Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സിനിമാചരിത്രം അടയാളപ്പെടുത്തിയ ആ ‘ബോള്‍ഡ്’ഫോട്ടോ ഷൂട്ട്‌! ; വിവാദ ചിത്രത്തിന്റെ കഥ

three-women ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പ്രയോഗം ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പെണ്‍കുട്ടികളുടെ വരവോടെയാണ്.

1981ല്‍ ആയിരുന്നു ആ ഫോട്ടോഷൂട്ട്‌. കൃത്യമായി പറഞ്ഞാല്‍ മുപ്പത്താറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍ മാസത്തില്‍! പ്രശസ്തമായ സ്റ്റാര്‍ ഡസ്ററ് മാസികയ്ക്ക് വേണ്ടി സമാന്തരസിനിമയുടെ രാജകുമാരിമാരും സുഹൃത്തുക്കളുമായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍  പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹരേഷ് ദഫ്തരിയുടെ കാമറയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്നു.

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പ്രയോഗം ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പെണ്‍കുട്ടികളുടെ വരവോടെയാണ്. വേഷത്തിലും ഭാവങ്ങളിലും ഒരു പൊളിച്ചെഴുത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു ആ കവര്‍ ചിത്രത്തിന്.’ദ ന്യൂ വേവ് ഗ്ലാമര്‍ ഗേള്‍സ്‌’ എന്നായിരുന്നു പിന്നീട് വിവാദമായ ഈ കവര്‍ ഫീച്ചറിന്‍റെ ടൈറ്റില്‍.

ഇന്ത്യന്‍ സിനിമ ഒരു നവഭാവുകത്വത്തിലേയ്ക്ക് ഉറങ്ങിയുണരുന്ന കാലമായിരുന്നു അത്. എഴുപതുകളുടെ അവസാനത്തിലാണ്  ഉറച്ച പെൺശബ്ദങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ ഇടനാഴികളില്‍  മുഴങ്ങിത്തുടങ്ങിയത്. സ്മിത പാട്ടീല്‍ - ഷബാന ആസ്മി - ദീപ്തി നവല്‍ തുടങ്ങിയ  കലാകാരികളുടെ ആർജവമായിരുന്നു അതുവരെയുള്ള നായികാസങ്കൽപങ്ങള്‍ തന്നെ മാറ്റി മറിച്ച ആ പുതുവസന്തത്തിന്റെ ഊര്‍ജ്ജം. പ്രമേയത്തിലും അവതരണത്തിലും പുതുമകളുടെ പൂക്കാലമായി പിന്നീട്. അതുവരെ മുഖ്യധാരാ ഇന്ത്യന്‍സിനിമകളില്‍ കണ്ടുമടുത്ത പെണ്‍മുഖങ്ങള്‍ ഏതാണ്ട് ഒരേ അച്ചില്‍ വാര്‍ത്തെടുത്തവയായിരുന്നു. വ്യവസ്ഥാപിതമായ അഴകളവുകള്‍.

നായകനു ചുറ്റും ഒരു പ്രണയവൃത്തത്തില്‍മാത്രം കറങ്ങുന്ന ചപലയായ കാമുകി. അതുമല്ലെങ്കില്‍ സദാചാരത്തിന്റെയും പാതിവ്രത്യത്തിന്റെയും ഭാരതീയമായ അടയാളങ്ങള്‍ രൂപത്തിലും ഭാവത്തിലും അണിഞ്ഞ ക്ഷമയുടെയും സഹനത്തിന്റെയും മൂര്‍ത്തീഭാവമായ ഉത്തമയായ ഭാര്യ, അമ്മ. ഇങ്ങനെ നേര്‍രേഖയില്‍ സഞ്ചരിച്ചിരുന്ന അഭ്രപാളിയിലെ പെണ്മയ്ക്കു പുതിയ മുഖം നല്കിയത് എഴുപതുകളുടെ തുടക്കത്തിലെ നവസിനിമാ പ്രസ്ഥാനമായിരുന്നു.

