Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്കുട്ടിയും ഗൗരിക്കുട്ടിയും

Gauri,  Praveena ഗൗരി, പ്രവീണ

ആരാണ് ഈ വീട്ടിലെ കുട്ടി ? അതാണ് ഇവിടുത്തെ തർക്കം. നടി പ്രവീണയുടെയും മകൾ ഗൗരിയുടെയും സ്നേഹവിശേഷം

ഈ വീട്ടില്‍ രണ്ടു നായികമാരാണ്. ഒരു നായിക സ്വപ്നത്തിൽ വളർന്നു കൊണ്ടിരി‌ക്കുന്നു. ഒരു നാൾ ഞാനും അമ്മയെപ്പോലെ എന്ന പാട്ട് മൂളി അമ്മ പ്രവീണയെ നോക്കി ചിരിക്കുന്നു മകൾ ഗൗരി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ എട്ടാം ക്ലാസുകാരി. അഗ്നിസാക്ഷിയിലെ അഭിനയത്തിനു സംസ്ഥാന അവാർഡ് നേടിയ പ്രവീണയുടെ മകളും സ്റ്റേറ്റ് അവാർഡ് ജേതാവാണ്. അതും അഞ്ചാം വയസ്സിൽ .'അന്നയുടെ ലില്ലിപ്പൂക്കള്‍' എന്ന ടെലിഫിലിമിലൂടെയാണ് ഗൗരിയുടെ ആദ്യ നേട്ടം. ഈ അമ്മയും മകളും തമ്മിൽ കുടുംബവിശേഷങ്ങൾ പങ്കു വയ്ക്കുമ്പോള്‍ ഒരു സംശയമേ‌ തോന്നൂ. ശരിക്കും ആരാണ് കുട്ടി?

'അമ്മയ്ക്കു കുറച്ച് കൂടി പക്വത വരാനുണ്ട്. 'പ്രവീണയുടെ കവിളിൽ നുള്ളിക്കൊണ്ട് ഗൗരി പറയുന്നു.

'വയസ്സു പതിമൂന്നേ ആയുള്ളെങ്കിലും ചിലപ്പോൾ അവൾ എന്റെ അമ്മയേക്കാൾ സീനിയർ ആണെന്ന മട്ടിലാണ്. പെരുമാറ്റം. ഞാൻ കൊഞ്ചിക്കാൻ ചെന്നാൽ, അവൾ പറയും, 'ഛെ, അമ്മേ‌, ഞാനത്ര കൊച്ചുകുട്ടിയൊന്നുമല്ല '

പക്‌ഷേ, അവൾ എന്നെ കൊഞ്ചിക്കാൻ വരുമ്പോള്‍ അതിനു നിന്നു കൊടുക്കുകയും വേണം. അവളു‍ടെ സന്തോഷത്തിനു ഞാൻ കുട്ടിയായി അഭിനയിക്കുകയും ചെയ്യും. വീട്ടു രഹസ്യം അമ്മ തുറന്നു വിട്ടപ്പോൾ ഗൗരി‍യുടെ മുഖത്ത് ചെറിയ ചമ്മല്‍ ചേർന്ന ചിരി.

അമ്മ കുട്ടികളെപോലെയാണെന്ന് ഞാൻ പറയുന്നത് വെറുതെ ഒന്നുമല്ല. അമ്മയ്ക്കു ഇപ്പോഴും വായിക്കാൻ ഇഷ്ടം ബാലരമയാണ്. അമ്മയ്ക്ക‌ു ഇത്രയും പ്രായമായില്ലേ. ഇപ്പോഴും കടല്‍തീരത്ത് പോവാം, ഐസ്ക്രീം കഴിക്കാം എന്നൊക്കെ പറഞ്ഞാണ് ഓഫറുകൾ. അമ്മയ്ക്ക് കറങ്ങാൻ പോവാൻ എന്റെ കൂട്ട് തന്നെ വേണം. 'നീ അല്ലേ എന്റെ ഏറ്റവും വലിയ കൂട്ടുകാരി. നിന്നെപ്പോലെ ഒരു മിടുക്കി കൂടെയുള്ളപ്പോൾ ഞാൻ ഒറ്റയ്ക്കു പോവുന്നത് ശരിയാണോ ? പ്രവീണ കുസൃതിച്ചിരിയോടെ ചോദിച്ചു.'

