Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ക്രീൻഷോട്ടുകളിലൊടുങ്ങുന്ന സൗഹൃദങ്ങൾ

Mobile പ്രതീകാത്മക ചിത്രം.

എങ്ങനെയാണ് വാട്സ്ആപ് ഉപയോഗിക്കുക? എങ്ങനെയാണ് ഫെയ്‌സ്ബുക്ക് മെസെഞ്ചർ ഇൻസ്റ്റാൾ ചെയ്യുക? എന്നൊക്കെ ചോദ്യങ്ങൾ ചോദിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒത്തിരിയൊന്നുമായില്ല വെറും മാസങ്ങൾക്കു മുൻപ്.

ജനിച്ചു വീണു കൈയുറയ്ക്കുമ്പോൾ മുതൽ ടച്ച് സ്ക്രീനുകളിൽ വിരലുരുട്ടി എല്ലാം പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ ഇതൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷെ അതിനു മുൻപുണ്ടായ ഒരു തലമുറയ്ക്കു വരെ അതൊക്കെ അന്യമായിരുന്നതിനാൽ ആവശ്യമനുസരിച്ച് പഠിച്ചെടുക്കണമായിരുന്നു. പറഞ്ഞു വന്നത് എന്തെന്നാൽ ഇപ്പോൾ ആ പെൺകുട്ടിയുടെ ഫെയ്‌സ്ബുക്കിൽ ആവശ്യത്തിലധികം സ്ക്രീൻഷോട്ടുകളുടെ അതിപ്രസരമാണ്. സ്വകാര്യ മെസേജുകളിൽ പറയുന്ന കാര്യങ്ങൾ ഒന്നൊഴിയാതെ എല്ലാം പബ്ലിക്കാക്കി മറുപടികൾ നൽകുന്നു.

സ്‌ക്രീൻ ഷോട്ടുകളുടെ ഉപദ്രവം മെസേജ് ഫോൾഡറിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. ഒരാളെക്കുറിച്ച് എന്തെങ്കിലുമൊരു കാര്യം മറ്റൊരാളോടു പറയുന്നത് ആ ആൾ ഈ പറഞ്ഞ കാര്യങ്ങളൊന്നും മറ്റാരോടും പങ്കുവെയ്ക്കില്ല എന്ന ഉറപ്പിന്മേലാണ്. എന്നാൽ ആ ഉറപ്പുകൾ ലംഘിക്കപ്പെടുകയും ആ രഹസ്യങ്ങൾ സ്ക്രീൻഷോട്ടുകളായി പങ്കുവെയ്ക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്.

ചില പുരുഷന്‍മാര്‍ സന്ധ്യയായാല്‍ രണ്ടോ മൂന്നോ പെഗ്ഗും അടിച്ചാവും മിക്കവാറും സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ പരതാനിരിക്കുന്നത്. തരക്കേടില്ല എന്നു തോന്നുന്ന ഒരു സ്ത്രീയെ വളരെ മാന്യമായി സമീപിക്കാനും ഇവര്‍ക്കറിയാം. കുറച്ചു ദിവസത്തെ അല്ലെങ്കില്‍ മണിക്കൂര്‍ നേരത്തെ ചാറ്റിങ്ങു കൊണ്ട് മനസ്സിലാക്കാം അപ്പുറത്തിരിക്കുന്ന സ്ത്രീ ഏതു തരക്കാരിയാണെന്ന്. പിന്നെ പതുക്കെ വിഷയങ്ങള്‍ മാറ്റിയേക്കാം. ആദ്യമൊക്കെ എതിര്‍പ്പു പ്രകടിപ്പിച്ചാലും ചില സ്ത്രീകള്‍ അതിനൊത്ത് വഴങ്ങി കൊടുക്കും. മറ്റൊന്നുമില്ലല്ലോ ഹോട്ട് ചാറ്റ് മാത്രമല്ലേയുള്ളൂ ഇതാണ് അവരുടെ വിശ്വാസം. മറ്റു ചിലര്‍ ഹോട്ട് ചാറ്റുമായി വന്ന സുഹൃത്തിനെ കണ്ണടച്ച് തെറി വിളിച്ച് ആക്ഷേപിക്കുന്നു. പരസ്യമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നു. ഇന്ന് എഫ് ബി യില്‍ വരുന്ന  ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്കു പിന്നിലും പകയാണ്. 

Woman Using Mobile Phone And Laptop പ്രതീകാത്മക ചിത്രം.

പെണ്ണിന് മാത്രം കിട്ടുന്ന ചില കഴിവുകളുണ്ട്. ഒരു പുരുഷന്‍റെ സംസാരത്തിലെ വൈചിത്ര്യങ്ങള്‍ അവള്‍ക്ക് പെട്ടെന്ന് പിടിച്ചെടുക്കാം. അതു മനസ്സിലായിട്ടും ആ ചാറ്റ് തുടരുക എന്നാല്‍ അയാള്‍ക്ക് കിട്ടിയ ഗ്രീന്‍ സിഗ്നല്‍ തന്നെയാണത്. ഇനിയിപ്പോള്‍ ഏറ്റവുമടുത്ത സുഹൃത്താണ് അത്തരത്തില്‍ അശ്ലീലം പറയുന്നതെങ്കില്‍ അതും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം. പല സ്ത്രീകളും ഈ അവസരത്തിലാണ് പബ്ലിക് പോസുകള്‍ ദുരുപയോഗം ചെയ്യുന്നതും തെറി പദങ്ങള്‍ ഉപയോഗിക്കുന്നതും. ഇത് ആ വ്യക്തിയുടെ പക കൂട്ടാനേ ഇടയാക്കൂ എന്നതില്‍ സംശയം വേണ്ട.

വളരെ മാന്യമായി തന്നെ ചിരിച്ചു കൊണ്ട് എനിക്കു താല്‍പ്പര്യമില്ല എന്നു പറഞ്ഞാല്‍ അവിടെ തീര്‍ന്നു. പിന്നെ സംസാരമില്ല അവിടെ തീര്‍ന്നു ആശയവിനിമയം. മറുപടികള്‍ കാത്തു നിന്നാല്‍ പിന്നെയും ബിപി കൂടും. സഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ ഒഴിവാക്കാന്‍ ബ്ലോക്ക് എന്ന ഓപ്ഷനുമുണ്ട്.  വൈകാരികതയെ മുന്‍നിര്‍ത്തിയല്ലാതെ ഇത്തരം വിഷയത്തില്‍ ബുദ്ധിപരമായി നേരിടാൻ സ്ത്രീകള്‍ക്ക് കഴിയണം. ചിലയിടങ്ങളില്‍ ഒച്ചയിടുന്നതല്ല നിശബ്ദമായിരിക്കുന്നതു തന്നെയാണ്, ബുദ്ധി. സംസാരിക്കാൻ വരുന്ന ഒരാളുടെ സംസാര രീതി മാറുമ്പോള്‍ തന്നെ അവള്‍ക്കതു മനസ്സിലാക്കാം. അവിടെ നിര്‍ത്താനുള്ള ചങ്കൂറ്റം എന്ന് ഒരു സ്ത്രീ കാണിക്കുന്നുവോ അന്നേ അവള്‍ ബുദ്ധിമതിയാകൂ. അതിനു പകരം അയാളുടെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പരസ്യപ്പെടുത്തുന്നതിലൂടെ പലതും അവർ പറഞ്ഞു വയ്ക്കുന്നു. സാഹചര്യങ്ങൾ മൂലം വരുന്ന പല സന്ദേശങ്ങളും ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്നു, ആ വ്യക്തി പരിഹാസപാത്രമാക്കപ്പെടുന്നു. 

സ്ക്രീൻഷോട്ട് കഥകളിൽ ഏറ്റവുമധികമുള്ളത് ഏറ്റവും ഇഷ്ടപ്പെടുന്ന പലരുടെയും അല്ലെങ്കിൽ സൗഹൃദമുണ്ടായിരിക്കുന്ന പലരുടെയും സന്ദേശങ്ങളെ ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തമെന്ന തരത്തിൽ അവതരിപ്പിക്കുക എന്നതാണ്. ആ അഭിപ്രായം ഒരുപക്ഷെ ആ സാഹചര്യത്തെ അവരെങ്ങനെ കൈകാര്യം ചെയ്തു എന്നുള്ളതിനെ മാത്രം കുറിക്കുന്നതായിരിക്കാം. പക്ഷെ അത് അവരുടെ ഔദ്യോഗികമായ സ്വഭാവമായി പിന്നീട് വ്യാഖ്യാനിക്കപ്പെടുന്നു.

പുരുഷന്മാരും സ്ത്രീകളും ഇക്കാര്യത്തിൽ മോശക്കാരല്ല. ഏറ്റവും കൂടുതൽ പ്രണയ സംബന്ധിയായ വിഷയങ്ങളിലാണ് ഇത്തരം സ്ക്രീൻഷോട്ടുകൾ പ്രചരിക്കപ്പെടുക. അല്ലെങ്കിലും ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളിലിടം നേടണമെങ്കിൽ അവർ മതത്തെക്കുറിച്ചോ രാഷ്ട്രീയത്തെ ക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ സംസാരിക്കുന്നവരാവണം. തീർച്ചയായും പക്ഷം എന്നൊന്നില്ല. ഒരു നാണയത്തിനു ഇരു വശങ്ങൾ ഉണ്ടായിരിക്കുന്നത് പോലെ എല്ലാ വിഷയങ്ങൾക്കുമുണ്ട് ഈ രണ്ടു പക്ഷങ്ങൾ. സ്വന്തം പക്ഷം ഉയർത്തിപ്പിടിക്കാൻ പണ്ടെങ്ങോ അടുത്ത സുഹൃത്തായിരുന്ന ആൾ പറഞ്ഞ സന്ദേശങ്ങൾ തപ്പിയെടുത്ത് സ്‌ക്രീൻ ഷോട്ട് ഇടുന്നവരുമുണ്ട്. 

x-default പ്രതീകാത്മക ചിത്രം.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത് മറ്റുള്ളവരുടെ നേർക്കുള്ള ഭർത്സനങ്ങൾ തന്നെയാണ്. ഒരാളുടെ കുറ്റങ്ങളും അയാളിലേക്ക് നീളുന്ന ആരോപണങ്ങളും കേൾക്കുന്നത് നല്ല സുഖമുള്ള കാര്യമാണെന്നാണ് പൊതുവെ സമൂഹമാധ്യമങ്ങളുടെ അഭിപ്രായം. പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും പ്രണയത്തിന്റെ മനോഹരമായ അനുഭവങ്ങളേക്കാൾ കൂടുതൽ വായിക്കപ്പെടുന്നത് പ്രണയ പരാജയ അനുഭവങ്ങൾ (ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ തേപ്പ് കിട്ടിയ അനുഭവങ്ങൾ) ആണെന്നും വ്യക്തമാണ്.

മറ്റൊരാളുടെ ബുദ്ധിമുട്ടുകളിലും സങ്കടങ്ങളിലും അഭിപ്രായങ്ങൾ പറഞ്ഞില്ലെങ്കിൽ പോലും മറഞ്ഞു നിന്ന് കാണുന്നതും വളരെ ആനന്ദമുള്ള അനുഭവം തന്നെ എന്ന് വെളിപ്പെടുത്തുന്നു പലരും. സ്ക്രീൻഷോട്ടുകൾ പലപ്പോഴും നഷ്ടപ്പെടുന്നത് സൗഹൃദങ്ങളും വിശ്വാസങ്ങളും തന്നെയാകും. സ്ക്രീൻഷോട്ടുകളിൽ എഡിറ്റിംഗ് നടത്താൻ കഴിയും എന്നുള്ളതുകൊണ്ട് തന്നെ അവ വിശ്വസനീയമായ തെളിവുകളും ആകുന്നില്ല. കണ്ണുമടച്ച് സ്ക്രീൻഷോട്ടുകളെ വിശ്വസിക്കുമ്പോൾ അതിനു പിന്നിലെ മനോ വികാരങ്ങളും സാഹചര്യങ്ങളും പരിഗണിച്ചില്ലെങ്കിലും അതിനെ കുറിച്ച് ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.