Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലി എക്സ്പ്രസിലെ യാത്ര; ഒരു പെൺകുട്ടി ഓർമിക്കുന്നു ആ രാത്രി...

drawing വര: റിങ്കു തിയോഫിൻ

പ്ലസ്ടുവിനു ശേഷം മംഗലാപുരത്തെ സ്വകാര്യ കോളജിൽ പാരാമെഡിക്കൽ കോഴ്സിൽ ചേർന്ന ശേഷമാണ്, ഒരു മധ്യവർഗ മലയാളികുടുംബത്തിൽ ജനിച്ച ഞാൻ ചോദ്യങ്ങൾ ചോദിക്കാനും പ്രതികരിക്കാനും തുടങ്ങിയത്. പഠനത്തിനുശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എനിക്ക് ഇക്കഴിഞ്ഞ ജൂൺ 28നു പഠിച്ച കോളജിൽ പോകേണ്ട ആവശ്യമുണ്ടായി. അന്നു വൈകിട്ടത്തെ മാവേലി എക്സ്പ്രസിൽ ഞാൻ മംഗലാപുരത്തു നിന്നു കോഴിക്കോട്ടേക്ക് സ്ലീപ്പർ ടിക്കറ്റ് എടുത്തു യാത്രചെയ്തു. ട്രെയിൻ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ എന്റെ വരവും കാത്തിരുന്ന സ്കൂട്ടർ ആയിരുന്നു എന്റെ ബലം.

ട്രെയിൻ വടകരയിലെത്തിയപ്പോൾ സമയം ഏകദേശം രാത്രി പത്തുമണി. വടകരയിൽ നിന്ന് എന്റെ കംപാർ‍ട്ട്മെന്റിൽ ഒരു ‘മാന്യൻ’ കയറിയതിനുശേഷം ഒരു മെഗാ സീരിയലിലെന്നപോലെയാണ് സംഭവങ്ങൾ അരങ്ങേറിയത്. അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്റെ എതിർവശത്ത് വാട്സാപ്പിലോ മറ്റോ ലയിച്ചിരുന്ന ഒരു യാത്രക്കാരിയുടെ ദേഹത്ത് ചാരിയായിരുന്നു അയാളുടെ നിൽപ്.

ആ നിൽപ് അങ്ങനെ തുടരവെ, അയാളുടെ നോട്ടം എന്റെ നേർക്കായി. തുറിച്ചുനോട്ടം മലയാളി പെൺകുട്ടി അംഗീകരിച്ച കീഴ്‍വഴക്കമായി മാറിയിട്ടുണ്ടെന്ന് എനിക്കറിയാത്തതല്ല.നോട്ടം കുറേശ്ശെ ലൈംഗികച്ചുവയുള്ള അംഗവിക്ഷേപങ്ങളായി മാറി.കുറച്ചുനേരം ഒന്നും കാണാതിരിക്കാനായി ഞാൻ‌ കണ്ണുകളടച്ചു. 

അധികനേരം അങ്ങനെയിരിക്കാൻ പറ്റാത്തതുകൊണ്ട് വീണ്ടും കണ്ണുതുറന്നപ്പോൾ, അയാളുടെ ലൈംഗിക ചേഷ്ടകൾ കൂടിവന്നതേയുള്ളൂ.ഒടുക്കം സഹികെട്ട നേരത്ത് ‘‘നിങ്ങൾക്കെന്താണ് വേണ്ടത്’’ എന്ന എന്റെ ചോദ്യം ഉറക്കെയായിരുന്നതുകൊണ്ടാവാം, ഉറക്കംതൂങ്ങിയ യാത്രക്കാരിൽ ചിലർ കണ്ണുതുറക്കുകയും എന്നെ തുറിച്ചുനോക്കുകയും ചെയ്തു.

എന്നാൽ അപമര്യാദ കാണിച്ച ആൾ വ‍ൃത്തികെട്ട ചിരിയിലൂടെയാണ് എന്നെ നേരിട്ടത്. അത് എനിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പക്ഷേ അതിനെക്കാൾ എന്നെ അദ്ഭുതപ്പെടുത്തിയതും വേദനിപ്പിച്ചതും സഹയാത്രികരുടെ പ്രതികരണമാണ്.‘‘കുട്ടി എന്തിനാ ഇങ്ങനെ ബഹളംവയ്ക്കുന്നത്. അയാളെ അപമാനിച്ചാൽ അയാൾ വയലന്റായാലോ’’? പാന്റ്സും ഷർട്ടുമിട്ട ഒരു മധ്യവയസ്കൻ എന്നോടു ചോദിച്ചു. ഇല ചെന്നു മുള്ളിൽ വീണാലും... എന്ന പഴയ പഴഞ്ചൊല്ല് ക്ലിഷേ ആയി മുന്നിൽവന്നു വീണത് ആരുടെ വായിൽ നിന്നാണെന്ന് എനിക്ക് ഓർമയില്ല.

