Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മായി അമ്മ ഇവളെ സ്നേഹിച്ചു ; പെറ്റമ്മയേക്കാൾ കൂടുതൽ

Representative Image Representative Image

പരസ്പരം മിണ്ടാതെ നടന്ന ദിവസങ്ങൾ, മുഖം വീർപ്പിച്ച് വഴിമാറി നടന്ന നേരങ്ങൾ ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ എല്ലാം ദിവ്യയ്ക്കും ഇന്ദിരയ്ക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അമ്മായി അമ്മയുടെ അഭിമാനം വ്രണപ്പെടാതെ ദിവ്യയും മരുമകളുടെ മനസിനെ നോവിക്കാതെ ഇന്ദിരയും ശ്രദ്ധിച്ചു. ദിവ്യയുടെ ഭർത്താവ് രാകേഷ് ജോലിക്കു പോയിക്കഴിഞ്ഞാൽ ഇരുവരും ജോലിയൊതുക്കി അവരവരുടെ ലോകത്തേക്ക് മടങ്ങും.

മകൻെറ വിവാഹം കഴിഞ്ഞ് മൂന്നുവർഷമാകുന്നു. പെൺമക്കൾക്ക് കുഞ്ഞുങ്ങളായെങ്കിലും മകൻെറ കുഞ്ഞിനെ കാണാനുള്ള കൊതിയോടെ ആ അമ്മ കാത്തിരുന്നു. പ്രാർത്ഥനയും കാത്തിരിപ്പും ഫലിച്ചു. ദിവ്യ ഒരു അമ്മയാവാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെ അവർ അറിഞ്ഞു. ശേഷം പഴയതിലും കൂടുതൽ കരുതലോടെ അവർ അവളെ ശ്രദ്ധിച്ചു. വീട്ടുജോലികളിൽ അവളെ സഹായിച്ചും തൻെറ മുൻശുണ്ഠികൾ കുറച്ചുമെല്ലാം അവർ മരുമകൾക്ക് സന്തോഷിക്കാൻ അവസരം നൽകി.

നിർഭാഗ്യമെന്നു പറയട്ടെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ജീവനോടെ ഭൂമിയിൽ പിറക്കാൻ ആ ഭ്രൂണത്തിന് അവസരം ലഭിച്ചില്ല. ദിവ്യയും രാകേഷും ആകെത്തകർന്നു. പേരക്കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായെങ്കിലും ആ ദുഖം ദിവ്യയുടെ മുന്നിൽവെച്ച് പ്രകടിപ്പിക്കാൻ അവർ മുതിർന്നില്ല. കാരണം ആകെത്തകർന്നിരിക്കുന്ന മരുമകൾക്ക് തൻെറ അനിഷ്ടംകൂടിയായാൽ പിടിച്ചു നിൽക്കാനാവില്ലെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു.

അവർ അവളെ സമാധാനിപ്പിച്ചു വളരെവേഗം തന്നെ ഒരു അമ്മയാവാൻ കഴിയുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ആ അമ്മയുടെ വാക്കുകൾ അവൾക്ക് ധൈര്യം നൽകി. അധികം വൈകാതെ അവൾ ഗർഭം ധരിച്ച് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. പക്ഷെ വീണ്ടും വിധി അവളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ജനിച്ചു ദിവസങ്ങൾക്കകം അണുബാധ മൂലം ആ കുഞ്ഞ് മരിച്ചു. അതു ഉൾക്കൊള്ളാൻ ദിവ്യക്കായില്ല. ആ കുടുംബം വീണ്ടും തകർന്നു.

Representative Image Representative Image

പക്ഷെ അപ്പോഴും തളരാതെ മരുമകൾക്ക് ധൈര്യം നൽകി ഇന്ദിര കൂടെ നിന്നു. ജീവിതം തുടങ്ങിയതല്ലെയുള്ളൂ ദൈവം ഇനിയും കുഞ്ഞുങ്ങളെ നൽകുമെന്നു പറഞ്ഞ് അവൾക്ക് ധൈര്യം നൽകി. എന്നാൽ തുടർച്ചയായുള്ള ഗർഭഛിദ്രവും കുഞ്ഞിൻെറ മരണവും ദിവ്യയെ മാനസികമായും ശാരീരികമായും തളർത്തിയെന്നും അതുകൊണ്ട് ഉടനെയൊരു ഗർഭധാരണം പാടില്ലെന്നും ഡോക്ടർമാർ അവളെ ഉപദേശിച്ചു.

