Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീലം പ്രതീക്ഷിച്ച് ഈ ചിത്രം കാണരുത്; ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്കയെക്കുറിച്ചുള്ള വിവാദങ്ങൾക്ക് വിട നൽകാം

lipstick-under-my-burkha നാലു സ്ത്രീകളുടെ ഒളിപ്പിച്ചുവയ്ക്കേണ്ടിവന്ന മോഹങ്ങളെക്കുറിച്ചു പറയുന്ന ലിപ്സ്റ്റികിൽ എതിർക്കപ്പെടേണ്ടതിനേക്കാൾ അനുകൂലിക്കേണ്ട ഘടകങ്ങളാണു കൂടുതൽ.

വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിലെത്താനാണു ചില ചിത്രങ്ങളുടെ വിധി; വിവാദങ്ങൾ പ്രദർശനവിജയത്തിനു കാരണമാകാറുണ്ട്, ചിലപ്പോൾ മറിച്ചും. വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’എന്ന ചിത്രം എന്തുകൊണ്ടു വിവാദത്തിൽപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടേക്കും ചിത്രം കണ്ടുകഴിയുമ്പോൾ. ചിത്രത്തെ എതിർത്തും വിയോജിച്ചതും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. നാലു സ്ത്രീകളുടെ ഒളിപ്പിച്ചുവയ്ക്കേണ്ടിവന്ന മോഹങ്ങളെക്കുറിച്ചു പറയുന്ന ലിപ്സ്റ്റികിൽ എതിർക്കപ്പെടേണ്ടതിനേക്കാൾ അനുകൂലിക്കേണ്ട ഘടകങ്ങളാണു കൂടുതൽ.

അശ്ലീലമായതൊന്നും ചിത്രത്തിലില്ല. അസഭ്യങ്ങളോ. ദ്വയാർഥപ്രയോഗങ്ങളോ ഇല്ല. പുരുഷൻമാരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹം എങ്ങനെ സ്ത്രീകളെ അടിമകളാക്കുന്നുവെന്ന് സത്യസന്ധമായും തീക്ഷ്ണമായും പറയുന്നതേയുള്ളൂ. സ്ത്രീകളെ സത്യസന്ധമായി അവതരിപ്പിക്കുന്നതുപോലും കുറ്റകരമായി കാണുന്നു ഇന്നും നമ്മുടെ അധികാരികൾ എന്നതിനു തെളിവാണു ചിത്രത്തിനെതിരെ ഉയർന്ന എതിർപ്പ്. നീണ്ട പോരാട്ടത്തിനുശേഷം സെൻസർ ബോർഡിന്റെ അനുമതിയോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തെ സമൂഹം കയ്യടികളോടെ സ്വീകരിച്ചിരിക്കുന്നു. സ്ത്രീകളോ പുരുഷൻമരോ മാത്രമല്ല സമൂഹം ഒരുമിച്ചിരുന്നു കാണേണ്ട നല്ല ചിത്രങ്ങളിലൊന്ന്. ചില ഓർമപ്പെടുത്തലുകൾ. കണ്ണുതുറപ്പിക്കൽ.ആരോഗ്യമുള്ള സമൂഹത്തിലേക്കു മുന്നേറാൻ പ്രേരിപ്പിക്കുന്ന ക്രിയാത്മകമായ ചുവടുവയ്പ്.

ലാളിത്യമുള്ള ഒരു കഥ പറയുകയാണ് സംവിധായിക അലംകൃത ശ്രീവാസ്തവ. പശ്ചാത്തലം ഭോപാൽ നഗരം.നാലു വ്യത്യസ്ത സ്ത്രീകൾ.നമ്മൾ തന്നെയോ നമുക്കു പരിചിതരായവരോ എന്നു തോന്നിപ്പിക്കുന്നവർ. നാലുപേർക്കും മോഹങ്ങളുണ്ട്. സാമ്പത്തികമായി സുരക്ഷിതത്വം നേടി സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ. മികച്ച ഗായിക ആകുന്നതു സ്വപ്നം കാണുന്ന മറ്റൊരാൾ. വലിയൊരു നഗരത്തിൽ മികച്ച അന്തരീക്ഷത്തിൽ ജീവിക്കാനാണ് ഒരാളുടെ കൊതി.

lipstick-4 അശ്ലീലമായതൊന്നും ചിത്രത്തിലില്ല. അസഭ്യങ്ങളോ അധാർമികതകളോ ഇല്ല. ദ്വയാർഥപ്രയോഗങ്ങളുമില്ല. പുരുഷൻമാരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹം എങ്ങനെ സ്ത്രീകളെ അടിമകളാക്കുന്നുവെന്ന് സത്യസന്ധമായും തീക്ഷ്ണമായും പറയുന്നതേയുള്ളൂ.

ജീവിതം ആസ്വദിക്കണമെന്ന നിസ്സാരമായ ആഗ്രഹമാണു മറ്റൊരാൾക്ക്. ഇവയൊക്കെ ആഗ്രഹങ്ങളായി മാത്രം തുടരുന്നു; യാഥാർഥ്യമാക്കാൻ പുരുഷനിയന്ത്രിത സമൂഹം സമ്മതിക്കുന്നില്ല. ഈ സംഘർഷമാണു ലിപ്സ്റ്റികിന്റെ കാതൽ. കഥകൾ തീവ്രമായി അനുഭവിപ്പിക്കുന്നുണ്ട് കഥാപാത്രങ്ങളായി രംഗത്തുവന്ന നാലുപേരും. തിയറ്റർ പ്രസ്ഥാനത്തിലൂടെ സിനിമയിലെത്തിയ രത്ന പഥക്, മികച്ച നടിയെന്ന പേരെടുത്ത ദേശീയ പുരസ്കാര ജേതാവ് കൊങ്കണ സെൻ ശർമ, അഹാന, പ്ലബിത എന്നീ നാലുപേരും മികച്ച അഭിനയത്തിലൂടെ ലിപ്സ്റ്റികിനെ അതീവസുന്ദരവും സാമൂഹിക പ്രസക്തിയുള്ളതുമായ ചിത്രമാക്കി മാറ്റിയിരിക്കുന്നു.

