Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമിത്തീയിൽ ഈ ചിരി വിരിഞ്ഞു

ഉമ പ്രേമൻ ഉമ പ്രേമൻ

ആകാശമാണ് എന്റെ സ്വപ്നങ്ങളുടെ അതിര്. എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്കു നൽകുക.‌, ആരോരുമില്ലാത്തവർക്ക് ആശ്രയമാവുക, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ശാന്തിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക., അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിെല ജീവിത സാഹചര്യം മെച്ചപ്പെടുത്തുക...എനിക്കു പുതിയ ലക്ഷ്യങ്ങൾ ഓരോ നിമിഷവും ഉണ്ടാവുകയാണ്. സുമനസ്സുകളുടെ സഹായവും സഹകരണവുമാണ് എന്റെ കരുത്ത്. എന്നെ അറിഞ്ഞ് എന്നോ‍ടൊപ്പം നിൽക്കുന്ന ശാന്തിയിലെ കുട്ടികൾക്കും കൂടി അവകാശപ്പെട്ടതാണ് വനിതയുടെ ഈ ബഹുമതി.

നിറഞ്ഞ ചിരിയോടെ ഉമ പ്രേമൻ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഓഫീസിൽ ഇരുന്നുപറഞ്ഞു. ജീവിത പങ്കാളിയായ പ്രേമൻ തൈക്കാടിന്റെ രോഗദുരിതങ്ങളും ചികിത്സയുമായിരുന്നു ഉമയുടെ സാമൂഹിക സേവന താല്പര്യത്തെ ആരോഗ്യ രംഗത്തേക്കു തിരിച്ചു വിട്ടത്. 1997 ൽ പ്രേമന്റെ ജീവനറ്റ ശരീരവുമായി തിരുവനന്തപുരം ശ്രീചിത്രയിൽ നിന്നു മടങ്ങിയ ഉമയുടെ കണ്ണുകളിൽ വേദനയുടെ കണ്ണീനീരായിരുന്നില്ല. കൃത്യമായ രോഗവിവരങ്ങളും ചികിത്സയും അറിയാത്തതിന്റെ പേരിൽ ഒരാൾക്കും ഈ ദുരന്തം ഉണ്ടാവരുത് എന്ന ദൃഢനിശ്ചയമായിരു‌ന്നു. ആ ഉറച്ച മനസ്സാണ് ഇന്ന് സാമൂഹിക സേവനരംഗത്ത് ഉമപ്രേമൻ എന്ന സ്നേഹ സാന്നിധ്യത്തെ ഈ നാടിനു നൽകിയത്.

'പ്രേമേട്ടന്റെ ഡെത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ തിരു‌വനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഞാൻ ഡോ. കെ.എസ് നീലകണ്ഠനെ കണ്ട് മെഡിക്കൽ ഇൻഫർമേഷൻ സെന്റർ എന്ന ആശയത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹമാണ് എനിക്കുവേണ്ട ഗൈഡൻസ് തന്നത്. പ്രേമേട്ടന്റെ മരണാനന്തര ച‍ടങ്ങുകൾക്കുശേഷം ഞാൻ ആരോഗ്യരംഗത്തെ വിവരശേഖരണത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ചെന്നൈയിൽ നിന്ന് മെഡിക്കൽ ബുക്കുകൾ വാങ്ങി ഈ രംഗത്തെക്കുറിച്ച് ധാരാളം വായിച്ചറിഞ്ഞു.

അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം തൃശൂരിൽ ശാന്തി ഉദ്ഘാടനം ചെയ്തു. എന്റെ സാമൂഹിക പ്രവർത്തന ജീവിത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് 'അപ്പച്ചൻ' എന്നു ‍ഞാൻ വിളിക്കുന്ന കുണ്ടുകുളം പിതാവ്. 'നീ ഈ രംഗത്ത് വലിയ കാര്യങ്ങൾ പ്രവർത്തിക്കും ' എന്നനുഗ്രഹിച്ചാണ് അദ്ദേ‍ഹമന്നു മടങ്ങിയത്. മാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ ശാന്തിയിൽ തിരക്കായി. ' കംപ്യൂട്ടർ നോക്കി രോഗവും ചികിത്സയും പറയുന്ന ആൾ ' എന്നായിരുന്നു ആദ്യ കാലത്ത് സാധാരണക്കാർ എന്നെപ്പറ്റി പറഞ്ഞിരുന്നത്. തിരക്കു കൂടിയതോടെ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. 'നിങ്ങൾ മദര്‍ തെരേസയുടെ കൂടെ പ്രവർത്തിച്ച ആളല്ലേ , മദർ ആദ്യം വാ‍ടകയ്ക്ക് എടുത്ത കെട്ടിടം ഒഴിഞ്ഞിട്ടില്ലല്ലോ' എന്നെല്ലാമുള്ള പേടിയായിരുന്നു ഉടമയ്ക്ക്. ഞാൻ പ്രേമേട്ടന്റെ നാടായ ഗുരുവായൂർ കോട്ടപ്പടിയിലേക്ക് ശാന്തിയുടെ ഓഫീസ് മാറ്റി ' ഉമ ഓർമകളിലേക്കു തിരിഞ്ഞു നടന്നു.

സഹായങ്ങളുമായി ശാന്തി വളരുന്നു

ഉമ പ്രേമൻ ശാന്തിയുടെ ഒാഫിസിൽ ഷൈജയ്ക്കും സിന്ധുവിനുമൊപ്പം ഉമ

ചികിത്സാ വിവരം നൽകൽ എന്നതിൽ നിന്ന് ശാന്തി വളർന്നു. നാളിതുവരെ 680 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 20,500 ഹൃദയശസ്ത്രക്രിയ, 1,85,000 ൽ അധികം സൗജന്യ ഡയാലിസിസുകൾ , രോഗികൾക്കു തുടർ ചികിത്സ ലഭ്യമാക്കി 108 മെഡിക്കൽ ക്യാംപുകൾ ,കുന്നംകുളം, ചാലക്കുടി, വയനാട്, കോതമംഗലം, കൂത്താട്ടുകുളം, ലക്ഷദ്വീപ്, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ തിരഞ്ഞെടുത്ത ആശുപത്രികളുമായി ചേർന്ന് ശാന്തി ഡയാലിസിസ് യൂണിറ്റുകൾ, തിരുനെൽവേലിയിലും തെങ്കാശിയിലും വയനാട്ടിലും മൊബൈൽ ഡയാലിസിസ് യൂണിറ്റ് കാർഡിയാക് ഐസിയു, ആംബുലൻസ് ലബോറട്ടറി എന്നിങ്ങനെ ഉമയുടെ സ്വപ്നങ്ങൾ നാടിന് സേവനങ്ങളായി.

ലക്ഷദ്വീപിലെ കവരത്തിയിൽ ശാന്തിയുടെ സൗജന്യ ഡയാലിസിസ് സെന്ററാണ് ഉള്ളത്. കടലു കടന്ന് ശാന്തിയുടെ പ്രവർത്തനങ്ങൾ ദ്വീപിൽ എത്തിയത് ഒരു ജനതയുടെ വേദന കണ്ടറിഞ്ഞതു കൊണ്ടാണെന്നു ഉമ പ്രേമൻ.

'ഒരിക്കൽ എറണാകുളം മെഡിക്കൽ ട്രസ്ററ് ആശുപത്രിയിൽ നിൽക്കുമ്പോൾ ലക്ഷദ്വീപിലുള്ള ഒരു കുട്ടി വ‍ൃക്കത്തകരാറു കൊണ്ട് മരിച്ചതു കാണാനിടയായി. ആ കുട്ടിയുടെ ബന്ധുക്കൾ എന്റെ അടുത്ത് നിന്ന ആളോട് മൃതശരീരം കൊണ്ടുപോകാൻ കാശില്ലാത്തതുകൊണ്ട് മട്ടാഞ്ചേരിയിൽ ഖബർ അടക്കുകയാണെന്ന് പറഞ്ഞു. ആ കുട്ടിയുടെ അമ്മയ്ക്കോ, സഹോദരങ്ങൾക്കോ, ബന്ധുക്കൾക്കോ ആ മുഖം അവസാനമായി ഒന്നു കാണാൻ പോലും കഴിയില്ല എന്നത് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു. ഒരാഴ്ച കഴിഞ്ഞ് എന്റെ അടുത്തിരുന്ന ആൾ ശാന്തിയിലെത്തി . ദ്വീപിലുള്ള കുഞ്ഞിക്കോയ മാഷ്. വൃക്കരോഗം ബാധിച്ച ഭാര്യയേയും കൊണ്ട് വന്നതായിരുന്നു മാഷ്. ദ്വീപിലുള്ളവരുടെ അവസ്ഥ മാഷിലൂടെയാണ് ഞാനറിഞ്ഞത്.

മാഷിന്റെയും ദ്വീപിലെ പുഷ്പ എന്ന ക്ലബിന്റെയും സഹകരണത്തോടെ കവരത്തിയിൽ ശാന്തി ഡയാലിസിസ് യൂണിറ്റ് തുടങ്ങി. 380 ഓളം രോഗികൾക്ക ് അതൊരു സഹായമായി. ഈയിടെ ഞാൻ അവിടെ പോയപ്പോൾ അവിടുള്ളവർ എന്നോടു പറഞ്ഞു, ' മാഡം കാരണമാണ് ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് മരിച്ചു കഴിഞ്ഞു സ്വന്തം മണ്ണിൽ കിടക്കാൻ കഴിയുന്നത്. ഞങ്ങളുടെ മതം അനുവദിക്കാത്തതുകൊണ്ടാണ്, അല്ലെങ്കിൽ നിങ്ങളുടെ ഫോട്ടോ വച്ച് വണങ്ങിയേനെ' എന്ന്.' ഉമയുടെ കണ്ണുകളിൽ അപൂർവമായ നനവു പടർന്നു.

'പരിമിതമായ ആഗ്രഹങ്ങളും എന്നോടൊപ്പം ചുവടുവയ്ക്കാനുള്ള മനസ്സുമായി ഒരു കൂട്ടമാളുകൾ എനിക്കൊപ്പമുള്ളതാണ് ഈപ്രവർത്തനങ്ങളുടെ വിജയങ്ങളുടെ കാരണം. ശാന്തിയുടെ തുടക്കം മുതലേ എനിക്കൊപ്പമുള്ള ഷൈജ, സലീൽ,സിന്ധു...ജോലി തേടി വന്ന് പിന്നെ ശാന്തിയുടെ പതാക വാഹകരാകുന്ന 85 ഓളം പ്രവർത്തകരും സന്നദ്ധ സേവകരും സാമ്പത്തികമായി ശാന്തിയെ പിന്തുണയ്ക്കുന്ന സുമനസ്സുകളുമാണ് ഈ വിജയത്തിന്റെ യഥാർത്ഥ ശില്പികൾ. ഞാൻ അവരെ ഒന്നിപ്പിക്കുന്ന ഒരു കണ്ണി മാത്രം. കേരളത്തിൽ ഡയാലിസിസ് നടത്തുന്നതിന്റെ ചെലവ് സാധാരണക്കാരന് താങ്ങവുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാൻ ശാന്തിയുടെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.' നിറഞ്ഞ ചിരിയോടെ ഉമ.

അട്ടപ്പാടിയുടെ ' ശാന്തിനി മാഡം '

ഉമ പ്രേമൻ ഉമ പ്രേമൻ അഗളി ഊരിലെ പൊന്നിയോടൊപ്പം

' ശാന്തിനി മാഡം എന്നാണ് ഇനി ഇവിടെ വരുന്നത്? ' അട്ടപ്പാടിയിലെ ശാന്തി പ്രോജക്റ്റുകളുടെ കോ ഓർഡിനേറ്റർ സിന്ധുവിന് ചോദ്യം കേട്ട് ഒന്നും മനസ്സിലായില്ല. ചോദ്യവുമായി എത്തിയ ചെറുപ്പക്കാരൻ വിശദീകരിച്ചു. 'മാഡം വൃക്ക കൊടുത്ത കാര്യം ഞാൻ ചാനലിൽ കണ്ടു. ഞാൻ എന്റെ വ‍ൃക്ക കൊടുക്കാൻ തയാറാണെന്ന് മാഡത്തോട് പറയാനായിരുന്നു. '

