Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യശരീരം ഡോക്ടർമാരുടെ കൈയിലെ പരീക്ഷണവസ്തുവാകുമ്പോൾ ; ഇവർക്കും പറയാനുണ്ട്

talk

അപര ശരീരവുമായി ജീവിക്കുക എന്നത് അത് അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാവുന്ന കാര്യമാണ്.  മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർ ലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇപ്പോൾ ഭിന്നലിംഗക്കാർ വാർത്തകളേ അല്ലാതായി മാറുന്നു. അത്രയും ലാഘവത്തോടെ തന്നെയാണ് ലിംഗമാറ്റ ശാസ്ത്രക്രിയകളെ കുറിച്ചും നാം സംസാരിക്കുന്നത്.

പണ്ട് വീടിനുള്ളിൽ ആരെയും അറിയിക്കാതെ എതിർ ലിംഗത്തിൽ പെട്ട മനസ്സുമായി ജീവിച്ചിരുന്നവർ ഇന്ന് ഒരു പരിധി വരെ പുറത്തേയ്ക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നു. കാരണം നിരവധി ഭിന്നലിംഗക്കാർ ധൈര്യം പകർന്ന്  ഇന്ന് പൊതു സമൂഹത്തിലുണ്ട്. അവരിൽ പലരും മാന്യമായ ജോലി ചെയ്തു ജീവിക്കുന്നവരും ആക്ടിവിസ്റ്റുകളും ഒക്കെയാണ്.

ഒരുപക്ഷെ ഇന്ന് അറിയപ്പെടുന്ന ഭിന്നലിംഗക്കാരിൽ കൂടുതലും പുരുഷന്മാർ സ്ത്രീകളാക്കപ്പെട്ടവരായിരിക്കും. എന്നാൽ സ്ത്രീ ശരീരവുമായി ജീവിക്കുന്ന പുരുഷന്മാർ എന്തുകൊണ്ട് അധികം തുറന്ന ഇടത്തേക്ക് വരുന്നില്ല? കാരണം നിസ്സാരം. പുരുഷന്മാരുടെ അത്ര സ്വീകാര്യത സ്ത്രീകൾക്ക് ഈ വിഷയത്തിൽ ലഭിക്കുന്നില്ല എന്നതു തന്നെ. ആ ഇടത്തേയ്ക്കാണ് രണ്ടും കൽപ്പിച്ച് സ്ത്രീ ശരീരത്തിൽ നിന്ന് പുരുഷ ശരീരത്തിലേയ്ക്ക് പരിവർത്തനം നടത്താൻ ഒരാൾ തീരുമാനിക്കുന്നത്. 

അത്ര എളുപ്പമാണയോ ലിംഗ പരിവർത്തനം? 

"പുരുഷന് സ്ത്രീയാകാൻ വലിയ കടമ്പകളുണ്ട്. നിരവധി ഘട്ടങ്ങൾ കടന്നാണ് ശസ്ത്രക്രിയ എന്ന തലത്തിലേയ്ക്ക് എത്തേണ്ടത്. മാനസികമായ കൗൺസിലിങ്ങുകളും ഹോർമോൺ ചികിത്സയും ഒക്കെ ആദ്യം ഇതിനു വേണ്ടി നൽകാറുണ്ട്. എല്ലാം അതിജീവിച്ചു അവസാനമാണ് ലിംഗ പരിവർത്തനം നടത്തുക.." ട്രാൻസ്ജെൻഡറായ സുകന്യ കൃഷ്ണ പറയുന്നു. 

sukanya സുകന്യ.

അത്ര കടമ്പകളുള്ള ഒരു അവസ്ഥയിൽ നിന്നാണ് കാട്ടാക്കട സ്വദേശിയായ സാഗർ പെൺ ശരീരത്തിൽ നിന്നും മനസ്സു പറഞ്ഞതനുസരിച്ചു ആൺ ശരീരത്തിലേയ്ക്ക് കൂടു മാറാൻ തീരുമാനിക്കുന്നത്. 

"സ്ത്രീയായി മാറാൻ താരതമ്യേന എളുപ്പമാണ്. ഗർഭപാത്രം  വയ്ക്കാനുള്ള ബുദ്ധിമുട്ടുണ്ട്. എന്നാൽ അത് ശരീരത്തിനുള്ളിലായതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നില്ല. പക്ഷെ സ്ത്രീകൾ ആൺ കുട്ടികളായി മാറാനുള്ള ശസ്ത്രക്രിയകൾ നമ്മുടെ നാട്ടിൽ അത്ര എളുപ്പമല്ല. ഇന്ത്യയിൽ തന്നെ അതിനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ പോലും വിജയ സാധ്യത കുറവു തന്നെയാണ്. കാരണം ശരീരത്തിന്റെമറ്റു ഭാഗങ്ങളിൽ നിന്നാണ് തൊലിയും മാംസവും എടുത്തു വയ്ക്കേണ്ടത്, പക്ഷെ വൈകാരികമായ അനുഭവങ്ങൾ ലഭിക്കുന്നത് പോയിട്ട് സ്വാഭാവീക രൂപം പോലും ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടായെന്നു വരില്ല''. സുകന്യ പറയുന്നു.

ഇത്രയധികം ചർച്ചകൾ ഉണ്ടാകാൻ ഇവിടെ എന്ത് സംഭവിച്ചു എന്നല്ലേ... 

ഈ ജനുവരിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഭിന്നലംിഗക്കാർക്ക് അനുകൂലമായ ഒരു വാർത്ത പുറത്ത് വന്നിട്ട്. സ്ത്രീയായി ജനിച്ചു പുരുഷന്റെ മനസ്സുമായി ജീവിച്ച ഒരു വ്യക്തി എപ്പോഴും ശരീരം കൊണ്ടും പുരുഷനായി ജീവിയ്ക്കാൻ ആഗ്രഹിക്കും. അത് തന്നെയായിരുന്നു സാഗറിന്റെയും ആഗ്രഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാർ ഒടുവിൽ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു.

സർജറി വിജയകരമായി പൂർത്തിയാക്കിയതായി പത്രങ്ങളായ പത്രങ്ങൾ വാർത്തയും നൽകി, എന്നാൽ മാസങ്ങൾക്കു ശേഷം സാഗർ വീണ്ടും വാർത്തകളിൽ നിറയുന്നു, പക്ഷെ മെഡിക്കൽ കോളേജിനെതിരെയാണ് സാഗർ ഇത്തവണ സംസാരിക്കുന്നത്. തന്റെ ലൈംഗികാവയവം ഏറ്റവും വികൃതമാക്കിയാണ് ശസ്ത്രക്രിയ ചെയ്തതെന്നും  13 ശസ്ത്രക്രിയകൾ ചെയ്‌തെങ്കിലും ജീവൻ പോലും അപകടത്തിലാക്കാവുന്ന അവസ്ഥയിലെത്തിയെന്നും ഒടുവിൽ മുംബൈ ഹോസ്പിറ്റലിൽ പോയി ഒരു ശസ്ത്രക്രിയ കൂടി നടത്തിയാണ് ജീവൻ രക്ഷപെട്ടതെന്നും സാഗർ മാധ്യമങ്ങൾക്കു മുന്നിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

പത്തു വർഷത്തെ ചികിത്സയ്ക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് മെഡിക്കൽ കോളേജിൽ നിന്ന് ഇങ്ങനെയൊരു ശസ്ത്രക്രിയ നടന്നത്. പുരുഷാവയവം വെച്ചുപിടിക്കുന്നതിനായി നടത്തിയ ഫെലോ പ്ലാസ്റ്റി എന്ന ശസ്ത്രക്രിയ അത്ര എളുപ്പമല്ലെങ്കിൽ കൂടി പരീക്ഷണം എന്ന് പറയാതെ പരീക്ഷണം തന്നെയാണ് അധികൃതർ നടത്തിയതെന്ന് സാഗർ ആരോപിക്കുന്നു.

