Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യമല്ല വേണ്ടത്, ആറ്റിറ്റ്യൂഡ് ആണ്

my-man-2 ഫോട്ടോ: ശ്യാം ബാബു

ഭാവി വരനെ കുറിച്ച് ഇന്നത്തെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടുകൾ എന്താണ്...? വനിത സർവെ വെളിപ്പെടുത്തുന്നു.

മാട്രിമോണിയൽ സൈറ്റില്‍ പേരു രജിസ്റ്റർ ചെയ്തതിനൊപ്പം ഭാവി വരനെക്കുറിച്ച് മകൾ എഴുതിച്ചേർത്ത നിബന്ധനകൾ വായിച്ച് അമ്മ ഞെട്ടി.

‘‘ജാതിയും മതവും വയസ്സും പ്രശ്നമല്ല. പ്രായം അൽപം കുറഞ്ഞാലും കുഴപ്പമില്ല. നല്ല പഠിപ്പു വേണം. അല്ലെങ്കിൽ പഠിക്കാനുളള ആഗ്രഹം. വിവാഹം കഴിഞ്ഞു വേണമെങ്കിലും പഠിക്കാം. വലിയ വൈറ്റ് കോളർ ജോലിയൊന്നും വേണമെന്നില്ല. വീട്ടിലിരുന്ന് പണിയെടുത്താലും മതി. വീടു നോക്കാനുളള വരുമാനം കിട്ടണം. എപ്പോഴും വീട്ടിൽ തന്നെ ചടഞ്ഞു കൂടിയിരിക്കാതെ യാത്രകൾ ചെയ്യാൻ താൽപര്യവും വേണം....

ഇന്നത്തെ മലയാളി പെണ്‍കുട്ടികൾക്ക് ഭാവി വരനെക്കുറിച്ചുളള കാഴ്ചപ്പാടുകൾ മാറി മറിയുകയാണ്. ജോലി, വരുമാനം, വേഷം, മദ്യപാനം, പ്രണയം തുടങ്ങി എല്ലാ കാര്യങ്ങളിലും അവർക്കു വ്യക്തമാണ് കാഴ്ചപ്പാടുകൾ.

ജോലി വലിയ ആനക്കാര്യമല്ല

എൻജിനീയർ, ബാങ്ക് ഉദ്യോഗസ്ഥൻ, കോളജ് അധ്യാപകൻ ഡോക്ടര്‍, ഗവൺമെന്റ് ജോലി... ഇങ്ങനെയൊക്കെയായിരുന്നു പണ്ടത്തെ ഹിറ്റ് ലിസ്റ്റ് തൊഴിൽ മേഖലകൾ. എന്നാൽ അവരുടെയൊക്കെ തലയിൽ തീ കോരി ഇടുന്ന ഒരു കാര്യം പറയാനുണ്ട് പെൺപിള്ളേർക്ക്.

മിക്കവർക്കും തൂമ്പയെടുക്കാനറിയാവുന്നവരെ ഇപ്പോൾ വളരെ പ്രിയമാണ്. കൃഷിക്കാരനെ കല്യാണം കഴിക്കാനാണ് ആഗ്രഹം എന്നു തുറന്നു പറഞ്ഞവരാണ് സര്‍വേയിൽ കൂടുതലും. എന്താണ് ഈ ഇഷ്ടക്കൂടുതലിന്റെ കാര്യം എന്നു ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരവും ലളിതമാണ്. ‘‘മണ്ണിനോടും വിത്തിനോടും ഒക്കെ ഇടപഴകുന്നയാൾക്ക് നല്ല ക്ഷമയുണ്ടാകും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പൊരുത്തപ്പെട്ടു പോകാൻ അവര്‍ക്കു സാധിക്കും.’’

എന്തു പണിയുണ്ടെങ്കിലും രണ്ടു വെണ്ടത്തൈയും ഇത്തിരി ചീരയും തക്കാളിയും വീട്ടു പറമ്പിലോ ഫ്ളാറ്റിലോ നട്ടു വളർത്തിക്കോളൂ. പെണ്ണ് ഇംപ്രസ്ഡ് ആയിരിക്കും.