ശാന്തി ദൂതുമായി 'അട്ടപ്പാടിയിലേക്ക് കടന്നു വന്ന ഉമ പ്രേമൻ അവരിൽ പലർക്കും ശാന്തിനി മാഡമാണ്. ആദിവാസി ഉൗരുകളിൽ പ്രായഭേദമന്യേ എല്ലാവർക്കും അവർ 'അമ്മ' യാണ്. 'നടൻ സുരേഷ് ഗോപിയാണ് അട്ടപ്പാടിയിലെ അവസ്ഥയെപ്പറ്റി എന്നോട് പറഞ്ഞത് 'ഉമയ്ക്ക് അവിടെ പലതും ചെയ്യാനാവും, പോകണം' എന്ന് അദ്ദേഹം പറഞ്ഞു. തിരക്കുകൾ കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് അവിടേക്കു പോയത്. ഇവിടെ എത്തിക്കഴിഞ്ഞ പ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചകളാണ് 50 വർഷം മുമ്പ് നിർമിച്ച ഉൗരുകളിൽ പോലും കക്കൂസോ, ബാത്റൂമോ ഇല്ല. അവിവാഹിതയായ അമ്മ എന്ന തലക്കെട്ടിൽ വാർത്തകളിൽ നിറഞ്ഞു നിന്ന പൊന്നി താളം തെറ്റിയ മനസ്സുമായി വൃത്തിഹീനതയോടെ അലയുന്ന കാഴ്ച, എട്ടുവര്‍ഷമായി ആട്ടിൻ കൂട്ടിൽ ചെള്ളരിച്ച് കഴിഞ്ഞ മാത്യൻ......നടുക്കുന്ന കാഴ്ചകളായിരുന്നു അവിടെ. അതാണ് അട്ടപ്പാടി ട്രൈബൽ വെൽഫെയർ പ്രോജക്ടുമായി ആദിവാസി ഉൗരുകളിൽ കടന്നു ചെല്ലാൻ ശാന്തിയെ പ്രേരിപ്പിച്ചത്.

ഉമ പ്രേമൻ ഉമ പ്രേമനും മാത്യനും

ഞങ്ങൾ അട്ടപ്പാടിയിലെ 192 ഉൗരുകളിലെ വീടുകൾ പുനരുദ്ധരിക്കുകയ.ും 100 ശുചിമുറികൾ നിർമിക്കുകയും ചെയ്യുന്നു. കണ്ടിയൂർ ഉൗരിൽ ശുചിമുറി നിർമാണം 90 ശതമാനം പൂർത്തിയായി. അഗളി ട്രൈബൽ സ്കൂളിൽ മെഡിക്കൽ ക്യാംപ് നടത്തി പോഷകാഹാര കുറവ് കണ്ടെത്തിയ 380 കുട്ടികൾക്ക് കോയമ്പത്തൂർ ആര്യവൈദ്യശാലയും മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനുമായി ചേർന്ന് ന്യൂട്രീഷൻ ബ്രേക്ക് പദ്ധതി നടപ്പാക്കി.

ഷോളയൂർ സർക്കാർ ട്രൈബൽ സ്ക്കൂളിലെ നന്നായി പഠിക്കുന്ന 20 കുട്ടികൾക്ക് തൃശൂരിൽ പി.സി.തോമസിന്റെ സ്ഥാപനത്തിൽ ഉന്നത പഠന സൗകര്യം നൽകുന്നു, ഇവരുടെ ഫീസ് സൗജന്യമാണ്. അട്ടപ്പാടിയിലെ 13 ഏകാധ്യാപക വിദ്യാലയങ്ങൾക്കു സഹായം നൽകാൻ ഞങ്ങൾക്കു കഴിഞ്ഞു . പ്രായമായ ആദിവാസി സ്ത്രീകൾക്കും പെൺകുട്ടികൾക്കും പോഷകാഹാരം നൽകുന്നതിനായി കമ്മ്യൂണിറ്റി അടുക്കള ശാന്തി രൂപീകരിച്ചു. ഇവിടെ വള്ളിയുടെ നേത‌ൃത്വത്തിൽ ഏഴ് ആദിവാസി സ്ത്രീകൾക്ക് ജോലി നൽകി. ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ അവർക്കു ജോലി ഉറപ്പാക്കാനാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ ' .

അട്ടപ്പാടിയുടെ 'ശാന്തിനി മാഡമായ ' ഉമയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. ആദിവാസി ഉൗരുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന അട്ടപ്പാടി ട്രൈബൽ വികസന പദ്ധതിയും ഉറ്റവരില്ലാതെ അലയുന്ന മുതിർന്ന സ്ത്രീകളുടെ പരിപാലനത്തിനുള്ള ശാന്തിഭവനം പദ്ധതിയുമാണ് ശാന്തിയുടെ അടുത്ത പ്രധാന ലക്ഷ്യങ്ങളെന്ന് ഉമ പ്രേമൻ .