"ആശുപത്രി അധികൃതരുടെ ഭാഗത്തല്ല, അതിനു തല വച്ച് കൊടുത്ത ആളുടെ കയ്യിൽ തന്നെയാണ് തെറ്റ്. ആണിന് പെണ്ണാവാൻ ശസ്ത്രക്രിയ കുറച്ചു കൂടി എളുപ്പമാണ്, പക്ഷെ അത്ര ഈസിയല്ല പെണ്ണിന് ആണാവാൻ ഉള്ളത്. അതും കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്ത്.. മെഡിക്കൽകോളേജിലൊക്കെ എത്രമാത്രം സൗകര്യം ഇക്കാര്യത്തിലുണ്ട്? എത്ര അനുഭവ സമ്പത്തുള്ള ഡോക്ടർമാരുണ്ട്? അപ്പോൾ ഇതൊക്കെ അറിഞ്ഞു കൊണ്ട് തല വച്ച് കൊടുത്ത് തന്നെ മണ്ടത്തരം എന്നേ പറയാനുള്ളൂ. ഇത്തരം ശസ്ത്രക്രിയയുടെ വിജയ സാധ്യത തീരെ കുറവാണ്, അതും അനുഭവ പരിചയമുള്ള ഹോസ്പിറ്റലിലും ഡോക്ടർമാരും ചെയ്‌താൽ പോലും.അപ്പോൾ പരീക്ഷമെന്നോണം ചെയ്താലോ...?" നടിയും ട്രാൻസ്ജെൻഡറുമായ ഗൗരി സാവിത്രി ചോദിക്കുന്നു.

gauri ഗൗരി സാവിത്രി.

"സ്തനങ്ങൾ മാറ്റി വയ്ക്കാം, പക്ഷെ ലിംഗമാറ്റം നടത്തുക എന്നത് പരീക്ഷണം തന്നെയാണ്. ശസ്ത്രക്രിയ പരാജയമാണെന്നറിഞ്ഞപ്പോൾ ഡോക്ടറോട് സംസാരിച്ചപ്പോൾ അദ്ദേഹം കുറ്റം തന്റെ അസിസ്റ്റന്റുമാരുടെ തലയിൽ കെട്ടി വച്ചെന്നും അറിഞ്ഞു . ഇത്ര നിരുത്തരവാദിത്തമായിട്ടാണോ ഡോക്ടർമാർ ജോലി ചെയ്യേണ്ടത്? " സുകന്യ ആരോപിക്കുന്നു. 

"പരീക്ഷണങ്ങൾ പല ആശുപത്രികളും മൃഗങ്ങൾക്കപ്പുറം മനുഷ്യന്റെ മുകളിലും കെട്ടിയേല്പിക്കാറുണ്ട്. ഒരു പരിധി വരെ അതിനൊക്കെ വിജയ സാധ്യതയും കുറവ് തന്നെയാണ്. പക്ഷെ പുറത്തേയ്ക്കു വരുന്ന വാർത്തകൾ വളരെ കുറവായതിനാൽ തന്നെ ഇത്തരം പരീക്ഷണങ്ങൾ പുറത്തെ ലോകമറിയാറുമില്ല. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വിജയിച്ചെന്ന മട്ടിൽ വാർത്ത എല്ലാ പത്രങ്ങളിലും വന്നിരുന്നു,

എന്നാൽ അതിനെതിരെ സാഗർ പറഞ്ഞതൊന്നും മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. " സുകന്യ പറയുന്നു. എന്തു ചെയ്തിട്ടാണെങ്കിലും ജീവിതം മാറണമെന്ന മോഹം ഉള്ളവർക്ക് ഒരു കച്ചി തുരുമ്പ് പോലും അനുഗ്രഹമായി തോന്നും ചിലപ്പോൾ. പക്ഷെ മതിയായ ചിന്തകളില്ലാതെ മരുന്ന് പരീക്ഷണത്തിന്, അനുഭവ സാമ്പത്തില്ലാത്ത ഡോക്ടർമാരുടെ അടുത്ത് അപൂർവ്വമായ അനുഭവങ്ങൾക്ക് നിന്ന് കൊടുക്കുന്നതും ആ കച്ചി തുരുമ്പിനെ ആഗ്രഹിക്കുന്നതുകൊണ്ടാണ്. പക്ഷെ നീതി അർഹിക്കുന്നവർക്ക് അത് ലഭിക്കേണ്ടതുണ്ട്, വാർത്തകൾ സത്യസന്ധമായി പുറത്തു വരുന്നതും നീതി കൊടുക്കുന്നത് പോലെ തന്നെ.