'ഉംം, ശരി,ശരി. ഈ അമ്മയുണ്ടല്ലോ ചിലപ്പോൾ കുഞ്ഞുവാവകളോട്' സംസാരിക്കും പോലെ എന്നോട് കൊഞ്ചി സംസാരിക്കാൻ വരും. പൊട്ടു തൊടീക്ക‌ലും കണ്ണെഴുതലും അങ്ങനെ കുറേ കലാപരിപാടികൾ അമ്മയുടെ അവകാശമാണ്. അതിനൊക്കെ ഞാൻ നിന്നുകൊടുത്തില്ലെങ്കിൽ ദേഷ്യപ്പടും . അമ്മ ആദ്യം നല്ല വളയും മാലയും കമ്മലുമൊക്കെ ഇട്ട് നടക്കാൻ പറയുമ്പോൾ അത് ഇഷ്ടപ്പെടുകയുമില്ല. അതൊക്കെ കുട്ടികൾക്കു മാത്രമുള്ള കാര്യങ്ങളാണെന്നാണ് അമ്മയുടെ വിചാരം. 'ഗൗരിക്കുട്ടിയുടെ ചെറു പരിഭവം '

ഇതിനിടെ ഗൗരിക്ക് പിന്തുണയുമായി പ്രവീണയുടെ അമ്മ ലളിത എത്തി. 'പ്രവീണയ്ക്കും അണിഞ്ഞൊരുങ്ങുന്നതിലും ആഭരണങ്ങൾ വാങ്ങുന്നതിലും ഒന്നും ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ഗൗരിക്ക് ആഭരണങ്ങളോട് വലിയ പ്രിയം ഇല്ലന്നേയുള്ളൂ. പക്ഷേ, ഡ്രസിങ്ങിൽ നല്ല ശ്രദ്ധയുണ്ട്. 'മുത്തശ്ശി സപ്പോർട്ടായി എത്തി.

'ഇങ്ങനെയൊരു മുത്തശ്ശി ഘടക കക്ഷിയായി ഉള്ളപ്പോൾ പിന്നെ എന്തു വേണം . ലല്ലമ്മയെന്നാണ് അവൾ വിളിക്കുന്നത്. പഠനകാര്യങ്ങളിൽ മാത്രമാണ് എനിക്ക് പൂർണ അധികാരമുള്ളത്. മറ്റെല്ലാ കാര്യങ്ങള്‍ക്കും അവൾക്ക് ലല്ലമ്മ തന്നെ വേണം. ഊണ് കഴിക്കാനിരിക്കുമ്പോൾ പോലും അവൾ ചോദിക്കും. ഈ പുളിശേരി ലല്ലമ്മ ഉണ്ടാക്കിയതാണോ? കഴിച്ച് നോക്ക് , എന്നിട്ട് അഭിപ്രായം പറഞ്ഞാൽ പോരേയെന്ന് ഞാന്‍ ചോദിക്കും. അമ്മയുടെ കൂടെ നടന്ന് അത്യാവശ്യം ചെറിയ പാചകമൊക്കെ അവൾക്കും അറിയാം.

നേടാം സ്വപ്നങ്ങൾ

'കഴിഞ്ഞ ദിവസം ഗൗരി എന്നോ‍‍ട് പറഞ്ഞു. 'അമ്മേ, എനിക്ക് പ്ലസ്ടു കഴിഞ്ഞ് ഓസ്ട്രേലിയയിലോ ബ്രിട്ടനിലോ പോയി പഠിക്കണം. നമ്മുടെ അമ്മാവൻമാരൊക്കെ ‌അവിടെ ഉണ്ടല്ലോ. ഞാനവരുടെ കൂടെ നിന്ന് പഠിച്ചോളാം.നല്ല ജോലിയൊക്കെ കിട്ടിക്കഴിയുമ്പോൾ അമ്മയെയും കൊണ്ടു പോകാം.

