Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരസിക്കപ്പെടുമോ എന്ന ഭയമാണ് റേപ്പിന് കാരണം; ഇതിലും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രം

shortfilm ഹ്രസ്വചിത്രത്തിൽ നിന്നുള്ള രംഗം. ; ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

നഗ്നതയാണ് ഇപ്പോൾ സംസാര വിഷയം. സരസ്വതി ദേവിയുടെ നഗ്നതയും അത് തുറന്ന ഇടങ്ങളിൽ പ്രദർശിക്കപ്പെടുന്നതിന്റെ സാംഗത്യവും ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങൾക്ക് വഴി തുറക്കുകയും ചെയ്തു. നഗ്നത എപ്പോഴും ചർച്ചയ്ക്കുള്ള വിഷയമാണ്. അത് സദാചാരത്തിന്റെ മേലാപ്പുകൾക്കുള്ളിലല്ല അപകടകരമായ രാഷ്ട്രീയവും കൂടി ചേരുമ്പോഴാണ് പലപ്പോഴും വിശ്വാസത്തിന് മുകളിൽ പ്രശ്നങ്ങളുണ്ടാകുന്നതും ആക്ഷേപങ്ങളുണ്ടാകുന്നതും. നഗ്നതയുടെ രാഷ്ട്രീയമാണ് മാറ്റി നിർത്തേണ്ടത്. പക്ഷെ നഗ്നതയുടെ പേരിലുള്ള സദാചാരം ചോദ്യം ചെയ്യപ്പെടുകയും വേണം. 

"നേക്കഡ്" എന്ന കുഞ്ഞു സിനിമ ചോദ്യം ചെയ്യുന്നതും ഇതേ നഗ്നതയെ തന്നെയാണ്. സിനിമയിൽ തന്റെ ശരീരം പ്രദർശിപ്പിച്ചിരിക്കുന്ന ഒരു സീൻ മാത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഒരു നടിയുടെ ജീവിതത്തിലെ തൊട്ടടുത്ത ദിവസം എങ്ങനെ കടന്നു പോകുന്നു എന്ന് ഈ ചെറുസിനിമ കാണിച്ചു തരുന്നു. ദിവസങ്ങൾക്കു മുൻപ് തന്നെ നടിയെ അഭിമുഖം ചെയ്യാൻ തീരുമാനിച്ചിരുന്ന പത്രപ്രവർത്തക കൂടിയായ പെൺകുട്ടി അവരുടെ ആ ദിവസത്തിലേക്ക് കുറെയേറെ ചോദ്യങ്ങളുമായി എത്തുന്നതും ഒടുവിൽ അവൾ സ്വയം കണ്ടെത്തൽ നടത്തുന്നതും പതിനാലു മിനിട്ടോളമുള്ള ചിത്രത്തിൽ വിഷയമാകുന്നുണ്ട്.

പ്രശസ്ത നടിയും എഴുത്തുകാരിയുമായ കൽക്കി കൊച്ച്‌ലിൻ ആണ് ചിത്രത്തിൽ വീഡിയോ വൈറലാക്കപ്പെട്ട നടിയായി അഭിനയിച്ചിരിക്കുന്നത്. കൽക്കിയുടെ മുന്നിൽ ആഴ്ചകൾക്കു മുന്നേ മനോഹരങ്ങളായ കുറെയേറെ ചോദ്യങ്ങൾ തയാറാക്കി അതേ ദിവസത്തിനായി കാത്തിരുന്ന പത്രപ്രവർത്തകയായ പെൺകുട്ടിയുടെ മുന്നിലേക്കാണ് പെട്ടെന്നൊരു ദിവസം നഗ്നത വൈറലാക്കപ്പെട്ട ഒരു വീഡിയോ എത്തുന്നതും തുടർന്ന് അവൾ തയ്യാറാക്കി വച്ചിരുന്ന ചോദ്യങ്ങളിലേയ്ക്ക് ഉയർന്ന ഉദ്യോഗസ്ഥയുടേതായ സ്പെഷ്യൽ നഗ്നതാ ചോദ്യങ്ങളുമെത്തുന്നത്. 

