Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 മില്യൺ പെൺകുട്ടികളുടെ 50 അധ്യയനദിവസങ്ങൾക്ക് ആർത്തവം തടയിടുന്ന രാജ്യം!

sindoor-sanitary-pad നാപ്കിനുകൾക്ക് ഏർപ്പെടുത്തുന്ന നിതുതി ഇന്ത്യൻ സ്ത്രീത്വത്തിന് ഏൽപിക്കുന്ന ആഘാതം എത്ര വലുതാണെന്നു മനസ്സിലാക്കാൻ ചില കണക്കുകളറിയണം.

സിന്ദൂരമോ സാനിറ്ററി നാപ്കിനോ, ഏതാണ് ഏറെ ആവശ്യം? പ്രായദേശവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും സാനിറ്ററി നാപ്കിനു വേണ്ടി കയ്യുയർത്തും. പക്ഷേ, നമ്മുടെ കേന്ദ്രസർക്കാർ കരുതുന്നതു മറിച്ചാണ്. പുതിയ ജിഎസ്ടി നികുതി സ്ലാബ് പ്രഖ്യാപിച്ചപ്പോൾ വളകൾക്കും സിന്ദൂരത്തിനും നികുതി ഒഴിവാക്കുകയും സാനിറ്ററി നാപ്കിനുകൾക്ക് നികുതി 12 ശതമാനമാക്കി നിലനിർത്തുകയും ചെയ്ത നടപടി വൻ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.

ആഢംബരത്തിന് നികുതിയില്ല, ആവശ്യത്തിന് അമിത നികുത എന്ന വിചിത്രനീതി! ഈ നികുതി ഒഴിവാക്കണമെന്നും സാനിറ്ററി നാപ്കിനുകൾക്കു വിലകുറയ്ക്കണമെന്നും ആവശ്യപ്പെട്ടു ക്യാംപെയ്നുകൾ ആരംഭിച്ചുകഴിഞ്ഞു.

നാപ്കിനുകൾക്ക് ഏർപ്പെടുത്തുന്ന നിതുതി ഇന്ത്യൻ സ്ത്രീത്വത്തിന് ഏൽപിക്കുന്ന ആഘാതം എത്ര വലുതാണെന്നു മനസ്സിലാക്കാൻ ചില കണക്കുകളറിയണം. ഋതുമതിയാകുന്ന പെൺകുട്ടികളിൽ അഞ്ചിലൊരാൾ എന്നേയ്ക്കുമായി സ്കൂളിന്റെ പടിയിറങ്ങേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികളെ തടഞ്ഞുനിർത്താൻ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്നുപോലും ധാരണയില്ലാത്ത, ചാരം, മണൽ, ഉമി, അറക്കപ്പൊടി തുടങ്ങിയവ വാരിപ്പൊത്തി ആർത്തവരക്തം തടഞ്ഞുനിർത്താൻ വിധിക്കപ്പെട്ട 88 ശതമാനം ഗ്രാമീണസ്ത്രീകളുടെ രാജ്യം. 

നാപ്കിൻ വാങ്ങാൻ പണമില്ലാത്തതിനാൽ, പലയാവർത്തി ഉപയോഗിച്ച തുണിക്കഷണങ്ങളിലും ഉണങ്ങിയ ഇലകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ചോരയെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന നഗരവാസികളുടെയും രാജ്യം. ഇനി, സ്കൂളിൽപോകാനും സാനിറ്ററി നാപ്കിൻ ഉപയോഗിക്കാനും ഭാഗ്യമുള്ള ആ ന്യൂനപക്ഷത്തിന്റെ കാര്യമോ? ഇക്കൂട്ടത്തിൽ 40 മില്യൺ പെൺകുട്ടികൾക്കും സ്കൂളുകളിൽ നാപ്കിൻ മാറ്റുന്നതിനോ ശുചിയാകാനോ സൗകര്യങ്ങളില്ല. രാജ്യത്തെ 40% സർക്കാർ സ്കൂളുകളിലും ഇന്നും പെൺകുട്ടികൾക്കു പൊതുശുചിമുറി പോലുമില്ലെന്നാണു കണക്കുകൾ. ആ അഞ്ചു ദിവസങ്ങളിൽ സ്കൂളിൽ പോകേണ്ടെന്നുവയ്ക്കുകയല്ലാതെ എന്തുചെയ്യും ഈ കുട്ടികൾ? വർഷംതോറും 40 മില്യൺ പെൺകുട്ടികളുടെ 50 അധ്യയനദിവസങ്ങൾക്ക് ആർത്തവം തടയിടുന്ന രാജ്യം! 

