Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മവിശ്വാസത്തോടെ അതെ പെണ്ണാണ് എന്ന് ഉറച്ചു പറയുവാൻ അവർ പഠിക്കട്ടെ

Happy Girl സ്ത്രീ–പുരുഷ സമത്വ വാദങ്ങൾക്കപ്പുറം ഇത്തരം ചില സ്ത്രീ സൗഹൃദ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.

അവിടെ തൊടരുത് ഇവിടെ തൊടരുത് എന്നു തുടങ്ങി ഒരായിരം വിലക്കുകൾക്കു നടുവിൽ, കതകടച്ച ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് ചെലവഴിക്കേണ്ട കുറച്ചു ദിവസങ്ങളായിരുന്നു ഒന്നു രണ്ടു തലമുറ മുമ്പ് വരെയുള്ള പെൺകുട്ടികൾക്ക് ആർത്തവ ദിനങ്ങൾ.

'ചിരകാലമൊക്കെയും ചിതൽ തിന്നു പോയിട്ടും ചിലതുണ്ട് ചിതയിങ്കൽ വെക്കാൻ' എന്ന് കവി പാടിയ പോലെ ഈ ശീലം ഇന്നും തുടരുന്നവരും ഉണ്ട്. മറ്റാരും കാണാതെ കഴുകി ഉണക്കേണ്ട പഴന്തുണികളുടെ സ്ഥാനം സാനിറ്ററി പാഡുകൾ ഏറ്റെടുത്തത് 'സ്ത്രീ'കൾക്ക് നൽകിയ ആശ്വാസം ചില്ലറയല്ല. സ്ത്രീകൾ എന്നു പറയുമ്പോൾ മാസം കുറഞ്ഞത് മുപ്പത് രൂപയെങ്കിലും ഇതിനുവേണ്ടി മാറ്റിവെയ്ക്കാൻ കയ്യിൽ ഉള്ളവർ എന്നു പറയേണ്ടി വരും. കാരണം മാർക്കറ്റിൽ ലഭ്യമായ നാപ്കിനുകളുടെ ശരാശരി വില മുപ്പത് രൂപമുതൽ മുകളിലേക്കാണ്. ആ തുകയ്ക്ക് ബുദ്ധിമുട്ടുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ കുറവല്ല.

335 ദശലക്ഷം ആർത്തവമതികളായ സ്ത്രീകൾ ഉള്ള ഇന്ത്യയിൽ 12 ശതമാനം മാത്രമാണ് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. ഋതുമതിയായതിനെ തുടർന്ന് പെൺകുട്ടികൾ പഠനം നിർത്തുക, മാസത്തിൽ അഞ്ചോ ആറോ ദിവസം ക്ലാസിൽ എത്താതിരിക്കുക തുടങ്ങിയ സംഭവങ്ങളും രാജ്യത്ത് കുറവല്ല. ഈ സാഹചര്യത്തിൽ കേരളാ ഗവൺമെന്റിന്റെ ഷീ– പാഡ് പദ്ധതി കൂടുതൽ പ്രസക്തമാകുന്നു.

periods-homoeo ആർത്തവം എന്നത് അശുദ്ധമല്ലെന്നുള്ള ബോധം പെൺകുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയും വേണം.

പദ്ധതിയുെട ഭാഗമായി ഹയർസെക്കൻഡറി സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഈ അധ്യയന വർഷം മുതൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആർത്തവം എന്ന് പറയാൻ പോലും നാണിക്കണമെന്നും ഏറ്റവും രഹസ്യമായി പൊതിഞ്ഞു കെട്ടി മറ്റാരും കാണാതെ സാനിറ്ററി പാഡുകൾ കൊണ്ടു നടക്കണമെന്നുമുള്ള അടക്ക–ഒതുക്ക ശീലങ്ങൾ ചെറുപ്പം മുതൽ പഠിപ്പിച്ച്, കടയിൽ പോയി സാനിറ്ററി പാഡുകൾ ചേദിച്ചു വാങ്ങാൻ മടിക്കേണ്ട അവസ്ഥയിൽ പെൺകുട്ടികളെ എത്തിച്ച ഒരു സമൂഹത്തിൽ സ്ത്രീ–പുരുഷ സമത്വ വാദങ്ങൾക്കപ്പുറം ഇത്തരം ചില സ്ത്രീ സൗഹൃദ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. 

