Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലീഡ് വിത്തൗട്ട് വയലൻസ് ; ആ സൂപ്പർ വിമൻവീക്കിനെക്കുറിച്ച് ഇവൾക്ക് പറയാനുള്ളത്

bleed-with-out-violence അഭിമാനത്തോടെ ആർത്തവം ആഘോഷിക്കൂ.

കലാപത്തിനുവേണ്ടിയല്ലാതെ രക്തം ചീന്താൻ കഴിയുക. ഒരു പെൺശരീരത്തിനു മാത്രം കഴിയുന്ന രക്തച്ചൊരിച്ചിലിനെപ്പറ്റി ഉറക്കെ പറയാൻ എന്തിനു നാണിക്കണം. രാജ്യം ആർത്തവ ശുചിത്വവാരം ആഘോഷിക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു വിഡിയോയിലെ പെൺകുട്ടി ചോദിക്കുന്ന ചോദ്യമിതാണ്. '' ചെറുപ്പം മുതൽ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ചെറിയ പെൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമുണ്ട്. ആർത്തവത്തെപ്പറ്റി ഉറക്കെ സംസാരിക്കരുത്. 

ഒളിച്ചുവയ്ക്കപ്പെടേണ്ട, മറച്ചുവയ്ക്കപ്പെടേണ്ട എന്തോ ഒന്നാണ് എന്ന ധാരണയോടെയാണ് ഓരോ പെൺകുട്ടിയും ആർത്തവത്തെ മനസ്സിലാക്കുന്നത്. പ്രായപൂർത്തിയായാൽ ഓരോ സ്ത്രീ ശരീരവും മാസത്തിൽ ഏഴുദിവസം ആർത്തവം എന്ന പ്രക്രിയയിലൂടെ കടന്നുപോകും തികച്ചും ജീവശാസ്ത്രപരമായ ആ പ്രക്രിയ എങ്ങനെയാണ് അശുദ്ധവും മറച്ചുവയ്ക്കപ്പെടേണ്ടതും ആവുന്നത്.

സമൂഹത്തിന്റെ പൊതുധാരണയെ പൊളിച്ചെഴുതിക്കൊണ്ട് ആ പെൺകുട്ടി ചോദിക്കുന്നതിങ്ങനെ. ഒരു പെൺകുട്ടിയിൽ നിന്ന് അമ്മയായി മാറാൻ ഒരു സ്ത്രീയെ കഴിവുള്ളതാക്കുന്നതാണ് ആർത്തവം. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കു പറഞ്ഞു തന്നത്. മാസത്തിലെ ആ ഏഴു ദിവസങ്ങൾ എന്റെ സൂപ്പർ വിമൻ വീക്ക് ആണെന്നാണ്. ആർത്തവ ദിനത്തിൽ വസ്ത്രത്തിലെ കറയെക്കുറിച്ച് വേവലാതിപ്പെട്ട് വളരെപ്പതിഞ്ഞ ശബ്ദത്തിൽ സാനിറ്ററി പാഡുകൾ ആവശ്യപ്പെട്ട് അതിലും രഹസ്യമായി സാനിറ്ററി പാഡുകൾ മറവുചെയ്ത് എന്തോ ഒരു അബദ്ധം പറ്റിയതുപോലെ അസ്വസ്ഥതയോടെ തള്ളിനീക്കാനുള്ളതല്ല ആ ദിവസങ്ങൾ. മറിച്ച് ഈ ലോകത്തിൽ എനിക്കിനിയുമേറെ കീഴടക്കാനുണ്ട് എന്ന ഭാവത്തിൽ ജീവിച്ചുകാണിക്കാൻ കൂടിയുള്ളതാണ് ആ ദിവസങ്ങൾ.

സ്കൂൾ കാലഘട്ടത്തിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് ക്ലാസുകളെടുത്ത അധ്യാപികയും വസ്ത്രങ്ങളിലെ കറകൾ കണ്ടു പരിഹസിക്കാതെ ഇതു നിന്റെ സൂപ്പർ വിമൻ വീക്കാണെന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച സഹപാഠികളുമാണ് ആർത്തവത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റിയത്. ആർത്തവമല്ല നമ്മെ നിയന്ത്രിക്കുന്നത് മറിച്ച് നമ്മുടെ മനസ്സാണ് നമ്മൾ എന്തു കാര്യം ചെയ്യണം വേണ്ട എന്നു തീരുമാനിക്കേണ്ടത് എന്നു എന്നെ പഠിപ്പിച്ച മാതാപിതാക്കളും എന്റെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്.

അതുകൊണ്ട് ആർത്തവത്തെക്കുറിച്ച് ഉറക്കെ സംസാരിക്കാൻ മടിക്കുന്ന ഈ ലോകത്തിൽ  അഭിമാനത്തോടെ ആർത്തവം ആഘോഷിക്കൂ. നമുക്ക് നമ്മളായിത്തന്നെ ജീവിക്കാം. മനസ്സും ശരീരവും വികാരങ്ങളുമെല്ലാം ഒരുമിച്ചുചേർന്ന് സ്ത്രീത്വത്തെ ആഘോഷിക്കുന്ന ദിവസങ്ങളിൽ പരസ്പരം പ്രചേദിപ്പിച്ചും ശക്തി നൽകിയും ഈ സൂപ്പർവിമൻ വീക്കിനെ ആഘോഷിക്കാം''.