Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം, എന്റെ കുഞ്ഞിനുവേണ്ടി എനിക്കു ദീർഘായുസ്സു തരാൻ..... ഞാനല്ലാതെ അവന് ആരുമില്ല''...

with-kannan ഭവാനി അമ്മ കുഞ്ഞിനൊപ്പം ( ഫയൽ ചിത്രം.)

മകനെ മാറോട് ചേർത്ത് ഒരു അമ്മ പറഞ്ഞ വാക്കുകൾ.ഏതൊരു അമ്മയും ഇങ്ങനെ പറഞ്ഞേക്കാമെങ്കിലും ഭവാനിയമ്മ ഇങ്ങനെ പറഞ്ഞപ്പോൾ കേട്ടുനിന്നവരിൽ ഒരാൾക്കുപോലും പ്രാർഥിക്കാതിരിക്കാൻ ആവുമായിരുന്നില്ല. വിശ്വസിക്കുന്ന ദൈവത്തെ മനസ്സിൽ ധ്യാനിച്ചു പ്രാർഥിച്ചു: കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി. ഒരു കുഞ്ഞിനെ താലോലിക്കാൻ ജീവിതം പോരാട്ടമാക്കിയ ഭവാനിയമ്മയുടെ ദീർഘായുസ്സിനുവേണ്ടി.  പ്രാർഥനകളെ വിഫലമാക്കി ആദ്യം കുഞ്ഞ് യാത്ര പറഞ്ഞു. ഒന്നരവർഷം മാത്രം ആയുസ്സെത്തിയപ്പോൾ.

വിധിയുടെ വിചിത്രനിയോഗത്താൽ അപ്രതീക്ഷിതമായി ലഭിച്ച കുഞ്ഞിനെ ധ്യാനിച്ചു പതിനൊന്നു വർഷം  ജീവിച്ച അമ്മയും ഇപ്പോൾ യാത്രയായിരിക്കുന്നു; 76–ാം വയസ്സിൽ. 

ഇനി ഒന്നേ പ്രാർഥിക്കാനുള്ളൂ: അടുത്ത ജൻമത്തിലെങ്കിലും ആ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ! അമ്മയും കുഞ്ഞുമായിത്തന്നെ.

ഈ അമ്മയും കുഞ്ഞും കേരളത്തിന് അപരിചിതരല്ല. നാട് ഏറ്റെടുത്തവർ. എന്നിട്ടും അകാലത്തിൽ നാടിനു നഷ്ടപ്പെട്ടവർ. ഭവാനിയമ്മയും കണ്ണൻ എന്നു വിളിച്ചിരുന്ന സായ് സൂരജും. ഇവരുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 62–ാം വയസ്സിൽ‌ കുഞ്ഞിനു ജൻമം നൽകി വാർത്ത സൃഷ്ടിച്ചു ഭവാനിയമ്മ. 2004 ഏപ്രിൽ 14 നായിരുന്നു നാട് അത്ഭുതത്തോടെയും കൗതുകത്തോടെയും കേട്ട ആ സംഭവം നടന്നത്.

മുവാറ്റുപുഴ കാവുംകര സ്വദേശിനിയും റിട്ട.അധ്യാപികയുമായ ഭവാനിയമ്മ ഒരു കുഞ്ഞിനു ജൻമം നൽകി. തിരുവനന്തപുരം സമദ് ആശുപത്രിയിൽ ടെസ്‌റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയായിരുന്നു ഗർഭധാരണം. ലോകചരിത്രത്തിൽത്തന്നെ മൂന്നാമത്തെ സംഭവം എന്നതു വിശേഷിപ്പിക്കപ്പെട്ടു. ആഘോഷിക്കപ്പെട്ടു. അമ്മയാകാൻ ഏറെ കൊതിച്ച ഭവാനിയമ്മയെയും കുഞ്ഞിനെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളായി നാട് കണ്ടു.

bhavani-amma-03 ഭവാനി അമ്മ കുഞ്ഞിനൊപ്പം ( ഫയൽ ചിത്രം.)

ഭവാനിയമ്മയുടെ വീട്ടിൽ കുമിഞ്ഞുകൂടുകയായിരുന്നു കളിപ്പാട്ടങ്ങൾ. മുറി നിറയെ വീടു നിറയെ കളിപ്പാട്ടങ്ങൾ. ബന്ധുക്കളും നാട്ടുകാരും മാത്രമല്ല അറിഞ്ഞുകേട്ടുവന്നവർ പോലും സമ്മാനങ്ങൾ മറന്നില്ല. പക്ഷേ ആഘോഷം അൽപായുസ്സിൽ ഒടുങ്ങി. 2006 ഫെബ്രുവരി 11 ന് വീട്ടുമുറ്റത്തെ ചെമ്പുപാത്രത്തിലെ വെള്ളത്തിൽ വീണു കണ്ണൻ മരിച്ചു.  ഒടുവിൽ ആ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടെങ്കിലും രോഗങ്ങളും അനാഥത്വവും അവരെ തളർത്തി. 11 വർഷത്തെ വേദനകൾക്കും വിരഹത്തിനുമൊടുവിൽ ഭവാനിയമ്മയും വിടവാങ്ങിയിരിക്കുന്നു; വിചിത്രമായ, സങ്കീർണമായ, കണ്ണീർ തോരാത്ത ജീവിതകഥ ബാക്കിയാക്കി. 

