Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഷ് ടാഗുകൾ ചോദിക്കുന്നു; അവൾക്കൊപ്പമോ? അവനൊപ്പമോ?

avalkoppam പ്രതീകാത്മക ചിത്രം.

സമൂഹമാധ്യമങ്ങൾ എപ്പോഴും എല്ലാ വിഷയങ്ങളിലും ഏതെങ്കിലുമൊരു തീരുമാനത്തിന്മേൽ ചർച്ചകൾ നടത്തുകയും ആ തീരുമാനത്തിലുറച്ചു നിൽക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഒരുപക്ഷെ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം നടിയെ ആക്രമിച്ച കേസാണ്.

"അവനൊപ്പം", "അവൾക്കൊപ്പം" എന്നിങ്ങനെ രണ്ടു വിഭാഗക്കാരും, ഈ രണ്ടു വിഭാഗത്തിലും പെടാതെ നീതിയ്‌ക്കൊപ്പം എന്ന് ഹാഷ്ടാഗുകൾ തുടരുന്നവരുമുണ്ട്. എന്താണ് നീതി, ആരാണ് നീതിയ്ക്ക് അർഹരായവർ എന്ന ചോദ്യം പലരും ചോദിക്കുന്നു. കൃത്യമായി പറഞ്ഞാൽ തെറ്റു ചെയ്തെന്നു ആരോപിക്കപ്പെടുന്ന ഒരാൾക്കൊപ്പം നിൽക്കുന്നതിന്റെ സാംഗത്യമാണ് "അവൾക്കൊപ്പം" നിൽക്കുന്നവർ ചോദ്യം ചെയ്യുന്നത്. പ്രശസ്തരും സാധാരണക്കാരുമായവർ തങ്ങളുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ പൊതുവിടത്തിലൂടെ പങ്കു വച്ചു കഴിഞ്ഞു.

ഏഴു മാസത്തിലധികമായി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ കുറച്ചു പേർ ചേർന്ന് ഉപദ്രവിച്ചിട്ട്. വിഷയത്തിൽ അടുത്ത ദിവസം തന്നെ സിനിമയിലെ പ്രമുഖരൊക്കെയും ഒന്നിച്ചു കൂടി അവർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അവൾക്കു വേണ്ടി അതിവൈകാരികമായി സംസാരിച്ച ഒരാൾ തന്നെയാണ് ഈ ഗൂഡാലോചനയുടെ പിന്നിലെന്ന് ആരോപിക്കപ്പെട്ടതോടെ സിനിമാ ലോകം തന്നെ രണ്ടു തട്ടിലായി.

ചിലർ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. ചിലർ അനുകൂലിച്ചു. നടൻ ജയിലഴികൾക്കുള്ളിൽ കഴിഞ്ഞ രണ്ടു മാസമായി കിടക്കുമ്പോൾ അയാൾക്ക് വേണ്ടിയും "അവനൊപ്പം" ക്യാമ്പയിനുകൾ ആരംഭിച്ചിരിക്കുന്നു. ജനപ്രതിനിധികൾ പോലും ജയിലിനുള്ളിൽ സന്ദർശനത്തിനെത്തുന്നു. അതിനെതിരെയും പ്രതിഷേധങ്ങളുണ്ടാകുന്നു. നടൻ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ അവനൊപ്പം നിൽക്കാൻ തയ്യാറാകാത്തവർ പോലും സിനിമയ്ക്കു വേണ്ടി നില കൊള്ളുന്നു. ഒരു വിഷയം ഏതൊക്കെ വിധത്തിൽ എത്ര തരത്തിലാണ് സമൂഹമാധ്യമങ്ങളെ പരസ്പരം വേർതിരിച്ച് നിർത്തുന്നത്.

അവൾക്കൊപ്പമോ? അവനൊപ്പമോ?

നടിയുടെ വിഷയത്തിൽ പ്രശ്നങ്ങൾ തുടങ്ങിയ സമയത്ത് തന്നെ അവൾക്കൊപ്പം നിന്നവരാണ് വിമൻ കളക്ടീവ് ഇൻ എന്ന സിനിമയിലെ സ്ത്രീ സംഘടന ഒപ്പം വനിതാ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ. നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ (Network of Women in Media). രണ്ടു കൂട്ടർക്കും വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. ഒരു തൊഴിലിടത്ത് അപമാനിക്കപ്പെട്ട സ്ത്രീക്കുവേണ്ടി  നിൽക്കുക എന്നത് തങ്ങളുടെ അവകാശമായിത്തന്നെ ഈ സ്ത്രീ സംഘടനകൾ കാണുന്നുമുണ്ട്. "പെൺകുട്ടികളും സ്ത്രീകളും അക്രമത്തെ കുറിച്ച് പറയാനും പരാതിപ്പെടാനും തയാറാവുന്നുണ്ടെങ്കിൽ ഭയത്തെ അതിജീവിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും അവർ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണത്.

avanoppam

അവൾ വിജയിക്കേണ്ടത്, അവളെ നോക്കി കടന്നു വരുന്ന പുതിയ തലമുറയുടെ ആവശ്യമാണ്. നിശ്ശബ്ദമായി നിൽക്കും എന്നു കരുതിയിടത്താണ് അവൾ സംസാരിച്ചത്. കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവൾ തല ഉയർത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവൾ  തട്ടിലേക്ക് നീങ്ങി നിന്നത്. കാരണം അവളുടേത് ഭയത്തിനെതിരെയുള്ള ചെറുത്തു നിൽപ്പാണ്. അവൾക്കൊപ്പമുണ്ട് ഞങ്ങളും"- എന്ന് പറയുന്നത് പ്രശസ്‌ത സിനിമാ -നാടക പ്രവർത്തകയും വനിതാ സ്ത്രീ സംഘടനയിലെ ശബ്ദവുമായ സജിത മഠത്തിലാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്.

sajitha-madathil സജിത മഠത്തിൽ.

തിരക്കഥാകൃത്തായ ദീദി ദാമോദരൻ പറയുന്നു, "ഇപ്പോൾ അറസ്റ്റിലായ നടൻ കുറ്റക്കാരനാണോ അല്ലയോ എന്നു പറയാൻ ഞാനാളല്ല. ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജൻസിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാൻ ഞാനൊരു വക്കീലുമല്ല. അതു പറയേണ്ടത് പോലീസും കോടതിയുമാണ്. എന്നാൽ പെൺകുട്ടിയോടൊപ്പം നിന്നതു കൊണ്ടു മാത്രം എന്റെ നിലപാടുകൾ ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അത് എന്റെ ശേഷിയെയല്ല മറിച്ച് ആൺ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണയെയാണ് കുറിക്കുന്നത്...."

deedi-damodaran ദീതി ദാമോദരൻ.

കേസ് നടനെതിരെ തിരിഞ്ഞപ്പോൾ മുതൽ നടനെ അനുകൂലിച്ച് സംസാരിച്ചവരുടെ കൂട്ടത്തിൽ പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജും ഉണ്ട്. എന്നാൽ നടനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടിയെ വളരെ മോശമായ വാക്കുകളുപയോഗിച്ച് അപമാനിക്കാനും ജോർജ്ജ് മറന്നില്ല എന്നയിടത്താണ് ജോർജ്ജ് ആരോപണ വിധേയനായത്. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ജോർജിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

"പെൺകുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..

പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോർജ് പറയുന്നു.

"പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു?

അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.

അപ്പോൾ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അവൾ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു ജനപ്രതിനിധിതന്നെ പറയുന്നു..

പീഡനമെന്നത് താങ്കൾക്കൊരു തമാശയാണോ? അതോ അവർ ഒരു നടി ആയതുകൊണ്ടാണോ..? താങ്കളുടെ പെൺമക്കൾക്കാണിത് സംഭവിച്ചതെങ്കിൽ താങ്കളവരെ വീട്ടിൽ പൂട്ടിയിടുമോ? അവർ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കൾ പറയുമോ? 

ജോർജ് സാറേ താങ്കൾ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്....പക്ഷേഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ... !!!"

നടന് വേണ്ടി നിന്നുകൊണ്ട് മാത്രമല്ല പി സി ആരോപണ വിധേയനായത് , മറിച്ച് നടിയ്‌ക്കെതിരെ കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ പറഞ്ഞതുകൊണ്ടുമാണ്.

വിഷയത്തിൽ ഒരുപക്ഷെ സിനിമാ മേഖലയിൽ ഏറ്റവുമധികം ആരോപണം കേട്ടത് നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സനുമായ കെ പി എ സി ലളിത ആവും. ജയിലിൽ പോയി നടനെ കണ്ടത് ലളിതയുടെ വളരെ വ്യക്തിപരമായ ആവശ്യം തന്നെയായിരുന്നു. സിനിമയിലെ ഒട്ടു മിക്കവരും തിരിഞ്ഞു നോക്കിയില്ലെങ്കിലും സാമ്പത്തികമായി തകർന്നു നിന്ന സമയത്ത് ലളിതയ്ക്ക് കൈത്താങ്ങാകാൻ അവർ ജയിലിൽ പോയി കണ്ട ഈ നടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ സ്വന്തം മകനൊപ്പം സ്നേഹിക്കപ്പെടേണ്ട ആളായിത്തന്നെ നടനെ ലളിത കാണുകയും ചെയ്യുന്നു. പക്ഷെ സർക്കാരിന്റെ അവകാശങ്ങൾ പറ്റുന്നൊരാൾ സർക്കാർ എതിർ കക്ഷിയായി കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ പ്രതിയായി ആരോപിക്കപ്പെടുന്ന ഒരാളെ കാണാൻ പോയതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെട്ടത്.

ലളിതയെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രശസ്ത നാടക സംവിധായകനായ ദീപൻ ശിവരാമൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് ചർച്ച ചെയ്യപ്പെട്ടു. പക്ഷെ ലളിത എന്ന സ്ത്രീ മനസ്സിന്റെ വിങ്ങലുകൾ രാഷ്ട്രീയത്തിനുമപ്പുറം സിനിമയക്കുമപ്പുറം സങ്കടങ്ങളിൽ കരുതലായി നിന്ന ഒരു മനുഷ്യന്റെ ഒപ്പമായിരുന്നു എന്ന് ചിന്തിച്ചവർ കുറവാണ്. ജയിലിൽ പോയി നടനെ കണ്ടത് പരസ്യമായി ലളിത തന്നെ ആഘോഷിച്ചതാകാം അവർക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉണ്ടാകാൻ കാരണം.

നടനു വേണ്ടി ശബ്ദിക്കാതെ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ മകൾ അനുഭവിക്കുന്ന അപമാനത്തിൽ "അവൾക്കൊപ്പം" നിൽക്കുന്നവരുമുണ്ട് ഈ വിഷയത്തിൽ. അതുകൊണ്ട് തന്നെ നടന്റെ മകൾക്കു വേണ്ടിയും ഇതേ ഹാഷ് ടാഗുകൾ പ്രചരിക്കപ്പെടുന്നുണ്ട്. പക്ഷെ കേസിൽ ഉൾപ്പെട്ട നടി അനുഭവിച്ചത്ര അപമാനം പിതാവ് ജയിലിനുള്ളിലായി എന്നതുകൊണ്ട് മകൾ അനുഭവിക്കാൻ സാധ്യത ഇല്ലല്ലോ എന്നതാണ് ഈ ഹാഷ് ടാഗിനെ പ്രതിരോധിച്ച് മറുഭാഗം ഉന്നയിക്കുന്നത്.

നടനൊപ്പം നിൽക്കുന്നതിൽ ഭൂരിപക്ഷം അദ്ദേഹത്തിന്റെ ഫാൻസ്‌ ക്ലബ് അംഗങ്ങളും അദ്ദേഹത്തിന്റെ സ്നേഹിതരും മാത്രമാണ്. പക്ഷെ ഒരു സമൂഹം മുഴുവൻ "അവൾക്കൊപ്പം" തന്നെയാണ്. കാരണം കഴിഞ്ഞ രണ്ടു മാസം ജയിലിൽ അയാൾ അനുഭവിച്ചെന്നു പറയപ്പെടുന്ന മാനസിക ബുദ്ധിമുട്ടുകളേക്കാൾ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ രണ്ടു മണിക്കൂറുകൾ കൊണ്ട് അനുഭവിച്ചു തീർത്ത പെൺകുട്ടിയാണ് ഇവിടെ "അവൾ". പക്ഷെ "അവൾക്കൊപ്പം" നിൽക്കുമ്പോൾ തന്നെ സിനിമ എന്ന വ്യവസായത്തെ തകർക്കാൻ പലരും ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പോസ്റ്റ്.

Joy Mathew ജോയ് മാത്യു.

" തീർച്ചയായും ഞാൻ അവളോടൊപ്പം തന്നെ. എന്നാൽ അതേ സമയം

ഞാൻ സിനിമയോടൊപ്പവുമാണ്.

രാമലീല നല്ലതാണെങ്കിൽ കാണും-ഹോട്ടൽ സ്ഥാപിച്ചയാൾ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ ആണെന്നതിനാൽ ആരും ശരവണഭവനിൽ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല-

ക്രിമിനലുകൾ മന്ത്രിമാരായി പുതിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ നാം ഒരെതിർപ്പുമില്ലാതെ അനുസരിക്കാതിരിക്കുന്നുമില്ല. അതിനർഥം ഉൽപന്നം തന്നെയാണു മുഖ്യം- ഉൽപ്പന്നം നന്നായാൽ ആവശ്യക്കാരൻ വാങ്ങും. അതുകൊണ്ട്‌ ദിലീപാണോ സഞ്ജയ്‌ ദത്താണോ എന്നതല്ല നോക്കേണ്ടത്‌. ആത്യന്തികമായി സിനിമ നല്ലതാണോ എന്നതാണ്. അപ്പോൾ മാത്രമേ നല്ല സിനിമകളും അതിനു സംവിധായകന്റെ കയ്യൊപ്പും കാണാനാവൂ. ഇത്രയും പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാതെ ഇത്‌ ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധയ്ക്ക്‌ ഒരു കാര്യം

പറയട്ടെ ;

 

ഇതാണു ഒറ്റത്താപ്പ്‌"

ദിലീപ് എന്ന നടനെ മാത്രമാണ് ഇത്രയുംനാളും സിനിമാ ആസ്വാദകർ കണ്ടിരുന്നതെന്നാണ് സിനിമാ നിരൂപകനായ സുരേഷ് കുമാർ പറയുന്നത്, "ഇവിടെ "രാമലീല" എന്ന സിനിമ ബഹിഷ്‌ക്കരിക്കാനും വ്യാജ സിഡിക്കാരോട് അത് ഡൗൺലോഡ് ചെയ്ത് ആർമാദിക്കാനും ആഹ്വാനം ചെയ്യുന്നവർ ഒരു തരത്തിൽ പറഞ്ഞാൽ ദിലീപ് എന്ന നടനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നവരാണ്. സത്യം! നടൻ, സിനിമ എന്നീ ഘടകങ്ങൾക്കുമുപരി അവരുടെ പ്രതീക്ഷകൾക്കു മേൽ ദിലീപ് എന്ന വ്യക്തി കരിനിഴൽ വീഴ്ത്തിയതാണ്. അല്ലെങ്കിൽ അങ്ങനെ വീഴ്ത്തിയെന്ന് കേരളാ പോലീസും കോടതിയും പറഞ്ഞതാണ് ഇത്തരക്കാരുടെ അടങ്ങാത്ത രോഷത്തിനു കാരണം. അല്ലാതെ ദിലീപിനെ ഒരു സാധാരണ സിനിമാ നടനായിട്ടാണ് ഇവർ കാണുന്നതെങ്കിൽ ഇത്തരത്തിൽ ഒരു ആഹ്വാനങ്ങളും ഇവിടെ ഉണ്ടാകില്ലായിരുന്നു."

മലയാള സിനിമയുടെ ഒരു ദുര്യോഗം തന്നെയാണ് ഒരുതരത്തിൽ "രാമലീല" അനുഭവിക്കുന്നത്. സിനിമയിലെ മറ്റെന്തിനേക്കാളും താരങ്ങൾ വലുതാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണിതൊക്കെ തന്നെയും. രാമലീലയിൽ ഒരുപക്ഷെ ദിലീപ് കാസ്റ്റ് ചെയ്യപ്പെട്ടത് പോലും ഇതേ താരമൂല്യത്തിന്റെ "ഹിഡൻ അജണ്ട" മൂലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് രാമലീല ബഹിഷ്കരിക്കപ്പെടേണ്ടതെന്നു മറുപക്ഷവും അവകാശപ്പെടുന്നു. പക്ഷെ ഇവിടെ നഷ്ടപ്പെടുന്നത് നടനോ, മറ്റു സാങ്കേതിക പ്രവർത്തകർക്കോ ഒന്നുമല്ല. പണം നഷ്ടപ്പെട്ട പ്രൊഡ്യൂസറിനെ അവഗണിച്ചാൽ പോലും വർഷങ്ങളുടെ സ്വപ്നം സഫലമാക്കാൻ പിന്നാലെയോടിയ പുതുമുഖമായ സംവിധായകൻ മാത്രമാണ്. അതുമാത്രമാണ് രാമലീലയുടെ ഇപ്പോഴുള്ള അനുകൂല ഘടകവും.

justice

വിചാരണ തുടങ്ങുന്നതിനു മുൻപ് കുറ്റവാളിയാക്കി അവരോധിക്കാൻ ആകില്ല എന്നതാണ് നടനെ അനുകൂലിയ്ക്കാൻ ഫാൻസുകാർ അല്ലാത്തവരെ പ്രേരിപ്പിക്കുന്ന ഘടകം. വിചാരണ തുടങ്ങുന്നതോടെ മാറി മറിയാവുന്ന ഇത്തരം കണക്കുകൾ ഇനിയും കാണാൻ കിടക്കുന്നു. നടനെതിരെ ഇതുവരെയും വ്യക്തമായ തെളിവ് നിരത്താൻ പോലീസിനെക്കൊണ്ടായിട്ടില്ല എന്നാണു ലഭിക്കുന്ന വാർത്തകൾ. അങ്ങനെ വരുമ്പോൾ "അവനൊപ്പം" ഹാഷ് ടാഗുകൾ ഇനിയും കൂടുമോ എന്നും കാത്തിരിക്കേണ്ടി വരും.

എന്തു തന്നെയായാലും ശതമാനക്കണക്ക് എടുത്താൽ" അവൾക്കൊപ്പം" തന്നെയാണ് ഭൂരിപക്ഷം പേരും. നീതി ലഭിക്കേണ്ടത് വിചാരണ കാത്തു കിടക്കുന്ന "അവനു" മാത്രമല്ല "അവൾക്കുമാണ്". തനിക്കെന്താണ് സംഭവിച്ചത് എന്നറിയാനുള്ള എല്ലാവിധ അവകാശങ്ങളും ആ പെൺകുട്ടിയ്ക്കുണ്ട്. അതുകൊണ്ടു തന്നെ രണ്ടു മാസത്തെ അനുഭവങ്ങളെക്കാൾ കൂടുതൽ രണ്ടു മണിക്കൂറു കൊണ്ട് വേദന തിന്ന "അവൾക്കൊപ്പം"തന്നെ കൂടുതൽ ഹാഷ് ടാഗുകളും.