Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയാണ്... അസ്ഥികൂടമാക്കരുത്

Representative Image പൊന്നുപോലെയാ ഞാനെന്റെ അച്ഛനെയും അമ്മയെയും നോക്കുന്നതെന്ന് വീമ്പുപറയുന്ന മക്കളുടെ മനസ്സിനെ പൊള്ളിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

അമ്മയ്ക്കും അച്ഛനും സ്വസ്ഥമായി താമസിക്കാൻ ഇരുനില മാളിക, അവർക്ക് പുറത്തു പോകാൻ ആഡംബരവാഹനങ്ങളും ഡ്രൈവർമാരും അടുക്കളപ്പണിയ്ക്കും അച്ഛനമ്മമാരുടെ ശുശ്രൂഷയ്ക്കും  തരാതരം പോലെ ഹോംനഴ്സുമാരും വീട്ടുജോലിക്കാരും. ഇത്രയുമൊക്കെ ചെയ്തുകൊടുത്ത് പൊന്നുപോലെയാ ഞാനെന്റെ അച്ഛനെയും അമ്മയെയും നോക്കുന്നതെന്ന് വീമ്പുപറയുന്ന മക്കളുടെ മനസ്സിനെ പൊള്ളിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 

വിദേശത്തു നിന്നു നാട്ടിലെത്തിയ മകൻ ഫ്ലാറ്റിൽ കണ്ടത് അമ്മയുടെ അസ്ഥികൂടം. മുംബെയിലാണ് സംഭവം. അന്ധേരി ലോഖണ്ഡ്‍‌വാലയിലെ ആഡംബര സമുച്ചയമായ ബെൽസ്കോട് ഹൗസിങ് സൊസൈറ്റിയിൽ പത്താംനിലയിലെ ഫ്ലാറ്റിലാണ് ഋതുരാജ് സഹാനി അമ്മ ആഷ സഹാനി(63)യുടെ അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വ്യത്യസ്തവാദങ്ങളുമായി പൊലീസും ഹൗസിങ്സൊസൈറ്റിയും രംഗത്തുണ്ട്. ആഷ സഹാനിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഋതുരാജ്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാളും ഭാര്യയും 20 വർഷമായി യുഎസിലാണ്. വർഷത്തിൽ ഒരിക്കലാണ് അമ്മയെ കാണാൻ മുംബൈയിൽ എത്തിയിരുന്നത്. 

ഭർത്താവ് 2013ൽ മരിച്ചശേഷം ഡ്രൈവറെയും വീട്ടുജോലിക്കാരിയെയും ഒഴിവാക്കി ഒറ്റയ്ക്കായിരുന്നു ആഷ സഹാനിയുടെ താമസം. ഫ്ലാറ്റ് ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ആറു മാസം മുൻപ് പൊലീസിനെ വിവരം അറിയിച്ചിരുന്നതായി ഹൗസിങ് സൊസൈറ്റി അധികൃതർ പറയുന്നു. എന്നാൽ പൊലീസ് ഇതു നിഷേധിക്കുന്നു. അമ്മയെക്കുറിച്ച് വിവരം കിട്ടുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 24ന് ഓഷിവാര പൊലീസിന് ഓൺലൈൻ പരാതി നൽകിയിരുന്നതായി ഋതുരാജ് പറയുന്നു.

ഇതുസംബന്ധിച്ച് പൊലീസിൽനിന്നു സ്ഥിരീകരണം ഇല്ല. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇയാൾ നേരിട്ടെത്തിയോ മുംബൈയിലെ ബന്ധുക്കളോ പരിചയക്കാരോ മുഖേനയോ അമ്മയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ദുരൂഹതയുണർത്തുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഷ ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. അതു മുടങ്ങിയപ്പോൾ പലവട്ടം അന്വേഷിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്നു പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് സൊസൈറ്റി അധികൃതർ പറയുന്നു. കൊലപാതക സാധ്യതയില്ലെന്നും അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

x-default ഈ അമ്മയുടെ മരണത്തിൽ നിന്ന് ആരൊക്കെ കൈകഴുകിയാലും സ്വന്തം മകന് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല.