ആദ്യ സമ്മാനം ക്യാമലിൻ പേന

കോയമ്പത്തൂര് ജനിച്ചുവളർന്ന ഉമയുടെ ആദ്യ റോൾ മോഡൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജി രാമചന്ദ്രനായിരുന്നു. ' എംജി ആറിന്‍റെ സിനിമകളും അദ്ദേഹം നടപ്പാക്കിയ സൗജന്യ വിദ്യാഭ്യാസ സൗകര്യങ്ങളും പോഷകാഹാര പദ്ധതിയുമൊക്കെയാണ് ഞാനുൾപ്പെടുന്ന തലമുറയെ വളരാൻ സഹായിച്ചത്. ഞങ്ങളുടെ ഹെഡ്മാസ്റ്റർ രാക്കിയണ്ണൻ എപ്പോഴും ചോദിക്കും, ' നാട് നിങ്ങൾക്ക് ഇത്രയും സഹായം ചെയ്യുന്നു. നാടിന് നിങ്ങൾ തിരിച്ച് എന്തു ചെയ്യുമെന്ന്? '. അപ്പോൾ ഞാൻ പറഞ്ഞിരുന്നത് ഞാനൊരു സാമൂഹികപ്രവർത്തകയാകുമെന്നായിരുന്നു.. എന്റെ അച്ഛന്റെ സാമൂഹികപ്രവർത്തനങ്ങളായിരുന്നു അങ്ങനെ എന്നെക്കൊണ്ട് പറയിച്ചത്.

ഒരിക്കൽ സ്ക്കൂളിലേക്ക് പോകുന്ന വഴി ഒരു റോഡ് ആക്സിഡന്റ് കാണാനിടയായി. ബസിടിച്ച് ഒരു ഓട്ടോ തകർന്നു കിടക്കുന്നു. ഓട്ടോയിൽ സഞ്ചരിച്ച സ്ത്രീ രക്തത്തിൽ കുളിച്ചു വഴിയരികിൽ. അവർ വെള്ളത്തിനു ചോദിക്കുന്നതുപോലെ എനിക്കു തോന്നി. ഞാനോടിച്ചെന്ന് അവരുടെ തലയെടുത്ത് മടിയിൽവച്ച് വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കൊടുത്തു. അവർ എന്റെ മടിയിൽ കിടന്നു മരിച്ചു. എന്റെ യൂഃ‌ണിഫോമിലും ദേഹത്തും മുഴുവൻ ചോര. നാട്ടുകാരും സ്കൂളിലെ അധ്യാപകരുമെല്ലാം എന്നെ വഴക്കു പറഞ്ഞു. ആവശ്യമില്ലാത്ത പണിയാണ് ഞാൻ കാണിച്ചതെന്നു പറഞ്ഞ്. എന്നാൽ, അന്ന് അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ എന്നെ വിളിച്ചു മുന്നിൽ നിർത്തിപ്പറഞ്ഞു ,' നമുക്ക് അഭിമാനിക്കാവുന്ന ഒരു സൽക്കർമം ഉമാദേവി ചെയ്തു. ഇവൾ വലുതാവുമ്പോൾ നല്ലൊരു സാമൂഹികപ്രവർത്തകയാകും '. എനിക്കൊരു ക്യാമലിൻ പേന അദ്ദേഹം സമ്മാനമായി നൽകി. കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ സ്വപ്നത്തെ ജീവിതലക്ഷ്യമാക്കി ഉറപ്പിച്ചത് ആ ക്യാമലിൻ പേനയാണ്'. ഉമ പ്രേമൻ പറയുന്നു.

സഹായം വേണ്ടത് സമൂഹത്തിന്

ഉമ പ്രേമൻ അഗളി സ്കൂളിലെ കുട്ടികൾക്കൊപ്പം ഉമ പ്രേമൻ

തന്റെ സേവന പ്രവർത്തനങ്ങള്‍ക്ക് എന്നും ഒപ്പം നിൽക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വരുന്ന മാറ്റം സങ്കടകരമാണെന്ന് ഉമ പ്രേമൻ....

26ാം വയസ്സിൽ വിധവയായാണ് ഞാൻ സാമൂഹികപ്രവർത്തനത്തിന് ഇറങ്ങിയത്. എന്റെ നല്ല പ്രായത്തിൽ ഈ സമൂഹമെന്നെ ഒരു സാമൂഹികപ്രവർത്തകയായെ കണ്ടിട്ടുള്ളൂ. 2008 ന് ശേഷം സമൂഹ മനോഭാവത്തിൽ വലിയ മാറ്റം കണുന്നു. ഈയിടെ അവയവദാനത്തെപ്പറ്റി ഒരു ടിവി ടോക് ഷോയിൽ പങ്കെടുത്തശേഷം എനിക്കു വന്ന ഫോൺ കോളുകളിൽ പലതും ഞാൻ സുന്ദരിയായെന്നും ഹെയർസ്റ്റൈൽ നന്നായെന്നുമെല്ലാമാണ്. കാൻസർ രോഗിയായ പെൺകുട്ടിക്കു വേണ്ടി മുടി മുറിച്ചതാണ്. അല്ലാതെ ഹെയർസ്റ്റൈൽ മാറ്റിയതല്ല.

ഒരു വർഷം മുമ്പ് ഒരു അഭ്യുദയാകാംക്ഷി വിളിച്ചു, 'ഞാൻ നിങ്ങൾക്ക് ഒരു കെട്ടിടം പണിതു തരാം. പക്ഷെ എന്റെ കൂടെ ബാങ്കോക്കിൽ വരണം. 'എന്ന്. ഞാൻ സാമൂഹികപ്രവർത്തകയാണ് , എന്നോ‍ടാണോ ഇങ്ങനെ പറയുന്നത് എന്നൊന്നും അയാളോട് ഞാൻ ചോദിച്ചില്ല. കാരണം, ഇത്തരക്കാരോട് അതു പറഞ്ഞിട്ട് കാര്യമില്ല. 'വ്യഭിചാരം തുടങ്ങിയിട്ടില്ല, തുടങ്ങുമ്പോൾ അറിയിക്കാം ' എന്നു പറഞ്ഞു ഫോൺ വച്ചു.

ഈയിടെ വിദേശത്ത് പോയപ്പോൾ എന്റെ ഓഫീസിലെ സിന്ധു മെസഞ്ചറിൽ വന്നു ചോദിച്ചു 'മാഡം ശാന്തിക്ക് എന്തെങ്കിലും സഹായ ഓഫറുകളുണ്ടോയെന്ന് '. കാരണം, സർക്കരിന്റെ കാരുണ്യയിൽ നിന്നു നാൽപത് ലക്ഷത്തിലേറെ രൂപ ശാന്തിക്ക് കിട്ടാനുണ്ട്. പല പ്രവർ‌ത്തങ്ങളും പ്രതിസന്ധിയിലാണ്. ഞാൻ അവളോടു പറഞ്ഞു. 'പ്രോസ്റ്റിറ്റ്യൂഷന് നിരവധി ഓഫറുണ്ട്. '

പലരും ചോദിക്കുന്നത്, ഞങ്ങൾ സഹായിക്കാം. പക്ഷേ .തിരിച്ചെന്തു തരും എന്നാണ്. ഇവരോ‍ടൊന്നും വഴക്കുണ്ടാക്കാനോ മറുപടി പറയാനോ എനിക്കു സമയമില്ല.

എനിക്കറിയില്ല എന്താണ് ഈ സമൂഹത്തിനു സംഭവിക്കുന്നതെന്ന്. ഒന്നേ എനിക്കു പറയാനുള്ളൂ. ഉമ പ്രേമനു വ്യക്തിപരമായി ആരുടെയും സഹായം വേണ്ട. പക്ഷേ, ഈ സമൂഹത്തിനു വേണം. അത് ശാന്തിയിലൂടെ അല്ലെങ്കിൽ സമൂഹത്തിനു വേണം. അത് ശാന്തിയിലൂടെ അല്ലെങ്കിൽ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന മറ്റുള്ളവരിലൂടെ നൽകാൻ കഴിയുന്നവർ നൽകുക. പ്രതിഫലം ഈശ്വരൻ നൽകും. ' .

ഇത് എന്റെ സഹോദരൻ

ഉമ പ്രേമൻ സലിലിനൊപ്പം ഉമ

'സലിലിനെ ഞാനാദ്യം കാണുന്നത് 1999ൽ കോയമ്പത്തൂർ കിഡ്നി കേന്ദ്രയിൽ ഡയാലിസിസിനു അവൻ വരുമ്പോഴാണ്.അച്ഛനും അമ്മയും മരിച്ചു. ഒരു പെങ്ങൾ മാത്രമേയുള്ളൂ. വ‌ൃക്ക മാറ്റി വയ്ക്കാതെ രക്ഷയില്ല എന്നെല്ലാം കേട്ടപ്പോൾ ഞാൻ പറഞ്ഞു എന്റെ വൃക്ക തരാമെന്ന്. അവനാദ്യം വിശ്വസിച്ചില്ല. എന്റെ നിർബന്ധത്തിനു വഴങ്ങി കോവൈ മെഡിക്കൽ കോളജിൽ സലിൽ എന്നോടൊപ്പം വന്നു. അവന്റെ രക്തഗ്രൂപ്പ് ഒ നെഗറ്റീവും എന്റെ ഒ പോസിറ്റീവുമായിരുന്നു.. 1999 ജൂലൈയിൽ എന്റെ വൃക്ക സലിലിന് നൽകി. പിന്നീട് മാസം 15000 രൂപയുടെ മരുന്നു വേണമായിരുന്നു സലിലിനു ജീവിക്കാൻ. ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റുമ്പോൾ സലിൽ അവന്റെ പെങ്ങളോടു പറഞ്ഞു, 'ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ അവരുടെ മകനെ നീ നോക്കണമെന്ന്.' സലിൽ എന്റെ പ്രവർത്തനങ്ങളിൽ സഹായിയായി. 2001 ൽ ഒരു വാഹനാപകടത്തെ തുടർന്ന് സലിലിന്റെ രക്തം പരിശോധിച്ചപ്പോഴാണ് അത് ഒ പോസിറ്റീവായി മാറി എന്ന് തിരിച്ചറിഞ്ഞത്. ഈ ജീവിതം എനിക്കു നൽകിയ ഇരട്ട സഹോദരനാണ് സലിൽ'

അച്ഛൻ എന്റെ വഴികാട്ടി

ഉമ പ്രേമൻ അച്ഛൻ ബാലകൃഷ്ണൻ( ഫയൽ ചിത്രം) ഉമ, മകൻ ശരത് സാഗർ

കോയമ്പത്തൂർ മില്ല് തൊഴിലാളിയായിരുന്നു അച്ഛൻ. അമ്മ തങ്കമണി. ഗൗണ്ടർ വീടുകളുടെ ഉൾമുറികളിൽ കിടപ്പുകാരായ പാട്ടിമാരെയും മറ്റും അവരുടെ വീട്ടിലെത്തി മുറിവുകളിലെ പുഴുക്കളെ എടുത്തു കളഞ്ഞു ശുശ്രൂഷിക്കുന്നത് അച്ഛന്റെ പതിവായിരുന്നു. എന്നെയും കൂടെക്കൂട്ടും . പുഴുക്കളെ കണ്ട് അറച്ചു നിന്ന എന്നോട് . 'ഇവരും നിന്റെ പാട്ടി മാതിരി. ഇത്ര ചെറുതോ ഉമക്കുട്ടി നിന്റെ മനസ്സ്' എന്നു പറഞ്ഞ്, എന്റെ മനസ്സിന്റെവാതിലുകൾ പാവങ്ങൾക്കു തുറന്നു കൊടുത്തത് അച്ഛനാണ്.'കമ്പോണ്ടർ ' എന്നായിരുന്നു അച്ഛനെ നാട്ടുകാർ വിളിച്ചിരുന്നത്. എന്നാൽ അമ്മയ്ക്ക് ഇതിനോടെല്ലാം എതിർപ്പായിരുന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ മൂന്ന് വയസ്സുള്ള അനിയനേയും എന്നേയും ഉപേക്ഷിച്ച് അമ്മ വീടു വിട്ടു. പിന്നെ ഞാനായിരുന്നു അനിയനെ നോട്ടവും വീട്ടുജോലിയുമെല്ലാം ചെയ്തത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മദർ തെരേസയായി എന്റെ റോൾ മോഡൽ . പ്ലസ്ടു കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോടു വാശി പിടിച്ച് കൊൽക്കത്തയ്ക്ക് വണ്ടി കയറി. മൂന്ന് മാസം കഴിഞ്ഞതോടെ ഭാഷയും മറ്റും പ്രശ്നമായി. എനിക്കു നാട്ടിലേക്ക് മടങ്ങണമെന്ന് മദറിനോട് പറഞ്ഞു. മദർ ഒരു കത്തു തന്നു തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ അടുത്തേക്ക് എന്നെ വിട്ടു. അപ്പോഴേക്കും അമ്മ എന്നിലുള്ള നിയമപരമായ അവകാശം സ്വന്തമാക്കി. 'അപ്പച്ചൻ 'എന്നെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നെല്ലാം പറഞ്ഞ് പ്രശ്നമാക്കി. അക്കാലത്ത് സാധുജനസംരക്ഷണം ക്രിസ്ത്യൻ സമുദായത്തിൽ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. അല്ലാതെ ആരുമെന്നെ മതം മാറ്റാനൊന്നും വന്നിരുന്നില്ല. പക്ഷേ, ഞാൻ കാരണം അപ്പച്ചനൊരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ഞാനമ്മയ്ക്കൊപ്പം പോയി.

