Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഒരു ഭാര്യ എന്ന നിലയിൽ ഇതിലും പെർഫെക്റ്റ് ആകാൻ എനിക്ക് പറ്റില്ല''

Representative Image Representative Image

ഭാര്യയ്ക്ക് അന്തസുള്ള ഒരു ജോലി വേണം. ജോലിക്കു പോകുന്നതിനു മുമ്പ് വീട്ടുജോലികളൊക്കെ തീർക്കണം. അച്ഛൻെറയും അമ്മയുടെയും ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിൻെറ കാര്യങ്ങളും സ്കൂളിലെ കാര്യങ്ങളും ഒന്നും ഒരു കുറവുമില്ലാതെ നോക്കണം. ഭർത്താവിനോടുള്ള കടമകൾ ഭംഗിയായി നിറവേറ്റണം. തടി കൂടാതെ നോക്കണം. ബന്ധുക്കളുടെ വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ കാര്യങ്ങൾ അക്കമിട്ട് ഓർത്തുവെയ്ക്കണം. ഇങ്ങനെ നീണ്ടു പോകും ഭർത്താക്കന്മാരുടെ നിബന്ധനകൾ.

എന്നാൽ ഇതിനിടയിൽ ഭാര്യ എന്ന വ്യക്തിക്ക് ഒരു ജീവിതമുണ്ടെന്നോ അവളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയുണ്ടെന്നോ ചിന്തിക്കുന്ന എത്ര ഭർത്താക്കന്മാർ നമുക്കിടയിലുണ്ട്. കൗൺസിലറുടെ മുന്നിലിരുന്ന് സരിഗ പൊട്ടിത്തെറിച്ചു. മുപ്പത്തിരണ്ടു വയസിൻെറ ചെറുപ്പത്തിൽ ജീവിതം തന്നെ വെറുത്തുപോയ സരിഗ ഒരു പ്രതിനിധിയാണ്. ജീവിതത്തിൻെറ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സ്ത്രീകളിലൊരുവൾ.

ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ഭാരങ്ങളും ഒറ്റയ്ക്കു ചുമന്നുമടുത്തപ്പോൾ മാനസീകമായിത്തളർന്ന് കൗൺസിലിങ്ങിനെത്തിയതാണ് സരിഗ. വിവാഹശേഷം മുംബെയിൽ ചേക്കേറിയതാണ് അവൾ. വലതുകാൽവെച്ചു കയറിയത് ഒരു കൂട്ടുകുടുംബത്തിലേക്ക്. സ്വന്തം വീട്ടിലേക്കാൾ ഒട്ടേറെ ഉത്തരവാദിത്തങ്ങളാണ് ഭർതൃവീട്ടിൽ അവളെ കാത്തിരുന്നത്. വൈകാതെ അവൾ ഗർഭിണിയാവുകയും ചെയ്തു. കുഞ്ഞിന് നാലുവയസാവുന്നതുവരെ ജോലിക്കു പോവുന്നില്ല എന്നവൾ തീരുമാനമെടുത്തു. അങ്ങനെ നാലുവർഷം വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി ചെയ്തു.

Representative Image Representative Image

അധികം വൈകാതെ സരിഗ ജോലിക്കുപോയിത്തുടങ്ങി. അതും ഭർത്താവിൻെറയും കുടുംബത്തിൻെറയും അനുമതിയോടെ. എന്നാൽ ഉത്തരവാദിത്തങ്ങൾ ഇരട്ടിച്ചതോടെ സരിഗയുടെ സമ്മർദ്ദം കൂടി. വെളുപ്പിനെ അഞ്ചുമണിക്കുണർന്ന് കുഞ്ഞിന് സ്കൂളിൽ കൊണ്ടുപോകാനുള്ള ഭക്ഷണങ്ങൾ തയാറാക്കണം. ഇതിനിടയിൽ അമ്മായി അച്ഛൻെറയും അമ്മായി അമ്മയുടെയും ശാഠ്യങ്ങൾ സാധിച്ചുകൊടുക്കണം. വിട്ടുവീഴ്ചയില്ലാതെ പെരുമാരുന്ന അവരെ പിണക്കാൻ കഴിയാത്തതുകൊണ്ട് അവരുടെ എല്ലാ ആവശ്യങ്ങളും പരാതികളേതുമില്ലാതെ ചെയ്തുകൊടുത്ത് പാകം ചെയ്ത ഭക്ഷണം പോലും കഴിക്കാതെ ഓഫീസിലേക്ക് പായണം. അതിനു മുമ്പേ കുഞ്ഞിനെ ഒരുക്കി സ്കൂളിൽ വിടണം. ഭർത്താവിൻെറ കാര്യങ്ങളെല്ലാം നോക്കണം.

