Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെവച്ചാണ് അവന്റെ കണ്ണിലെ നക്ഷത്രം ഉരുകി താഴെ പോയത്?

സൗഹൃദങ്ങളുടെ നിറമഴകൾക്കു ചുറ്റിലും പച്ചത്തുരുത്തുകളുടെ ആർപ്പുവിളികൾ. പരിഭ്രമത്തിന്റെ ചങ്കുരുട്ടലുകൾ.. സൗഹൃദങ്ങളുടെ നിറമഴകൾക്കു ചുറ്റിലും പച്ചത്തുരുത്തുകളുടെ ആർപ്പുവിളികൾ. പരിഭ്രമത്തിന്റെ ചങ്കുരുട്ടലുകൾ..

സ്‌കൂൾ കാലത്തിന്റെ വേവിച്ച പയർ മണങ്ങളിൽ നിന്നും വിടുതൽ നേടി ഏതു വഴിയേ ആണ് പോകേണ്ടതെന്നറിയാതെ പകച്ചിരുന്ന നേരമാണ് നഗരത്തിലെ സ്‌കൂളിലേക്ക് ട്രാൻസ്ഫർ.

യു പി സ്‌കൂൾ കുട്ടിയായി മാറിയതിന്റെ സന്തോഷത്തേക്കാളേറെ എന്നും ബസിൽ സ്‌കൂളിൽ പോകാമല്ലോ എന്ന സന്തോഷത്തിന്റെ സുഖം. യു പിയും കടന്നു ഹൈസ്‌കൂൾ ആയപ്പോൾ ഒരു നക്ഷത്രം എപ്പോഴും തൊട്ടു മുന്നിലൂടെ കടന്നു പോയെന്നു പോലെ തോന്നി. വലിയ കുട്ടി ആയിരിക്കുന്നു. ബസിന്റെ മുൻ സീറ്റിലേക്ക് ചാഞ്ഞിരിക്കുമ്പോൾ ഒരായിരം കണ്ണുകളാൽ തറഞ്ഞെന്ന പോലെ പകച്ചിരിക്കാൻ തോന്നുന്നവളാകുന്നു . എപ്പോഴാണ് കണ്ണിൽ നിന്നും ഒരു നക്ഷത്രം ഹൃദയത്തിലേക്ക് ആദ്യമായി തെളിഞ്ഞു കത്തിയത്? 

ചന്ദനത്തിരിയുടെ മണമായിരുന്നു എപ്പോഴും പോകുന്ന ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ. ദീപാരാധനയുടെ ഒടുവിൽ അയ്യപ്പൻറെ നടയുടെ മുന്നിൽ നിന്ന് ശരണം വിളികൾ ഉറക്കെ മുഴങ്ങുമ്പോൾ കണ്ണുകൾ മെല്ലെ പാളിപ്പോകും... എല്ലാവരും ഒന്നിച്ചു മുഴക്കുന്ന ശരണം വിളിയുടെ അവസാനം അവന്റെ രണ്ടു കണ്ണുകൾ നെയ്‌വിളക്കിലെ ദീപം പോലെ നിറയെ എണ്ണയിട്ട് തെളിഞ്ഞു കത്തുന്നുണ്ടാവും.

അവന്റെ കണ്ണുകളിലാണ് ആദ്യമായി അഗ്നി പ്രതിഫലിച്ചു കണ്ടത്. ദീപാരാധനയ്ക്കു മുൻപ് അപ്പുറവും ഇപ്പുറവും നിന്ന് വിളക്കു കൊളുത്തുമ്പോൾ ചുണ്ടിൽ വിടരുന്ന ഏറ്റവും മൃദുലമായ പുഞ്ചിരിയ്ക്കൊപ്പം കണ്ണുകളിൽ അപ്പോൾ തെളിച്ച വെളിച്ചം എരിഞ്ഞു കത്തും. ഒപ്പം നിലാവ് വീഴുന്ന അവന്റെ മുടിയിഴകളും. എന്ത് കണ്ടിട്ടാവണം ആ കണ്ണുകൾ ഒരാളെ കാണുമ്പോൾ മാത്രം ഇങ്ങനെ തിളങ്ങുന്നത്?

x-default എപ്പോഴാണ് കണ്ണിൽ നിന്നും ഒരു നക്ഷത്രം ഹൃദയത്തിലേക്ക് ആദ്യമായി തെളിഞ്ഞു കത്തിയത്?

