Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കായി ഒരു ദിനത്തിന്റെ സ്നേഹം ബാക്കി വയ്ക്കുന്ന തിരുവാതിര

തിരുവാതിര തിരുവാതിര മത്സരയിനമോ വെറുതെ അരങ്ങിൽ അവതരിപ്പിക്കാനുള്ള കളിയോ മാത്രമല്ലെന്ന് തിരിച്ചറിവുണ്ടാകുന്നത് വിവാഹത്തിന് ശേഷം മാത്രമാണ്.

തിരുവാതിര ഒരു ആഘോഷമേ ആയിരുന്നില്ല. വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലെത്തുന്നതു വരെ. കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ പൊതുവെ തിരുവാതിര എന്ന ആഘോഷം വരുന്നതോ കടന്നു പോകുന്നതോ ഒന്നും അറിയാറേയില്ല. മധ്യകേരളത്തിൽ അതിൽ കൂടുതലും നമ്പൂതിരി സമുദായങ്ങളിലാണ് തിരുവാതിര സംബന്ധിയായ ആചാരങ്ങളും ഓർമ്മപെടുത്തലുകളും ഏറ്റവും കൂടുതലുള്ളത്. തിരുവാതിര എന്ന മനോഹരമായ നാടൻ കളിയുടെ ഓർമ്മകൾ സ്‌കൂൾ കാലത്തുതന്നെ തുടങ്ങുന്നുണ്ട്. മത്സരയിനമായും സ്‌കൂൾ ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഇനമായും മാറുമ്പോൾ പിന്നാമ്പുറത്ത് നിന്ന് തിരുവാതിര കളി കണ്ടതിന്റെ കൗതുകം എത്രയോ പെൺകുട്ടികളുടെ മുഖത്തുണ്ടാകണം! അതെ... അതൊരു രസകരമായ കെട്ടിയാടലായിരുന്നു. മലയാളിത്തത്തിന്റെ ഭംഗിയുള്ള ഉടയാടകളിൽ , വട്ടപ്പൊട്ടിന്റെ ചാരുതയിൽ , കറുത്ത കണ്ണുകളുടെ കൗതുക നോട്ടങ്ങളിൽ, കുമ്മിപ്പാട്ടിന്റെ പ്രത്യേക താളങ്ങളിൽ നോക്കിയിരിക്കാൻ മാത്രമിഷ്ടപ്പെട്ടു.

തിരുവാതിര മത്സരയിനമോ വെറുതെ അരങ്ങിൽ അവതരിപ്പിക്കാനുള്ള കളിയോ മാത്രമല്ലെന്ന് തിരിച്ചറിവുണ്ടാകുന്നത് വിവാഹത്തിന് ശേഷം മാത്രമാണ്. ബന്ധുക്കളും അയൽക്കാരും എല്ലാം സെറ്റുമുണ്ടിന്റെ നാടൻ ഭംഗിയോടെ തിരുവാതിര രാത്രിയിൽ പാതിരാവ് വരെ ഇതുവരെ കേൾക്കാത്ത പാട്ടുകളിൽ കളിക്കുകയും ആടുകയും പാടുകയും പാതിരാത്രിയിൽ പാതിരാപ്പൂവാന്വേഷിച്ച് പോവുകയും ഇടയ്ക്കിടയ്ക്ക് കളിച്ചു തളരുമ്പോൾ കിട്ടുന്ന ചൂടുള്ള കട്ടൻ കാപ്പിയുടെ സുഖവും ഒക്കെ പുതുമകളായിരുന്നു.

വിവാഹം കഴിഞ്ഞു ആദ്യമായി വരുന്ന തിരുവാതിര രാവ്, തിരണ്ടു കഴിഞ്ഞ ശേഷമുള്ള ആദ്യ തിരുവാതിര എന്നിവ പെൺകുട്ടികൾക്ക് പ്രത്യേകമാണ്. പുത്തൻ തിരുവാതിര എന്നാണു അവ അറിയപ്പെടുന്നത്. മംഗല്യമുള്ള സ്ത്രീകൾ തിരുവാതിര നോയമ്പിന്റെ പ്രാധാന്യം മനസ്സിലാക്കാകുകയും തിരുവാതിര വ്രതമെടുക്കുകയും കളിക്കുകയും വേണമെന്നാണത്രെ ചട്ടം. പുത്തൻ തിരുവാതിര ദിവസം ദൂരെതാമസിക്കുന്ന ബന്ധുക്കളെത്തും.