ഈ അമ്മയുടെ മരണത്തിൽ നിന്ന് ആരൊക്കെ കൈകഴുകിയാലും സ്വന്തം മകന് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. ആറ്റുനോറ്റിരുന്നു നോക്കിവലുതാക്കിയ മാതാപിതാക്കൾക്ക് മക്കൾ അറിഞ്ഞോ അറിയാതെയോ വിധിക്കുന്ന ഈ ക്രൂരമായ ശിക്ഷ ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. വാർധ്യക്യത്തിൽ മക്കൾ വെച്ചുനീട്ടുന്ന സുഖലോലുപമായ ജീവിതത്തോട് ഒരച്ഛനും അമ്മയ്ക്കും താൽപര്യമുണ്ടാവില്ല. നിങ്ങൾ വെച്ചുനീട്ടുന്ന സുഖസൗകര്യങ്ങളെ മൗനത്തോടെ അവർ സ്വീകരിക്കാൻ തയാറായാൽ അതിന് ഒരർഥമേയുള്ളൂ. വാർധക്യകാലത്ത് ഏതെങ്കിലും വൃദ്ധസദനങ്ങളിലേക്കു വലിച്ചെറിയാതെ വീട്ടുകാവലിനെങ്കിലും ഉപകരിക്കട്ടെയെന്നുകരുതി നിങ്ങൾ അവരെ നിയോഗിക്കുന്നതിലുള്ള നന്ദിമാത്രം.

വിദേശത്തുമക്കളുള്ള മാതാപിതാക്കളൊക്കെ ഒറ്റപ്പെടലിന്റെ വേദന ഉള്ളിലൊതുക്കിക്കഴിയുന്നവരാണ്. കുടുംബത്തിന്റെ സാമ്പത്തീകഭദ്രതയ്ക്കുവേണ്ടിയാണ് മക്കൾ തങ്ങളെ വിട്ടുപോവുന്നതെന്ന് ഈ അച്ഛനമ്മമാർക്ക് അറിയാഞ്ഞിട്ടല്ല. എന്നും മക്കളെ ചിറകിൻ കീഴിലൊതുക്കാമെന്ന് അവർ ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ, മാനൂഷിക പരിഗണന ഇവരും അർഹിക്കുന്നുണ്ട്. പണക്കൊഴുപ്പുകാട്ടാൻ നാട്ടിൽ പണിയുന്ന മണിമാളികകൾക്കു കാവലാകാനോ അതുമല്ലെങ്കിൽ സ്വന്തംമക്കൾക്ക് ബോഡിഗാർഡുകളാകാനോ ആണ് പലരും അച്ഛനമ്മമാരെ ഉപയോഗിക്കുന്നത്. ഇനിയും വിദേശത്ത് ഒപ്പം കൂട്ടുകയാണെങ്കിലോ അതിനും കാണും നൂറുകൂട്ടം ന്യായീകരണങ്ങൾ. 

വിദേശത്ത് ജോലിക്കാർക്ക് കനത്ത ശമ്പളം നൽകാൻ സാധിക്കാത്തതുകൊണ്ടും ചെറിയ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടുമാണ് പലരും വിദേശയാത്രയിൽ അച്ഛനമ്മമാരെ ഒപ്പം കൂട്ടുന്നത്. പച്ചമണ്ണിൽ നിന്ന് വേരടക്കം പിഴുതെടുത്ത വൻമരങ്ങളെ പുതിയൊരിടത്തേക്ക് മാറ്റിനടുന്നതുപോലെ ശ്രമകരമായിരിക്കും ഓരോ അച്ഛനുമ്മയ്ക്കും ആ പറിച്ചു നടീൽ. എന്നിട്ടും മക്കളോടും കൊച്ചുമക്കളോടുമുള്ള വാത്സല്യത്തിന്റെ പേരിൽ അവർ പ്രായത്തിന്റെ എല്ലാ അവശതകളെയും മറികടന്ന് സന്തോഷത്തോടെ മക്കൾ പറയുന്നതനുസരിക്കും. കാരണം ചെറിയ ഒരു അനിഷ്ടത്തിന്റെ പേരിൽപ്പോലും മക്കൾ തങ്ങളെ അവഗണിക്കുന്നത് അവർക്കു സഹിക്കാനാവില്ല.