ഹൈസ്കൂൾ ക്ലാസുകൾ മുതൽ പദ്ധതി നടപ്പിലാക്കുകയും ആർത്തവം എന്നത് അശുദ്ധമല്ലെന്നുള്ള ബോധം പെൺകുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയും വേണം. കൂടുതൽ ആത്മ വിശ്വാസത്തോടെ അതെ പെണ്ണാണ് എന്ന് ഉറച്ചു പറയുവാൻ അവർ പഠിക്കട്ടെ. തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും ശൗചാലയങ്ങൾ എന്ന പോലെ തന്നെ പ്രാഥമിക ആവശ്യമാണ് നാപ്കിൻ വെൻഡിംങ് മെഷിനുകളും ഉപയോഗിച്ച നാപ്കിനുകൾ നിർമ്മാർജനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും.

x-default മാർക്കറ്റിൽ ലഭ്യമായ നാപ്കിനുകളുടെ ശരാശരി വില മുപ്പത് രൂപമുതൽ മുകളിലേക്കാണ്. ആ തുകയ്ക്ക് ബുദ്ധിമുട്ടുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ കുറവല്ല.

ഇന്ന് വാങ്ങുന്ന ഫോണിന്റെ സാങ്കേതികത നാളെ പഴയതാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രഥമിക ആവശ്യങ്ങളിൽ കൂടുതൽ സാങ്കേതികവും സൗകര്യ പ്രദവുമായ പരീക്ഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്. പരമ്പരാഗത സാനിറ്ററി പാഡുകളുടെ സ്ഥാനം മെനുസ്ട്രൽ കപ്പുകൾ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. പ്രതിമാസം കുറഞ്ഞത് മുപ്പത് രൂപ വീതം സാനിറ്ററി നാപ്കിനുകൾക്കുവേണ്ടി മാറ്റിവെയ്ക്കാൻ നിവൃത്തിയില്ലാത്ത അനേകരുള്ള നമ്മുടെ രാജ്യത്ത് ഏറ്റവും ഫലപ്രദമാണ് മെനുസ്ട്രൽ കപ്പുകൾ. 

അഞ്ച് മുതൽ പത്തു വർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന മെനുസ്ട്രൽ കപ്പുകൾകൊണ്ട് പലതുണ്ട് നേട്ടം. മാലിന്യ സംസ്കരണം എന്ന വലിയ തലവേദന ഇവിടെ ഒഴിവാകും. മാസാമാസം നാപ്കിനുവേണ്ടി പണം കണ്ടെത്തേണ്ട ആവശ്യവും വരുന്നില്ല. കൊണ്ടു നടക്കാനും ശൗചാലയ സൗകര്യം ലഭ്യമായ എവിടെവെച്ചും ശുചിയാക്കി വീണ്ടും ഉപയോഗിക്കാനുള്ള സൗകര്യം, ലീക്കേജിനുള്ള സാധ്യത കുറയുന്നതു കൊണ്ട് സ്ത്രീക്ക് ലഭിക്കുന്ന ആത്മവിശ്വാസം തുടങ്ങി നിരവധി ഗുണങ്ങൾ വേറെയുമുണ്ട്. 

Sanitary pad

ശരാശരി 500 രൂപയാണ് മെനുസ്ട്രൽ കപ്പിന്റെ വില. ഇത് ഗവൺമെന്റ് തലത്തിൽ സ്ത്രീകളിൽ എത്തിക്കാനായാൽ കുറഞ്ഞ ചിലവിൽ കൂടുതൽ പ്രകൃതി–സ്ത്രീ സൗഹൃദപരമായി ആർത്തവപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. 

ഉപയോഗ യോഗ്യമായ പൊതു ശൗചാലയങ്ങൾ ആവശ്യത്തിനില്ല എന്നതാണ് സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. യാത്രകളിൽ പലപ്പോഴും ടൊയ്്ലറ്റ് സ്വകാര്യങ്ങളുള്ള സ്വകാര്യ ഹോട്ടലുകളാണ് പ്രഥമിക ആവശ്യങ്ങൾക്കായി സ്ത്രീകൾക്കുള്ള ഏക ആശ്രയം. ഇത്തരം അടിസ്ഥാന ആവശ്യങ്ങളിൽ മുതൽ സമൂഹം സ്ത്രീയുടെ വ്യക്തിത്വത്തെ മാനിച്ച് തുടങ്ങട്ടെ. നിങ്ങൾ ആയുധമെടുത്ത് പൊരുതു എന്ന ആഹ്വാനങ്ങളും അതിനുള്ള പിന്തുണയുമല്ല പെണ്ണിന്റെ ആവശ്യം. ആയുധമില്ലാതെ തന്നെ, ഭയം കൂടാതെ ജീവിക്കാൻ കഴിയുന്ന സ്ത്രീ സൗഹൃദപരമായ ഒരു സമൂഹമാണ് ഉണ്ടാകേണ്ടത്.