Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകാരികമായി അവഗണിച്ച ഭർത്താവിനോട് ആ ഭാര്യ ചെയ്തത്

Representative Image Representative Image

അഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് അത് സംഭവിച്ചത്. അവന്തിക വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചു. ആർക്കും അത്ഭുതമൊന്നും തോന്നിയില്ല. എന്തുകൊണ്ട് ഇത്ര വൈകിയെന്നു മാത്രം സുഹൃത്തുക്കൾ ചോദിച്ചു. സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ ജോലിയെയും മോശമായി ബാധിച്ചപ്പോഴാണ് അവൾ ആ തീരുമാനമെടുത്തത്.

അച്ഛനമ്മമാരുടെ കൈയിലെ പാവയാണ് അവളുടെ ഭർത്താവ്. ജോലിചെയ്ത് വീട്ടിലെത്തിയാൽ ഒന്ന് ഒരുമിച്ചിരിക്കാനോ അവധി ദിവസങ്ങളിൽ ഒരുമിച്ചൊന്ന് പുറത്തുപോവാനോ അവൾക്ക് അനുവദമില്ല. ഇത്രയും നിസാരമായ പ്രശ്നങ്ങളുടെ പേരിൽ കലഹമുണ്ടാക്കാതെ അഡ്ജസ്റ്റ് ചെയ്യൂ എന്ന് എല്ലാവരും അവളെ ഉപദേശിച്ചു. മദ്യപിച്ച് ഭാര്യയെ തല്ലുന്ന ഭർത്താക്കന്മാരെ സഹിക്കുന്ന ഭാര്യമാരില്ലേ പിന്നെന്തുകൊണ്ട് അത്തരം ദുസ്വഭാവങ്ങളൊന്നുമില്ലാത്ത ഭർത്താവിനെ സഹിക്കാൻ അവൾക്ക് പ്രയാസം എന്നായിരുന്നു ബന്ധുക്കളുടെ ചോദ്യം.ഭാര്യയെ തല്ലുന്ന ഭർത്താവിനെ സഹിക്കുന്നതിനേക്കാൾ കഠിനമാണ് വൈകാരികമായി തന്നെ അവഗണിക്കുന്ന ഭർത്താവിനെ സഹിക്കുന്നതെന്ന അവളുടെ വാദമൊന്നും ബന്ധുക്കൾക്കുമുന്നിൽ വിലപ്പോയില്ല.

സ്വന്തം ഭർത്താവിനോട് ഒന്നു സംസാരിക്കാൻ അനുവാദമില്ലാതെ, അയോളോട് സ്വാതന്ത്ര്യമായി പെരുമാറാൻ അനുവാദമില്ലാതെ വീർപ്പുമുട്ടുന്ന അവളെ മനസിലാക്കാൻ ആരും തയാറായില്ല. അച്ഛനമ്മമാരെ പേടിച്ച് ഒരു ഭാര്യയോടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് അവളുടെ ഭർത്താവ് എപ്പോഴും ഒഴിഞ്ഞുമാറി. ഭാര്യയ്ക്ക് വസ്ത്രം വാങ്ങി നൽകുന്നതും അവളെ പുറത്തുകൊണ്ടു പോകുന്നതുമൊന്നും ആണുങ്ങൾക്കു ചേർന്ന പ്രവൃത്തിയല്ലന്നായിരുന്നു ഭർത്താവിൻെറ വീട്ടുകാരുടെ കാഴ്ചപ്പാട്.

നാലുചുവരുകൾക്കുള്ളിൽ തീർത്തും അപരിചിതരെപ്പോലെയുള്ള ജീവിതം അവളെ ഒരു വിഷാദരോഗിയാക്കി മോഹഭംഗവും നിരാശയും കുടുംബകലഹവും അവളുടെ വ്യക്തിത്വത്തെത്തന്നെ മോശമാക്കി. പെട്ടന്നുള്ള ദേഷ്യവും വൈകാരികമായ സ്ഥിരതയില്ലായ്മയും ജോലിസ്ഥലത്തും അവൾക്ക് ശത്രുക്കളെ സൃഷ്ടിച്ചു.ജോലിയിലെ പ്രകടനം മോശമായിത്തുടങ്ങി. താൻ എന്ന വ്യക്തി സ്വകാര്യ ജീവിതത്തിലും ജോലിയിലും ഒരു പരാജയമായിത്തീരും എന്നു തിരിച്ചറിഞ്ഞ അവന്തിക ഒടുവിൽ ആ തീരുമാനത്തിലെത്തി.