സിനിമയുടെ പരമ്പരാഗതരീതികളെ ഉടച്ചു വാര്‍ത്തെടുത്ത ആ പുതുവസന്തകാലം ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനയായിരുന്നു ഷബാനയും സ്മിതയും ദീപ്തിയും. എഴുപതുകളിലെ ഇന്ത്യന്‍ സമാന്തരസിനിമയുടെ പെണ്‍മുഖങ്ങള്‍. വ്യക്തിത്വവും കാഴ്ചപ്പാടുമുള്ള പക്വതയാര്‍ന്ന സ്ത്രീകഥാപാത്രങ്ങളേയും അവരുടെ ആന്തരികസംഘര്‍ഷങ്ങളെയും ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പ്രാപ്തിയുള്ള നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ അന്നും ഇന്നും വിരളം. ഇന്ത്യന്‍ സിനിമയുടെ ചരിത്രവഴികളിലെ പ്രൗഡമായ പെണ്ണിടങ്ങളില്‍ ശ്രദ്ധേയമായ കാലടിപ്പാടുകള്‍ ഈ പെണ്‍കുട്ടികളുടേത് കൂടിയായിരുന്നു.

കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വരെ മുഖ്യധാരാ കച്ചവടസിനിമയില്‍ തൊട്ടുകൂടായ്മ ഉണ്ടായിരുന്ന കാലമാണ്. അന്നുവരെ സിനിമയുടെ പുറമ്പോക്കില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം സ്ത്രീകളുടെ ആത്മനൊമ്പരങ്ങളെ, ജീവിതസമരങ്ങളെ ഇവര്‍ അഭ്രപാളിയില്‍ യാഥാര്‍ത്ഥ്യമാക്കി. വിധവയും ലൈംഗികത്തൊഴിലാളിയും കൂട്ടിക്കൊടുപ്പുകാരിയും ഉപേക്ഷിയ്ക്കപ്പെട്ടവളും ഉപദ്രവിയ്ക്കപ്പെട്ടവളും എല്ലാം പെണ്ണ് തന്നെയാണെന്നും അവര്‍ക്കും സ്വത്വം ഉണ്ടെന്നും ഈ കഥാപാത്രങ്ങള്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു.

ആണ്‍-പെണ്‍ സൗഹൃദങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ അന്നത്തെ സാമൂഹ്യചുറ്റുപാടില്‍ അവതരിപ്പിക്കാന്‍ മടിക്കുന്ന കഥാപശ്ചാത്തലങ്ങളെ  ഇവര്‍ ചങ്കൂറ്റത്തോടെ ഏറ്റെടുത്തു. സിനിമ ജീവിതത്തിന്റെ പരിച്ഛേദം ആണെങ്കില്‍ കഥാപാത്രങ്ങളോടുള്ള ഈ അസ്പൃശ്യത അനാവശ്യമാണ് എന്ന് ഇവര്‍ ഉറച്ച് വിശ്വസിച്ചു. 

സമാന്തര സിനിമയുടെ ഭാഗമായിരുന്നപ്പോഴും മുഖ്യധാരാകച്ചവടസിനിമകളിലും ഇവര്‍ ഒരേപോലെ മികവ് തെളിയിച്ചു. സുഹൃത്തുക്കള്‍ ആയിരിയ്ക്കുമ്പോള്‍ പോലും ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ പരസ്പ്പരം നിലനിന്നിരുന്ന ആരോഗ്യകരമായ മത്സരം ഇവരുടെ വളര്‍ച്ചയ്ക്ക് വളമായി. ഷബാനയും ദീപ്തിയും മധ്യവര്‍ഗ്ഗസ്ത്രീജീവിതങ്ങളുടെ  സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും  കഥാപാത്രങ്ങളിലേയ്ക്ക് പകര്‍ത്തിയപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗങ്ങളിലേയ്ക്ക് കൂടുതല്‍ കടന്നു ചെന്നത് സ്മിതാ പാട്ടീല്‍ ആയിരുന്നു.

