Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വിക്രം വേദ' പിറന്നത് ഈ അത്ഭുത ദമ്പതികളുടെ ഹൃദയത്തിൽ നിന്നാണ്

gayathri-pushkar ഗായത്രി, പുഷ്കർ.

ജീവിതത്തിന്റെ തിരക്കഥയൊരുക്കിയപ്പോൾ ദൈവം നായകനായി തിരഞ്ഞെടുത്തത് പുഷ്കറിനെയാണ്. നായികയാക്കിയത് ഗായത്രിയെയും. കാരണം ദൈവത്തിനുറപ്പായിരുന്നു ഒരിയ്ക്കൽ ഇരട്ടക്കഥാകൃത്തുക്കളായ ദമ്പതികളെന്ന് ലോകം ഇവരെ വാഴ്ത്തുമെന്ന്. ആ കണക്കുകൂട്ടൽ പിഴച്ചില്ല ദാമ്പത്യത്തിന്റെ രസച്ചരടുകൾ പൊട്ടാതെ ജീവിതത്തിൽ ഒട്ടും ഇഴച്ചിലില്ലാതെ അവർ സിനിമയെന്ന മായിക ലോകത്തിന്റെ സ്വന്തക്കാരായി.

വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുന്നതിനൊപ്പം മനസ്സിൽ നാമ്പെടുക്കുന്ന പുതിയ കഥകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള സ്വപ്നങ്ങൾ പങ്കുവെച്ചു. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ആ ദമ്പതികളുടെ ജീവിതം അവിടെ മാറിത്തുടങ്ങുകയായിരുന്നു. അവരുടെ സംഭാഷണങ്ങൾ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. വെട്ടിയും തിരുത്തിയും വാക്കുകൾക്ക് മൂർച്ച കൂട്ടിയും അവർ എഴുത്തിനെ കൂടെനിർത്തി. അവരുടെ സങ്കൽപ്പങ്ങളും സ്വപ്നങ്ങളും കഥകളും കഥാപാത്രങ്ങളുമായപ്പോൾ ഒരുപിടി നല്ല കഥകളുമായി അവർ വീടുപൂട്ടിയിറങ്ങി.

സിനിമാലോകവും പ്രേഷകലോകവും അവരെയും അവരുടെ കഥകളെയും കൈനീട്ടി സ്വീകരിച്ചു. തിരക്കഥയൊരുക്കിയ ചിത്രങ്ങൾ വമ്പൻ വിജയങ്ങൾ സമ്മാനിക്കുമ്പോഴും വിജയാഘോഷത്തിന്റെ ഏഴയലത്തുപോലും ഈ ദമ്പതികളെ കാണില്ല. അവർ വീണ്ടും വീടിന്റെ അകത്തളങ്ങളിൽ പുതിയ കഥയുടെയും കഥാപാത്രങ്ങളുടെയും സൃഷ്ടിയുമായി ബന്ധപ്പെട്ട തിരക്കിലാകും.

ഇപ്പോൾ ഈ ദമ്പതികൾ വാർത്തകളിൽ നിറയുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. വിക്രംവേദ എന്ന ക്രൈംത്രില്ലറിനു പിന്നിലുള്ള ഭാവനയും ഇവരുടേതാണ്. മാധവനും വിജയ്സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രംവേദ എന്നചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഈ ദമ്പതികളാണ്. പരമ്പരാഗത വില്ലൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഈ ചിത്രത്തിൽ മനുഷ്യരുടെ വിവിധ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഒരു കോമഡി എന്റർടെയിൻമെന്റ് ചിത്രത്തിന്റെ സംവിധായകരായിട്ടാണ് 2007 ൽ ദമ്പതികൾ ചലച്ചിത്രലോകത്തെത്തുന്നത്. ആര്യ പൂജ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരംപോ ആയിരുന്നു ഇവരുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ഇവർ സിനിമാമേഖലയിൽ പ്രത്യക്ഷപ്പെട്ടത് 2010 ൽ ആണ്. രണ്ടുകോടി ചിലവിൽ നിർമ്മിച്ച വാ എന്ന ചിത്രം ബോക്സോഫീസിൽ 15 കോടിനേടി. അതിനുശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് ദമ്പതികൾ വിക്രംവേദയുമായെത്തിയത്.

കൊളേജ് കാലത്തുള്ള സൗഹൃദമാണ് ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് ഗായത്രിയെയും പുഷ്ക്കറിനെയുമെത്തിച്ചത്. പുസ്തകങ്ങളോടും എഴുത്തിനോടും സിനിമയോടുമുള്ള സമാനമായ ഇഷ്ടങ്ങൾ ഇവരെ ഒരുമിപ്പിച്ചു. ദമ്പതികളായ ഇരട്ടത്തിരക്കഥാകൃത്തുക്കൾ ഇനിയെന്നാണ് ഒറ്റയ്ക്ക് സിനിമയെടുക്കുന്നതെന്നു ചോദിച്ചാൽ അവരുടെ മറുപടിയിതാണ്. എന്തിന് ഒറ്റയ്ക്കു സിനിമയെടുക്കണം. ഒരുമിച്ചുജോലിചെയ്യുന്നതാണ് ഞങ്ങൾക്കിഷ്ടം. ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരുജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നു കരുതുന്നവർക്ക് അത്ഭുതമാണ് സിനിമയിലെയും ജീവിതത്തിലെയും ഇവരുടെ രസതന്ത്രം.