ഒരുപെൺകുട്ടി ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് സൈബർ ലോകത്ത് തന്നെയാകാം. പുറം ലോകത്ത് ആക്ഷേപിക്കപ്പെടുന്ന അതേ ബുദ്ധിമുട്ടുകളോടെയാണ് അവൾ ഒരിക്കലും കാണാത്ത ആളുകളുടെ ഇടയിൽ പോലും ആക്ഷേപിക്കപ്പെടുന്നതും. ഒരുപക്ഷേ ഒരു വിഷയം ഒരു പുരുഷൻ ഉണ്ടാക്കിയാൽ അയാൾ അപമാനിക്കപ്പെടുന്നതിലും ശക്തമായി അതേ വിഷയത്തിൽ അവൾ അപമാനിക്കപ്പെടുന്നുണ്ട്. കേരളത്തിൽ സോളാർ വിഷയമുണ്ടായപ്പോൾ പോലും ആ വിഷയം നമ്മുടെ മാധ്യമങ്ങളും സമൂഹം കൈകാര്യം ചെയ്ത രീതി ഇതിനു എത്രയോ മികച്ച ഉദാഹരണമാണ്.

മുഖ്യപ്രതി ഒരിക്കലും ഈ വിഷയത്തിൽ അധികം സംസാരവിഷയമായില്ല, പകരം സരിത എന്ന സ്ത്രീ മാത്രമാണ് ഈ വിഷയത്തിൽ ഏറെ ആക്ഷേപങ്ങൾ കേട്ടതും ട്രോളുകൾ നേരിടേണ്ടി വന്നതും. അതൊരു പൊതുബോധമാണ് ഒരു വിഷയത്തിൽ ഒരു സ്ത്രീ ഏർപ്പെടുമ്പോൾ അതിൽ തുല്യമായി കുറ്റം ചെയ്ത പുരുഷനേക്കാൾ ഏറെ ചർച്ചകൾക്ക് വിധേയയാവുക സ്ത്രീ തന്നെയാകും. അവിടെ അവളുടെ ശരീരവും സ്വകാര്യതയും ഒക്കെ ചർച്ചയ്ക്ക് വിധേയമാവുകയും ചെയ്യും. 

ബിക്കിനി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിച്ചും ധൈര്യമായി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന സാൻഡി എന്ന നായികയോട് അഭിമുഖത്തിനായി ചെല്ലുന്ന റിയ എന്ന പത്രപ്രവർത്തകയായ പെൺകുട്ടിയ്ക്ക് പത്രത്തിലെ തന്റെ എഡിറ്റർ നൽകിയ ചോദ്യങ്ങൾ ചോദിക്കാതെ നിവൃത്തിയില്ല.കാരണം അന്നത്തെ ദിവസവും വരും ദിവസങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെടേണ്ട റ്റാം റേറ്റിങ് കൂട്ടേണ്ട വിഷയമാണ് സാൻഡിയുടെ വൈറലാക്കപ്പെട്ട നഗ്ന ശരീരം. കാഴ്ചക്കാർ ഉണ്ടാകുമ്പോൾ തന്നെയാണല്ലോ ഇത്തരം വാർത്തകളുടെ റേറ്റിങ് വർദ്ധിക്കുന്നതും അതിന്റെ പിന്നാലെ മാധ്യമ പ്രവർത്തകർ അലയുന്നതും.

എന്നാൽ ചോദ്യങ്ങൾക്കൊക്കെ മികവുറ്റ മറുപടികളാണ് സാൻഡി നൽകുന്നതും. തന്റെ ജോലിയുടെ ഭാഗമായി അഭിനയിച്ച ചിത്രത്തിൽ നിന്നും നഗ്നത പ്രദർശിപ്പിച്ച സീനുകൾ മാത്രം വൈറലാക്കപ്പെട്ടതിൽ തീർച്ചയായും സാൻഡി മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്, ഒരുപക്ഷെ അത്തരം ആളുകൾ മുന്നിൽ വന്നാൽ പ്രതികരിക്കേണ്ട രീതിയും സാൻഡിയ്ക്ക് വശമുണ്ട്. പക്ഷെ സൈബർ ലോകത്തെ കാണാപ്പുറങ്ങളിൽ ഇരുന്ന് ഒരു സ്ത്രീയുടെ നഗ്നത പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോടും നിശബ്ദമായിരിക്കാൻ സാൻഡി തയ്യാറുമല്ല. താൻ സ്വയം തിരഞ്ഞെടുത്ത വേഷമായിരുന്നു ആ ചിത്രത്തിലേതു എന്നും സാൻഡി പറയാൻ തയ്യാറാകുന്നുണ്ട്.