ഹൈ പ്രോഫൈൽ ജോലിയിൽ നിന്നു കിട്ടുന്ന പണം, പ്രതാപം എന്നിവയേക്കാൾ പെൺകുട്ടികൾ കുറേക്കൂടി പ്രാധാന്യം കൊടുക്കുന്നത് കുടുംബ ബന്ധങ്ങൾക്കാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ചെക്കന്മാരെയും ബിസിനസ്സുകാരെയും അവർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. ജോലി ചെയ്തു മരിക്കുന്ന ഐടിക്കാരുടെ ഡിമാൻഡ് കുറയുന്നതിനു പിന്നിൽ കുടുംബത്തിനു വേണ്ടി ചെലവഴിക്കാൻ സമയമുണ്ടാകില്ല എന്നൊരു വ്യാകുലതയുണ്ട്. പെൺകുട്ടികൾ അധ്യാപകരെ ഏറ്റവും കൂടുതൽ സ്വീകരിക്കാനുളള കാരണം അവര്‍ക്കു കിട്ടുന്ന സമയം കണക്കിലെടുത്താണ്.

സ്വന്തം മേഖലയിൽ നിന്നു തന്നെയുളളവരെ വിവാഹം ചെയ്യുന്ന രീതിക്കും പെണ്‍കുട്ടി ടിക്ക് ഇടുന്നു. ജോലിയുടെ സ്വഭാവവും ടെൻഷനും പരസ്പരം മനസ്സിലാക്കി സഹകരിച്ചു പോകാൻ ഇതു സഹായിക്കുമല്ലോ എന്നാണ് മനസ്സിലിരുപ്പ്.

കെട്ടുന്ന ചെക്കനു ജോലി വേണമെന്നു നിർബന്ധമില്ലെന്നു പറഞ്ഞ ന്യൂ ജനറേഷൻ ഉണ്ണിയാർച്ചമാരും കുറവല്ല. വെറുതെ സീരിയലും കണ്ട് വീട്ടിലിരുന്നാൽ പോര, വീട്ടു കാര്യങ്ങളൊക്കെ കൃത്യമായി നോക്കി ചെയ്യണം. ഹോം ട്യൂഷനോ, ഓൺലൈൻ ബിസിനസോ മറ്റോ ചെയ്ത് വരുമാനം കൂടി ഉണ്ടാക്കണം എന്നതു നിർബന്ധം. അല്ലാതെ അച്ഛനും അമ്മയും അപ്പൂപ്പന്മാരും ഉണ്ടാക്കിയതും സ്ത്രീധനം കിട്ടിയതും കൊണ്ട് സുഖിക്കാമെന്ന് കരുതരുത്. അത്തരക്കാർക്ക് അന്നും ഇന്നും പെണ്‍പിള്ളേർ നൽകുന്നത് നെഗറ്റീവ് മാർക്കാണ്.

സൗന്ദര്യമല്ല വേണ്ടത്, ആറ്റിറ്റ്യൂഡ് ആണ്

കർഷകനോ എന്‍ജിനീയറോ കോളജ് ജോലിയോ എന്തായാലും ലുക്കിന്റെ കാര്യത്തിൽ തന്റെ വരൻ സ്റ്റൈലിഷ് ആവണം എന്നാണ് എല്ലാവരുടെയും മോഹം. ‘ഒരു ഔട്ടിങ്ങിന് പോകുമ്പോൾ, ഷോപ്പിങ്ങിനു പോകുമ്പോള്‍ നല്ല കിടിലന്‍ ഡ്രസ് വേണം. ക‌ണ്ടാൽ ഒരു ഉറക്കം തൂങ്ങി ആണെന്നു തോന്നരുത്. ബാങ്ക് ഉദ്യോഗസ്ഥയായ സൗമ്യ പറയുന്നു. സൗന്ദര്യത്തേ ക്കാള്‍ ആറ്റിറ്റ്യൂഡിനാണ് പെൺകുട്ടികൾ പ്രാധാന്യം കൊടുക്കുന്നത്. ‘‘ഒരാളെ ആദ്യം കാണുമ്പോഴേ നമ്മൾ അറിയാതെ തന്നെ അയാളുടെ ഡ്രസ്സിങ് ശ്രദ്ധിക്കുന്നുണ്ട്. അയാളുടെ ക്യാരക്ടർ ധരിക്കുന്ന വസ്ത്രങ്ങളിൽ കാണാം.’’ കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിൽ ‍ജോലി നോക്കുന്ന നൂറിൻ പറയുന്നു. ‘‘എപ്പോഴും ബ്രാൻഡഡ് ഇടണമെന്നൊന്നുമല്ല. പക്ഷേ, നീറ്റായ വേഷം ധരിക്കണം.’’