മക്കൾക്കുവേണ്ടി, കൊച്ചുമക്കൾക്കു വേണ്ടി ത്യാഗം ചെയ്യുന്ന വൃദ്ധരായ മാതാപിതാക്കളോട് കുറച്ച് അനുകമ്പ കാണിക്കാനുള്ള മനസ്സ് തിരിച്ചും ഉണ്ടാവേണ്ടതല്ലേ. പണവും പ്രശസ്തിയുമല്ല മറിച്ച് പരിഗണനയും  സ്നേഹവുമാണ് അവർ ആഗ്രഹിക്കുന്നതെന്ന് പറയാതെ തന്നെ അറിയേണ്ടതല്ലേ. സാങ്കേതീകവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ എത്രദൂരെയായാലും തമ്മിൽക്കണ്ടു സംസാരിക്കാനുള്ള സംവിധാനങ്ങൾ വരെയുള്ളപ്പോൾ ദിവസത്തിൽ ഒരു തവണയെങ്കിലും അവരെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിച്ചു കൂടെ?. നിങ്ങളുടെ അസാന്നിധ്യത്തിൽ അവർക്കു ഉണ്ടായേക്കാവുന്ന ആപത്തുകൾ മുന്നിൽക്കണ്ട് നിങ്ങളെപ്പോലെ വിശ്വസിക്കാൻ പറ്റുന്ന ആളുകളെ അവരുടെ വിളിപ്പാകലെ നിർത്തേണ്ടത് നിങ്ങളുടെ കടമയല്ലേ.

x-default അമ്മ അസ്ഥികൂടമാകുന്നതുവരെ കാത്തുനിൽക്കാതെ അവർക്കായുസ്സുള്ള കാലം ഉള്ളുതുറന്ന് അവരെ സ്നേഹിച്ചൂടേ. അച്ഛനമ്മമാരെ ഒപ്പം നിന്നു സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്ര അകലയാണെങ്കിലും അവർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിക്കൂടേ.

വിദേശത്തു നിന്നു വിളിക്കുമ്പോൾ അമ്മയെയും അച്ഛനെയും കിട്ടുന്നില്ലെങ്കിൽ അയൽക്കാരെയോ, നാട്ടിലുള്ള മറ്റുബന്ധുക്കളെയോ വിവരമറിയിച്ച് അവർക്ക് ആപത്തൊന്നും പറ്റിയില്ലെന്നു ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കടമയല്ലേ?. പ്രത്യേകിച്ച് പ്രായമായവർ തനിച്ചു താമസിക്കുമ്പോൾ ഇങ്ങനെയുള്ള മുൻകരുതലുകളെടുക്കണമെന്ന് ആരെങ്കിലും പറഞ്ഞുതരണോ?. ഇനി അയൽക്കാരും ബന്ധുക്കളും ഇടപെട്ടിട്ടും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ പൊലീസിനെ അറിയിക്കേണ്ടതും മക്കളുടെ കടമയല്ലേ. അതുകൊണ്ടൊന്നും പ്രയോജനം ലഭിച്ചില്ലെങ്കിൽ ജോലിയിൽ നിന്നും അവധിയെടുത്തു നാട്ടിലേക്കു വരേണ്ടതല്ലേ? പോറ്റിവളർത്തി വലുതാക്കിയ അച്ഛനമ്മമാരേക്കാളും വലുതാണോ പണവും പത്രാസും. 

അമ്മ അസ്ഥികൂടമാകുന്നതുവരെ കാത്തുനിൽക്കാതെ അവർക്കായുസ്സുള്ള കാലം ഉള്ളുതുറന്ന് അവരെ സ്നേഹിച്ചൂടേ. അച്ഛനമ്മമാരെ ഒപ്പം നിന്നു സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്ര അകലയാണെങ്കിലും അവർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിക്കൂടേ... കാരണം അവർ അമ്മയാണ്... അസ്ഥികൂടമാക്കരുത്...