മുപ്പത്തൊന്നാം വയസ്സില്‍ കടന്നുപോയെങ്കിലും ഇന്നും നായിക’എന്ന സങ്കല്‍പ്പത്തിന്‍റെ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ തേടുമ്പോള്‍ തീക്ഷ്ണമായ സൗന്ദര്യവും നിഗൂഢമായ ഭാവങ്ങളും അസാമാന്യഅഭിനയസിദ്ധിയുമായി വന്നു കടന്നു പോയ സ്മിത പാട്ടീല്‍ എന്ന നായികയെ ഓര്‍ക്കാതിരിയ്ക്കാന്‍  നമുക്കാവില്ല. വ്യവസ്ഥാപിതമായ ഒരു നായികയുടെ മുഖമോ ഭാവങ്ങളോ ആയിരുന്നില്ല സ്മിതയുടേത്.അതു വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒന്ന്. തേച്ചു മിനുക്കിയ മുഖങ്ങള്‍ക്കും  കണ്ടു പഴകിയ അഴകളവുകള്‍ക്കും  അപ്പുറം വ്യത്യസ്തമായ ഒന്നിനെ ആളുകള്‍ അറിഞ്ഞും ആരാധിച്ചും തുടങ്ങി.

ഇരുണ്ട നിറവും ഉറച്ച ശരീരവും തെളിഞ്ഞ ശബ്ദവും തീക്ഷ്ണമായ കണ്ണുകളുമായി കരുത്തുള്ള ഒരു പെണ്ണ്.അവള്‍ കരഞ്ഞതേയില്ല. പുരുഷന്റെ ഒപ്പം നിന്ന് അവന്റെ കണ്ണില്‍ നോക്കി, അഭിമാനത്തോടെ സംസാരിച്ചു.തന്റെ സ്വത്വത്തെ, കാമനകളെ ലജ്ജയില്ലാതെ ആത്മാഭിമാനത്തോടെ വെളിവാക്കി.അത് വരെ നില നിന്നിരുന്ന നായികാ സങ്കല്‍പ്പങ്ങളെ ഉടച്ചു വാര്‍ക്കുകയായിരുന്നു സ്മിത പാട്ടീല്‍ എന്ന പുതു തരംഗം.

യഥാര്‍ത്ഥത്തില്‍ സിനിമയിലൂടെ സ്മിത നടത്തിയത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ അത് മുഴക്കങ്ങളുണ്ടാക്കി. വീടുകളുടെ മുറ്റങ്ങള്‍ അലങ്കരിക്കുന്ന ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന ഓമനപ്പൂവിന്റെ തരളതയായിരുന്നില്ല. വന്യവും തീക്ഷ്ണവുമായ ഒന്നായിരുന്നു അത്. പെണ്ണിന്റെ കരുത്തും കാമനയും ജീവിതത്തിന്റെ യഥാര്‍ത്ഥ നിറങ്ങളില്‍ ചാലിച്ചു വാര്‍ത്തെടുത്തപ്പോള്‍ അഭ്രപാളിയില്‍ സ്മിത ഒരു ഒറ്റ നക്ഷത്രമാവുകയായിരുന്നു.

മടങ്ങി വരാം ആ ഫോട്ടോ ഷൂട്ടിലേയ്ക്ക്. മഴയില്‍ കുതിര്‍ന്ന ആ ദിവസം രാവിലെ ഒന്‍പതുമണി മുതല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും മഴ കനിഞ്ഞു നല്‍കുന്ന ഇടവേളകളില്‍ പകര്‍ത്തിയതായിരുന്നു ഈ ചിത്രങ്ങള്‍. ഒക്ടോബറില്‍ ഇറങ്ങേണ്ട വാരി‍ഷികപ്പതിപ്പിലേയ്ക്ക് വേണ്ടി സ്റ്റാര്‍ ഡസ്ററ്  എഡിറ്റര്‍ ഉമാ റാവുവിന്റെ ആശയമായിരുന്നു ആ സമയത്തെ സെന്‍സേഷന്‍ ആയിരുന്ന ഷബാന-സ്മിത-ദീപ്തി ത്രയങ്ങളുടെ ഈ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട്‌. ശബാന ആസ്മിയുടെ ജുഹുവിലെ കുടുംബബംഗ്ലാവിന്‍റെ  പൂന്തോട്ടത്തില്‍ വച്ചായിരുന്നു ദഫ്ത്തരിയുടെ ആ സ്പെഷ്യല്‍ അസൈന്മെന്റ്.