സംഭവബഹുലമായിരുന്നു ഭവാനിയമ്മയുടെ ജീവിതം. അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ നടന്ന ഒരു അമ്മ. മാതൃത്വം ഉന്നതമായ പദവിയാണെന്നും ഒരു കുഞ്ഞ് വിലയിടാനാവാത്ത നിധിയാണെന്നും ബോധ്യപ്പെടുത്തിയ അനുഭവങ്ങൾ. ത്യാഗങ്ങളും സഹനങ്ങളും ഏറെയുണ്ടായിട്ടും അപൂർവമായി മാത്രം ചിരിക്കാൻ കഴിഞ്ഞ അപൂർവ ജൻമം. ഒരുപക്ഷേ ഒരു കഥയായി പറഞ്ഞാൽ ആരും വിശ്വസിക്കാൻ തയ്യാറാകാത്ത വളവുകളും തിരിവുകളും നിറഞ്ഞ, നാടകീയത നിറഞ്ഞ ജീവിതം. ഇങ്ങനെയും ഒരു ജീവിതമോ എന്ന് ആരെയും അത്ഭുതപ്പെടുത്തുന്ന സംഭവങ്ങൾ. പ്രണയവും ക്രൂരതയും ചതിയും വിശ്വാസവഞ്ചനയും അപ്രതീക്ഷിതമായ വരപ്രസാദവും നിറഞ്ഞ അപൂർവങ്ങളിൽ അപൂർവമായ ജീവിതം. 

18-ാം വയസ്സിൽ കാമുകനോടൊപ്പം വീടു വിട്ട് ഇറങ്ങിയപ്പോൾ തുടങ്ങി ആ ജീവിതത്തിലെ നാടകീയതകൾ. ജീവിതത്തിൽ പ്രണയം നിറഞ്ഞുനിന്നെങ്കിലും ഒരു ദുഃഖം വിട്ടുമാറാതെ നിന്നു. ദമ്പതികൾക്കു കുട്ടികളുണ്ടായില്ല. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിയുന്നതിനുമുമ്പുതന്നെ ഭർത്താവ് കാൻസർ രോഗിയുമായി. ഒരു കുട്ടിക്കുവേണ്ടി മറ്റൊരാളെ വിവാഹംചെയ്യാൻ ഭർത്താവ് ഭവാനിയെ നിർബന്ധിച്ചു. പക്ഷേ രണ്ടാം വിവാഹത്തിന് അവർ സമ്മതിച്ചില്ല. ഭർത്താവിന്റെ നിർബന്ധം എല്ലാ അതിരും കടന്നു. സ്നേഹം കൂടിയപ്പോൾ അയാൾ അവരെ മർദ്ദിക്കുകവരെ ചെയ്തു. തനിക്കൊരു കുട്ടിയുണ്ടാകാൻ വേണ്ടിയാണല്ലോ ഭർത്താവിന്റെ നിർബന്ധം എന്നു തിരിച്ചറിഞ്ഞെങ്കിലും പ്രണയത്തോടെ, സ്നേഹത്തോടെ ഭർത്താവിനെ പരിചരിച്ചു ഭവാനിയമ്മ ജീവിതം മുന്നോട്ടുനീക്കി. ഏതാനും വർഷങ്ങൾക്കകം ഭർത്താവ് മരിച്ചു. 

bhavani-amma-02 ഭവാനി അമ്മ കുഞ്ഞിനൊപ്പം ( ഫയൽ ചിത്രം.)

കൈത്താങ്ങ് വിവാഹത്തിനുശേഷം ലഭിച്ച ജോലി മാത്രം. ഒറ്റപ്പെടലിന്റെ ദുഃഖത്തിൽ ഒറ്റയ്ക്കു ജീവിച്ചെങ്കിലും ഭർത്താവിന്റെ മോഹം സാക്ഷാത്കരിക്കാനായി രണ്ടാം വിവാഹത്തിന് ഒടുവിൽ ഭവാനി തയ്യാറായി. അമ്മയാകുക എന്ന സ്വപ്നവും പ്രേരിപ്പിച്ചു. നിബന്ധനകൾ അക്കമിട്ടു നിരത്തി പത്രത്തിൽ പരസ്യം കൊടുത്തു. അമ്മയാവാൻവേണ്ടി പുനർവിവാഹം ആഗ്രഹിക്കുന്ന നാൽപതുകാരി വിധവയെത്തേടി ഒരാൾ എത്തി. ഭവാനിയുടെ ഏകദേശം പകുതി പ്രായമുള്ള യുവാവ്. വിവാഹം നടന്നു. പക്ഷേ, ഒരു കുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും തുടർന്നു. 