അവസരങ്ങൾക്കനുസരിച്ച് സെൻസിബിൾ ആയി വസ്ത്രം ധരിക്കാനറിയാവുന്ന പുരുഷന്മാർ വേണം വരനായി വരാൻ എന്ന് സർവേയിൽ പങ്കെടുത്ത 92 ശതമാനം പേരും പറഞ്ഞു. കോളജിൽ പഠിക്കുമ്പോൾ ഇട്ടിരുന്ന പോലുളള ടീ ഷർട്ട് ഇട്ട് പ്രായം കുറയ്ക്കാൻ നടക്കുന്നവര്‍ക്ക് പത്തിൽ പൂജ്യമാണ് പെണ്‍കുട്ടികൾ കൊടുക്കുന്ന മാർക്ക്.

വസ്ത്രങ്ങൾ പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് ഹെയർ കട്ട്, ഷൂസ്, ചെരിപ്പ്, പെര്‍ഫ്യൂം ഇവയൊക്കെ. ‘‘നമ്മളൊന്നു കണ്ടു ഇഷ്ടപ്പെട്ടു വരുമ്പോഴായിരിക്കും മൂക്കു തകർക്കുന്ന പെർഫ്യൂമും പൂശി അവർ അടുത്തു വന്നിരിക്കുന്നത്. അതോടെ തീരും തോന്നിയ അടുപ്പം.’’ പറയുന്നത് ഗസ്റ്റ് ലക്ചറർ ശ്രീകല. സ്മെൽ ഗു‍ഡ് എന്നൊരു കാര്യം അഞ്ചു വര്‍ഷം വരെ വിവാഹ ലിസ്റ്റിൽ ഇല്ലായിരുന്നെങ്കിലും ഇന്ന് അതൊരു വലിയ കാര്യം തന്നെയാണ്.

ശ്വാസകോശം, കരൾ...

‘‘അടിച്ചു പാമ്പായി വന്നാൽ വേറെ പ്രശ്നമൊന്നുമില്ല. പുറത്ത് കിടക്കേണ്ടി വരും.’’ കോട്ടയം സ്വദേശി ക്രിസ്റ്റി പറയുന്നു. ‘‘പക്ഷേ, സോഷ്യൽ ഡ്രിങ്കിങ് കുഴപ്പമില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ്.’’

മദ്യപിക്കാത്ത ഭർത്താവിനെ വേണം എന്നു പറഞ്ഞവര്‍ 71 ശതമാനം പേരാണ്. മദ്യപാനം അത്ര വലിയ തെറ്റായി കരുതാത്ത പെൺകുട്ടികൾ പോലും പുകവലിക്ക് കർശന വിലക്കാണ് നൽകുന്നത്. പുകവലിക്കുന്ന പങ്കാളിയെ ആഗ്രഹിക്കുന്നവർ മുന്നു ശതമാനത്തിൽ താഴെ മാത്രം.

അവരിൽ തന്നെ വീട്ടിനുള്ളിൽ പുകവലിക്കാൻ സമ്മതിക്കില്ല എന്നു തറപ്പിച്ചു പറഞ്ഞവരാണ് ഏറെയും.‘‘ സിനിമയിൽ പോലും സിഗററ്റു വലിക്കുന്ന നായകന്മാരെ ഇഷ്ടമല്ല. ഇത്രയും പുകവലിച്ചു തളളിയിട്ട് ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു പറയുന്നതിനേക്കാൾ നല്ലത് കൊക്കക്കോള നമ്മുടെ ദേശീയ പാനീയം എന്നു പറയുന്നതാണ്.’’ കണ്ണൂർ സ്വദേശിനി അസ്മിന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായമിങ്ങനെ.