ആളുകൾ ഓരോരുത്തരായി എന്തോ പാതകം ചെയ്തപോലെ എന്നോടു പെരുമാറിയപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. ‘സൗമ്യയ്ക്കും ജിഷയ്ക്കുമൊക്കെ സംഭവിച്ചതുപോലെ നടന്നാൽ മാത്രമേ നിങ്ങളെപ്പോലെയുള്ളവരുടെ മനുഷ്യത്വം ഉണരുകയുള്ളൂ’’ എന്നു ഞാൻ പറഞ്ഞതിനോട് ആരും പ്രതികരിച്ചില്ല. ഇക്കണ്ട നേരമൊക്കെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ ‘ആംഗ്യക്കാരൻ’ നിൽക്കുന്നുണ്ടായിരുന്നു.

train ഇര എന്ന രണ്ടക്ഷരത്തിൽ സൗമ്യയെയും, ജിഷയെയും അതുപോലെയുള്ള അനേകം പെൺകുട്ടികളെയും ഇത്തരമൊരു സാമൂഹിക അവസ്ഥയിൽ ജീവിക്കുന്ന മലയാളി പെൺകുട്ടിയോട് എന്താണ് പറയുക; ‘‘ദുരന്തത്തിലേക്കു നടന്നോളൂ, വാഴ്ത്താൻ ഞങ്ങൾ പിറകെയുണ്ട്’’ എന്നോ?

മനസ്സിന്റെ ഫ്രെയിമിനകത്തേക്കു കയറിവന്ന ഫ്ലാഷ് ബാക്കിൽ ഞാനും എന്റെ കൂട്ടുകാരിയും ഉണ്ടായിരുന്നു. ഒരിക്കൽ ബെംഗളൂരുവിൽ ബസിൽവച്ച് പിൻസീറ്റിലെ യാത്രക്കാരൻ അവളോടു മോശമായി പെരുമാറിയപ്പോൾ ബസിലെ മുഴുവൻ യാത്രക്കാരുടെയുമൊപ്പം ഡ്രൈവറും കണ്ടക്ടറും നിൽക്കുകയും ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും, പൊലീസ് എന്റെ കൂട്ടുകാരിയിൽ നിന്നു രേഖാമൂലം പരാതി വാങ്ങുകയും ചെയ്തു.

ട്രെയിൻ കോഴിക്കോട്ട് എത്തിയപ്പോൾ സമയം പത്തേമുക്കാൽ ആയി. ഉപദേശങ്ങൾകൊണ്ട് എന്നെ പ്രയാസപ്പെടുത്താതെ, നിഷ്ക്രിയരായി കംപാർട്ട്മെന്റിലിരുന്ന രണ്ടുപേർ പ്ലാറ്റ്ഫോമിൽ വച്ച് എന്നോട് പറഞ്ഞു: അയാൾ ആരെയൊക്കെയോ മൊബൈലിൽ വിളിച്ച് റെയിൽവേ സ്റ്റേഷനിൽ വരണമെന്നു പറയുന്നുണ്ടായിരുന്നു.

കായികാഭ്യാസങ്ങൾ ഒന്നും വശമില്ലാത്ത ഞാൻ ആ പറച്ചിലിൽ ശരിക്കും പേടിച്ചെങ്കിലും ഒന്നും പുറത്തു കാണിച്ചില്ല. പിന്നീട് ഞാൻ നേരെ പോയത് റെയിൽവേ പൊലീസിന്റെ അടുത്തേക്കാണ്. ധൈര്യം ചോർന്നെങ്കിലും വിവേകം പോയില്ലല്ലോ എന്ന് ഉള്ളാലെ പറഞ്ഞ് ഞാൻ സമാധാനിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ തീരെ രസിക്കാത്ത മട്ടിലാണ് എന്റെ വാക്കുകൾ കേട്ടത്. ‘‘കുട്ടി ഒരു ഓട്ടോ പിടിച്ച് വീട്ടിൽ പോകൂ. അല്ലാതെ പിന്നെ എനിക്കെന്തു ചെയ്യാനാവും’’? എന്നാണ് അയാൾ എന്നോടു ചോദിച്ചത്.

കേട്ടുകൊണ്ടിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ എന്തുകൊണ്ട് വടകര കൺട്രോൾ റൂമിൽ അറിയിച്ചില്ല എന്ന് കുറ്റപ്പെടുത്തലിന്റെ സ്വരത്തിൽ പറഞ്ഞു. യാത്രയുടെ ക്ഷീണംകൊണ്ടും ട്രെയിൻ അനുഭവത്തിന്റെ മടുപ്പുകൊണ്ടുമാണോ എന്നറിയില്ല, ഞാൻ കരഞ്ഞുതുടങ്ങിയിരുന്നു. 

പാർക്കിങ് ഏരിയയിൽ ഇരുട്ടത്തിരിക്കുന്ന എന്റെ സ്കൂട്ടറിനരികെ വരാൻ ഞാൻ കെഞ്ചിപ്പറഞ്ഞതിനുശേഷം രണ്ടാമത്തെ ഉദ്യോഗസ്ഥൻ സീറ്റിൽ നിന്നെഴുന്നേറ്റു.സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ഞാൻ വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്ന പഴയ പെൺകുട്ടിയായി. സ്ത്രീയെ വെറും ലൈംഗിക ഉപകരണം മാത്രമായി കണക്കാക്കുന്ന മലയാളിയുടെ ഈ മനോഭാവത്തെ എത്ര കണ്ട് എതിർത്തുനിൽക്കാൻ ഞാൻ ഉൾപ്പെടെയുള്ള പെൺവർഗത്തിനു കഴിയും?

ഇര എന്ന രണ്ടക്ഷരത്തിൽ സൗമ്യയെയും, ജിഷയെയും അതുപോലെയുള്ള അനേകം പെൺകുട്ടികളെയും ഇത്തരമൊരു സാമൂഹിക അവസ്ഥയിൽ ജീവിക്കുന്ന മലയാളി പെൺകുട്ടിയോട് എന്താണ് പറയുക; ‘‘ദുരന്തത്തിലേക്കു നടന്നോളൂ, വാഴ്ത്താൻ ഞങ്ങൾ പിറകെയുണ്ട്’’ എന്നോ?