എന്നാൽ എത്രയും വേഗം ഒരു കുഞ്ഞിൻെറ അമ്മയാവുക എന്ന ഒരു ലക്ഷ്യം മാത്രമേ തനിക്കുള്ളൂവെന്ന് ദിവ്യ ശഠിച്ചു. ഭർത്താവിൻെറ ഉപദേശമൊന്നും കേൾക്കാൻ അവൾ തയാറായില്ല. എന്നാൽ തുടർന്ന് എത്ര ശ്രമിച്ചിട്ടും അവൾക്ക് അമ്മയാവാൻ കഴിഞ്ഞില്ല. ജീവിതത്തോടു തന്നെ വെറുപ്പുതോന്നി സ്വയംപഴിക്കുന്ന ദിവ്യയോട് രാകേഷ് ആ കാര്യം പറഞ്ഞു. ഒരു കുഞ്ഞിനെ ദത്തെടുക്കാം. എന്നാൽ ദിവ്യ വിയോജിച്ചു. തനിക്കു സ്വന്തമായി ഒരു കുഞ്ഞുവേണമെന്ന് അവൾ നിർബന്ധംപിടിച്ചു.

ദത്തെടുക്കുന്ന കുഞ്ഞിനെ കുടുംബത്തിൽ ആരും സ്നേഹിക്കാൻ തയാറാവില്ല, ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത തന്നെ ഭർത്താവ് ഉപേക്ഷിക്കും, സമൂഹം തന്നെ പഴിക്കും എന്നു തുടങ്ങി നൂറ് ആശങ്കകൾ ദിവ്യ രാകേഷിനോട് പങ്കുവെച്ചു. രാകേഷിൻെറ അമ്മയ്ക്കും ദത്തെടുക്കലിനോട് താൽപര്യമില്ലായിരുന്നു. അധികം വൈകാതെ ദിവ്യ ഒരു പേരക്കുട്ടിയെ നൽകുമെന്ന് അവർ വിശ്വസിച്ചു.

പ്രസവിക്കാത്ത മരുമകളെ ഉപേക്ഷിച്ച് മകനെക്കൊണ്ട് വേറെ വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ ഇന്ദിരയെ നിർബന്ധിച്ചു. 'എൻെറ മരുമകൾ പ്രസവിക്കില്ലെന്നു നിങ്ങളോടാരു പറഞ്ഞു. അവളുടെ കുഞ്ഞിനെ ഭഗവാൻ ആയുസെത്തും മുമ്പ് വിളിച്ചതാണ്. ഇപ്പോൾ അവൾക്ക് കുഞ്ഞുങ്ങളുണ്ടാവാത്തത് അവളുടെ കുഴപ്പംകൊണ്ടല്ല. സമയമാവുമ്പോൾ അവൾ എനിക്ക് പേരക്കുട്ടികളെ തരും. മാത്രവുമല്ല കുഞ്ഞുങ്ങളുണ്ടാവില്ല എന്നാരോപിച്ച് അവളെ ഉപേക്ഷിക്കാൻ ഞാൻ തയാറല്ല. കാരണം ഈ ഭൂമിയിൽ അവളെപ്പോലെ എൻെറ മകനെ സ്നേഹിക്കുന്ന ആരും ഉണ്ടാവില്ല.' – ആ അമ്മയുടെ വാക്കുകൾ ദോഷൈകദൃക്കുകളുടെ വായടപ്പിച്ചു.

അങ്ങനെയിരിക്കെയാണ് ദിവ്യയുടെ അമ്മയും അനിയത്തിയും അവളെക്കാണാനെത്തിയത്. കുഞ്ഞുങ്ങളുണ്ടാവാത്തതിൻെറ പേരിൽ ഭർതൃവീട്ടുകാർ ദിവ്യയെ ഉപേക്ഷിക്കുമെന്ന് അവർ ഭയന്നു. ഇനിയും വിവാഹം ചെയ്തയക്കാൻ ഒരു മകൾ കൂടിയുള്ള തൻറെയടുത്തേക്ക് ദിവ്യ കൂടെ മടങ്ങി വന്നാലത്തെ അവസ്ഥ അവർക്ക് ആലോചിക്കാനാവുമായിരുന്നില്ല. ദിവ്യയുടെ അനിയത്തി കാണാൻ മിടുക്കിയല്ലാത്തതിനാൽ അവളുടെ വിവാഹം നടക്കുക അത്രയെളുപ്പവുമായിരുന്നില്ല.

Representative Image Representative Image

അങ്ങനെ ചിന്തിച്ച് ആ അമ്മ ഒരുപായം ദിവ്യയുടെ മുന്നോട്ടുവെച്ചു. അവൾക്ക് കുട്ടികളുണ്ടാവാത്ത സാഹചര്യത്തിൽ അവളുടെ ഭർത്താവിനോട് അനിയത്തിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുക. അനിയത്തിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി സ്നേഹിക്കുവാൻ ദിവ്യക്കു കഴിയും. അതോടൊപ്പം ദിവ്യക്കും അനിയത്തിക്കും രാകേഷിൻെറ വീട്ടിൽ കഴിയുകയും ചെയ്യാം.
സ്വന്തം അമ്മയുടെ നാവിൽ നിന്ന് ഇത്തരമൊരു വാർത്ത കേൾക്കേണ്ടി വന്ന ദിവ്യ കൂടുതൽ തകർന്നു. എങ്കിലും അവൾ ഇതേപറ്റി രാകേഷിനോട് സൂചിപ്പിച്ചപ്പോൾ അയാൾ പൊട്ടിത്തെറിച്ചു. ഇനി ദിവ്യ ഒരിക്കലും അമ്മയാവില്ലെങ്കിൽക്കൂടി അവളെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ലെന്നും താൻ മറ്റൊരു വിവാഹം കഴിക്കില്ലെന്നും അയാൾ തറപ്പിച്ചു പറഞ്ഞു.

