Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയാവാം പനിനീർപ്പൂ പോലെ

rose water

ചർമത്തിനു റോസാപ്പൂവിന്റെ സൗന്ദര്യം സ്വന്തമാക്കാൻ റോസ് വാട്ടറിനെ കൂട്ടുപിടിക്കാം. നിറവും തിളക്കവും ലഭിക്കാൻ മാത്രമല്ല ഫംഗൽ അണുബാധയകറ്റാനും മനസിനു ശാന്തത നൽകാനും റോസ് വാട്ടർ സഹായകമാണ്.

∙ റോസ് വാട്ടർ വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ. അതിരാവിലെ റോസാപ്പൂവിന്റെ ഇതളുകൾ ശേഖരിക്കുക. ഇവ നന്നായി കഴുകിയെടുത്ത ശേഷം ഒരു വലിയ പാത്രത്തിലാക്കുക. ഈ ഇതളുകൾ മൂടാൻ പാകത്തിനുള്ള അളവിൽ ശുദ്ധജലം ഒഴിച്ച ശേഷം പാത്രം മൂടി വച്ച് ചെറിയ തീയിൽ ഈ വെള്ളം തിളപ്പിക്കുക. വെള്ളത്തിനു റോസാപ്പൂക്കളുടെ നിറമാകുമ്പോൾ തീ അണച്ച ശേഷം വെള്ളം അരിച്ചെടുക്കുക. തണുക്കുമ്പോൾ ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.

∙ രണ്ടു ചെറിയ സ്പൂൺ റോസ് വാട്ടറിൽ തുല്യം തക്കാളി നീര് ചേർത്തു മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലാൻ ഇതു സഹായിക്കും.

∙ ഒരു ചെറിയ സ്പൂൺ ബീറ്റ്റൂട്ട് നീരിൽ ഒരു ചെറിയ സ്പൂൺ റോസ്വാട്ടർ ചേർത്തു ചുണ്ടിൽ പുരട്ടുക. ചുണ്ടിനു നിറവും സൗന്ദര്യവും ലഭിക്കും.

∙ രണ്ടു വലിയ സ്പൂൺ ഒലീവ് ഓയിലിൽ രണ്ടു വലിയ സ്പൂൺ റോസ്വാട്ടർ ചേർത്തു മുഖത്തും കഴുത്തിലും പുരട്ടുക. നിറവും തിളക്കവും വർധിക്കും.

∙ രണ്ട് വലിയ സ്പൂൺ കടലമാവിൽ കുറച്ചു വെള്ളം ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു മുഖം കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചു കോട്ടണിൽ മുക്കി റോസ് വാട്ടർ മുഖത്തു പുരട്ടുക. അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. കടലമാവ് ചർമത്തെ വൃത്തിയാക്കുകയും റോസ് വാട്ടർ ചർമത്തിലെ സുഷിരങ്ങൾ അടച്ചു ചർമത്തിനു മൃദുത്വവും തിളക്കവും നൽകുകയും ചെയ്യും.