‘‘ഈ മയക്കുമരുന്നും കഞ്ചാവും അടിക്കുന്നവരെ ഒന്നും കിട്ടാതിരുന്നാ മതിയായിരുന്നു. ഇതൊക്കെ ഇപ്പോ എങ്ങനെയാ അറിയ്യാ...ല്ലേ?’’ ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുന്ന രഹന സുഹൃത്തുക്കളോടു ചോദിച്ചു. ‘‘ഫേസ്ബുക്കിൽ കയറി ആദ്യമേ ഫ്രണ്ട്സ് ലിസ്റ്റ് ചികയുക, പിന്നെ വീട്ടുകാരു വഴി ലോക്കൽ അന്വേഷണങ്ങളും. ഒരു വിധപ്പെട്ട കാര്യങ്ങളൊക്കെ അങ്ങനെ മനസ്സിലാക്കാമെന്നേ.’’ സുഹൃത്ത് നിഖിലയുടെ ഉപദേശം. ‘‘ഇന്നിപ്പോ, അങ്ങനൊരാളെ സഹിക്കേണ്ട ആവശ്യമൊന്നും സ്ത്രീകൾക്കില്ല. അഥവാ, ഓവർ വെളളമടിയും മറ്റും ഉണ്ടെന്ന് വിവാഹശേഷം അറിഞ്ഞാൽ ആദ്യമേ തന്നെ പ്രതികരിക്കണം. എല്ലാം മിണ്ടാതെ സഹിക്കുന്ന രീതി ശരിയല്ല.’’ അരികിലിരുന്ന മനീഷ പറയുന്നു.

‘‘അതേ, മനീഷ പറഞ്ഞതാണ് ശരി. അങ്ങനെ എന്തേലും ഉണ്ടെന്നറിഞ്ഞാൽ ഉടനെ വീട്ടുകാരെ അറിയിക്കണം. ഡി-അഡിക്ഷൻ സെന്ററുകൾ ധാരാളമുണ്ടല്ലോ നല്ലൊരു ജീവിതത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ അതിനായി ഒപ്പം നിൽക്കുക. ഇല്ലെങ്കിൽ പിന്നെ സ്വന്തം ജീവിതം അയാള്‍ക്കൊപ്പം ജീവിച്ച് നരകമാക്കാതിരിക്കുക. എന്നു തന്നെയാണ് എന്റെയും അഭിപ്രായം.’’ വട്ടം ചുറ്റിയിരുന്നവർക്കിടയിൽ സ്നേഹയുടെ ആറ്റിറ്റ്യൂഡ് എല്ലാവർക്കും ബോധിച്ചു.

my-man-3 ഫോട്ടോ: ശ്യാം ബാബു

മിനിമം ഡിഗ്രി, കൂട്ടുകുടുംബം ഔട്ട്

‘‘ഞാനൊരു പോസ്റ്റ് ഗ്രാജുവേറ്റാണ്. അതുകൊണ്ടുതന്നെ ഞാൻ വിവാഹം ചെയ്യുന്നയാൾക്ക് പിജിയുളളതാണ് നല്ലത്. എന്നാലും മിനിമം ഡിഗ്രിയെങ്കിലും ഉളളയാൾ ആകണം വരനായി വരാൻ എന്നതു നിർബന്ധമാണ്.’’

സർവേയിൽ പങ്കെടുത്ത 92 ശതമാനം പെൺകുട്ടികൾക്കും വിവാഹം കഴിക്കുന്ന പുരു‌ഷനു ഡിഗ്രി അല്ലെങ്കിൽ പിജി വേണമെന്ന അഭിപ്രായമാണ്. വിദ്യാഭ്യാസത്തിലെന്തിരിക്കുന്നു എന്ന‌ ചോദ്യം ചോദിച്ചാല്‍ അവർ പറയും. ‘ആദ്യമൊക്കെ കാര്യങ്ങൾ സ്മൂത്തായി തോന്നുമെങ്കിലും പിന്നീട് ഈഗോ എന്ന വില്ലൻ ഇരുവര്‍ക്കും ഇടയിൽ കയറി വരും. ബന്ധം വഷളാവാൻ വേറെന്തു വേണം?’ എല്ലാ വിഷയങ്ങൾക്കും റാങ്കു വാങ്ങി പഠിക്ക‌ണം എന്ന് ഇതിന് അർത്ഥമില്ല. പഠനത്തിനൊപ്പം വളരുന്ന കാഴ്ചപ്പാടുകളാണ് വലുത്.

ജാതിയും മതവും നോക്കി വേണം വിവാഹം എന്ന് അമ്പതു ശതമാനം പേർ പറയുമ്പോൾ ഇതിലൊന്നും കാര്യമില്ലെന്ന് ബാക്കിയുള്ളവര്‍. ‘‘എന്തൊക്കെ പറഞ്ഞാലും നമ്മൾ വളർന്നു വന്ന രീതികള്‍, വിശ്വാസങ്ങൾ അതിനോടു പൊരുത്തമുള്ളവരെ വിവാഹം ചെയ്യുന്നതാണ് നല്ലത്. ഒരേ മതത്തിൽ വളർന്നു വരുന്നവരാകുമ്പോൾ അവരുടെ വിശ്വാസങ്ങൾ തമ്മിൽ മനസ്സിലാക്കാൻ എളുപ്പമായിരിക്കും.’’ എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിനി നിത്യ പറയുന്നു. ‘‘രണ്ട് മനുഷ്യർ തമ്മിൽ ചേരുന്നിടത്ത് ജാതിക്കും മതത്തിനും എന്താണു കാര്യം? നമുക്ക് ഇഷ്ടപ്പെട്ടൊരാൾ അന്യമതത്തിൽ പെട്ടതാണെന്ന ഒറ്റ കാരണം കൊണ്ട് ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്.’’ കെമിസ്ട്രിയിൽ റിസര്‍ച്ച് ചെയ്യുന്ന ലിയയുടെ വാക്കുകൾ.

വീടിനോടും കുടുംബത്തോടും സ്നേഹം വേണം എന്നു പറയുമ്പോഴും വിവാഹശേഷം കൂട്ടുകുടുംബത്തിലേക്കു പോകാൻ മടിക്കുന്നവരാണ് പെൺകുട്ടികൾ. ‘‘അച്ഛൻ, അമ്മ, സഹോദരങ്ങൾ ഇവരാരും ലൈഫിൽ വേണ്ട എന്നല്ല പറയുന്നത്. പക്ഷേ, പങ്കാളിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം എന്നാലേ പരസ്പരം മനസ്സിലാക്കാൻ സാധിക്കൂ.’’ നിമിഷ ഇതു പറയുന്നതിനു പിന്നിൽ സ്വന്തം ചേച്ചിയുടെ അനുഭവമുണ്ട്. വീട്ടുകാരുമായി ഏറെം‌ അടുപ്പമുണ്ടായിരുന്ന പയ്യൻ അവരില്ലാതെ എങ്ങും പോകില്ല. അമ്മ പറയുന്നതു മാത്രമേ ചെയ്യൂ. ചേച്ചിയും ഭര്‍ത്താവും വേർപിരിയലിന്റെ വക്കിലാണ്.

‘‘പണ്ട് കൂട്ടു കുടുംബത്തിലെ മുതിർന്നവർ താങ്ങും തണലുമായിരുന്നു. ഇപ്പോൾ അന്യോന്യം പാര വയ്ക്കലാണ്.’’ കോളജ് അധ്യാപികയായ സ്നേഹ ഉദാഹരണത്തിനു ചൂണ്ടിക്കാട്ടുന്നത് ടെലിവിഷൻ പരമ്പരകളാണ്. ‘ഒത്തൊരുമയോടെ താമസിക്കുന്നിടത്ത് ഒരു വിഷം വന്നാൽ പോരേ എല്ലാം കുളമാകാൻ... ന്യൂക്ലിയര്‍ ഫാമിലി ആയാൽ ആ കുഴപ്പമില്ലല്ലോ..’.

my-man-4 ഫോട്ടോ: ശ്യാം ബാബു

സമ്പാദ്യ ശീലം

‘‘അവരവർ ജോലിയെടുത്തുണ്ടാക്കുന്ന കാശിന്റെ പൂർണ ഉത്തരവാദിത്തം അവരവർക്കു തന്നെയാവും. കൃത്യമായ പ്ലാനിങ് ഉണ്ടാക്കി രണ്ടുപേരും കർത്തവ്യങ്ങള്‍ തുല്യമായി ഭാഗിച്ചെടുക്കുന്നതാണ് നല്ലത്.’’ സിഎയ്ക്കു പഠിക്കുന്ന ആലപ്പുഴ സ്വദേശി അലീനയുടെ അഭിപ്രായം. പല പെൺകുട്ടികളും ഇത് ശരി വയ്ക്കുന്നു.

‘‘ഭർത്താവിനു സമ്പാദ്യ ശീലം തീര്‍ച്ചയായും വേണം. അതോടൊപ്പം തന്നെ എല്ലാ സ്ത്രീകളും വീട്ടിലിരുന്നെങ്കിലും ജോലി ചെയ്ത് സ്വതന്ത്രരായി സമ്പാദിക്കണമെന്ന അഭിപ്രായമുണ്ടെനിക്ക്. അവർക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് തീർച്ച യായും ഉണ്ടായിരിക്കണം. സ്വന്തം ആവശ്യങ്ങൾക്കും കുടുംബ ത്തിന്റെ ആവശ്യങ്ങൾക്കും ഇതില്‍ നിന്നും പണമെടുക്കാം. കൊച്ച് കൊച്ച് കാര്യങ്ങള്‍ക്കു പോലും ഭർത്താവിനെ ആശ്രയി ക്കുന്നത് അത്ര നന്നല്ല.’’ ഹ്യൂമൻ റിസോഴ്സ് വകുപ്പിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി റിയ.

എല്ലാ പെൺകുട്ടികളും ഒരേ സ്വരത്തിൽ ‘നോ’ പറ‍ഞ്ഞ കാര്യമാണ് പിശുക്ക്. ആസ്വദിക്കാനല്ലാതെ പിന്നെ എന്തിനാണു ജീവിതം എന്നാണു ചോദ്യം. ധൂർത്ത് ഇല്ലാതാക്കി ലൈഫ് സ്മ‌ൂത്താക്കി കൊണ്ടുപോകാനാണ് എല്ലാവർക്കും ആഗ്രഹം.

യാത്ര ഇഷ്ടമല്ലാത്തവരെ വേണ്ട

സര്‍വേയിൽ നൂറു ശതമാനം പെൺകുട്ടികളും ഒരേ പോലെ പറയുന്നു ‘യാത്ര ചെയ്യാൻ ഇഷ്ടമുള്ള പാര്‍ട്ണറെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്ന്.

പണ്ടൊക്കെ അവധി കിട്ടിയാല്‍ ഭര്‍ത്താവുമൊത്ത് വീട്ടിലിരിക്കണം എന്നു ചിന്തിച്ചിരുന്ന സ്ത്രീകൾ ഇന്നേറെ ആഗ്രഹിക്കുന്നത് യാത്ര ചെയ്യാനാണ്. വീട്ടിലൊരുമിച്ചുള്ള ദിവസങ്ങൾ രസകരമാണെങ്കിൽ കൂടിയും യാത്രയില്ലാതെ ആഘോഷമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ യാത്രകളും ട്രെയിനും പ്ലെയിനും പിടിച്ചു പോകണമെന്ന നിർബന്ധമില്ല. അടുത്തുളള ബീച്ച്, പാർക്ക്, ഇതുവരെ കാണാത്ത പുഴയുടെ തീരം... അതൊക്കെ തന്നെ ധാരാളം.

‘‘മാസത്തിൽ ഒരു കൊച്ചു യാത്ര. വർഷത്തിൽ ഒരിക്കൽ പ്ലാ‌ൻ ‌ചെയ്തൊരു ലോങ് ട്രിപ്പ്. ഇതിനു സമ്മതമായിരിക്കണം’’ മെഡിക്കൽ വിദ്യാർത്ഥി ശാരിക ഇതു പറയുമ്പോൾ എടുത്തു പറഞ്ഞ പേരുകൾ മോഹനയുടെയും വിജയന്റെയുമാണ്. കൊച്ചിയിൽ ചെറിയൊരു ചായക്കട നടത്തി അതിൽ നിന്നു സമ്പാദിച്ച പണം കൊണ്ട് 16 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച അദ്ഭുത ദമ്പതികളാണിവർ.

വിവാഹം കഴിഞ്ഞാലും ഭർത്താവിന് സുഹൃത്തുക്കളുമൊത്ത് ട്രിപ്പ് പോവാം. (അതു പോലെ തന്നെ ഭാര്യയെയും സുഹ‌ൃത്തുക്കൾക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നു മാത്രം) എന്ന അഭിപ്രായക്കാരാണ് 67 ശതമാനം പേരും. ബാക്കിയുളള 33 ശതമാനം പേരും ഇതിനോടു യോജിക്കുന്നില്ല. വിവാഹശേഷമുളള യാത്ര, ഭാര്യയും കുടുംബവുമൊത്ത് മാത്രം. സുഹൃത്തുക്കളെ കൂടെ കൂട്ടണമെന്നുള്ളവർക്ക് അവരുടെ കുടുംബത്തെയും ചേര്‍ത്ത് ‘ഫ്രണ്ട്സ് ഫാമിലി ട്രിപ്പ്’ ആക്കാം. കുട്ടികളെയൊക്കെ കൂട്ടിയുളള യാത്ര കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയാലും അതു സഹിച്ചു കൊളളാം എന്ന് പെൺകുട്ടികൾ.

