Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭപാത്രം വാടകയ്ക്ക് നൽകിയ രണ്ട് അമ്മമാരുടെ കഥ

surrogate-mothers സാബിറയും ലക്ഷ്മിയും. ഫോട്ടോ: ശ്യാംബാബു

ഗർഭപാത്രം  വാടകയ്ക്ക് നൽകിയ രണ്ട് സ്ത്രീകളുടെ ജീവിതകഥ. അപരിചിതരായ രണ്ടു പേരുടെ സ്വപ്നത്തെ ഉദരത്തിൽ പേറിയ തീവ്രമായ അനുഭവങ്ങളിലൂെട...

ഞാൻ നിന്നെ പാലൂട്ടിയതേയില്ല. താരാട്ടു പാടുകയോ നിന്റെ കുഞ്ഞിളംമേനിയെ ഉമ്മ വെച്ചു പുണരുകയോ ചെയ്തില്ല. ഞാൻ മയക്കം വിട്ടുണരുമ്പോഴേക്കും നീ അ ച്ഛനമ്മമാരുടെ ചൂടിലേക്കും വാത്സല്യത്തിലേക്കും എത്തിച്ചേർന്നിരുന്നു. അടിവയറിൽ കീറിയ മുറിവിലെ തിണർത്ത വേദന നിന്നെയോർമിപ്പിക്കുമ്പോഴെല്ലാം എന്റെ ഹൃദയം കൂപ്പുകരങ്ങളാകുന്നു. നിന്റെ ആയുസ്സിനും ഐശ്വര്യത്തിനുമൊപ്പം എനിക്കു നൽകിയ സൗഭാഗ്യങ്ങളെയോർത്തും. കുഞ്ഞേ നിനക്കു നന്ദി...

ഗർഭപാത്രം വാടകയ്ക്കു െകാടുക്കുന്ന സ്ത്രീകള്‍ പലരുണ്ടെങ്കിലും അ വരെക്കുറിച്ച് കഥകളും സിനിമകളും വന്നിട്ടുണ്ടെങ്കിലും അവരില്‍ ഒരാളും ഇന്നേവരെ മുഖം കാണിക്കാനും  ജീവിതകഥ പങ്കുവയ്ക്കാനും തയാറായിരുന്നില്ല. ആ ഇരുട്ടില്‍ നിന്നു നമ്മുടെ  മുന്നില്‍ വന്നു നില്‍ക്കുകയാണ് ഈ രണ്ടുപേർ, ലക്ഷ്മിയും സാബിറയും. വാടകയ്ക്ക് ഗർഭപാത്രം നൽകാൻ പ്രേരിപ്പിച്ച സാഹചര്യം. മറ്റു രണ്ടുപേരുടെ സ്വപ്നത്തെ ഉദരത്തിൽ കാത്തു വച്ച അനുഭവം... എല്ലാം കേൾക്കാം, അവരുടെ തന്നെ വാക്കുകളിൽ.

മേൽവിലാസം തേടി

മക്കളുമൊത്ത് കളി പറഞ്ഞിരിക്കുന്ന സന്ധ്യകളിൽ ഒരു കുഞ്ഞിന്‍റെ മുഖം എന്‍റെ മനസ്സിലേക്ക് കടന്നുവരും. അവന്  ആയുസ്സും ആരോഗ്യവും സന്തോഷവും കൊടുക്കണേ എന്ന് അപ്പോഴെല്ലാം പ്രാര്‍ത്ഥിക്കും. എന്റേതല്ലെങ്കിലും ഞാൻ പ്രസവിച്ചതാണല്ലോ അവനെ... ഞാൻ ലക്ഷ്മി അജിത്. ഇന്ന വീട്ടിലെ ഇന്ന ആൾ എന്നൊക്കെ മേൽവിലാസം പറയണമെന്നുണ്ട്. വീട്ടുകാർ ഉപേക്ഷിച്ചവർക്ക് എവിടെ വീടും മേൽവിലാസവും? വാടകവീടുകളിൽ നിന്നു വാടകവീടുകളിലേക്കുള്ള ഓട്ടമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ജീവിതം.  െചറിയ വാടക വർധന പോലും താങ്ങാൻ പറ്റുമായിരുന്നില്ല. എന്തിനു ചെറിയൊരു പനിക്കു പോലും ജീവിതത്തിന്റെ താളം തെറ്റിക്കാൻ കഴിയുമായിരുന്നു.