അമ്മയാണ് എന്നെ പ്രേമേട്ടന്റെ ജീവിതത്തിലേക്ക് നയിച്ചത്. എന്നേക്കാൾ 24 വയസ്സു കൂടുതലുണ്ടായിരുന്നു പ്രേമേട്ടന്. കാൻസർ രോഗിയായ ഒരു ഭാര്യയും കുട്ടിയുമുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. കലാകാരനും ബുദ്ധിജീവിയും ബിസിനസ്സുകാരനുമെല്ലാമായിരുന്ന പ്രേമേട്ടനു ക്ഷയമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു ഹോം നഴ്സും പിഎയും ബിസിനസ് മാനേജരുമൊക്കെയായിരുന്നു. പൊരുത്തത്തേക്കാൾ പൊരുത്തക്കേടുകളായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾക്ക് ഒരു മോനുണ്ടായി. ശരത് സാഗർ.

ഉമ ദേവിയായി പ്രേമേട്ടന്റെ ജീവിതത്തിലേക്ക് വന്ന ഞാൻ, ഉമ പ്രേമനായത് അദ്ദേഹത്തിന്റെ മരണത്തോടെയാണ്. പ്രേമട്ടന്റെ ജീവനറ്റ ശരീരവുമായി മടങ്ങി വന്നപ്പോൾ 'ഇവൾ പ്രേമന്റെ നിയമപ്രകാരമുള്ള ഭാര്യ അല്ലല്ലോ? ' എന്ന അടക്കം പറച്ചിൽ കേട്ട് എനിക്കു വാശിയായി. ഇനി പ്രേേമട്ടൻ എന്റെ മാത്രമായിരിക്കും എന്നു ഞാൻ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം എല്ലാവർക്കും‌മുള്ള അവകാശം നൽകി. എന്റെയും മകന്റെയും അവകാശവും ചേര്‍ത്ത് ശാന്തി തുടങ്ങി. പ്രേമൻ എന്റെ പേരിന്റെ ഭാഗമായി. എനിക്കു തോന്നുന്നു. മരച്ചതിനുശേഷമാണ് ഞാൻ പ്രേമേട്ടനെ കൂടുതൽ സ്നേഹിക്കുന്നതെന്ന്.

അച്ഛനാണ് എനിക്ക് സേവനം എന്ന പാത കാട്ടിത്തന്നത്. പ്രേമേട്ടനൊപ്പമുള്ള ജീവിതമാണ് എന്റെ വഴി എനിക്കു തുറന്നു തന്നത്. ബാല്യവും കൗമാരവും ഹോസ്റ്റലുകളിൽ ത്യജിച്ച മകൻ ശരത്താണ് ഉമ പ്രേമൻ എന്ന സാമൂഹിക +പ്രവർത്തകയ്ക്കുവേണ്ടി വലിയ ത്യാഗം ചെയ്തത്. അവൻ എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. 'സേവനത്തിന്റെ പേരിൽ അമ്മ ഇനി മുടിയിൽ കത്രിക വയ്ക്കരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.