കൊങ്കണ അവതരിപ്പിക്കുന്ന ഷിറീൻ വീട്ടമ്മയാണ്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് ഗേളായി ജോലിചെയ്യുന്നു. പക്ഷേ ഷിറിന്റെ ഭർത്താവിന് അറിയില്ല അവർ എന്തു ജോലിയാണു ചെയ്യുന്നതെന്ന്. ജോലി കുടുംബത്തിൽനിന്നു മറച്ചുവയ്ക്കേണ്ടിവരുന്നതു ഷിറീന്റെ കുടുംബജീവിതം സംഘർഷഭരിതമാക്കുന്നു. 55 വയസ്സുള്ള മധ്യവയസ്കയുടെ വേഷമാണ് രത്നപഥക് അവതരിപ്പിക്കുന്ന ഉഷയുടേത്. യൗവ്വനം കടന്നുപോയ ഉഷയ്ക്ക് മോഹങ്ങളുണ്ട്. പക്ഷേ പരസ്യമായി പ്രകടിപ്പിക്കാനാവില്ല.  ലൈംഗിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്കങ്ങൾ മതഗ്രന്ഥങ്ങളിൽ ഒളിപ്പിച്ചുവച്ച് വായിച്ച് ഉഷ തന്റെ രഹസ്യമോഹങ്ങളെ സംതൃപ്തിപ്പെടുത്തുന്നു.

അഹാന അവതരിപ്പിക്കുന്ന ലീലയാകട്ടെ ഭോപാൽ എന്ന കൊച്ചുപട്ടണത്തിൽ ശ്വാസം മുട്ടി ജീവിക്കുന്നു. തന്റെ വ്യക്തിത്വം സ്ഥാപിച്ചുകിട്ടുന്ന വിശാലമായ ഒരു നഗരമാണ് ലീലയുടെ സ്വപ്നം. റിഹാന (പ്ലബിത) കോളജിൽ പഠിക്കുന്നു.ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നടക്കണമെന്നു റിഹാനയ്ക്ക് ആഗ്രഹമുണ്ട്. ശ്രദ്ധിക്കപ്പെടുന്ന ഗായികയാകണമെന്നും ആ പെൺകുട്ടി ആഗ്രഹിക്കുന്നു. പക്ഷേ യാഥാസ്ഥിതിക വിശ്വാസികളായ കുടുംബാംഗങ്ങൾക്കിടിയിൽ ശിരോവസ്ത്രത്തിൽ ജീവിക്കുന്ന റിഹാനയ്ക്ക് തന്റെ സ്വപ്നങ്ങളെ അടിച്ചമർത്തേണ്ടിവരുന്നു.

lipstick നീണ്ട പോരാട്ടത്തിനുശേഷം സെൻസർ ബോർഡിന്റെ അനുമതിയോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തെ സമൂഹം കയ്യടികളോടെ സ്വീകരിച്ചിരിക്കുന്നു. സ്ത്രീകളോ പുരുഷൻമരോ മാത്രമല്ല സമൂഹം ഒരുമിച്ചിരുന്നു കാണേണ്ട നല്ല ചിത്രങ്ങളിലൊന്ന്.

ലിപ്സ്റ്റികിലെ ഓരോ കഥാപാത്രവും മുൻവിധികളുടെ ഇരയാണ്. നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കുമുള്ളിൽ ജീവിക്കേണ്ടിവരുന്നവർ. അസംതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാനാവാത്തവർ. പൂവായി വിരിഞ്ഞെങ്കിലും പുഴു തിന്നു തീർക്കുന്ന ജൻമങ്ങൾ. ഭോപാൽ എന്ന കൊച്ചുപട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഈ നാലുസ്ത്രീകളുടെയും മോഹങ്ങളെ അലംകൃത വിശ്വസനീയമായ ഒരു സിനിമയുടെ ചട്ടക്കൂട്ടിൽ ഒതുക്കിയിരിക്കുന്നു. ഈ സ്ത്രീകേന്ദ്രീകൃത ചിത്രത്തിൽ നാലു പേരും നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും കൊങ്കണ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽനിൽക്കുന്നു. 

സ്ത്രീകൾക്കുവേണ്ടിയുള്ള സിനിമയെന്നു ലിപ്സ്റ്റികിനെ വിശേഷിപ്പിക്കാനാകില്ല. പുരുഷാധിപത്യത്തിനെതിരെയുള്ള വിപ്ലവവുമല്ല ചിത്രം. അലംകൃത കഥ പറയുന്നേയുള്ളൂ. തീരുമാനങ്ങൾ രൂപപ്പെടേണ്ടതു പ്രേക്ഷകരുടെ ഉള്ളിൽ. ഇതാണു നമ്മുടെ സമൂഹമെന്നും ഇങ്ങനെയുള്ളവർ നമുക്കുചുറ്റുമുണ്ടെന്നും പറഞ്ഞ് അലംകൃത മാറിനിൽക്കുന്നു.കാഴ്ചകളെ അറിയേണ്ടതും ഉൾക്കൊള്ളേണ്ടതും പ്രതികരിക്കേണ്ടതും പ്രേക്ഷകർ.