ആലുവയിലെ ജനറൽ ആശുപത്രിയിലാണ് എന്റെ ജനനം. അച്ഛനും അമ്മയും ആരെന്ന് അറിയില്ല. അവിടെ നിന്നാണ് ഇപ്പോഴത്തെ അച്ഛനുമമ്മയും എന്നെ ദത്തെടുക്കുന്നത്. അമ്മയ്ക്ക് ഒരു കുഞ്ഞ്  നാലാം മാസത്തിൽ അബോർഷനായി പോയിരുന്നു. മാനസികമായി തകർന്ന അവർക്ക് ഡോക്ടർ നിർേദശിച്ച പരിഹാരമായിരുന്നു ഞാൻ. നാലു വയസ്സുവരെ സ്നേഹം കൊണ്ടു മൂടപ്പെട്ടിരുന്നു. പിന്നീടാണ് ഗതി മാറിയത്. അമ്മ വീണ്ടും ഗർഭിണിയായി.

ഒരനിയത്തിയുണ്ടായപ്പോൾ അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലാതായി. െചയ്യാവുന്ന ദ്രോഹങ്ങളൊക്കെ ചെയ്തു. ചിലപ്പോൾ ഭക്ഷണം തരില്ല.  അനിയത്തിയെ സ്കൂളിൽ നിന്നു ടൂറിനൊക്കെ വിടും. എന്നെ വിടാൻ കാശി ല്ലെന്നു പറയും. അതുപോലെ അവളുടെ പിറന്നാളുകൾ നന്നായി ആഘോഷിക്കും. എനിക്ക് ആഗ്രഹിച്ചതൊന്നും കിട്ടിയില്ല. അന്ന് അതു വലിയ വേദ നയായിരുന്നു. അച്ഛനു ചെറിയൊരു മമത ഉണ്ടെങ്കിലും കാര്യമില്ലായിരുന്നു. ശരിക്കു വേർതിരിവ് അനുഭവിച്ചുതന്നെയാണു വളർന്നത്.

പത്താം ക്ളാസ്സു വരെ പഠിച്ചു.  എനിക്കു പതിനാറു വയസ്സുള്ളപ്പോൾ ഒരു വഴക്കിനെ തുടർന്നു അവരെന്നെ വീട്ടിൽ നിന്നു ഇറക്കിവിട്ടു. ഞാൻ ഒരു കൂട്ടുകാരിയുടെ വീട്ടിൽ  ചെന്നു കയറി. അവരാണ് ഏട്ടനെ കണ്ടുപിടിച്ചു തന്നത്. ഏട്ടൻ ഉയർന്ന കുടുംബത്തിലേതായിരുന്നു. അതുകൊണ്ടുതന്നെ ഏട്ടന്റെ വീട്ടുകാർക്ക് സമ്മതമല്ലായിരുന്നു ഞാനുമായുള്ള വിവാഹം. എട്ടനെയും വീട്ടിൽ നിന്നു പുറത്താക്കി.

two-mothers സാബിറയും ലക്ഷ്മിയും. ഫോട്ടോ: ശ്യാംബാബു.