മകയിരം നാളിൻറെ അവസാന നാഴികകൾ മുതൽ തന്നെ നോയമ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കും. എട്ടങ്ങാടി നേദിക്കൽ ആണ് ആദ്യ ചടങ്ങ്. ചേന, ചേമ്പ്, മൂന്നുതരം കിഴങ്ങുകൾ, കാച്ചിൽ, കൂർക്ക, നേന്ത്രക്കായ എന്നിവയാണ് എട്ടങ്ങാടികൾ. ഇതെല്ലാമൊരുമിച്ചു പുഴുങ്ങിയെടുക്കുന്നു. ഇതിനോടൊപ്പം എള്ള്, പയർ, മുതിര എന്നിവ വറുത്ത് ചേർക്കും. എട്ടങ്ങാടി ശർക്കരയിലാണ് തയ്യാറാക്കുക.വിളക്കുതെളിയിച്ച് കിണ്ടിയിൽ വെള്ളം നിറച്ച് പുത്തൻ തിരുവാതിര ആഘോഷിക്കുന്ന പെൺകുട്ടികളെ കൊണ്ട് എട്ടങ്ങാടി തൂശനിലയിൽ നേദിപ്പിക്കുന്ന പതിവുണ്ട്.

തിരുവാതിര തണുത്ത ധനുമാസരാവിന്റെ ഭംഗി ഇത്രയധികം ആദ്യമായി കാണുന്നതിന്റെ കൗതുകം അന്നത്തെ പുത്തൻ തിരുവാതിരയ്ക്കുണ്ടായിരുന്നു.

ഗണപതി, ശിവൻ, പാർവ്വതി എന്നിവർക്കാണ് നേദിക്കുക. ഇതിനോടൊപ്പം കൂവപ്പൊടി വിരകിയതും ഉണ്ടാകാറുണ്ട്. പ്രത്യേക സ്വാദുള്ള ഒരു മധുര പലഹാരമാണ് കൂവ കുറുക്കിയത്. ഇതിനൊപ്പം ഇളനീരും പഴവും ഉണ്ടാകും. എട്ടങ്ങാടി നേദിച്ച് കഴിഞ്ഞാൽ പിന്നെ തിരുവാതിര കളിയാണ്. ഒപ്പം മൂന്നുംകൂട്ടി മുറുക്കലും ഉണ്ടാകും. ഗണപതിയുടെയും സരസ്വതിയുടെയും പാർവ്വതീ സ്വയംവരത്തിന്റെയും പാട്ടുകൾ പാടിയാണ് കളികൾ. സ്‌കൂളുകളിൽ കണ്ട തിരുവാതിര കളിയുടെ അടുക്കും ചിട്ടയും ഒന്നുമില്ലാത്ത തനി നാടൻ തിരുവാതിര. പ്രൊഫെഷണൽ കലാകാരിയുടെ പ്രൗഡിയോ പാട്ടിന്റെ ഗാംഭീര്യമോ ഇവിടെയുണ്ടാകില്ല. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള രീതികളിൽ കളിയെ സമീപിക്കുന്നു. സ്വയം തിരുവാതിരയായി മാറുന്നു.

എട്ടങ്ങാടി നേദിച്ച് കഴിഞ്ഞാൽ പിന്നെ തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് അരിയാഹാരം പാടില്ല. നോയമ്പുകളുടെ ഭക്ഷണക്രമങ്ങളോട് എന്നും പുച്ഛത്തോടെ നോക്കിയിരുന്ന ഒരുവൾക്ക് എന്ത് നോയമ്പ്... ഗോതമ്പും അരിയും തമ്മിൽ എന്താണ് വ്യത്യാസം? നോയമ്പ് എന്നാൽ ഭക്ഷണം കുറച്ച് ദൈവത്തോട് ചേർന്നിരിക്കുക എന്നതിന്റെ ചുരുക്കെഴുത്താണെന്ന ബോധ്യമുണ്ടെങ്കിലും ചിലതൊക്കെ ആചാരങ്ങൾക്ക് വിടണമെന്ന തിരിച്ചറിവുകൾ. ചോദ്യങ്ങൾ ചോദിക്കലുകൾ മാറ്റി വച്ച് മൂന്നു നേരവും ഗോതമ്പ് കഴിച്ച് പിറ്റേന്നത്തെ തിരുവാതിരയ്ക്ക് തയ്യാറെടുക്കുന്നു...

