Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ച് കൊടുത്തു മയക്കുന്ന ആൺ പീഡോഫീലിയകൾ

x-default പീഡോഫീലിയ എന്ന മനോവ്യാപാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുമ്പോൾ‍ ചങ്കിടിയ്ക്കുന്നത് പെൺകുട്ടികൾ വീട്ടിലുള്ള മാതാപിതാക്കൾക്കു തന്നെയാണ്.

പതിനൊന്നും ഒൻപതും വയസ്സായ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യ കണ്ണുമുമ്പിലാണ് നടന്നതെന്ന് തോന്നുന്നുണ്ട്. അപ്പോൾ അതിനു മുൻപ് നടന്ന പതിനാറു വയസ്സുകാരിയുടെ കേസോ... അതുപോലെ ഈയടുത്ത് നടന്നുകൊണ്ടിരിക്കുന്ന എത്രയോ പെൺകുഞ്ഞുങ്ങളുടെ കഥകൾ. പെൺകുട്ടികളുടെ ആത്മഹത്യയിലേക്കു ശ്രദ്ധ ചെന്നു കയറുന്നതിനു കുറച്ചു ദിവസം മുൻപാണ് സോഷ്യൽ മീഡിയയിൽ മഞ്ച് കൊടുത്ത് അഞ്ചാംക്ലാസുകാരിയുടെ കാമം നേടാൻ ശ്രമിക്കുന്ന യുവാവിനെയും അയാളെ അനുകൂലിയ്ക്കുന്ന ചില ബുദ്ധിജീവികളെയും കണ്ടതെന്നും ഓർക്കുന്നു. എന്തെങ്കിലും ലഭിക്കുമ്പോൾ പകരം എന്തെങ്കിലും നൽകണമല്ലോ. ഐസ്ക്രീമും ചോക്ലേറ്റും നൽകി ഒരു പെൺകുട്ടിയുടെ പിഞ്ചു ശരീരത്തിന് വിലപേശുമ്പോൾ പീഡോഫീലിയ എന്ന മാനസിക രോഗം അതിന്റെ സർവ്വ അതിരുകളും ലംഘിക്കുന്നു.

പീഡോഫീലിയ എന്ന മനോവ്യാപാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുമ്പോൾ‍ ചങ്കിടിയ്ക്കുന്നത് പെൺകുട്ടികൾ വീട്ടിലുള്ള മാതാപിതാക്കൾക്കു തന്നെയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളോട് മുതിർന്നയാളുകൾക്കു തോന്നുന്ന ലൈംഗിക ആകർഷണവും കാമപൂർത്തീകരണവുമാണ് പീഡോഫീലിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് കുഞ്ഞുങ്ങളെ മുതിർന്നവർ തങ്ങളുടെ ലൈംഗിക ഉപകരണമാക്കുന്നു? സൗകര്യവും സുരക്ഷിതത്വവുമാണ് ഏറ്റവും വലിയ ഘടകം. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയോ അവർക്കിഷ്ടമുള്ള എന്തെങ്കിലും വസ്തുക്കൾ നൽകിയോ തങ്ങളുടെ ലൈംഗികാകർഷണത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടു വരാനാകും എന്ന വിശ്വാസം. ചെയ്യുന്ന തെറ്റിന്റെ ആഴമറിയാതെ കുട്ടികൾ ലൈംഗികതയിലേക്ക് ആകർഷിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെയാണ് പീഡോഫീലിയ ബാധിതർ തങ്ങളുടെ തെറ്റിനെ മനഃപൂർവ്വമാണെങ്കിലും ന്യായീകരിയ്ക്കാൻ ശ്രമിക്കുന്നതും. എല്ലായ്പ്പോഴും ആകർഷിക്കുകയുമല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയും കുഞ്ഞുങ്ങളെ ഏറെക്കുറെ നിശ്ശബ്ദരാക്കാനും ഇവർ ശ്രമിക്കാറുണ്ട്.


കുട്ടികൾക്കു ലൈംഗികത ആസ്വദിയ്ക്കാൻ കഴിയുമോ? ഈ ചോദ്യം അത്രത്തോളം പ്രസക്തവുമാണ്. കഴിയും എന്നു തന്നെയാണ് ശാസ്ത്രത്തിന്റെ ഉത്തരം. പക്ഷെ ലൈംഗികതയെ അതിന്റേതായ ആഘോഷങ്ങളിലല്ല മറിച്ച് അതിന്റെ ഇക്കിളിപ്പെടുത്തലുകളിൽ ശരീരം ആസ്വദിക്കപ്പെടുന്നു എന്നതാണ് സത്യം. പക്ഷെ എപ്പോഴാണ് കുട്ടികൾ മാനസിക പ്രശ്‌നങ്ങളിലേയ്ക്കു വീണുപോകുന്നത്? കുട്ടിത്തത്തിൽ നിന്നും വളർന്നു മുതിർന്ന ചിന്തകളിലേക്ക് എത്തുകയും ശരീരം എന്നാൽ അവനവന്റേതു മാത്രമാണെന്ന തിരിച്ചറിയലുകൾ ലഭിക്കുമ്പോഴുമാണ് അറിയാത്ത പ്രായത്തിൽ അപരിചിതനായ ഒരാളാൽ ശരീരം ഉപയോഗപ്പെട്ടു എന്ന് അവൾ തിരിച്ചറിയുക. അതോടെ അവൾ വീണു പോകുന്ന ഒരു വലിയ ഗർത്തമുണ്ട്. നിരാശയുടെയും മാനസിക സംഘർഷങ്ങളുടെയും ആഴമേറിയ കടലിൽ വീണതു പോലെ അവൾ തകർന്നു പോകാനും ആ ചിന്തകൾ മതി. വീണ്ടുമൊരു ജീവിതത്തിലേയ്ക്ക് എത്തിപ്പെടുമ്പോഴും സ്വന്തം ശരീരത്തിനോടുള്ള വെറുപ്പ് പലപ്പോഴും പലതരത്തിലും അവൾ പ്രകടിപ്പിക്കുന്നതോടെ ദാമ്പത്യത്തിൽപ്പോലും അസ്വാരസ്യങ്ങൾ വർധിച്ചു തുടങ്ങും. ഒപ്പം പുരുഷനെക്കുറിച്ചുള്ള ചിന്തകൾ പോലും അവൾക്കു വെറുപ്പായിത്തുടങ്ങാം. ഇതൊക്കെ സാധ്യതകളാണ്. പക്ഷെ ബാല്യത്തിൽ അതിക്രൂരമോ അല്ലാത്തതോ ആയ ശാരീരിക ഉപദ്രവങ്ങൾ നേരിട്ട സ്ത്രീകളുടെ പിന്നീടുള്ള മാനസിക നിലകൾ അപഗ്രഥനം ചെയ്‌താൽ ഈ സത്യത്തിലേക്ക് തന്നെയാണ് എത്തിച്ചേരുക.

child-abuse പീഡോഫീലിയ എന്ന അവസ്ഥ ഒരു മനോരോഗത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് തന്നെ അതിനെ കുറ്റകൃത്യത്തിന്റെ പിടിയിൽ വരാതെയിരിക്കാനും ന്യായീകരിയ്ക്കാനും പലർക്കും കഴിയുന്നുണ്ട് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ഒരു വനിതാദിനം കൂടി കഴിഞ്ഞു പോകുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ആശങ്കപ്പെടുത്തുന്ന വിധത്തിൽ വർധിക്കുന്നത് ദുസ്സൂചനയാണ്. അതിൽ പലരും ആത്മഹത്യ ചെയ്യുന്നത് അപകടങ്ങളിലേയ്ക്ക് ഒരു സമൂഹത്തെ നയിക്കുന്നു എന്ന ഭീതിയുമുണ്ടാക്കുന്നു. സമൂഹത്തിന്റെ നാളത്തെ നട്ടെല്ല് കുട്ടികൾ ആകുമ്പോൾ അതിൽ വന്നുപെടുന്ന പുഴുക്കുത്തുകൾ ഭാവിയിലേക്കുള്ള അപകടസാധ്യതകളുമാണ്. ഇന്നും ഇന്നലെയുമല്ല പീഡോഫീലിയ മാനസിക രോഗമായി നാം ഉൾക്കൊണ്ട് തുടങ്ങുന്നത്. എലന്‍ ബാസ്സും ലോറ ഡേവിസും ചേര്‍ന്നെഴുതിയ The Courage to Heal- Guide for adult women survivors of child sex abuse എന്ന പുസ്തകം ഈ രോഗാവസ്ഥയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പീഡോഫീലിയ എന്ന അവസ്ഥ ഒരു മനോരോഗത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ട് തന്നെ അതിനെ കുറ്റകൃത്യത്തിന്റെ പിടിയിൽ വരാതെയിരിക്കാനും ന്യായീകരിയ്ക്കാനും പലർക്കും കഴിയുന്നുണ്ട് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മഞ്ച് കൊടുത്ത് പ്രലോഭിപ്പിച്ച് അഞ്ചാം ക്ലാസ്സുകാരിയോടുള്ള കാമം പ്രകടിപ്പിച്ച യുവാവിനെ ന്യായീകരിയ്ക്കാനും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഇതേ വികാരത്തോടു കൂടി തന്നെയാണ് മാസങ്ങൾക്കു മുൻപ് വിവാദമായ ഒരു ഷോർട്ട് ഫിലിമും പുറത്തിറങ്ങിയത്. കുട്ടികൾക്കും താൽപ്പര്യമുള്ള പക്ഷം അതിലെന്താണ് തെറ്റെന്നാണ് ന്യായവാദം. പതിനാറു വയസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച് ഗർഭിണിയാക്കിയ വ്യക്തി മുതൽ വയസ്സായ സ്ത്രീയെ ഉപയോഗിച്ച വ്യക്തി വരെ ജാതിമതഭേദമന്യേ അവനവന്റെ മനോനിലകൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചവർ തന്നെയാണ്. സ്വന്തം ചിന്തകൾ സമൂഹത്തിന്റെയും മറ്റൊരു വ്യക്തിയുടെയും മനോനിലയ്ക്കും സമൂഹത്തിൽ അപകടത്തിനു കാരണമാകുന്നുണ്ടെങ്കിൽ ആ മാനസിക നില ചോദ്യം ചെയ്യപ്പെടേണ്ടതും കുറ്റവാളിയ്‌ക്കൊപ്പം ചേർത്തു നിർത്തേണ്ടതുമാണ് .

child abuse ആരെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടു പോകണം തങ്ങളുടെ കുഞ്ഞുങ്ങളെ എന്നു പോലും അവർ ഭയത്തോടെ ആശങ്കപ്പെടുന്നു.


ആദ്യം പറഞ്ഞതുപോലെ ചങ്കിടിയ്ക്കുന്നത് പെൺകുട്ടികൾക്കുള്ള മാതാപിതാക്കളുടെ തന്നെയാണ്. ആരെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടു പോകണം തങ്ങളുടെ കുഞ്ഞുങ്ങളെ എന്നു പോലും അവർ ഭയത്തോടെ ആശങ്കപ്പെടുന്നു. വീടിനുള്ളിൽ പോലും ലൈംഗികാതിക്രമങ്ങൾ നടക്കുമ്പോൾ പെൺകുഞ്ഞുങ്ങൾ എങ്ങും സുരക്ഷിതരല്ല എന്ന് നമ്മുടെ നാട് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. മാതാപിതാക്കളോട്, കൃത്യമായി പറഞ്ഞാൽ അമ്മമാരോട് എന്തും തുറന്നു പറയാൻ നമ്മുടെ പെൺകുഞ്ഞുങ്ങളെ പ്രാപ്തരാക്കുക തന്നെ വേണം. ശരീരത്തെ കുറിച്ചും അവിടെ എവിടെയൊക്കെ സ്പർശിക്കരുതെന്നും കുഞ്ഞുങ്ങളെ കുട്ടിക്കാലം മുതൽ തന്നെ പഠിപ്പിച്ചു കൊടുക്കണം. ലൈംഗിക വിദ്യാഭ്യാസം പാപമല്ല, മറിച്ച് അതു കുഞ്ഞുങ്ങൾക്ക് അത്യാവശ്യമാണെന്ന് ചിന്ത വിദ്യാഭ്യാസ സമ്പ്രദായത്തിലും ഉണ്ടാകുമ്പോൾ നാളത്തെ ആൺതലമുറയെങ്കിലും തങ്ങളുടെ മുന്നിൽപ്പെടുന്ന കുഞ്ഞു പെൺകുട്ടികളോട് മാന്യമായി ഇടപെടാൻ മനസ്സൊരുക്കട്ടെ!

ലൈംഗികത അവകാശമാണ്! പക്ഷെ കുഞ്ഞുങ്ങളുടെ ലൈംഗികത വെറും കളികളെ ഇഷ്ടപ്പെടുന്ന പ്രായത്തിന്റെ ചപലത മാത്രമാണ്, പിന്നീട് ആ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മാറുന്ന മനോനിലകളുടെ നിയന്ത്രണ ചരടുകൾ പൊട്ടിയ്ക്കാതെ ആരോഗ്യമുള്ള പെൺ സമൂഹത്തെ വാർത്തെടുക്കേണ്ടതും പുരുഷ സമൂഹത്തിന്റെ ആവശ്യമാണ്. ആണും പെണ്ണും പരസ്പര പൂരകമായി നിൽക്കുന്നത് കൊണ്ടുതന്നെയാണ് സമൂഹം നിലനിന്നു പോകുന്നതെന്നും മറക്കരുത്!