Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധവയായത് അമ്മയുടെ തെറ്റല്ല ; ഇതാണ് നിന്റെ മാതാപിതാക്കൾക്കുള്ള എന്റെ ഉത്തരം

Representative Image അന്നു മുതൽ ഇന്നുവരെ ആ നാണംകെട്ട നിശ്ശബ്ദത എന്നെ വേട്ടയാടുന്നു.

അതായിരുന്നു എന്റെ ഹൃദയത്തിൽ ചാട്ടുളിപോലെ തറച്ചു കയറിയ ആദ്യത്തെ മുറിവ്. വിധവകൾ നടവാതിൽ കയറി വന്നാൽ വീടിന്റെ ഐശ്വര്യം നശിക്കുമെന്നു പറഞ്ഞ് നിന്റെ അമ്മ കൊള്ളിവാക്കു പറഞ്ഞ ദിവസം. തുളുമ്പി വന്ന കണ്ണീരിനെ കണ്ണിനുള്ളിലൊളിപ്പിക്കാനാവാതെ എന്റെയമ്മ പരുങ്ങി നിന്ന ദിവസം. ആ കണ്ണിലേക്കാൾ നോവ് മെലിഞ്ഞ ശരീരത്തിലിരുന്നു മിടിക്കുന്ന ഹൃദയത്തിലാണെന്നു ഞാൻ കണ്ടറിഞ്ഞ ദിവസം.

എടുത്തുചാട്ടക്കാരിയായ മകളുടെ വായിൽ നിന്നും ഭർതൃവീട്ടുകാരുടെ മനസ്സിൽ കരടു വീഴ്ത്തുന്ന ഒന്നും വരവരുതേയെന്ന പിടക്കുന്ന നെഞ്ചിൻറെ മിടിപ്പ് കേട്ടിട്ടാണ് അന്നു കലിതുള്ളിനിന്ന എന്നെ ഞാനെങ്ങനെയോ തടഞ്ഞത്. അന്നു മുതൽ ഇന്നുവരെ ആ നാണംകെട്ട നിശ്ശബ്ദത എന്നെ വേട്ടയാടുന്നു. പെറ്റമ്മയുടെ കണ്ണീരിലും വലുതല്ല ഏതുകൊലകൊമ്പനുമെന്ന് ഇന്നു തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവു നൽകുന്ന ധൈര്യമാണ് ഇത്തരമൊരു മറുപടി നിന്റെ മാതാപിതാക്കളോടു പറയാൻ എന്നെ ആളാക്കിയത്.

വെറും വിധവയായ ഒരു സ്ത്രീ എന്ന് അവരെ നിന്റെ മാതാപിതാക്കൾ വിലയിരുത്തിയപ്പോൾ നീയും മറന്നുപോയ ഒന്നുണ്ട്. 12 വർഷം നീണ്ട പ്രണയത്തിനൊടുവിൽ നിന്നെത്തന്നെ വിവാഹം കഴിക്കണമെന്നു വാശിപിടിച്ചപ്പോൾ ഒപ്പം നിൽക്കാൻ ഒരാളേയുണ്ടായിരുന്നുള്ളൂ എന്റെ അമ്മ. പെണ്ണിനേക്കാൾ പൊന്നിന് നിന്റെ മാതാപിതാക്കൾ വിലനൽകിയപ്പോൾ അവർ ആവശ്യപ്പെട്ട പൊന്നു തന്ന് എന്നെ നിന്റെയൊപ്പം അയച്ചത് എന്റെ അമ്മയാണ്.

Representative Image ജീവിതത്തിൽ പെട്ടന്നൊരു ദിവസം ഒറ്റയ്ക്കായിപ്പോയവർക്ക് നമുക്കുകൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ സാമീപ്യമാണ്.

എന്റെ പൊന്നിൽ കണ്ണുടക്കി നിന്റെ അച്ഛനമ്മമാർ അതും കൈയടിക്കിയപ്പോൾ നിശ്ശബ്ദയായി നിന്നതും എന്റെ അമ്മയാണ്. നിന്നോട് അതേപ്പറ്റി ഞാൻ ചോദിച്ചപ്പോൾ പണവും പൊന്നുമൊക്കെ കൈകാര്യം ചെയ്യാൻ മുതിർന്നവരുള്ളപ്പോൾ വെറുതെ അതിൽക്കയറി തലയിടണ്ടാ എന്നായിരുന്നു നിന്റെ മറുപടി. മൂക്കറ്റം കുടിച്ചിട്ട് നിന്റെ അച്ഛൻ വന്നു കണ്ണുപൊട്ടുന്ന ചീത്ത പറയുമ്പോഴും മൗനമായിരുന്നു നിന്റെ മറുപടി.

എന്നെ സ്നേഹിക്കണമെന്നോ ലാളിക്കണമെന്നോ ബഹുമാനിക്കണമെന്നോ നിന്നോടോ വീട്ടുകാരാടോ ഞാൻ ഇന്നോളം ആവശ്യപ്പെട്ടിട്ടില്ല. കാരണം എന്റെ മുന്നിൽവെച്ച് നിങ്ങൾ പരസ്പരം സംസാരിക്കുന്നതോ സ്നേഹിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. നീ വീട്ടിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം നിന്റെ വീടിനു കാവലായി അച്ഛനമ്മമാർക്കു കൂട്ടായി ഞാൻ അവിടെത്തന്നെയുണ്ടാവണമെന്ന് നീ ശഠിക്കാറുണ്ട്. എന്നാൽ വല്ലപ്പോഴുമൊരിക്കൽ എന്റെ അമ്മയുടെ കൂടെ സമയം ചിലവഴിക്കാൻ നിനക്കു സമയമില്ല. എന്നുമാത്രമല്ല എന്നെയും നീ തനിച്ചു വിടില്ല.