‘ആ അഞ്ചു ദിവസങ്ങളിലെ’ ശുചിത്വക്കുറവു മൂലം രാജ്യത്തെ 70 ശതമാനം സ്ത്രീകൾ ഗർഭാശയരോഗങ്ങൾക്കിരയാകുന്നു. ഇതിൽ വലിയൊരു ശതമാനം മരണത്തിനു കീഴടങ്ങേണ്ടിവരുന്നു. സെർവിക്കൽ ക്യാൻസർ മരണങ്ങളിൽ 27 ശതമാനത്തിനും കാരണമാകുന്നത് ആർത്തവദിവസങ്ങളിലെ ശുചിത്വക്കുറവാണെന്നു കണക്കുകൾ പറയുന്നു. ആ ഇന്ത്യയിലാണ്, ഇന്നും 12 ശതമാനം സ്ത്രീകൾക്കുമാത്രം ആരോഗ്യപൂർണമായ ആർത്തവദിവസങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ള രാജ്യത്താണ്, സാനിറ്ററി നാപ്കിനു 12 ശതമാനം നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എങ്ങനെ നീതീകരിക്കാൻ കഴിയും?

പൊട്ടും വളയും സിന്ദൂരവും പോലെ ആഢംബരമല്ല, വസ്ത്രമോ വായുവോ പോലെ സ്ത്രീയുടെ അടിസ്ഥാന ആവശ്യമാണു നാപ്കിനെന്ന് നമ്മുടെ അധികാരികൾ എന്നു തിരിച്ചറിയും?

12.5 ശതമാനമായിരുന്ന ‘നാപ്കിൻ നികുതി’ ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി സർക്കാർ അഞ്ചു ശതമാനമായി കുറച്ചിരുന്നു. അതേസമയം, മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും 14 ശതമാനംവരെയാണു നികുതി. ഇതാണു ജിഎസ്ടിയിൽ 12 ശതമാനമാക്കിയിരിക്കുന്നത്. എന്നാൽ, ഈ നികുതി പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. സൗജന്യമായി കോണ്ടം നൽകാൻ കഴിയുന്ന സർക്കാരിന് സാനിറ്ററി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടേ എന്നാണു ഡൽഹി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ് ട്വീറ്റ് ചെയ്തത്. 

സ്ത്രീപുരുഷ ഭേദമെന്യേ ഒട്ടേറെ പ്രമുഖർ ഈ ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനുവേണ്ടി ട്വിറ്ററിൽ #LahuKaLagaan എന്ന ഹാഷ്ടാഗിൽ വൻ പ്രചാരണം നടന്നുവരുന്നു. ഇതേയാവശ്യവുമായി കോൺഗ്രസ് എംപി സുസ്മിത ദേവിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച Change.org എന്ന വെബ്സൈറ്റ് വഴി 264,752 പേർ ഒപ്പിട്ട അപേക്ഷ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കു കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തു. അറിവില്ലായ്മയെക്കാൾ സാമ്പത്തികശേഷി ഇല്ലായ്മ സ്ത്രീകളെ നാപ്കിൻ ഉപയോഗത്തിൽനിന്നകറ്റുന്ന സാഹചര്യത്തിൽ നികുതി ഒഴിവാക്കുന്നതുവഴി വൻ മാറ്റം ഉറപ്പുവരുത്താനാകുമെന്നു സുസ്മിത ദേവ് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രതിഷേധങ്ങൾ അവഗണിക്കപ്പെടേണ്ടതല്ല, അടിയന്തരമായി പരിഗണിക്കപ്പെടേണ്ടതാണെന്നു സർക്കാർ ഇനിയെങ്കിലും തിരിച്ചറിയേണ്ടേ? സ്ത്രീത്വം ആഘോഷിക്കാനുള്ളതാണ്, അനുഭവിച്ചു തീർക്കാനുള്ളതല്ല. അച്ഛാദിൻ ആദ്യം എത്തേണ്ടത് ഇവിടുത്തെ സ്ത്രീകൾക്കിടയിലേക്കാണ്; ആ അഞ്ചു ദിവസങ്ങളിലാണ്.