Thiruvathira ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സ്ത്രീകൾ നടത്തുന്ന അനുഷ്ഠാനമാണ് തിരുവാതിര.

തിരുവാതിരയുടെ അന്നു വൈകുന്നേരത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. പുത്തൻ തിരുവാതിരയുള്ള പെൺകുട്ടികളും മറ്റുള്ളവരും പൂ നേദിക്കുന്നു. തുളസിയില ആരാധിച്ചാണ്‌ ദേവതമാർക്ക് നിവേദിക്കുന്നത്. അതുകഴിഞ്ഞാൽ മൂന്നും കൂട്ടി മുറുക്കുന്നു. തിരുവാതിരയുടെ ഏറ്റവും പ്രധാനമായ ചടങ്ങുകളിൽ ഒന്നാണ് മൂന്നും കൂട്ടൽ. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവയാണ് മൂന്നും കൂട്ടൽ. അതിനുശേഷം തിരുവാതിര കളി. തലേന്നു രാത്രി കളിച്ചതിൻറെ ബാക്കിയല്ല ആദ്യം മുതൽ കളിക്കും. തണുത്ത ധനുമാസരാവിന്റെ ഭംഗി ഇത്രയധികം ആദ്യമായി കാണുന്നതിന്റെ കൗതുകം അന്നത്തെ പുത്തൻ തിരുവാതിരയ്ക്കുണ്ടായിരുന്നു. പാതിരാവ് വരെ ഉങ്ങാതെ പാട്ടിനൊത്ത് ചുവടു വച്ചതിന്റെ ഊർജ്ജം ഓരോ പെൺനോട്ടങ്ങളിലുമുണ്ടായിരുന്നു. തുടിച്ചു കുളിയൊക്കെ ഉണ്ടായിരുന്നതിന്റെ ഓർമ്മകൾ പലരും പങ്കു വച്ചു. അന്നൊരിക്കൽ അവർ തണുത്തു കുളിർന്നു കുളക്കടവിൽ വിറച്ചിരുന്നതിന്റെ തണുപ്പ് മുഖത്തുണ്ടായിരുന്നു. എല്ലാ വർഷവും ഒരേ കഥകൾ കേട്ടാലും അവരുടെ മുഖത്തുള്ള ഓർമ്മകളുടെ സുഖം വീണ്ടും വീണ്ടും കഥകളെ കേൾക്കാൻ തോന്നിപ്പിച്ചു കൊണ്ടേയിരിക്കും.

പാതിരാപ്പൂവ് എന്ന സങ്കൽപ്പത്തിൽ ഒരു ചെടിയും അതിന്റെ പൂക്കളും സംഘത്തിലൊരാൾ ഒളിപ്പിച്ചു വയ്ക്കും. മറ്റുള്ളവർ അതു കണ്ടെത്തണം. പിന്നീട് അതവിടെത്തന്നെ നട്ടു നനച്ച് വളർത്തുന്ന ആചാരങ്ങളിലേയ്ക്ക്. അഷ്ടമംഗല്യവും ഇതിനൊപ്പം കയ്യിലെടുക്കും. ഒരു ആചാരത്തിൽ ഒരു ചെടി നട്ടു നനച്ച് വളർത്തുക എന്നതിന്റെ നന്മ പലപ്പോഴും ഏറെ സന്തോഷം നൽകിയിട്ടുണ്ട്. പച്ചപ്പ് നഷ്ടപ്പെടുമ്പോൾ നഷ്ടപ്പെടുന്ന ഇത്തരം ആചാരങ്ങളുടെ സത്യസന്ധത ഏറെ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. പ്രകൃതിയുമായി ഏറെ ചേർന്ന് കിടന്നിരുന്ന ആചാരങ്ങൾ എവിടെയൊക്കെയാണ് പോയി മറയുന്നത്? എല്ലാം നഷ്ടപ്പെടുമ്പോൾ അത് തിരിച്ചറിയുന്നേയില്ല, അതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുമ്പോൾ മാത്രമാണ് അതേക്കുറിച്ച് മനുഷ്യർ ഓർമ്മിക്കുക.