'എട്ടാം ക്ലാസ് അല്ലേ ആയിട്ടുള്ളൂ. ഇനിയും സമയം ഇല്ലേ' ഞാൻ ചോദിച്ചു . 'ഇപ്പോഴേ പ്ലാൻ ചെയ്യാമല്ലോ. പെട്ടെന്ന് ആഗ്രഹം പറഞ്ഞാൽ അമ്മയ്ക്കു ബുദ്ധിമുട്ടാവില്ലേ' അവളുടെ വാദം അംഗീകരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. 'അവിടെ പോകുമ്പോള്‍ നിനക്ക് അമ്മയെ മിസ് ചെയ്യില്ലേ ' 'അതിന് ഞാൻ എന്നും അമ്മയെ ഫോൺ വിളിക്കുമല്ലോ. പിന്നെ, വീഡിയോ ചാറ്റിങ് ഉണ്ടല്ലോ. നമുക്ക് നേരിൽ കണ്ട് സംസാരിക്കാമല്ലോ ഗൗരിയുടെ ആ മറുപടി കേട്ടപ്പോൾ ഞാന്‍ എന്റെ പഴയകാലം ആലോചിച്ചു.

‘ചങ്ങനാശേരിയിലെ വീട് വിട്ട് തിരുവനന്തപുരത്ത് ബിഎ മ്യൂസിക്കിനു ചേർന്ന വർഷം . ശാരദമിഷൻ ഹോസ്ററലിൽ ആയിരുന്നു താമസം. എനിക്കാണെങ്കിൽ അമ്മയെയും അച്ഛനെയും കാണാഞ്ഞിട്ട് സങ്കടം സഹിക്കാൻ വയ്യ. ആഴ്ചയിൽ ഒരിക്കൽ അച്ഛൻ കാണാൻ വരുന്നത് ചോക്ലേറ്റുമായാണ്. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയും. കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ട് കോളജധ്യാപകന്റെ ജോലിയിൽ നിന്ന് സ്വയം വിരമിച്ച് തിരുവനന്തപുരത്തേക്ക് താമസം മാറി. പക്ഷേ, എന്റെ മകൾ എട്ടാം ക്ലാസ് എത്തിയപ്പോഴേ പറയുന്നത് അവൾക്കു വിദേശത്തു പഠിക്കാൻ പോവണമെന്ന്.’ .

‘ഞാനൊരു നല്ല ജോലിയൊക്കെ വാങ്ങിക്കഴിഞ്ഞാൽ അമ്മയ്ക്കു ഫ്രീ ആയി ഇരിക്കാമല്ലോ.’ ഗൗരി. ഓഹോ, അമ്മയ്ക്കു വിശ്രമം തരാനാണല്ലേ, മോളു, വിദേശത്ത് പോയി പഠിക്കണമെന്ന് പറയുന്നത്. പ്രവീണ

അങ്ങനെയല്ല അമ്മ ഇപ്പോൾ എനിക്കു വേണ്ടിയല്ലേ കഷ്ടപ്പെടുന്നത്. അപ്പോൾ ഞന്‍ അമ്മയേയും ക‌ൂടെ കൊണ്ടു പോകും എന്നാ പറഞ്ഞത്. പിന്നെ, ചിലപ്പോള്‍ ഞാൻ സിനിമയിൽ അമ്മയേക്കാൾ വലിയൊരു നായിക ആവില്ലെന്നൊന്നും പറയാൻ പറ്റില്ലല്ലോ?

അമ്മയുടെ ചക്കരവാവ അഭിനയിക്കാന്‍ ആഗ്ര‌ഹമുണ്ട‌െന്നു പറഞ്ഞതിൽ അമ്മയ്ക്കു സന്തോഷമേയുള്ളൂ. പക്ഷേ പഠനം കഴിയട്ടെ.അതിനിടയിൽ നല്ല അവസരം കിട്ടിയാലോ? ഗൗരിയുടെ ആകാംക്ഷ അവസാനിക്കുന്നില്ല. അത് അപ്പോൾ നോക്കാം. ഇതു കേട്ടതും വിടരുന്ന ചിരിയോടെ ഗൗരി പ്രവീണയെ കെട്ടിപ്പിടിച്ചു...