വാടകവീട്ടിലാണെങ്കിലും സമാധാനമുണ്ടായിരുന്നു. ഏട്ട ൻ നല്ല സ്നേഹമുള്ള ആളാണ്. ഞങ്ങൾക്കു മൂന്നു പെൺകുട്ടികളുണ്ടായി.  മൂത്തവൾ ഏഴിൽ പഠിക്കുന്നു. രണ്ടാമത്തെവൾ നാലിലും ചെറിയ കുട്ടി രണ്ടിലും.  മൂന്നു പേരും നന്നായി പഠിക്കും. അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കണം. അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിക്കണം. ഹെൽപ്പറായി ജോലിക്കു പോകുന്ന ഏട്ടന്റെ ജോലി കൊണ്ടു ഒരു വീടുണ്ടാക്കാൻ പറ്റില്ല. കുഞ്ഞുങ്ങൾക്ക് ഒരു പനി വന്നു മരുന്നു വാങ്ങണമെങ്കിൽ പോലും  ഏട്ടൻ നട്ടം തിരിയും. ആരോടെങ്കിലും കടം ചോദിച്ചാൽ തരാതിരിക്കാൻ നൂറു ന്യായങ്ങൾ. അതുകേട്ടു മടുത്തിട്ടാണ് ഞാനിതു  ചെയ്തത്.  വാടകയും കൊടുത്ത് വീട്ടിലെ ചെലവും മക്കളുടെ പഠിത്ത ചെലവുകളും കഴിയുമ്പോൾ മാറ്റിവയ്ക്കാൻ ഒന്നുമുണ്ടാകില്ല. 

അക്കാലത്താണ് പത്രത്തില്‍ ഒരു പരസ്യം കാണുന്നത്. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കാന്‍ ഒരു സ്ത്രീയെ ആവശ്യമുണ്ടെന്ന്. ഞാന്‍ ഏട്ടനോടു ഇേതക്കുറിച്ചു സംസാരിച്ചു. മുമ്പു സൽമാൻഖാന്റെ  ‘ചോരി ചോരി ചുപ്കെ ചുപ്കെ’  സിനിമയിൽ ഇങ്ങനെയൊരു സംഭവം കണ്ടിട്ടുണ്ട്.  ഞങ്ങൾ രണ്ടുപേരും കൂടിയാണ് കാര്യങ്ങളന്വേഷിക്കാൻ പോയത്. അന്നുതന്നെ സമ്മതം പറഞ്ഞു പോന്നു. മൂത്തമോൾ നല്ല പക്വതയുള്ള കുട്ടിയാണ്. അവളോടും കാര്യങ്ങൾ പറഞ്ഞു. സറോഗേറ്റ് മദർ എന്താണെന്നെല്ലാം ബോധ്യപ്പെടുത്തി. അവർ എന്നെക്കുറിച്ചു മോശമായി ചിന്തിക്കുന്നതു എനിക്കു സഹിക്കാനാകില്ലായിരുന്നു. 

പരിചയക്കാരോടു തിരുപ്പൂരിൽ ഒരു ഗാർമെന്റ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലിക്കു പോകുകയാണെന്നു പറഞ്ഞു. ചെക്കപ്പ് കഴിഞ്ഞു ഫിറ്റാണോയെന്നു നോക്കിയതിനു ശേഷമാണ് മരുന്ന് തന്നു തുടങ്ങിയത്. ആർത്തവത്തിന്റെ തീയതി നോക്കിയതിനു ശേഷം ഒരു ദിവസം െചല്ലാൻ പറഞ്ഞു. അന്നു ഇൻജക്റ്റ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു നോക്കുമ്പോൾ ഗർഭിണിയാണ്. എന്‍റെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ തുടിച്ചു തുടങ്ങിയിരിക്കുന്നു. ഹോസ്പിറ്റലില്‍ എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിരുന്നു. എന്റെ മക്കളെ ഗർഭിണിയായിരുന്നപ്പോഴൊന്നും ഞാനിത്ര സന്തോഷിക്കുകയോ ആശ്വസിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ആശുപത്രിയിൽ വീർത്ത വയറും താങ്ങി ക്യൂ നിന്നു ഡോക്ടറെ കണ്ടു ബസിൽ തൂങ്ങിപിടിച്ചു വീട്ടിലെത്തും. ദുരിതമായിരുന്നു. ഒരാളു പോലും സഹായിക്കാനുണ്ടായിരുന്നില്ല.  പക്ഷേ ഈ ഗർഭകാലം സന്തോഷമായിരുന്നു. ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ കിട്ടി. മധുരത്തോടായിരുന്നു പ്രിയം. പാട്ടുകേൾക്കൽ, വായന, മനസ്സ് സ്വസ്ഥമായിരുന്നു.