ആദ്യമായി അവന്റെ വിളികൾ അമ്പലമതിലിൽ തട്ടി പ്രതിധ്വനിച്ചു കാതിലെത്തുമ്പോൾ നിലവിളക്കു കൊളുത്താൻ കാത്തു നിൽക്കാതെ സന്ധ്യയ്ക്ക് മുൻപ് വീടെത്താൻ പിന്തിരിഞ്ഞു നടക്കുകയായിരുന്നു.

"ഗൗരിക്കുട്ടീ..........."

സൗഹൃദങ്ങളുടെ നിറമഴകൾക്കു ചുറ്റിലും പച്ചത്തുരുത്തുകളുടെ ആർപ്പുവിളികൾ. പരിഭ്രമത്തിന്റെ ചങ്കുരുട്ടലുകൾ..

നെഞ്ചിടിപ്പുകൾ..

.

പേര് ഗൗരിക്കുട്ടീ എന്നല്ലെന്നു ഉറക്കെ പരിഭവിച്ചു പറയണമെന്ന് തോന്നിയപ്പോഴും ആഴത്തിൽ അന്ന് മുതൽ ആ പേരിനെ അത്രമേൽ സ്നേഹിച്ചു തുടങ്ങി. 

വെറുതെ കൂട്ടുകാരോട് ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു,

"ഇനി മുതൽ നീയെന്നെ ഗൗരീന്നു വിളിച്ചാ മതി..."

"പിന്നെ , പഷ്ട് പേര്..."-അവളുടെ പുച്ഛത്തിനു മുകളിൽ ദേഷ്യത്തിന്റെ നോട്ടം പായിച്ച് അടങ്ങാത്ത മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...

ഗൗരിക്കുട്ടി നല്ല പേരാണ്...

പിന്നെയും ആ വിളി കേൾക്കാൻ, പോയ വഴികളിലും കാത്തു നിൽക്കുന്ന വഴികളിലൊമൊക്കെ ചെവി നീട്ടിയെറിഞ്ഞു...

അവന്റെ പേര് ഉണ്ണി എന്നാണെന്നു ആരൊക്കെയോ പറഞ്ഞു... അല്ല, ആരും പറഞ്ഞു തന്നതല്ല, ഏതോ അമ്പല ദിവസത്തിലെ നീണ്ട കണ്മിഴികളിൽ നിന്നും മനസ്സിനെ മാറ്റിയെടുത്തപ്പോൾ ആരോ വിളിച്ച് കേട്ടതാണ്. കൊള്ളാം.. ഉണ്ണിയേട്ടാ എന്ന് വിളിക്കാൻ സുഖമുണ്ട്...

ഉണ്ണിയേട്ടന്റെ ഗൗരിക്കുട്ടിയ്ക്ക് ആയിടെ എപ്പോഴോ വായിച്ച ഏതോ പൈങ്കിളി കഥയിലെ ശാലീന ഭംഗിയുണ്ട്. 

"പമ്പ വിളക്കിനു വരുമോ നീ 

പന്തളത്തിലെ പൗർണ്ണമിയെ..."

വരുമ്പോഴൊക്കെ ക്ഷേത്രത്തിൽ നിന്നും ഉറക്കെ കേൾക്കുന്ന പാട്ടിന്റെ ആദ്യ വരികളിലേയ്ക്ക് അവൻ ഇടയ്ക്കിടയ്ക്ക് ചോദ്യമെറിഞ്ഞു. ദീപാരാധന നട തുറക്കുന്നതിനു തൊട്ടു മുൻപ് മറ്റാരും കാണാതെ ഇരുട്ടിന്റെ പിന്നിലൊളിച്ചു ഞാൻ നിന്നെ കെട്ടിക്കോട്ടെ എന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. പ്രണയം പരക്കുന്നതോടെ അവരുടെ ഭാഷ ആംഗ്യത്തിന്റെയും മൗനത്തിന്റേതുമായി പരിണമിയ്ക്കുമെന്ന് പിന്നെയും എത്രയോ കഴിഞ്ഞാണ് കണ്ടെടുത്തത്, പക്ഷെ അതിനും മുൻപ് അവനത് പറയാതെ പറഞ്ഞിരുന്നല്ലോ എന്നോർമ്മിക്കുന്നു...

x-default ദീപാരാധനയ്ക്കു മുൻപ് അപ്പുറവും ഇപ്പുറവും നിന്ന് വിളക്കു കൊളുത്തുമ്പോൾ ചുണ്ടിൽ വിടരുന്ന ഏറ്റവും മൃദുലമായ പുഞ്ചിരിയ്ക്കൊപ്പം കണ്ണുകളിൽ അപ്പോൾ തെളിച്ച വെളിച്ചം എരിഞ്ഞു കത്തും.