ജീവിതത്തിൽ പെട്ടന്നൊരു ദിവസം ഒറ്റയ്ക്കായിപ്പോയവർക്ക് നമുക്കുകൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ സാമീപ്യമാണ്. നീയും നിന്റെ മാതാപിതാക്കളും കരുതുന്നതുപോലെ ഞാൻ എന്റെ സമ്പാദ്യം അമ്മയ്ക്കു കൊടുക്കാറില്ല. കാരണം എന്നേക്കാൾ നന്നായി നിനക്കറിയാം. കിട്ടുന്ന ശമ്പളത്തിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് നീ തന്നെയല്ലേ. പിന്നെന്തുകൊണ്ട് നിന്റെ അച്ഛനമ്മമാർ വ്യാജ ആരോപണങ്ങളുന്നയിക്കുമ്പോൾ അവരെ തടയുന്നില്ല. എന്നാണ് നീ നിന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ പഠിക്കുന്നത്.

Representative Image നിന്റെ മാതാപിതാക്കളുടെ ഏതെങ്കിലും പ്രവൃത്തിയെ ഞാൻ ചോദ്യം ചെയ്താൽ അതിനെ അമിത വൈകാരികതയെന്നു വ്യാഖ്യാനിക്കുന്നതെന്തുകൊണ്ടാണ്.

നിന്റെ മാതാപിതാക്കളുടെ ഏതെങ്കിലും പ്രവൃത്തിയെ ഞാൻ ചോദ്യം ചെയ്താൽ അതിനെ അമിത വൈകാരികതയെന്നു വ്യാഖ്യാനിക്കുന്നതെന്തുകൊണ്ടാണ്. അവർക്കു വേണ്ട സ്നേഹവും ബഹുമാനവുമെല്ലാം ഞാൻ നൽകുന്നില്ലേ? വിവാഹം കഴിച്ച പെൺകുട്ടികൾ പെറ്റമ്മയെ ഉപേക്ഷിക്കണം എന്ന പിടിവാശിക്കു മുന്നിലല്ലേ ഞാൻ തോറ്റുതരാതെയിരുന്നിട്ടുള്ളൂ. അതൊരു പാപമായി ഞാൻ കരുതുന്നില്ല. വൈധവ്യം ഒരു പാപമല്ല. ഏതൊരാൾക്കും ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കാര്യമാണത്. അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാക്കാൻ പറ്റുന്ന കൊടിയവേദനയുണ്ടതിന്.

വിധവ സമ്പാദിച്ച കാശിനും പൊന്നിനും അവർ വളർത്തി വലുതാക്കിയ പെണ്ണിനും അയിത്തം കൽപിക്കാത്തവർ എന്തിനാണ് പാവമൊരു സ്ത്രീയെ അന്ധവിശ്വാസത്തിന്റെ പേരിൽ മാറ്റി നിർത്തുന്നത്? അവരെ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുന്നത്? വിവാഹം കഴിഞ്ഞ പുരുഷന് സ്വന്തം അച്ഛനും അമ്മയും എത്ര പ്രിയപ്പെട്ടവരാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടതാണ് വിവാഹം കഴിച്ച സ്ത്രീകൾക്ക് അവരുടെ മാതാപിതാക്കളും. ജീവിതത്തിൽ അച്ഛനോ അമ്മയോ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു മകൾ എന്ന നിലയിൽ അവർക്കുവേണ്ട കരുതലും പിന്തുണയും നൽകുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.

Representative Image അന്നു നീ അവരോടു പറയണം. ഒരു മകൾക്കുമാത്രം നൽകാവുന്ന കരുതലും സ്നേഹവും ബാക്കിവെച്ച് ഞാൻ ഇവിടെത്തന്നെയുണ്ടാകുമെന്ന്...

ഈ മഹാമൗനത്തിന്റെ മുഖം മൂടി അഴിച്ചുവെയ്ക്കാൻ നീ എന്നെങ്കിലും താൽപര്യപ്പെടുന്നുണ്ടെങ്കിൽ അന്നു നീ മാതാപിതാക്കൾക്കു പറഞ്ഞുകൊടുക്കണം ഈ കാര്യങ്ങൾ. അതിനും ഒരുക്കമല്ലെങ്കിൽ കാലം തന്നെ ചില അനുഭവങ്ങളിലൂടെ അവർക്കു പറഞ്ഞുകൊടുക്കും ചില സത്യങ്ങൾ. അന്നു നീ അവരോടു പറയണം. ഒരു മകൾക്കുമാത്രം നൽകാവുന്ന കരുതലും സ്നേഹവും ബാക്കിവെച്ച് ഞാൻ ഇവിടെത്തന്നെയുണ്ടാകുമെന്ന്...