ഏട്ടനും മക്കളും വീട്ടിലായിരുന്നു. അവധിയാകുമ്പോൾ മക്കളെ ഏട്ടൻ എന്റെ അടുത്ത് കൊണ്ടാക്കും. ഗര്‍ഭം ആറു മാസമായ കാലത്ത് മക്കളുടെ ബഹളം കേൾക്കുമ്പോഴൊക്കെ കുഞ്ഞ് അനങ്ങുമായിരുന്നു. ശബ്ദം കേൾക്കുന്നിടത്ത് അവിടെയവിടെ മുഴച്ചു വരും. ചെറിയ മോളുടെ കൊഞ്ചൽ കേൾക്കുമ്പോഴാണ് കൂടുതൽ അനക്കം. അപ്പോഴേ തോന്നിയിരുന്നു ആൺകുട്ടിയാണെന്ന്. മൂന്നു പെൺതരികൾക്കു ശേഷം. പക്ഷേ, നമ്മുടേതല്ലല്ലോ? ആദ്യമേ തന്നെ മറ്റൊരാളുെട കുഞ്ഞാണ് ഉള്ളില്‍ വളരുന്നത് എന്ന നിലയിൽ കാണാൻ കൗൺസലിങ് തന്നിട്ടുണ്ടായിരുന്നു. കുഞ്ഞിന്റെ അച്ഛനുമമ്മയും ഇടയ്ക്കിടയ്ക്ക് വരും. ആ അമ്മ എന്നെക്കണ്ടാൽ കണ്ണീരോടെ തൊഴുതു നിൽക്കും. ഒന്നും മിണ്ടാൻ പറ്റാത്ത വിധം അവർ കരച്ചിലിലായിരിക്കും. എനിക്കു വേണ്ടതെല്ലാം അവ‍ർ തന്നു. ആ ഏട്ടനും നല്ല ശ്രദ്ധയായിരുന്നു. എപ്പോഴും നല്ലതുമാത്രം ചിന്തിച്ചിരുന്നു. കുഞ്ഞ് നല്ലവനായി വളരട്ടെ എന്ന ആഗ്രഹം മാത്രമായിരുന്നു മനസിൽ.

മനസ്സിലുണ്ട് ആ മുഖം

സിസേറിയനായിരുന്നു. കുഞ്ഞിനെ കാണിക്കില്ലെന്നു മുമ്പേ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഓർത്തെടുക്കാൻ ഒരു മുഖം പോലുമില്ല. എന്നാലും എന്റെ മനസിലൊരു മുഖമുണ്ട്. എന്റെ മക്കളെ പാടിയുറക്കിയിരുന്ന പാട്ടു ഞാൻ ഗര്‍ഭകാലത്ത് മൂളിക്കൊടുക്കാറുണ്ടായിരുന്നു.

‘ഉണ്ണിക്കണ്ണാ വായോ..... ഊഞ്ഞാലാടാൻ വായോ.....’

അതു വലിയ ഇഷ്ടമായിരുന്നൂന്ന് തോന്നുന്നു. പാല് ഇല്ലാതാകാൻ ഒരു മരുന്നു തരും. പാല് പതുക്കെ വറ്റിപ്പോകും. എല്ലാ ഗർഭരക്ഷകളും  ചെയ്തിട്ടാണ് വീട്ടിലേക്കു വിടുന്നത്.

അന്നു കിട്ടിയ പണം െകാണ്ട് ഒരു സ്ഥലം വാങ്ങി.  വൈക്കം തണ്ണീർമുക്കം  ബണ്ടിനടുത്ത്. ഇനി ഒരു വീടു വയ്ക്കണം. ലോണിന് അപേക്ഷിച്ചിട്ടുണ്ട്. മോൾക്ക് ഇക്കൊല്ലം കഴിഞ്ഞാലേ ടി. സി. കിട്ടുകയുള്ളു. അതു കഴിയുമ്പോഴേക്കും ഒരു  ഷെഡ് ആണേലും വലിച്ചു കെട്ടണം. പിന്നെ, ഞാനും കൂടി ജോലിക്ക് പോകും. കംപ്യൂട്ടറും എഡിറ്റിങ്ങും  പഠിച്ചിട്ടുണ്ട്. എവിടെയെങ്കിലും ജോലി കിട്ടാതിരിക്കില്ല. 

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരായിരുന്നു ഞങ്ങൾ. കുട്ടിയെ വിറ്റു കാശാക്കിയെന്നു കരുതുന്നവരുണ്ടാകാം. മോഷ്ടിക്കുകയും മറ്റും ചെയ്യുന്നതിനെക്കാൾ ഭേദമല്ലേ സങ്കടക്കടലിൽ മുങ്ങിയൊരാളെ  കൈപിടിച്ചു രക്ഷിക്കുന്നത്.സിസേറിയൻ ചെയ്ത തീയതി വച്ച് ഞാൻ കണക്കു കൂട്ടും. ഇന്നു പക്ക പിറന്നാളാണ്. അവൻ നടക്കാൻ തുടങ്ങിയിട്ടുണ്ടാവും. എന്നൊക്കെ ചിന്തിക്കും. നടക്കട്ടെ. നടന്നു നടന്നു മിടുക്കനാവട്ടെ. അമ്മയല്ലെങ്കിലും എന്റെ ഗർഭപാത്രത്തിൽ കിടന്നു വളർന്നവനല്ലേ, അവന്‍ നന്നായി വരട്ടെ.’’

തീയിലെരിഞ്ഞവൾ

‘‘ഞാൻ സാബിറ. മരണ ചിന്ത ഉപേക്ഷിച്ചിടത്ത് നിന്ന് എന്റെ കഥ ആരംഭിക്കാം. മരിക്കാൻ തീരുമാനിച്ചപ്പോൾ മക്കളെ കൂടെ കൂട്ടില്ലെന്നു ആദ്യമേ തീരുമാനമെടുത്തു. പോകുന്നത്  തനിച്ചായിരിക്കണം. പക്ഷേ, വാപ്പയുപേക്ഷിച്ച കുഞ്ഞുങ്ങൾ ഉമ്മയില്ലാതെന്തു ചെയ്യും? എങ്ങനെ വളരും? ആ ചോദ്യത്തിന് ഉ ത്തരം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.’’ കനൽ പൊള്ളിയടർന്ന പോലെ സാബിറയുടെ വാക്കുകൾ. ‘‘ഹൃദയത്തിന്റെ നാലു വാൽവുകളും തകരാറിലായി എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ഉമ്മ. ദിവസേനെയുള്ള കുത്തിവയ്പിനും മരുന്നിനും പൈസ തികയാണ്ട് ആരോടൊക്കെയോ ഇരന്നു കിട്ടിയ ചില്ലറകളുമായി തിരിച്ചു വന്നതേയുള്ളൂ ഞാൻ. 

ഒാരോരുത്തരും നീട്ടിയ തുട്ടുകൾ. ‘ഉടനെ ഒരു ഓപ്പറേഷൻ വേണം. രണ്ടര ലക്ഷം രൂപയാകും.’  നഴ്സ് പുതിയ കണക്കു പുസ്തകം തുറക്കുകയാണ്. എന്റെ  വാപ്പ തളർന്ന് നിലത്ത് കുത്തിയിരിക്കുന്നുണ്ട്. സംഘടനകളും പള്ളിയുമെല്ലാം പൈസ തന്നു കഴിഞ്ഞു. അതുകൊണ്ടാണ് പിടിച്ചു നിന്നത്. പണിക്കു പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഉമ്മയുടെ അടുത്ത് പിന്നെ, ആരു നിൽക്കും. കുഞ്ഞുങ്ങളെ ആരു നോക്കും. വാപ്പ കൂലിപണിക്കു പോയാൽ കിട്ടുന്നത് ചെറിയ പൈസയാണ്.  അതുകൊണ്ട് ഒന്നുമാകില്ല. തൽക്കാലം ഓപ്പറേഷൻ നടക്കില്ലെന്ന് തന്നെ തീരുമാനിച്ചു. ഞങ്ങളുടെ കരച്ചിൽ കേട്ടു അടുത്ത ബെഡിലെ രോഗിക്കു കൂട്ടിരിക്കുന്ന ചേച്ചിയെത്തി. അവരാണ്  ഇത്തരമൊരു സാധ്യതയെക്കുറിച്ചു പറയുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ അ വര്‍ പറഞ്ഞ വഴിക്ക് അന്വേഷണം തുടങ്ങി. പിന്നത്തേക്കു നീട്ടിവച്ചാൽ അതു ഉമ്മയുടെ ജീവിതം കൂടിയാകുമല്ലോ?

പട്ടിണി അറിഞ്ഞ ബാല്യം

ഉപ്പായ്ക്കും  ഉമ്മായ്ക്കും  ഞാൻ ഒറ്റ മോളായിരുന്നു. ബന്ധുക്കളൊക്കെ നല്ല നിലയിലാണ്. ഉപ്പായ്ക്കു കൂലിപ്പണിയും. അതുകൊണ്ട് തന്നെ അവർക്കൊന്നും വലിയ അടുപ്പമില്ലായിരുന്നു. ഓർമ വയ്ക്കുമ്പോഴേ വാടകവീട്ടിലാണ്. ഉമ്മയ്ക്കു വയ്യാത്തോണ്ട് പണിക്കു പോകാനൊന്നും പറ്റില്ല. പട്ടിണി നന്നായറിഞ്ഞിട്ടുണ്ട്. നല്ല ഡ്രസ്സൊന്നും ഇടാൻ പറ്റിയിട്ടില്ല. എട്ടാം ക്ലാസ്സായപ്പോൾ പഠിപ്പു നിറുത്തി. ഉപ്പായ്ക്ക് എന്നെക്കൊണ്ട് പ റ്റുന്ന സഹായം കൊടുക്കാമെന്നുറപ്പിച്ചു. തൊട്ടടുത്ത കമ്പനിയിൽ പാക്കിങ് സെക്‌ഷനിൽ ജോലിക്ക് കയറി.  

മുളകുപൊടി കവറിലാക്കുകയാണു ജോലി. കണ്ണും മുഖവും കൈയുമെല്ലാം നീറി പിടിക്കും. എരി‍ഞ്ഞെരിഞ്ഞ് ഉള്ളുവരെ വേവും. കണ്ണിലെ എരിച്ചിലിന്നിടയില് ഉള്ളു തണുപ്പിക്കും പോലെയൊരു പ്രേമം. പിന്നെ, വിവാഹം. രണ്ടാമത്തെ കുട്ടിക്ക് ആറുമാസമുള്ളപ്പോൾ തമിഴ്നാട്ടിൽ ജോലി നോക്കീട്ടു വ രാമെന്നു പറഞ്ഞു പോയതാണ്. പിന്നെയൊരു വിവരവുമില്ല. ആള് ജീവിച്ചിരിപ്പുണ്ടെന്നറിയാം. 

ഗതികെട്ട് മരണത്തെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഉ മ്മയുടെ അസുഖവും എെന്‍റ തീരുമാനങ്ങളും. ഞാന്‍ വന്നു വിവരങ്ങള്‍ പറയുമ്പോള്‍ വാപ്പയ്ക്കും ഉമ്മയ്ക്കും കുറച്ചു സങ്കടമുണ്ടായിരുന്നു. എല്ലാം പറഞ്ഞു മനസ്സിലാക്കി. ആദ്യം കുറച്ചു മരുന്നൊക്കെ തന്നു. എന്നിട്ടൊരു ദിവസം വരാൻ പറഞ്ഞു. അന്നു മുതല്‍ ആശുപ്രതിയില്‍ തന്നെ ആയിരുന്നു. ‍ഡോക്ടർമാരും നഴ്സുമാരുമെല്ലാം നല്ല പരിചരണം തന്നു.