കനത്ത ശമ്പളവും വിദേശ ജോലിയുമൊക്കെ കൈയിലിരിക്കട്ടെ, ജീവിതം ആസ്വദിക്കാൻ തയാറാണെങ്കിൽ മാത്രം ഞാൻ കൂടെക്കൂടാമെന്ന് ഉറപ്പിച്ച് പറയുന്നു അവർ.

my-man-1 ഫോട്ടോ: ശ്യാം ബാബു

പ്രായവും പക്വതയും

‘നിന്റെ അച്ഛനും ഞാനും തമ്മില്‍ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്’. എന്നൊക്കെ ഇന്നത്തെ പെൺമക്കളോടു പറഞ്ഞാൽ അവർ അതു കണ്ണും തുറന്നു വച്ച് കേട്ടിരിക്കുമായിരിക്കും. പക്ഷ്, സ്വന്തം കാര്യം വരുമ്പോൾ എട്ടു വയസ്സു മൂപ്പുളളയാളെ വരനായി സങ്കല്‍പ്പിക്കാൻ പറഞ്ഞാൽ, അതൊരു യുദ്ധത്തിന്റെ മുന്നൊരുക്കമായിരിക്കും.

ഇന്നത്തെ പെൺകുട്ടികള്‍ സജസ്റ്റ് ചെയ്യുന്ന പ്രായവ്യത്യാസം കൂടിപ്പോയാല്‍ നാലു വയസ്സാണ്. സര്‍വേയിൽ പങ്കെടുത്തതിൽ എൺപതു ശതമാനം പേര്‍ക്കും ഒരേ പ്രായത്തിലുളളവരെ വിവാഹം കഴിക്കാനാണ് താൽപര്യം. അല്ലെങ്കിൽ ഒന്നോ രണ്ടോ വ‌യസ്സ് മാത്രം കൂടുതൽ. അതിനുമപ്പുറം പോയാൽ ഐഡിയോളജിക്കൽ വ്യത്യാസം വരുമെന്നാണ് അവർ പറയുന്നത്.

‘‘പ്രായവും പക്വതയും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ പ്രായം ‌കുറഞ്ഞയാൾക്ക് ജീവി ക്കാൻ വേണ്ട പക്വതയുണ്ടെങ്കില്‍ അതു നോക്കിയാൽ പോരേ?’’ എറണാകുളത്തുകാരി മോനിഷയുടെ ചോദ്യം. ഇതിനെ അനുകൂലിക്കുന്നു കോട്ടയംകാരി ‍ടീനയും ബെംഗളുരുവില്‍ താമസിക്കുന്ന അപർണയും. എല്ലാവർക്കും എടുത്തു പറയാൻ ഒരു ഐഡിയൽ ഉദാഹരണവുമുണ്ട്. സച്ചിൻ തെൻഡുൽക്കറും അഞ്ജലിയും.

മുൻകാല പ്രണയം

‘‘പ്രണയം സ്വാഭാവികമല്ലേ... മുൻകാല പ്രണയം ഇരിക്കട്ടെ. ഇടയിക്കിടയ്ക്ക് എനിക്ക് അതു പറഞ്ഞ് ഭര്‍ത്താവിനെ ഒന്നു കുത്താമല്ലോ.’’ പത്തനംതിട്ടക്കാരി ആൻ മറിയ ചിരിച്ചു.

ഭർത്താവു വഴിതെറ്റി പോയി തിരികെ വരുമ്പോൾ എല്ലാം പൊറുത്ത് അയാളെ മൂര്‍ധാവിൽ ചുംബിക്കാൻ സിനിമയിലെ നായികമാർക്കേ കഴിയൂ. കല്യാണത്തിനു മുൻപ് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ പറ്റി. അതൊക്കെ ‍ഡെറ്റോളിട്ട് കഴുകി, വലതു കാല്‍ വച്ച് വേണം പെണ്ണു കെട്ടാൻ എന്നാണ് പെൺകുട്ടികൾ പറയുന്നത്. താലി കെട്ടി കഴിഞ്ഞുളള ഒരു തരികിടയ്ക്കും പച്ചക്കൊടി കാണിക്കുമെന്ന് കരുതുകയേ വേണ്ട.