ഭാരിച്ച ഉത്തരവാദിത്തങ്ങൾ കാരണം സരിഗക്ക് ഭയങ്കര ടെൻഷൻ ആണ്. ആകാക്ഷയും ഉത്കണ്ഠയും അവളെ വല്ലാതെ തളർത്തി. മാനസീകസമ്മർദ്ദം മൂലം പല പ്രധാന കാര്യങ്ങളും മറന്നു പോകുന്നു. ഭർതൃവീട്ടുകാരുടെ മുറുമുറുപ്പും ഭർത്താവിൻെറ ഈർഷ്യയും അവളെ അസ്വസ്ഥയാക്കി. ഓഫീസിലെ ജോലിത്തിരക്കിൽ മുഴുകി ചിലപ്പോഴൊക്കെ മാനസീകാസ്വസ്ഥതകൾ മറക്കുമെങ്കിലും ഓഫീസ് വിട്ടാൽ തന്നെ കാത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ അവളുടെ ഉറക്കംകെടുത്തി. കുഞ്ഞിനെ സ്കൂളിൽ നിന്ന് തിരിച്ചുകൊണ്ടു വരണം. ശേഷം മ്യൂസിക്,നൃത്തം തുടങ്ങിയ കാര്യങ്ങൾക്കായി കൊണ്ടുപോവണം. വീട്ടിൽ തിരിച്ചെത്തിയാൽ അവനെ പഠിപ്പിക്കണം. ഇതൊക്കെ കഴിഞ്ഞിട്ടു വേണം വൈകുന്നേരത്തേക്കുള്ള ആഹാരത്തിൻെറ കാര്യം നോക്കാൻ.

ഇനി ഓഫീസിലെ ജോലിത്തിരക്കു മൂലം വീട്ടിലെത്താൻ വൈകിയാലോ, തൻെറ അസാന്നിധ്യം കുഞ്ഞിനെ അസ്വസ്ഥനാക്കുമോ എന്ന ചിന്തയാണ്. അവൻ സമയത്തിന് ഭക്ഷണം കഴിക്കുമോ, ടിവികണ്ട് സമയം കളയുമോ തുടങ്ങി അനാവശ്യ ചിന്തകളാണ് പിന്നെ. ഇതിനിടെയിലാണ് ഓഫീസിലെ പാർട്ടികളിലും മീറ്റിങ്ങുകളിലും പങ്കെടുക്കുക്കേണ്ടത്. നല്ല സ്റ്റൈലായി വരണമെന്ന് സഹപ്രവർത്തകരും ബോസും ചട്ടംകെട്ടും. പക്ഷെ ഒന്നു പാർലറിൽ പോവാനുള്ള സമയം പോലും ഈ തിരക്കിനിടയിൽ കിട്ടില്ല. പാർലറിൽ പോയി വൈകിയെത്തിയാൽ അമ്മായിഅമ്മയുടെ ഭദ്രകാളീരൂപം കാണേണ്ടി വരും.

Representative Image Representative Image

ഒതുക്കമുള്ള ശരീരം വേണമെന്നും തടികുറയ്ക്കണമെന്നും ഇടയ്ക്കിടെ ആക്രോശിക്കുന്നതല്ലാതെ അതിനുള്ള സാഹചര്യങ്ങൾ ഭർത്താവുണ്ടാക്കുന്നില്ല. ഈ തളർച്ചക്കിടയിൽ ദാമ്പത്യബന്ധവും ശരിയാവുന്നില്ലെന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിൻെറ നിരാശയും അസംതൃപ്തിയും കൂടിയാവുമ്പോൾ ശരീരത്തിനൊപ്പം മനസു കൂടി തളരുന്നു. ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുത്താൽ ചക്രശ്വാസം വലിച്ചുകൊണ്ടുള്ള ഒരു ജീവിതം എനിക്കവസാനിപ്പിക്കാമായിരുന്നു. ഈ കാര്യങ്ങൾ ഭർത്താവിനെയും കുടുംബത്തെയും എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും അതാണ് എനിക്കറിയാത്തത് കണ്ണീരോടെ സരിഗ പറഞ്ഞു നിർത്തുന്നു.

Representative Image Representative Image

അവളോട് കൗൺസിലർ പറഞ്ഞ മറുപടിയിതാണ്. ജോലിയുള്ള ഭാര്യ ഭർത്താവിൻെറ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ കുടുംബത്തിലെ ഉത്തരവാദത്തങ്ങൾ മുഴുവനും ഏറ്റെടുക്കാതെ വീട്ടുജോലികൾ പങ്കിട്ടു ചെയ്യാൻ ഭർത്താവിനോടും വീട്ടുകാരോടും പറയുക. ആരോഗ്യമുള്ള അച്ഛനമ്മമാരാണെങ്കിൽ കുഞ്ഞിൻെറ ചുമതല അവരെ ഏൽപിക്കുക. ഭാരം മുഴുവൻ ഒറ്റയ്ക്കു ചുമക്കാൻ തീരുമാനിച്ചാൽ എത്ര ശക്തിയുള്ളയാളും തളർന്നുപോകും. മനസിൻെറയും ശരീരത്തിൻെറയും ആരോഗ്യം നശിക്കുകയല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാവുകയില്ല. മറിച്ച് ഉത്തരവാദിത്തങ്ങൾ ഒരുമിച്ചേറ്റെടുക്കുമ്പോൾ അവിടെ പങ്കുവെക്കലിൻെറ സ്നേഹവും കരുതലും ഉണ്ടാവുകയും ചെയ്യും. 

Your Rating: