Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കെന്നോട് പ്രണയമോ ക്രഷോ ഉണ്ടോ?

x-default എത്ര കിട്ടിയാലും മടുക്കാത്തതും മതി വരാത്തതുമായ അപൂർവ്വം ചിലതുകളിൽ ഒന്നായി സ്നേഹം പറയപ്പെടുന്നു.

ആർക്കൊക്കെയാണ് എന്നോട് പ്രണയമോ ക്രാഷോ ഉള്ളത്? ഉള്ളവർ കമന്റിടാമോ...? ഫെയ്‌സ്ബുക്ക് എപ്പോഴും പുതിയ ട്രെൻഡുകളുമായി ഉപഭോക്താക്കളെ മുഴുവൻ സന്തോഷിപ്പിച്ചു മുന്നേറുന്നുണ്ട്.

അതിലേറ്റവും പുതിയത് ഒരു അന്വേഷണമാണ്. തങ്ങളോട് ആർക്കെങ്കിലും പ്രണയമോ ക്രഷോ ഉണ്ടെങ്കിൽ അത്  പരസ്യമായോ രഹസ്യമായോ പറയാൻ ആവശ്യപ്പെടുന്ന പോസ്റ്റുകൾ കണ്ടപ്പോൾ ആദ്യം ഒരാളുടെ ചിന്തയാകുമെന്നു വിചാരിച്ചെങ്കിലും ചോദ്യങ്ങളുടെ ആവർത്തനത്തിൽ നിന്നും പുതിയ ട്രെൻഡിലേക്കുള്ള സാധ്യതകൾ തുറന്നു കിട്ടുന്നു. ആ ചോദ്യത്തിൽ അപാരമായ ഒരു കൗതുകമുണ്ട്.

x-default നിമിഷ നേരത്തേയ്ക്കുള്ള ഒരു സ്നേഹത്തിന്റെ തോന്നൽ ഒരിക്കലും പ്രണയമായി വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ പോലും ഇഷ്ടം തോന്നുക എന്നത് ഒരു രാഷ്ട്രീയമാണ്.

ലോകം തുടങ്ങിയ കാലം മുതൽ ഉള്ള ചോദ്യമായിരിക്കാമത്. പുരുഷനും സ്ത്രീയും പരസ്പരം എതിർ ലിംഗത്തിലുള്ളവരോട് തങ്ങളോട് പ്രണയമുണ്ടോ എന്ന ചോദ്യം. ഒരുപക്ഷെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ പോലും വ്യത്യാസമില്ലാതെ ആവർത്തിക്കപ്പെടുന്ന ഒരുവന്റെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ചോദ്യം. ഒരിക്കലും ഒരാളിൽ തുടങ്ങി ആ ആളിൽ മാത്രമായി ഒടുങ്ങാത്ത ചോദ്യം. വിവാഹിതരെന്നോ അവിവാഹിതരെന്നോ ഇല്ലാതെ തന്നെയാണ് ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നതും. അപാരമായ സ്നേഹത്തിനുള്ള കൊതി തന്നെയാണ് എപ്പോഴും മനുഷ്യനുള്ളത്.

ജനിക്കുമ്പോൾ മുതൽ മനുഷ്യനുണ്ട് ശ്രദ്ധിക്കപ്പെടാനും സ്നേഹിക്കപ്പെടാനുമുള്ള കൊതി. അമ്മയുടെയും അച്ഛന്റെയും ശ്രദ്ധ ഒന്ന് മാറിയെന്നു തോന്നുമ്പോൾ കരഞ്ഞും ചിണുങ്ങിയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്ന കുഞ്ഞിൽ നിന്നും അതിന്റെ പാഠങ്ങൾ തുടങ്ങിയാൽ വയസ്സാകുമ്പോൾ വൃദ്ധ സദനങ്ങളിൽ സ്നേഹ രാഹിത്യത്താൽ ഒറ്റപ്പെട്ടു എപ്പോഴും ഉള്ളിൽ കരഞ്ഞിരിക്കുന്ന അമ്മമാരിൽ വരെ അത് എത്തി നിൽക്കുന്നുണ്ട്. അപ്പോൾ പിന്നെ ഇടയ്ക്ക് പ്രായമുള്ളവരുടെ കാര്യം പറയാനില്ലല്ലോ. 

