Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംവരണ ബിൽ പാസാക്കൂ, ആഘോഷിക്കാൻ ഞങ്ങളും കൂടാം

x-default പ്രതീകാത്മക ചിത്രം.

മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷ വേളയിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ശർമ്മിഷ്ഠ മുഖർജിയുടെ തുറന്നെഴുത്ത്. 

ലോക്സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കപ്പെടുന്ന ഒരു ബിൽ അംഗീകരിക്കപ്പെട്ടു നിയമമാകുകയോ പിന്തുണയില്ലാതെ തള്ളപ്പെടുകയോ ചെയ്യാം. സാധാരണ നടപടിക്രമം മാത്രമാണത്. ഇതിൽനിന്നു വ്യത്യസ്തമായി ഒരു ബിൽ തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറുകയും ചെയ്യുന്നത് അപൂർവമാണ്.

1998–ൽ വാജ്പേയി മന്ത്രിസഭയിലെ നിയമമന്ത്രി എം.തമ്പിദുരൈ അവതരിപ്പിച്ച ഒരു ബിൽ വലിച്ചുകീറിയെറിയപ്പെടുകയുണ്ടായി. ഇന്ത്യൻ പാർലമന്റെറി രംഗത്തെ കറുത്ത അധ്യായം.അന്നു വലിച്ചുകീറി എറിയപ്പെട്ടതു കുറച്ചു പേപ്പറുകൾ മാത്രമല്ല; രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷകൾ കൂടിയായിരുന്നു.വനിതാ സംവരണ ബിൽ ആയിരുന്നു അന്ന് ഒരു ആർജെഡി എംപി തട്ടിയെടുത്തും വലിച്ചുകീറിയത്. പിന്നീടും പലപ്പോഴും ലോക്സഭയിലും രാജ്യസഭയിലും വനിതാ സംവരണ ബിൽ പല രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. കാര്യമായ ഫലമുണ്ടായില്ല.ഇന്നും നിയമമാകാതെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വനിതാ സംവരണം അകന്നുപോകുന്നു.എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിക്കണ്ടേ ? 

ഇപ്പോഴത്തെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മുന്നണി തിരഞ്ഞെടുപ്പിനുമുമ്പുതന്നെ വനിതാ സംവരണബിൽ പാസാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു പറയുകയുണ്ടായി. 2014 ൽ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തപ്പോൾ രാഷ്ട്രപതിയും ഇക്കാര്യം ഊന്നിപ്പറഞ്ഞു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം. മൂന്നു വർഷം കഴിഞ്ഞു. ഇപ്പോഴും വനിതാസംവരണം നിയമമാക്കാൻ ഫലപ്രദമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

എന്നുമാത്രമല്ല, ബിജെപിയുടെ മുതിർന്നനേതാവ് വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന മുഖവിലയ്ക്കെടുക്കാമെങ്കിൽ അടുത്തകാലത്തൊന്നും വനിതാ സംവരണം യാഥ്യാർഥ്യമാകില്ല. രാജ്യസഭയിൽ ബിജെപി മുന്നണിക്കു ഭൂരിപക്ഷം കിട്ടുമ്പോഴേ സംവരണ നിയമം യാഥാർഥ്യമാക്കാൻ ശ്രമിക്കൂ എന്നാണദ്ദേഹം പറഞ്ഞത്. 2020 ന് മുമ്പ് അങ്ങനെയൊരു സാധ്യത തന്നെയില്ല.മോദി സർക്കാർ ആഘോഷത്തോടെ മൂന്നാം വാർഷികം ആഘോഷിക്കുകയും മോദിഫെസ്റ്റ് നടത്തുകയും ചെയ്യുമ്പോഴും രാജ്യത്തെ വനിതകൾ അസംതൃപ്തർ. അവർക്ക് ആഘോഷിക്കാനാകണമെങ്കിൽ വനിതാസംവരണം യാഥാർഥ്യമാകണം. അതിപ്പോഴും സംഭവിക്കുന്നില്ല. ഇനി എന്ന് എന്ന ചോദ്യത്തിനും ഉത്തരവുമില്ല.

വനിതാ സംവരണ ബിൽ ലോക്സഭയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1996–ൽ.എച്ച്.ഡി.ദേവെഗൗഡയായിരുന്നു അന്ന് പ്രധാനമന്ത്രി. പിന്നീട് മാറി മാറി വന്ന മന്ത്രിസഭകൾ ബിൽ നിയമമാക്കാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ബിൽ അവതരിപ്പിച്ചപ്പോഴൊക്കെ പാർലമെന്റ് പ്രക്ഷുബ്ധമായി. കടുത്ത വാദപ്രതിവാദങ്ങൾക്കു വേദിയായി. മന്ത്രിമാരെയും രാജ്യസഭാ ചെയർമാനെയുൾപ്പെടെയുള്ളവരെയും തടഞ്ഞുവച്ചു. ആക്രമിക്കാനും ശ്രമങ്ങളുണ്ടായി. എല്ലാം അർഹമായ 33 ശതമാനം വനിതാ സംവരണത്തിന്റെ പേരിൽ.

ഇന്ത്യയിലെ നിയമനിർമാണ സഭയിൽ വനിതകളുടെ പങ്കാളിത്തം ഇന്നും 11.4 ശതമാനം മാത്രമാണ്. ലോകശരാശരിയാകട്ടെ 22.8. വനിതാ സാമാജികരുടെ കണക്കെടുത്താൽ 140 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 103 മാത്രം. സംസ്ഥാന നിയമസഭകളിലാകട്ടെ സംവരണത്തോത് വെറും ഒൻപതു ശതമാനം മാത്രം. പാക്കിസ്ഥാനിലെ അവസ്ഥ പോലും ഇതിലും മെച്ചമാണെന്നതാണു യാഥാർഥ്യം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമൊക്കെ അവർ വനിതാ സംവരണം വിജയകരമായി നടപ്പിലാക്കി.