തിരുവാതിര പക്ഷെ തണുപ്പിന്റെ സൂചി മുനകൾ ശരീരം തുളയ്ക്കില്ല, കാരണം തിരുവാതിര കളിയുടെ ചൂടിന്റെ വിയർപ്പുകൾ തണുപ്പിനെ ഒന്നാകെ മനസ്സിന്റെ ഊർജപ്രഭാവമാക്കി മാത്രം മാറ്റി വയ്ക്കും.

തിരുവാതിരയ്ക്ക് പൗരാണികമായ ഏറെ സാധ്യതകളുണ്ട്. ശിവന്റെ പിറന്നാൾ ആണെന്നും അല്ല ശ്രീപാർവ്വതിയുടെ നാളാണെന്നും പറയുന്നുണ്ട്. സ്വന്തം നാളിന് ഉപവാസമിരുന്നു ഭജിക്കുന്നത് മംഗല്യമുള്ള സ്ത്രീകളുടെ ഭർത്താവിന്റെ ആയുരാരോഗ്യത്തിന് നല്ലതാണെന്ന ആചാരത്തിലേക്കും ഇതിന്റെ കഥകളെത്തുന്നുണ്ട്. എന്തു തന്നെയായാലും ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സ്ത്രീകൾ നടത്തുന്ന അനുഷ്ഠാനമാണ് തിരുവാതിര. ഭക്ഷണത്തിലെ മിതത്വം, ഭക്തി, പ്രകൃതിയോടുള്ള ഇണങ്ങിച്ചേരൽ, അവനവനിലെ സ്ത്രീത്വത്തെ കണ്ടെത്തൽ എന്നീ നിരവധി ആശയങ്ങളുമായി തിരുവാതിരയുടെ ആചാരങ്ങളെ ചേർത്തു വയ്ക്കാനാകും. പക്ഷെ കേരളത്തിലെ അന്യം നിന്നുപോയ ഒരു ആചാരമാണ് ഇപ്പോൾ ഈ ദിനം. തിരുവാതിര എന്ന കളിയുടെ ഭംഗിയും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കുമ്പോൾത്തന്നെ അതു സ്‌കൂൾ വേദികളിലും മറ്റുള്ളവർക്ക് കാണാനായുള്ള വേദികളിലും മാത്രമായി ചുരുങ്ങുമ്പോൾ ആചാരങ്ങളുടെ അർത്ഥം സ്വാംശീകരിക്കുന്നില്ല.

അന്ന് തിരുവാതിരയായിരിക്കും, അന്ന് പൗർണ്ണമിയുമായിരിക്കും... പിന്നെ കടുത്ത തണുപ്പും. പക്ഷെ തണുപ്പിന്റെ സൂചി മുനകൾ ശരീരം തുളയ്ക്കില്ല, കാരണം തിരുവാതിര കളിയുടെ ചൂടിന്റെ വിയർപ്പുകൾ തണുപ്പിനെ ഒന്നാകെ മനസ്സിന്റെ ഊർജപ്രഭാവമാക്കി മാത്രം മാറ്റി വയ്ക്കും. ഒത്തൊരുമയുടെ ആഘോഷ രാവുകളിലേയ്ക്ക് കൺതുറക്കാൻ ഒരു ദിവസത്തിന്റെ പകൽ ദൂരം ബാക്കി നിൽക്കുന്നു. വിവാഹം കഴിച്ച് വരുമ്പോൾ മാറപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് പുത്തൻ കണ്ടെത്തലുകൾ കൊണ്ട് തന്നെ തിരുവാതിര രാവിന്റെ നന്മകളിലേയ്ക്ക്, പാതിരാപ്പൂവിന്റെ തിരയലുകളിലേയ്ക്ക് മനസ്സിനെയും ശരീരത്തെയും ചേർത്ത് വയ്ക്കട്ടെ! ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കായി ഒരു ദിനത്തിന്റെ സ്നേഹം ബാക്കി നിൽക്കട്ടെ! സ്വയം ശ്രീപാർവ്വതിയായും തിരുവാതിരയായും ഓരോ സ്ത്രീയും പകർന്നാടട്ടെ !