സിനിമയിലെയും അല്ലാതെയുമുള്ള സ്ത്രീകളുടെ വേഷവും ഇത്തരം ലീക്കാവുന്ന വീഡിയോയുമൊക്കെ സമൂഹത്തിൽ ലൈംഗികപീഡനങ്ങൾ വർധിച്ചു വരാൻ കാരണമാകുന്നുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ ഒരുപക്ഷെ ചോദ്യകർത്താവ് വരെ നിരാശപ്പെടുന്നുണ്ട്. റിയയുടെ ഉടുപ്പിന് പുറത്തേക്കു നിൽക്കുന്ന ബ്രായുടെ ഭംഗിയും അതവൾക്ക് നൽകുന്ന സെക്സ് അപ്പീലും അവൾക്കും അറിയാത്തതല്ലല്ലോ. പൊതുനിരത്തിൽ ശരീരം മൂടി പുതച്ച് വന്ന റിയയ്ക്ക് ഉറപ്പുണ്ട് തന്റെ വസ്ത്രം ഒരിക്കലും മറ്റൊരു പെൺകുട്ടിയുടെ പീഡനത്തിന് കാരണമല്ലെന്ന്. കാരണം നാട്ടിൽ പീഡിപ്പിക്കപ്പെടുന്ന അഞ്ചു വയസ്സുള്ള പെൺകുട്ടിയും അറുപതു വയസ്സുള്ള അമ്മയുമൊന്നും വസ്ത്രങ്ങളുടെ അശ്ലീലം കൊണ്ടല്ല അപമാനിക്കപ്പെടുന്നതെന്നു സാൻഡി ഉറച്ച ശബ്ദത്തിൽ പറയുന്നു. പുരുഷന്റെ നിയന്ത്രണത്തിന്റെ പ്രശ്നമാണിതെന്നാണ് പീഡനവിഷയത്തിൽ സാൻഡിയുടെ ഉത്തരം.

"നിരസിക്കപ്പെടുന്നതുകൊണ്ടുള്ള ഭയം മൂലമുള്ള സുരക്ഷിതത്വമില്ലായ്മയാകാം പുരുഷന്മാർക്കിടയിൽ റേപ്പിസ്റ്റുകൾ ഉണ്ടാകാനുള്ള കാരണം" സ്ത്രീ എന്ന വ്യക്തിത്വത്തിന് ഇതിലും മനോഹരമായ മറുപടി സ്വപ്നങ്ങളിൽ മാത്രമാവില്ലേ? ലൈംഗികതയെ നിയന്ത്രിയ്ക്കാനുള്ള കഴിവില്ലായ്മയും ഭയവും  അവരിൽ സ്ത്രീകളെ അടിച്ചമർത്തി കാൽക്കീഴിൽ നിർത്താനുള്ള താല്പര്യമുണ്ടാക്കുന്നു.

കുട്ടിക്കാലം മുതൽ തന്നെ സ്ത്രീകളെ വളർത്തുന്ന രീതി നോക്കിയാൽ ഇതൊക്കെയും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ചട്ടങ്ങളായിരുന്നു എന്ന് മനസ്സിലാക്കാം. സ്ത്രീകളെ അടിച്ചമർത്തുകയും അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന തരമുള്ള നിയന്ത്രണങ്ങളും എപ്പോഴും ഉണ്ടായിരുന്നത് സ്ത്രീകൾക്ക് മാത്രമാണ്. പുരുഷന് എവിടെയും സഞ്ചരിക്കാനും എന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ തന്നെ സ്ത്രീകൾ ഒറ്റയ്ക്കു സഞ്ചരിക്കുമ്പോൾ അവൾ ഉപദ്രവിക്കപ്പെടുന്നതിനുള്ള സാധ്യതകളിലേക്കാണ് മുതിർന്നവർ അവളെ ഭയപ്പെടുത്തിയിരുന്നത്. പുരുഷന്മാർക്ക് ഇത് തീർച്ചയായതും തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് അതൊരു ന്യായീകരണവുമായി മാറ്റപ്പെട്ടു. 