രണ്ടാം ഭർത്താവിലും കുട്ടിയുണ്ടാകില്ലെന്നു മനസ്സിലാക്കിയതോടെ ഭവാനി ആദ്യം തളർന്നെങ്കിലും ധൈര്യം വീണ്ടെടുത്ത് ഭർത്താവിനെക്കൊണ്ട് വേറെ വിവാഹം ചെയ്യിപ്പിക്കാൻ ശ്രമം തുടങ്ങി.രണ്ട് ആവശ്യമേ അവർ മുന്നോട്ടുവച്ചുള്ളൂ: 

ഒന്ന് – പുതിയ ഭാര്യയിൽ അയാൾക്കുണ്ടാകുന്ന കുട്ടിയെ കാണാൻ അനുവദിക്കണം. 

രണ്ട് –  ആരുമില്ലാത്ത തന്റെ മരണംവരെ വന്നുകണ്ട് കാര്യങ്ങൾ നോക്കണം.

ഒരു വീട്ടുകാർ എല്ലാ ഉപാധികളും സമ്മതിച്ചു മുന്നോട്ടുവന്നു. പെണ്ണുകാണാൻ പോയത് ഭവാനിയും ഭർത്താവും ഒന്നിച്ച്. ആ വിവാഹവും നടന്നു.  സ്വത്തുക്കൾ രണ്ടായി പകുത്ത് ഒരു ഭാഗം അവർക്കുതന്നെ കൊടുത്തു. എന്നാൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന ‘ദമ്പതി’കൾ ഭവാനിയെ തന്ത്രപൂർവ്വം ഒഴിവാക്കി. അവർക്കൊരു കുട്ടിയുണ്ടായി ദിവസങ്ങൾ കഴിഞ്ഞാണു ഭവാനി അറിയുന്നതുപോലും. അവരുടെ വീട്ടിൽ പലതവണ കയറിയിറങ്ങിയെങ്കിലും കുട്ടിയെ ഒരുനോക്കു കാണാൻപോലും വീട്ടുകാർ സമ്മതിച്ചില്ല.

അവിടെ അവസാനിക്കേണ്ടാതിയിരുന്നു ഭവാനിയുടെ ജീവിതം. പക്ഷേ പിന്നീടു നടത്തിയ പോരാട്ടമാണ് ഭവാനിയെ ഭവാനിയമ്മയാക്കിയത്. എങ്ങനെയും ഒരു കുഞ്ഞിനെ സ്വന്തമാക്കുക വാശിയായി. പത്രവാർത്തകളിൽനിന്നു തിരുവനന്തപുരം സമദ് ഹോസ്‌പിറ്റലിൽ പ്രായമായ ഒരു സ്‌ത്രീക്ക് കുട്ടിയുണ്ടായ വിവരം അറിഞ്ഞതോടെ ഭവാനിയുടെ മോഹങ്ങൾ വീണ്ടും തളിർത്തു.

bhavani-amma-file-pic.jpg.image.784.410 ഭവാനിയമ്മ.

ഡോക്‌ടർ സതി പിള്ളയെ സമീപിച്ചു. രണ്ടു വർഷത്തെ വന്ധ്യതാ ചികിത്സയ്‌ക്കൊടുവിൽ ടെസ്‌റ്റ് ട്യൂബ് ചികിത്സയിലൂടെ ഭവാനി ഭവാനിയമ്മയായി. 62 വർഷത്തെ ദുഃഖത്തിനൊടുവിൽ പിറന്ന മകൻ. പക്ഷേ, വിധി ആ അമ്മയോടു വീണ്ടും ക്രൂരമായി പെരുമാറി. ജനിച്ച് ഒന്നര വർഷം കഴിഞ്ഞപ്പോൾ കണ്ണനും ഭവാനിയമ്മയ്ക്കു നഷ്ടമായി.കുഞ്ഞു മരിച്ചതിനുശേഷം പലയിടത്തായി ജീവിച്ചുവന്ന അവർ കുറച്ചുകാലം മകന്റെ ഓർമകൾക്കകലെ വയനാട്ടിൽ വാടകയ്ക്കു താമസിച്ചു. ഒടുവിൽ പീസ് വില്ലേജിൽ അന്തേവാസിയായി കഴിയുന്നതിനിടെ മരണം. 

ഒരു ജീവിതത്തിനു തിരശ്ശീല വീഴുകയാണ്.പക്ഷേ ഭവാനി എന്ന സ്ത്രീ അമ്മയാകാൻവേണ്ടി നടത്തിയ പോരാട്ടങ്ങളും കുഞ്ഞുമൊത്തു ജീവിക്കാൻവേണ്ടി നടത്തിയ ശ്രമങ്ങളും ഒടുവിൽ ഓർമകൾക്കകലെ മറവിയെ പുണർന്നു ജീവിച്ചതും ഒരു പാഠപുസ്തകമായി നമുക്കു മുന്നിലുണ്ടാകണം. ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചും മൂല്യങ്ങൾ ഓർമിപ്പിച്ചും. പ്രണയത്തിന്റെ തീവ്രത അനുഭവിപ്പിച്ചും വിരഹത്തിന്റെ ദയനീയത അറിയിച്ചും. ഒരു സമൂഹമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഇനിയും സഞ്ചരിക്കേണ്ട വലിയ ദൂരത്തെക്കുറിച്ച് നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടും.