Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''മണ്ടൻ മുറികൾ'' ; മനുഷത്വം മരവിച്ച വിദ്യാലയങ്ങളിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ

S Saradhakutty ശാരദക്കുട്ടി.

പരീക്ഷാക്കാലമടുക്കുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും സമ്മർദത്തിലാവാറുണ്ട്. എന്നാൽ അവരേക്കാളേറെ അസ്വസ്ഥരാവുന്ന ഒരു കൂട്ടരുണ്ട് അധ്യാപകർ. വർഷങ്ങളുടെ പ്രയത്നവും പ്രതീക്ഷയും കുട്ടികളിലർപ്പിച്ച് അവരുടെ നല്ല വിജയത്തിനായി ഒപ്പം നിൽക്കുന്നവർ. പക്ഷേ വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെടുമ്പോൾ അവിടെ മുനുഷത്വത്തിന് വിലയില്ലാതാവുന്നുവെന്നാണ് ഈ അടുത്ത കാലത്തു നടക്കുന്ന ചില സംഭവങ്ങൾ ഓർമിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടി ടീച്ചർ ആ ഞെട്ടിപ്പിക്കുന്ന സത്യങ്ങളെക്കുറിച്ച് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്.

മികച്ച റിസൾട്ട് ലഭിക്കുന്നതിനു വേണ്ടി സ്കൂൾ സമയത്ത് കുട്ടികളെ മിടുക്കർ, ശരാശരിക്കാർ, മണ്ടന്മാർ എന്നു തരംതിരിച്ച് വേവ്വേറെ ക്ലാസുകളിലിരുത്തുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. സാധാരണയായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ സമയത്തിനു ശേഷം സ്പെഷ്യൽക്ലാസ് എടുക്കുന്ന പതിവ് ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ പോലുമുണ്ട്. അതിനെ വിവേചനം എന്നൊന്നും വിളിക്കാൻ പറ്റില്ല. കുട്ടികളുടെ നല്ല ഭാവിക്കായി ചെയ്യുന്ന അത്തരം കാര്യങ്ങളോട് വിദ്യാർഥികളും അവരുടെ അച്ഛനമ്മമാരും അനുകൂലമായി പ്രതികരിക്കാറുമുണ്ട്.

എന്നാൽ സ്കൂൾ സമയത്തു തന്നെ അങ്ങനെയൊരു കാര്യം ചെയ്താൽ അതിനെ വിവേചനം എന്നല്ലാതെ എന്തു വിളിക്കും? തനിക്കു നേരിട്ടറിയാവുന്ന ഒരു സ്കൂളിൽ നടക്കുന്ന മനുഷത്വ ലംഘനത്തെക്കുറിച്ച് ശാരദക്കുട്ടി ടീച്ചർ പറയുന്നതിങ്ങനെ...

ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ ദയവു ചെയ്ത് ഇത് ഷെയര്‍ ചെയ്ത്,അവരുടെ കുട്ടികളോ അവരുടെ സുഹൃത്തുക്കളുടെ കുട്ടികളോ പഠിക്കുന്ന സ്കൂളില്‍ ഞാന്‍ താഴെ പറയുന്ന ഈ സംഭവം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. മനുഷ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതൊന്നു കേള്‍ക്കണം. ഇടപെടണം മലപ്പുറത്ത് ഒരു അംഗീകൃത ഹയര്‍ സെക്കണ്ടറിസ്കൂളില്‍ ഇങ്ങനെ നടക്കുന്നു എന്ന് എനിക്ക് അറിയാം. എന്‍റെ അറിവിന്‌ അടിസ്ഥാനം കേട്ടുകേൾവിയാണ്.(Hear say) അത് തെളിവാവില്ല. അതു കൊണ്ട് തന്നെ സ്കൂളിന്‍റെ പേര് വെളിപ്പെടുത്തുവാന്‍ കഴിയില്ല. ആര്‍ക്കും മനപ്പൂര്‍വ്വം യശോഹത്യ വരുത്താന്‍ ആഗ്രഹമില്ല.

Representative Image ഒരു കുട്ടിയെ മണ്ടന്‍ എന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

നേരിട്ട് അന്വേഷിക്കുവാന്‍ ജനാധിപത്യവിശ്വാസികളും വിദ്യാഭ്യാസത്തില്‍ താത്പര്യമുള്ള ആളുകളും സഹകരിക്കണം. . മലപ്പുറം ജില്ലയിലെ ഒരു Aided ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റിസള്‍ട്ട് മെച്ചമാക്കുന്നതിന്റെ ഭാഗമായി കുട്ടികളെ Aപ്ലസ് കിട്ടാന്‍ സാധ്യതയുള്ളവര്‍, ശരാശരി വിദ്യാര്‍ഥികള്‍, മണ്ടന്മാര്‍ എന്ന് മൂന്നു വിഭാഗമായി തിരിച്ചു പ്രത്യേകം ക്ലാസ് മുറികളില്‍ ഇരുത്തി ക്ലാസ് സമയത്ത് പഠിപ്പിക്കുകയാണ് എന്ന് അറിയാന്‍ കഴിഞ്ഞു. മണ്ടന്മാര്‍ /മണ്ടികള്‍/മിടുക്കന്മാര്‍/മിടുക്കികള്‍ എന്ന് ടീച്ചര്‍മാര്‍ കണ്ടെത്തിയവര്‍ക്ക് പ്രത്യേകം ക്ലാസ് മുറി !!! നാളെ, ജാതി തിരിച്ചും നിറം തിരിച്ചും ഇരുത്തി തുടങ്ങിയേക്കും.ഒരു കുട്ടിയെ മണ്ടന്‍ എന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ആരാണ് ഇവര്‍ക്ക് അതിന് അധികാരം കൊടുത്തത്?

ആ സ്കൂളിന്‍റെ പ്രത്യേക അധ്യയനരീതിയുമായി ചേര്‍ന്ന് പോകാത്ത കുട്ടിയാണോ മണ്ടന്‍? ഏതു വിദ്യാഭ്യാസ ചട്ടം പ്രകാരമാണ് ഈ വേര്‍തിരിവ്? ഇനി അഥവാ മന്ത്രിയുടെയോ ഡി പി ഐ യുടെയോ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ടെയൊ പ്രത്യേക ഉത്തരവുണ്ടോ? മണ്ടന്‍മുറിയില്‍ ഉള്‍പ്പെട്ടു പോയ ഒരു കുട്ടിയുടെയും ആ കുട്ടിയുടെ രക്ഷിതാവിന്റെയും മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കാവുന്നതാണ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. കൂട്ട ആത്മഹത്യകള്‍ കേള്‍ക്കേണ്ടി വരുന്നതിനു മുന്‍പ് ഈ മനുഷ്യാവകശലംഘനത്തിനെതിരെ നടപടി ഉണ്ടാവണം.ഇതിന്റെ നിജസ്ഥിതി അറിയുവാനും അങ്ങനെ ഉണ്ടെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് ഈ മനുഷ്യത്വരാഹിത്യം തിരുത്തിക്കാനും നമുക്ക് കഴിയണം.

Representative Image മണ്ടന്‍മുറിയില്‍ ഉള്‍പ്പെട്ടു പോയ ഒരു കുട്ടിയുടെയും ആ കുട്ടിയുടെ രക്ഷിതാവിന്റെയും മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കാവുന്നതാണ്.

പ്രത്യേക മുറികളില്‍ ക്ലാസ് സമയത്ത് മാറ്റി ഇരുത്തുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണ്. അന്വേഷിക്കണം.ആ ജില്ലയില്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇടപെട്ട് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്ലാസ് സമയത്തിനു ശേഷം പ്രത്യേക പരിശീലനം ഏര്‍പ്പാടാക്കുകയും അങ്ങനെ അവരെ മുന്‍ നിരയിലേക്ക് കൊണ്ട് വരികയും ചെയ്യേണ്ടതിനു പകരം മണ്ടര്‍ എന്ന് ടീച്ചര്‍മാര്‍ക്ക് തോന്നുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് റൂം എന്ന സംവിധാനം പ്രാകൃത യുഗങ്ങളില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്തതാണ്. ജനാധിപത്യം പുലരാന്‍ കാലം ജാഗ്രതയുള്ള ഒരു പൌരസമൂഹത്തെ ആവശ്യപ്പെടുന്നു.(ഊന്നല്‍ ഇതാണ്.ക്ലാസ് സമയത്ത് വ്യത്യസ്ത മുറികളില്‍ മണ്ടന്‍/മിടുക്കന്‍ വിഭജനം നടക്കുന്നു എങ്കില്‍ അത് എതിര്‍ക്കണം. ആ വേര്‍തിരിവ് ഇല്ലാതാക്കണം)

ഇതൊക്കെ ഇക്കാലത്ത് സാധാരണമാണെന്ന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞവരോട് ഇങ്ങനെ നിഷ്ക്രിയരാകുന്ന ഒരു സമൂഹത്തിനു മേല്‍ ഏതു തരം അടിമത്തവും അടിച്ചേല്‍പ്പിക്കാന്‍ എളുപ്പമാണ്. നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ക്ലാസ്സുമുറികളിലെ ഈ തരം തിരിവ് അവസാനിപ്പിക്കണം എന്നാണ് ടീച്ചർക്ക് പറയാനുള്ളത്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതാനാണ് തന്റെ തീരുമാനമെന്നും ശാരദക്കുട്ടി ടീച്ചർ കുറിക്കുന്നു.