mothers സാബിറയും ലക്ഷ്മിയും. ഫോട്ടോ: ശ്യാംബാബു

ആരും കുറ്റപ്പെടുത്തുകയോ പുച്ഛിക്കുകയോ ചെയ്തില്ല. രണ്ടാഴ്ച കഴിഞ്ഞു പരിശോധിക്കുമ്പോൾ ഗർഭിണിയാണ്. നോക്കാനൊരു ആയയുണ്ട്. എന്താവശ്യമുണ്ടെങ്കിലും ചെയ്തുതരും. മോളുടെ പിന്നാലെ ഓടിനടക്കാൻ  ഉമ്മയ്ക്ക് വയ്യാതായപ്പോ അവളെയും എന്റെയടുത്തേക്ക് കൊണ്ടുവന്നു. അവളെ നോക്കാൻ വാപ്പയും കൂടെ വന്നു.  ഉമ്മയും  മോനും വീട്ടിൽ. രണ്ടു മാസം കഴിഞ്ഞ് സ്കാൻ ചെയ്തപ്പോഴാണ് അറിഞ്ഞത് ഇരട്ടക്കുട്ടികളാണെന്ന്. ആ കുഞ്ഞുങ്ങളുെട അച്ഛനുമമ്മയും ഒരിക്കൽ കാണാന്‍ വന്നിരുന്നു. ഗർഭപാത്രമില്ലായിരുന്നു ആ അമ്മയ്ക്ക്. അവരുടെ സ ന്തോഷക്കരച്ചിൽ. അതിലൊഴുകി പോകും എന്റെ എല്ലാ വിഷമങ്ങളും. അന്നു വാപ്പയും പറഞ്ഞു. ‘ആരെന്തുപറഞ്ഞാലും നീ ചെയ്തതൊരു പുണ്യാ. അള്ളാഹു നിന്റെ മക്കൾക്ക് ഇരട്ടിയായി തിരിച്ചു തരും.’

പക്ഷേ, ഉമ്മയ്ക്ക് ആ പുണ്യം അനുഭവിക്കാനായില്ല. എന്റെ  പ്രസവം കഴിഞ്ഞ് ഉമ്മയുടെ ഹാർട്ട് ഓപ്പറേഷൻ നടത്താമെന്നാണ് വിചാരിച്ചത്. പക്ഷേ, ആറുമാസം ഗർഭമായപ്പോൾ ഉമ്മ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. ഉമ്മയെ അവസാനമായൊന്നു കാണാൻ പോലും പറ്റിയില്ല. മോനെ പിന്നീട് ബന്ധുവീടുകളിലാക്കി. അതുകൊണ്ട് സിസേറിയൻ കഴിഞ്ഞു രക്ഷ ചെയ്യാനൊന്നും നിന്നില്ല. വേഗം വീട്ടിലേക്കു പോന്നു. 

പോരാനിറങ്ങുമ്പോൾ എന്റെ മക്കൾക്ക് സ്വപ്നം കാണാൻ പറ്റാത്ത കളിപ്പാട്ടങ്ങളും എല്ലാവർക്കും പുതിയ ഉടുപ്പകളും ഉ ണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനെന്റെ വേദനകളൊക്കെ മറന്നു. കിട്ടിയ കാശുകൊണ്ടു ഒരു വീടു വാങ്ങി. എന്റെ ആയുസ്സിൽ വാങ്ങാനാകില്ലെന്നു വിചാരിച്ചത്.ഓർമവെച്ചതിൽപ്പിന്നെ ആദ്യമായാണ് സ്വന്തമായൊരു പുരയിടത്തിൽ പാർക്കുന്നത്. മുറിവുണങ്ങി വരുന്നതേയുള്ളൂ. ഒരു ജോലി നോക്കണം. മക്കളെ പഠിപ്പിക്കണം. അത്രേയുള്ളൂ ആഗ്രഹങ്ങൾ. ഒരു കുട്ടിയെ മോഹിച്ച ആ അച്ഛനമ്മമാർക്ക് രണ്ടു കുട്ടികളെ കൊടുക്കാനായല്ലോ. ആ പുണ്യവും  അവരുടെ പ്രാർഥനയുമുള്ളപ്പോൾ ഞാൻ എന്തിനെ ഭയക്കാൻ.’’