അന്നവൻ യാത്ര പോവുകയായിരുന്നു... ദൂരെയെവിടെയോ ജോലി അന്വേഷിച്ച് പോകുമ്പോൾ ഇതുവരെ ഒരുവാക്ക് പോലും പറയാതെ കണ്ണുകളിലും മൗനത്തിലും ആംഗ്യത്തിലും മാത്രം പ്രണയം പങ്കു വച്ച പ്രിയപ്പെട്ടവളോട് എങ്ങനെ പറയാൻ...! ബസ് സ്റ്റോപ്പിന്റെ കനത്ത നിശബ്ദതയിൽ ആരൊക്കെയോ കേൾക്കാൻ അവന്റെ ഉറക്കെയുള്ള ശബ്ദത്തിലെ കലമ്പലുകൾ ഒരുവൾ മാത്രം തിരിച്ചറിഞ്ഞു...

"നാളെ ഞാൻ പോകുന്നു... ദൂരെയൊരിടത്ത് ജോലി കിട്ടി..."

പെട്ടെന്ന്  ഉള്ളിൽ നിന്നും കയറി വന്ന സങ്കടത്തിന്റെ ശ്വാസം മുട്ടൽ കണ്ണുകളെയും നെഞ്ചിനെയും എരിയിച്ച് കളഞ്ഞു. പാട വീണു മൂടിയ മിഴികളിൽ നിന്നും അവൻ മെല്ലെ മറഞ്ഞു വരുമ്പോൾ കാത്തിരിപ്പിന്റെ നീണ്ട ദിനങ്ങളുമായി കലഹം ആരംഭിക്കേണ്ടതുണ്ടായിരുന്നുവല്ലോ... കാരണമറിഞ്ഞില്ല, അധികം വൈകാതെ അവൻ തിരികെയെത്തി... നാടും അമ്പലവും സൗഹൃദങ്ങളും പിന്നെയൊരു മൗനപ്രണയവും വിട്ടു എത്ര ദൂരം പോകാനാണ്... !

ചിരിക്കാൻ തോന്നി...

എന്നിട്ടും സംസാരിക്കാത്ത ഉണ്ണിയേട്ടനോട് പരിഭവവും...

അമ്പലത്തിലെ ഉത്സവത്തിന് കുതിരയെടുക്കുന്ന പരിചിത മുഖങ്ങളിൽ പിന്നെയെന്നും അവനുണ്ടായിരുന്നു. വീടിനടുത്തെത്തുമ്പോൾ വേഗം കുറച്ച് , ആരെയൊക്കെയോ തിരയുന്നത് പോലെ ചുറ്റും നോക്കി ഒന്ന് കാണുമ്പോൾ കണ്ണിൽ നക്ഷത്രങ്ങൾ നിറച്ച് , ആരും കാണാതെ നെഞ്ചു നിറച്ചൊരു ചിരി തന്നു പിന്നെയവൻ നടന്നു പോകും...

x-default അപ്പോഴും ദീപാരാധനയും അവന്റെ കണ്ണിലെ ദീപങ്ങളും മറ്റാർക്കും നൽകാത്ത നിഗൂഡമായ ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളു.

"നിനക്ക് അയാളെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ?"- കൂട്ടുകാരിയുടെ ചോദ്യത്തിലെ പന്തികേട് ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ല. പ്രണയത്തിൽ സംശയങ്ങളുണ്ടാകാൻ പാടില്ലെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് ചോദ്യങ്ങൾ ഉയർത്തിയതുമില്ല, എന്നിട്ടും അവൾ പറഞ്ഞു.

"അയാൾ ഒരുപാട് പെമ്പിള്ളേരുടെ പുറകെ നടക്കുന്നുണ്ട്...",

കനത്ത ശക്തിയിൽ നിർമ്മിച്ച ഒരു മതിലിന്റെ പുറത്ത് അതി ശക്തമായി ഇടിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ഇടിച്ച് കയറുന്ന വാക്കുകൾക്കു മുന്നിൽ പോലും മൗനിയാകാൻ പഠിച്ചു. 

അപ്പോഴും ദീപാരാധനയും അവന്റെ കണ്ണിലെ ദീപങ്ങളും മറ്റാർക്കും നൽകാത്ത നിഗൂഡമായ ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളു.

എവിടെ വച്ചാണ് ആ അഗ്‌നി കെട്ടു പോയത്?