സ്ത്രീ-പുരുഷ ലൈംഗികതകൾ വ്യത്യസ്തമാണ്. നിമിഷ നേരത്തെ സന്തോഷങ്ങളിലേക്കാളധികം സ്ത്രീകളുടെ ആനന്ദങ്ങളിലേക്കാണ് പുരുഷന്റെ സംതൃപ്തി കൂടുതൽ എത്തി നോക്കുക. ലൈംഗികതയിൽ ഏറ്റവുമധികം ആനന്ദം അനുഭവിക്കുന്നത് സ്ത്രീയാണെന്ന് സാരം. ഒരേ ദിവസം പല പുരുഷന്മാരുമായി പലവട്ടം ലൈംഗികതയിൽ ഏർപ്പെടാനും അവളുടെ ശരീരം ബുദ്ധിമുട്ടുന്നില്ല. പക്ഷെ ഇതേ വിഷയത്തിൽ പുരുഷന് നിവൃത്തികേടുകളുണ്ട്. കൃത്യമായ ഇടവേളയും അതിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളും പുരുഷനുണ്ട്. പക്ഷെ സ്ത്രീയുടെ തുറന്നു കിടക്കുന്ന ലൈംഗിക മോഹങ്ങൾ അതുകൊണ്ട് തന്നെ പുരുഷന് ഭയവുമാണ്. 

പല പുരുഷന്മാരും സ്ത്രീകളുടെ മോഹങ്ങൾക്ക് മേലും സ്വയം അവൾക്കു നേരെയും അടിച്ചമർത്തലുകൾ നടത്തുന്നതിന്റെ കാരണവും ഉള്ളിലുള്ള ഈ ഭയം തന്നെയാകണം. ഇത്തരം നിരവധി ഭീതികളിലും അടിച്ചമർത്തലുകളും തന്നെയാണ് സ്ത്രീ ജീവിക്കുന്നതും മുന്നോട്ടു പോകുന്നതും. അവിടെ നിന്നും അവൾ സ്വയം സ്വാതന്ത്ര്യം പ്രാപിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഇത്തരം നഗ്‌നതയുടെ പേരുകളിൽ അവൾ വീണ്ടും വീണ്ടും സമൂഹത്തിനു മുന്നിൽ "ഇര" ആക്കപ്പെടുകയും പൊതു സാമൂഹിക സദാചാര ജീവികളാൽ പിന്നാമ്പുറങ്ങളിലേയ്ക്ക് മാറ്റപ്പെടുകയും അവളുടെ കാലാധിഷ്തിതമായ ശ്രമങ്ങൾ പരാജയമാവുകയും ചെയ്യുന്നു. 

എത്രയോ കാലങ്ങളായി ഈ നിലപാടുകളിൽ നിലനിന്നു പോരുന്നു. ഇവിടെ സാൻഡി എന്ന നടിയും അത്തരമൊരു ഇരയായി മാറുന്നു. പക്ഷെ തകർന്നു പോകാനോ തളർന്നിരിക്കാനോ തങ്ങൾക്കു കഴിയില്ലെന്ന് റിയയും സാൻഡിയുമുൾപ്പെടെയുള്ള സ്ത്രീകൾ മനസ്സിലാക്കുന്നു. സോഷ്യൽ മീഡിയയിൽ ആണെങ്കിലും തൊട്ടു മുന്നിലായാന്നെങ്കിലും തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പുരുഷ സമൂഹത്തിനു നേരെ ധൈര്യപൂർവ്വം അവർ എഴുന്നേറ്റു നിൽക്കുകയും കയ്യുയർത്തി ചോദ്യങ്ങൾ ചോദിക്കുകയും നിയമത്തോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്നത്തെ കേരളത്തിലെ അവസ്ഥയിൽ പോലും വളരെ കൃത്യമാണ് "നേക്കഡ് " എന്ന ഈ ചെറു സിനിമ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമ സഹായങ്ങളുടെ ഉൾപ്പെടെയുള്ളവയുടെ സഹകരണം തീർച്ചയായും സ്ത്രീകൾ പ്രതീക്ഷിക്കുന്നു എന്നും ഉറക്കെ പറയുന്നുണ്ട് ഈ ചിത്രം. അല്ലെങ്കിലും ഏതു വിഭാഗമാണെങ്കിലും അവർ സംരക്ഷിക്കപ്പെടാൻ അവരുടെ ആത്മധൈര്യവും നിയമത്തിന്റെ പരിരക്ഷയും ആവശ്യമാണല്ലോ!