു ശീലിച്ച വൈകൃതങ്ങളൊന്നും കിടപ്പറയിൽ തിരിച്ചു കിട്ടാത്തതാണ് അയാളെ ഭാര്യയെ പീഡിപ്പിച്ച് രസം കണ്ടത്തുന്ന ഒരാളാക്കി മാറ്റിയത്. വൈകൃത വിഡിയോകൾ പല ചെറുപ്പക്കാരുടെയും മനസ്സിൽ രതി, പീഡനമാണെന്ന തോന്നലാണ് നിറയ്ക്കുന്നത്.

എല്ലാ കഴിഞ്ഞുളള പുച്ഛം

ലൈംഗികബന്ധത്തിനു മുമ്പ് യാതൊരു കുഴപ്പവുമില്ല. പക്ഷേ, അതിനു ശേഷം ഭർത്താവ് പല തരത്തിൽ കുറ്റപ്പെടുത്തും. ചെയ്തതൊന്നും പോര എന്നാണ് എല്ലാ പരിഹാസത്തിന്റെയും ചുരുക്കം. കൂ‍ട്ടുകാരുടെ ഭാര്യമാരെ കണ്ടു പഠിക്കണം എന്ന താരതമ്യങ്ങൾ, ഒന്നുമാകുന്നില്ല എന്ന നിരാശ. കുറ്റപ്പെടുത്തലിന് ഒടുവിൽ തിരിഞ്ഞു കിടന്നുളള ഉറക്കവും....

ആ സ്ത്രീയുടെ മനസ്സിലുളള സെക്സ് ഇങ്ങനെയൊന്നും ആയിരുന്നില്ല. എല്ലാ കഴിഞ്ഞ് തിരി‍ഞ്ഞു കിടന്നുളള ഉറക്കമല്ല അവൾ ആഗ്രഹിച്ചിരുന്നത്. പല ദമ്പതിമാരും ലൈംഗികബന്ധ ത്തെക്കുറിച്ച് ചർച്ച ചെയ്യാറേയില്ല. അന്നുണ്ടാക്കിയ ഒരു വിഭവം നന്നായാൽ ലഭിക്കുന്ന അതേ അഭിനന്ദനം ലൈംഗികബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. പുരുഷനും തുറന്നു പറച്ചിലുകൾ ഇഷ്ടപ്പെടുന്നുണ്ട്.

പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങൾ, ഉത്തേജന മേഖലകൾ (സെക്ഷ്വൽ സോൺ) ഇവ നിരീക്ഷിക്കാനും മനസ്സിലാക്കാനും കഴിയണം. ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാം. സെക്സ് ഭാര്യയ്ക്കു വേണ്ടി അനുഷ്ഠിക്കുന്ന കടമയോ ഭർത്താവിനു വേണ്ടി അനുഭവിക്കുന്ന ത്യാഗമോ അല്ല.

ലൈംഗികതയുടെ കാര്യത്തിൽ പരസ്പരം കളിയാക്കാനോ നിന്ദിക്കാനോ ഉളള വേദിയല്ല കിടപ്പറ. തെറ്റായ ഒരു വാക്കു കൊണ്ടു തന്നെ ആസ്വാദനം നഷ്ടമാകാം. കൃത്യമായ പ്രോത്സാഹനങ്ങൾ കൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും പങ്കാളിക്കുണ്ടാകാവുന്ന ലൈംഗിക പരാജയങ്ങൾ മറികടക്കാം.

റിലേഷൻഷിപ് സ്പെഷൽ വിഭാഗം ഫീച്ചറുകൾ
തയാറാക്കിയത്: വി‍ജീഷ് ഗോപിനാഥ്, വി.എൻ.രാഖി