Representative Image Representative Image

എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് വ്യക്തികൾ ഒന്നു ചേർന്നപ്പോൾ മുതലാണ്. അതുകൊണ്ട് സമാധാനം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരേ ഒരു വഴിയേയുള്ളൂ വിവാഹമോചനം. അതിൻെറ ഭാഗമായി നടന്ന കൗൺസിലിങ് ആണ് അവന്തികയുടെ ജീവിതം മാറ്റിമറിച്ചത്. ആത്മവിശ്വാസം തകർന്ന് ജീവിതം മടുത്ത് കൗൺസിലറുടെ മുൻപിലെത്തിയ അവന്തിക പക്ഷെ തിരിച്ചിറങ്ങിയത് വിവാഹമോചനം വേണ്ട എന്ന തീരുമാനത്തോടെയാണ്.

കൗൺസിലിങ്ങിനു ശേഷം ലഭിച്ച പൊസിറ്റീവ് എനർജിയും ഊർജ്ജവും അവളെ പുതിയ ഒരാളാക്കി മാറ്റി. ശേഷം അവൾ ഭർത്താവിനെ വിളിച്ച് സംസാരിച്ചു. ജീവിതത്തിൽ സംഭവിച്ച പിഴവുകൾ അവർ പരസ്പരം ചർച്ച ചെയ്തു. ശേഷം രണ്ടുപേരും ഒരുമിച്ച് കൗൺസിലിങ്ങിൽ പങ്കെടുത്തു. ശാരീരിക അവഗണനയേക്കാൾ പതിന്മടങ്ങു നോവിക്കും വൈകാരിക അവഗണന എന്ന് ഭർത്താവിനെ അവൾ ബോധ്യപ്പെടുത്തി.

രണ്ടുപേരും തമ്മിലുള്ള ആശയവിനിമയത്തിൻെറ അപാകതയെപറ്റി കൗൺസിലർ അവരെ പറഞ്ഞു ബോധ്യപ്പെടുത്തു. സ്വയം ഒരു ഷെല്ലിലൊതുങ്ങാതെ പങ്കാളിയുടെ വൈകാരിക ആവശ്യങ്ങളെ പരിഗണിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തി. ദാമ്പത്യബന്ധത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ കഴിവതും ഒഴിവാക്കണമെന്നും. അതിപ്പോൾ സ്വന്തം അച്ഛൻെറയും അമ്മയുടെയും ഇടപെടൽ ആണെങ്കിൽപ്പോലും അതിനെ അവഗണിച്ച് ദാമ്പത്യത്തിൻെറ ഊഷ്മളത നിലനിർത്തണമെന്നും മനസിലാക്കി.

Representative Image Representative Image

നീണ്ട ഒരു മാസത്തെ കൗൺസിലിങ് അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവന്നുവെന്നും അവന്തിക ഇപ്പോൾ പഴയതുപോലെ മനസു തുറന്ന് ചിരിക്കാറുണ്ടെന്നും കൂട്ടുകാർ പോലും പറയുന്നു. എന്നെന്നേക്കുമായി കെട്ടുപോയേക്കാമായിരുന്ന ഒരു പെൺകുട്ടിയുടെ പുഞ്ചിരിയെ തിരികെ നൽകിയ കൗൺസിലിങ്ങിന് നന്ദി പറയുകയാണ് ദമ്പതികളുടെ സുഹൃത്തുക്കൾ. വൈകാരികമായി അവഗണിക്കുന്ന ഭർത്താവിനെ വേണ്ട എന്ന തീരുമാനം ആ പെൺകുട്ടിയെടുത്തിരുന്നെങ്കിൽ ആ ദാമ്പത്യബന്ധം ഒരു ദുരന്തത്തിൽ അവസാനിച്ചേനേം...