ആ മൗനത്തിനൊപ്പം നടന്നിരുന്നെങ്കിൽ ദീപങ്ങൾ തെളിയുന്ന ആ കണ്ണിലെ ഒരിക്കലും കെടുത്താൻ ആകില്ലെന്ന് കരുതിയ ഊർജ്ജമായി മാറിയേനെ!

ജീവിതം ചിലപ്പോഴൊക്കെ എത്ര സരസനാണ്!

x-default ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന നെഞ്ചിടിപ്പുകൾ മെല്ലെ ഇല്ലാതാകുന്നതും ഒരു മഴ വന്നു എല്ലാം കടലെടുക്കുന്നതും കണ്ടിരുന്നു. അപ്പോഴും ആകസ്മികമായി മുന്നിൽ വന്നു പെടുമ്പോൾ ഒരു കനൽ അവൻ സൂക്ഷിച്ചിരുന്നു... എത്ര ദൂരേയ്ക്ക് പോയപ്പോഴും ആ കനൽ അങ്ങനെ തന്നെ ഉണ്ടാകുമെന്നാണ് കരുതിയത്...

സ്വപ്‌നങ്ങൾ വാക്കുകളായി പങ്കു വയ്ക്കുന്നതിനും എത്രയോ മുൻപ് മൗനത്തിൽ നിന്ന് തന്നെ ഇരു കരകളായി മാറിപ്പോയവരായി തീർന്നപ്പോൾ പ്രണയത്തിന്റെ നിർവ്വചനം ആദ്യമായി തെറ്റിപ്പോയി. ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന നെഞ്ചിടിപ്പുകൾ മെല്ലെ ഇല്ലാതാകുന്നതും ഒരു മഴ വന്നു എല്ലാം കടലെടുക്കുന്നതും കണ്ടിരുന്നു. അപ്പോഴും ആകസ്മികമായി മുന്നിൽ വന്നു പെടുമ്പോൾ ഒരു കനൽ അവൻ സൂക്ഷിച്ചിരുന്നു... എത്ര ദൂരേയ്ക്ക് പോയപ്പോഴും ആ കനൽ അങ്ങനെ തന്നെ ഉണ്ടാകുമെന്നാണ് കരുതിയത്...

പക്ഷെ... വർഷങ്ങൾക്കിപ്പുറം ഒരു തിരിച്ചു വരവിൽ ഉത്സവ മേളങ്ങൾക്കിടയിൽ വച്ച് കാണുമ്പോൾ അവന്റെ മുഖം തിരഞ്ഞു...

പിന്നെ ആ മുഖം ആൾക്കൂട്ടത്തിനിടയിലെവിടെയോ കണ്ടെത്തി...

പക്ഷെ... പെട്ടെന്ന് കണ്ടപ്പോഴുണ്ടായ വെളിച്ചത്തിൽ പോലും അവന്റെ കണ്ണുകളിലെ നിസംഗത തകർത്തു കളഞ്ഞു. 

എവിടെ പോയിട്ടുണ്ടാകും ആ കണ്ണുകളിലെ നക്ഷത്രങ്ങൾ...

ഏതു നിലവിളക്കിൽ പടു തിരി കത്തി പോയിട്ടുണ്ടാകും ആ മിഴിയിലെ ദീപങ്ങൾ...!

ചുണ്ടിൽ വിരിഞ്ഞ ചിരിയ്ക്കു പോലും നഷ്ടപ്പെട്ടു പോയ നിഗൂഢതയുടെ തേങ്ങൽ...

ഗൗരിക്കുട്ടിയുടെ ഉണ്ണിയേട്ടനിൽ നിന്നും താങ്ങാനാകാത്ത ഭാരങ്ങൾ പേറുന്ന മറ്റാരിലേയ്ക്കോ ആ കണ്ണുകളും നെഞ്ചിടിപ്പുകളും മാറിപ്പോയിരിക്കുന്നു...

നനഞ്ഞു പോയ കണ്ണുകളെ കൊണ്ട് തലയുയർത്തി നോക്കുമ്പോൾ തൊട്ടടുത്ത് നിന്ന് അവന്റെ നിശബ്ദമായ ചോദ്യം മാത്രം കാണുന്നുണ്ട്... ചിരിയസ്തമിച്ച ചുണ്ടുകൾ ചലിക്കുന്നുണ്ട്.... 

അത് ഇങ്ങനെ ചോദിക്കുന്നു 

"നിനക്ക് സുഖമാണോ...."