വനിതാ സംവരണത്തെ പിന്നോട്ടടിക്കുന്ന ചില ക്രൂരമായ യാഥാർഥ്യങ്ങളുമുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വനിതകൾക്ക് അവസരം കിട്ടുന്നുണ്ട്. പക്ഷേ പല തവണ വജയിച്ച് ആധിപത്യം നേടിയ പുരുഷപ്രതിനിധികളുടെ ബന്ധുക്കൾക്കാണു പലപ്പോഴും മൽസരിക്കാൻ ടിക്കറ്റ് കിട്ടുക. ഇവർ വിജയിക്കുമ്പോൾ അനുഭവപരിചയ മുള്ളവരുടെ കയ്യിലെ കളിപ്പാവകൾ മാത്രമായി ഒതുങ്ങിപ്പോകുന്നു.ഇഛാശക്തി പ്രയോഗിക്കാനോ സ്വയം തീരുമാനങ്ങളെടുക്കാനോ ഇവർക്കു സ്വാതന്ത്ര്യമില്ല.സഹായിക്കാൻ കാത്തുനിൽക്കുന്ന ബന്ധുക്കൾ വനിതാ സംവരണം എന്ന പുരോഗമനപരമായ നിയമത്തെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന അവസ്ഥ.

പക്ഷേ ഇതൊരു പൊതുസത്യമല്ല. വനിതാ സംവരണമെന്ന സുന്ദരസ്വപ്നത്തെ പിന്നോട്ടടിക്കുന്ന ഒരു ഘടകം മാത്രമാണ്. തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ചു നടന്ന പഠനങ്ങളും ഗവേഷണങ്ങളും താഴേത്തട്ടിൽ നടപ്പിലാക്കിയ സംവരണം സാക്ഷാത്കരിച്ചതു നല്ല ഫലങ്ങളാണെന്ന് അടിവരയിടുന്നു. തീരുമാനമെടുക്കുന്നതിലുള്ള പ്രാപ്തിയും കാര്യക്ഷമമായ നടപ്പിലാക്കലുമെല്ലാം വനിതകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു.

വനിതാ സാരഥികളുടെ മാത്രം കാര്യമല്ല അവരുൾപ്പെട്ട കൂട്ടങ്ങളിലും കുടുംബങ്ങളിലൊമൊക്കെ സ്ഥാനലബ്ധി മികച്ച നേട്ടങ്ങളുണ്ടാക്കുന്നു.പല സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാക്കാനും സ്ത്രീ പ്രതിനിധകൾക്കു കഴിഞ്ഞിട്ടുണ്ട്. 

നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വനിതകൾക്ക് അവസരങ്ങളിൽ സമത്വം വാഗ്ദാനം ചെയ്യുന്നു.വിവേചനവും അനീതിയും പാടില്ലെന്നു നിഷ്കർഷിക്കുന്നു. വലിയ നേട്ടങ്ങളുടെ അമരത്ത് എത്തിയ വനിതകൾ നമുക്ക് ഇല്ലെന്നല്ല പറയുന്നത്. വനിതാ പ്രധാനമന്ത്രി നമ്മെ ഭരിച്ചിട്ടുണ്ട്. രാഷ്ട്രപതി പദത്തിൽപ്പോലും വനിതയെത്തി. പക്ഷേ താഴെത്തട്ടിൽ ഇന്നും വനിതകൾ ദുരിതങ്ങൾ അനുഭവിക്കുന്നു. അടിച്ചമർത്തപ്പെടുന്നു.രണ്ടാംതരം പൗരൻമാരായി ആക്ഷേപിക്കപ്പെടുന്നു. ഇതു മാറണം. 

സാധാരണപൗരൻമാരുടെ നികുതിപ്പണം കൊണ്ട് മൂന്നുവർഷത്തെ നേട്ടങ്ങൾ വിളംബരം ചെയ്യുന്നതിനുപകരം ആത്മാർത്ഥതയുണ്ടെങ്കിൽ മോദി സർക്കാർ ചെയ്യേണ്ടത് വനിതാ സംവരണം യാഥാർഥ്യമാക്കുകയാണ്. അങ്ങനെ സംഭവിച്ചാലേ രാജ്യത്തെ വനിതകൾക്കു സർക്കാരിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനാകൂ. മുൻപു വനിതാ സംവരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കക്ഷികൾക്കൊന്നും ഇപ്പോൾ കാര്യമായ അംഗബലമില്ല.അതൊകൊണ്ടുതന്നെ എതിർപ്പിനു വലിയ ശക്തിയുണ്ടാകില്ല. ഇതാണവസരം. സുവർണാവസരം. രാജ്യത്തെ സാമൂഹിക വ്യവസ്ഥയിൽ വിപ്ലവം സാക്ഷാത്കരിക്കാനുള്ള മികച്ച അവസരം.ജീവിതത്തിന്റെ അരികുകളിലേക്കു വലിച്ചുനീക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാൻ അനുയോജ്യമായ സമയം. 

സർക്കാർ ഉണർന്നുപ്രവർത്തിക്കുമോ ? ആകാംക്ഷയോടെ നോക്കുന്നുണ്ട് രാജ്യത്തെ സ്ത്രീസമൂഹവും ലോകം തന്നെയും. 

 ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവും എഐസിസി നാഷണൽ മീഡിയ പാനൽ അംഗവുമാണ് ശർമ്മിഷ്ഠ മുഖർജി.