എത്ര കിട്ടിയാലും മടുക്കാത്തതും മതി വരാത്തതുമായ അപൂർവ്വം ചിലതുകളിൽ ഒന്നായി സ്നേഹം പറയപ്പെടുന്നു. അതിന്റെ തന്നെ മറ്റൊരു ഭാഗമായി അംഗീകാരത്തെയും സൂചിപ്പിക്കാം. എല്ലാവരുടെയും ഉള്ളിലുള്ള അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം അതിന്റെ പൂർണാവസ്ഥയിലാണ് ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ പ്രതിഫലിക്കപ്പെടുന്നത്.

ഒരു കവിതയെഴുതിയാൽ, ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌താൽ ചെയ്യാനുള്ള ജോലികൾ പോലും മറന്നു പോസ്റ്റിനു താഴെ വരുന്ന അഭിപ്രായങ്ങളിലേയ്ക്കും ലൈക്കുകളിലേയ്ക്കും നോക്കിയിരിക്കുമ്പോൾ ഉള്ള മാനസികാവസ്ഥ അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. പ്രതികൂലമായ ഒരു അഭിപ്രായം വന്നാൽ പിടിച്ചു നിൽക്കാനാകാതെ കണ്ണുമടച്ചു എതിർക്കാനുള്ള ത്വരയുണ്ടാകുന്നു, തങ്ങളെ അനുകൂലിക്കുന്നവരെ ക്ഷണിച്ചു വരുത്തുന്നു. കലാപമാണ് എല്ലാ മനസ്സുകളിലും സ്നേഹത്തിൻേറയും അംഗീകാരത്തിന്റെയും കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. കൂടുതൽ സ്നേഹിക്കപ്പെടാനുള്ള കലാപം.

x-default സ്നേഹിക്കപ്പെടാനുള്ള മോഹം സ്ത്രീ പുരുഷ ഭേദമന്യേ ചോദിക്കപ്പെടുന്നു എന്നതിൽ നിന്നും അതിന്റെ ഉത്തരങ്ങളിലേയ്ക്ക് വരാം.

എന്താണ് ക്രഷ്? നിമിഷ നേരത്തേയ്ക്കുള്ള ഒരു സ്നേഹത്തിന്റെ തോന്നൽ ഒരിക്കലും പ്രണയമായി വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ പോലും ഇഷ്ടം തോന്നുക എന്നത് ഒരു രാഷ്ട്രീയമാണ്. ആ തോന്നൽ ഒരുപക്ഷെ ശരീരത്തിനോടാവാം, അല്ലെങ്കിൽ മനസിനോടുമാവാം. ശരീരവും മനസ്സും ഒന്നായി ഒരു പൂവ് വിടരുന്നത് പോലെ പൂത്തുലയുമ്പോഴാണ് പ്രണയം എന്ന വാക്ക് പ്രസക്തമാകുന്നതെങ്കിൽ ക്രഷ് എന്ന വാക്കു അതി താല്പര്യത്തിന്റെ ഭാഗമാണ്.

അത് കൂടുതലും ശരീരത്തോട് തന്നെയുമാകാം. എന്റെ ശരീരത്തിനോടോ മനസ്സിനോടൊ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ പറയൂ എന്ന ചോദ്യം തന്നെ ഒരു രാഷ്ട്രീയമാണ്. ഒരുപക്ഷെ സദാചാര ചിന്തകളുടെ ഒരായിരം കണ്ണുകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ഒരു ചോദ്യം. എത്ര പേരിൽ നിന്നും ഉത്തരങ്ങൾ കേട്ടാലും ഒരുപക്ഷെ അവസാനിപ്പിക്കാൻ പറ്റാത്ത ചോദ്യവുമാകുന്നുണ്ട് അത്. 

സ്നേഹിക്കപ്പെടാനുള്ള മോഹം സ്ത്രീ പുരുഷ ഭേദമന്യേ ചോദിക്കപ്പെടുന്നു എന്നതിൽ നിന്നും അതിന്റെ ഉത്തരങ്ങളിലേയ്ക്ക് വരാം. പലർക്കും പലരോടും തോന്നാവുന്ന സ്നേഹങ്ങളിൽ നിശബ്ദത പാലിക്കപ്പെടുന്നത് തുറന്നു പറഞ്ഞാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെയും നിരാസത്തെയും ഓർത്തു തന്നെയാണ്. ഒരാൾ അറിയാതെ മറ്റേ ആളെ പ്രണയിക്കുക എന്നത് ഏറ്റവും രസകരമായ ഒരു അനുഭൂതിയാണെന്നത് ഒട്ടുമിക്ക ആളുകളും സമ്മതിക്കുന്നുമുണ്ട്.

പക്ഷെ ഇത്തരമൊരു പോസ്റ്റ് ഇടുമ്പോൾ എങ്ങാനും തനിയ്ക്കിഷ്ടമുള്ള ഒരാൾ തിരിച്ചും ഇഷ്ടം രേഖപ്പെടുത്തിയാലോ എന്ന കൗതുകവും കാത്തിരിപ്പും ആ ചോദ്യത്തിലുണ്ട്. അത് പ്രണയത്തിന്റെ അവസ്ഥയാണെങ്കിൽ നിമിഷ അഭിനിവേശത്തിന്റെ കാര്യത്തിലും കണ്ണിമ ചിമ്മാതെ നോക്കാൻ അവർക്കറിയാം. താല്പര്യമുണ്ടെന്നറിഞ്ഞാൽ അതിന്റെ അർത്ഥം കിടപ്പറയിലേക്ക് ക്ഷണിക്കുക എന്നുമല്ല എന്നും ഫെയ്‌സ്ബുക്ക് തലമുറയ്ക്കറിയാം. അഥവാ അത്തരമൊരു ചോദ്യം ഇൻബോക്സിൽ ഒളിച്ചു വന്നാൽ അതിനുള്ള മറുപട ഒരുവിധം പെൺകുട്ടികളൊക്കെ കരുതി വച്ചിട്ടുമുണ്ടാകും. 

x-default ഒരാൾ അറിയാതെ മറ്റേ ആളെ പ്രണയിക്കുക എന്നത് ഏറ്റവും രസകരമായ ഒരു അനുഭൂതിയാണെന്നത് ഒട്ടുമിക്ക ആളുകളും സമ്മതിക്കുന്നുമുണ്ട്.

ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു. പക്ഷെ അത്തരമൊരു പോസ്റ്റ് ഇടാൻ തോന്നിയില്ല. സ്നേഹിക്കപ്പെടാൻ ആർത്തിയില്ലാത്തതു കൊണ്ടായിരുന്നില്ല, പറയപ്പെടാതെ പോയ ചില സ്നേഹങ്ങൾ ഉറക്കെ പറയുമ്പോൾ ആ കണ്ടെത്തൽ വേദനയാകേണ്ട എന്ന തോന്നലുള്ളത് കൊണ്ട് മാത്രം. അല്ലെങ്കിൽ ഉള്ളിലെ "ക്രഷിനെ" കുറിച്ച് പറയുമ്പോൾ സഹതപിക്കേണ്ട എന്നും കരുതി. സ്നേഹം പലപ്പോഴും ഭീതിപ്പെടുത്തുന്ന ഒന്നാണെന്ന് ആരോ എവിടെയോ എഴുതി വച്ചിരിക്കുന്നു. ഒളിച്ചോടുന്നത് തന്നെ സുന്ദരമായ രക്ഷപെടൽ. പക്ഷെ എത്ര പേരോട് തിരികെ പറയാനുണ്ടാകും? അല്ല അതൊന്നും പ്രണയമായി തീരുന്നില്ല, ക്രഷ് ആയി മാറപ്പെടുന്നില്ല. എത്ര കൊടുത്താലും തീരാത്ത സ്നേഹമായി അതിങ്ങനെ തുടരുന്നതേയുള്ളൂ!!!