ഇന്ത്യന്‍ സിനിമയിലെ പുരുഷമേധാവിത്വത്തിനും താരാധിപത്യത്തിനും എതിരെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതുന്ന മൂന്നുപേര്‍ എന്ന ആമുഖത്തോടെയാണ് ആ ഇന്റര്‍വ്യൂ സ്റ്റാര്‍ ഡസ്റ്റ് പബ്ലിഷ് ചെയ്തത്. ഇന്റര്‍വ്യൂവില്‍ ദീപ്തി നവല്‍ പ്രതീക്ഷയോടെ പറഞ്ഞത് വരാന്‍ പോകുന്നത് വനിതകളുടെ വര്‍ഷമാണ്‌ എന്നാണ്. ഇന്ത്യന്‍ സിനിമയില്‍ ആങ്ക്രീ യങ്ങ് വുമന്‍ എന്ന പുതിയ ആശയത്തിന്‍റെ സാധ്യതകളെക്കുറിച്ച് ശബാന ആവേശത്തോടെ വാചാലയായി.

എന്നാല്‍ സ്മിത പാട്ടീല്‍ തന്‍റെ നിലപാട് കടുപ്പിച്ചു കൊണ്ട് പറഞ്ഞു “വരാന്‍ പോകുന്നത് വനിതകളുടെ വര്‍ഷമാകണമെങ്കില്‍ ലിംഗവ്യത്യാസങ്ങള്‍ക്കപ്പുറം സമൂഹം സ്ത്രീകളെ സ്ത്രീകള്‍ എന്ന നിലയില്‍ അല്ലാതെ  മനുഷ്യരായി കണ്ട് തുടങ്ങണം.അതൊരു വിദൂര സ്വപ്നമാണ്.ഒരുപക്ഷെ ആത്യന്തികമായ ലക്ഷ്യവും,പക്ഷെ ആ ലക്ഷ്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ട്.”

ഇന്ത്യന്‍ സിനിമാചരിത്രം അടയാളപ്പെടുത്തിയ ആ ‘ബോള്‍ഡ്’ ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞിട്ട് മുപ്പത്തിയാറ് വര്‍ഷങ്ങളായി. സ്മിതാ പാട്ടീല്‍ ഓര്‍മ്മയായിട്ട് മുപ്പത്തിയൊന്ന് വര്‍ഷങ്ങളും. ഇന്ത്യന്‍ സിനിമയുടെ മുഖം മാറി. എങ്കിലും മനസ്സില്‍ ഉയരുന്നത് ആശങ്കയുടെ ചോദ്യങ്ങളാണ്.ലിംഗനീതിയും സമത്വവും സുരക്ഷിതത്വവുമുള്ള സിനിമയിലെ പെണ്ണിടങ്ങളെക്കുറിച്ച് അന്ന് ആ പെണ്‍കുട്ടികള്‍ കണ്ട സ്വപ്നം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു? സ്മിത അന്ന് പ്രവചിച്ച ആ വിദൂര ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യന്‍ സിനിമയിലെ സ്ത്രീകള്‍ എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞു? കാലം ആവശ്യപ്പെടുന്ന ആ ബോള്‍ഡ്നെസ് അതിന്‍റെ പൂര്‍ണ്ണതയില്‍ യാഥാര്‍ത്ഥ്യമാകുന്നത് എന്നാണ്?

കാത്തിരിയ്ക്കാം..പ്രതീക്ഷയോടെ..

അന്ന് വൈറലായ ഫോട്ടോഫീച്ചറിലൂടെ  സ്റ്റാര്‍ ഡസ്റ്റ് ഈ പെണ്‍കുട്ടികളെ ഇന്ത്യന്‍ സിനിമാലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഇങ്ങനെ..

“They are today’s girls,the industry’s truly liberated women in the sense of self-sufficiency and self-esteem. They are aggressive, demanding, ambitious,too proud to accept the back-seat just because of their (weaker) sex. They are all out to give themselves a fair chance, and fight shoulder-to-shoulder against the actors, for supremacy. The industry is in for a major upheaval and Shabana-Smita-Deepti are making sure it happens in their time… and to their advantage!”