ദിവ്യയെ ഏറെ ഞെട്ടിച്ചത് അമ്മായി അമ്മയുടെ മറുപടിയാണ്. ദിവ്യയുടെ അനിയത്തി പ്രസവിക്കുമെന്ന് എന്തു ഉറപ്പാണ് അവളുടെ അമ്മയ്ക്കുള്ളതെന്ന് അവർ ചോദിച്ചു. മാത്രവുമല്ല കുഞ്ഞുങ്ങളുണ്ടാവില്ലെന്ന പേരുപറഞ്ഞ് താൻ ഒരിക്കലും മരുമകളെ ഉപേക്ഷിക്കില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. കാരണം ജീവിതത്തിൽ ഒരുപാടു സങ്കടങ്ങൾ സഹിച്ചിട്ടും അതിൻെറ പേരിൽ കുടുംബത്തിൻെറ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ദിവ്യ തയാറായില്ല. തൻെറ മകൻെറ നിഴൽ പോലെ നിന്ന് അവനെ പ്രാണനെപ്പോലെ സ്നേഹിച്ചു. സ്വന്തം ആരോഗ്യം വകവെയ്ക്കാതെ ഡോക്ടർമാരുടെ ഉപദേശം വകവെയ്ക്കാതെ ഒരു കുഞ്ഞിനു വേണ്ടി ശ്രമിച്ചു. ഈ സമയത്തൊന്നും പരാതികൊണ്ടോ പരിഭവം കൊണ്ടോ മകനോടോ തന്നോടോ അവൾ മോശമായി പെരുമാറിയില്ല. എന്നേക്കാൾ എൻെറ മകനെ സ്നേഹിക്കുന്ന ഇവളെ കൈവിട്ട് എന്തു ബന്ധമാണ് ഞാൻ മകന് ഉണ്ടാക്കിക്കൊടുക്കേണ്ടത് എന്ന് ഇന്ദിര ദിവ്യയുടെ അമ്മയുടെ മുഖത്തു നോക്കി ചോദിച്ചു.

Representative Image Representative Image

ആ ചോദ്യമാണ് ദിവ്യയെ ഞെട്ടിച്ചത്. അത്രയും സ്ഥാനവും സ്നേഹവും അമ്മായി അമ്മയ്ക്ക് തന്നോടുണ്ടായിരുന്നുവെന്ന് അന്ന് ആദ്യമായാണ് അവൾ മനസിലാക്കിയത്. ഒരു കുഞ്ഞിനുവേണ്ടി ആശുപത്രികളിലും ദേവാലയങ്ങളിലും താൻ അലഞ്ഞു നടന്നപ്പോൾ ഒപ്പം വന്ന, തളർന്നപ്പോഴൊക്കെ കൂടെ നിന്ന് ധൈര്യം പകർന്ന അമ്മയ്്ക്ക് തന്നോട് ഇത്രയും കരുതലും സ്നേഹവും ഉണ്ടെന്ന് തിരിച്ചറിയാതെ പോയല്ലോ എന്നോർത്ത് അവൾ വിതുമ്പി.

തനിക്ക് കു‍ഞ്ഞുങ്ങളുണ്ടാവില്ലെന്ന് വിധിയെഴുതി ഭർത്താവിനെക്കൊണ്ട് അനിയത്തിയെ വിവാഹം കഴിപ്പിക്കാൻ ഉപദേശിച്ച സ്വന്തം അമ്മയേക്കാൾ മരുമകൾ എന്നെങ്കിലും പ്രസവിക്കുമെന്ന് സ്വപ്നം കണ്ട അമ്മായി അമ്മയുടെ വാക്കുകൾ അവൾ വിശ്വസിച്ചു. വർഷങ്ങൾക്ക് ശേഷം രണ്ട് ആൺമക്കളും ഒരു പെൺകുഞ്ഞുമടങ്ങുന്ന തൻെറ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ദിവ്യ അമ്മായി അമ്മയ്ക്ക് നന്ദി പറയുന്നു.... ഉപാധികളില്ലാതെ തന്നെ സ്നേഹിച്ചതിന്. ജീവിതത്തിൽ തളർന്നു പോയപ്പോഴൊക്കെ കൈപിടിച്ചുയർത്തിയതിന്....  

Your Rating: