Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനിക്കെന്തെല്ലോ ആകുന്നെടോ... നോർമൽ ആകാൻ കുറച്ച് സമയമെടുക്കും...!!!

surabhi-ep സുരഭിലക്ഷ്മി.

‘എനിക്കെന്തെല്ലോ ആകുന്നെടോ... എന്താന്ന് പറയാനൊന്നും പറ്റുന്നില്ല. നോർമൽ ആകാൻ കുറച്ച് സമയമെടുക്കും.’ – സുരഭിയുടെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു അവാർഡിനെക്കുറിച്ചുള്ള പ്രതികരണം. ‘രാവിലെ ആറേ മുക്കാലിന് ഫ്ലൈറ്റിൽ കയറിയതാണ്. സലാലയിൽ ഒരു േസ്റ്റജ് ഷോ ഉണ്ട്. ഉച്ചയ്ക്ക് ഫ്ലൈറ്റ് ഇറങ്ങിയ പ്പോൾ ഷോയുടെ ഭാരവാഹികൾ കൺഗ്രാറ്റ്സ് പറയുന്നു.



േസ്റ്ററ്റ് അവാർഡ് കിട്ടിയതിനാകും എന്നാണ് ഞാൻ വിചാരിച്ചെയ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതറിഞ്ഞില്ലേ, എന്നവർ ചോദിച്ചപ്പോ കുറച്ചുനേരം എനിക്കൊന്നും മനസ്സിലായില്ല. എന്താ പറയണ്ട്, എങ്ങനെയാ പറയണ്ട്ന്നറിയാണ്ട് നിന്നു കുറേ നേരം. കുഞ്ഞു ബജറ്റിൽ ചെയ്തൊരു കുഞ്ഞുസിനിമയാണ് മിന്നാമിനുങ്ങ്.

എനിക്കു കിട്ടിയ അവാർഡ് ഞങ്ങളുടെ കുഞ്ഞുസിനിമയിലെ എല്ലാവർക്കും കൂടിയുള്ള അവാർഡാണ്. ഒരുപാടൊരുപാട് സന്തോഷം. ഇന്ന് അവാർഡ് പ്രഖ്യാപിക്കും എന്നു പോലും എനിക്കറിയില്ലായിരുന്നു. അവിടെ അവാർഡ് പ്രഖ്യാപിച്ചതൊന്നു മറിയാണ്ട് ഫ്ലൈറ്റിലങ്ങനെ രസിച്ചിരിക്ക്യാ യിരുന്നു.

സംസ്ഥാന അവാർഡിന് പ്രത്യേക പരാമർശം കിട്ടയതല്ലേ, ദേശീയ അവാർഡ് വരുമ്പോൾ  എന്തെങ്കിലും ഒന്ന് കിട്ടിയില്ലെങ്കി മോശല്ലേ എന്ന് വിചാരിച്ചിരുന്നു. പ്രത്യേക പരാമർശമെങ്കിലും കിട്ടണേ എന്ന് വഴിപാട് നേർന്നിരുന്നു. അപ്പഴും മികച്ച നടിക്കുള്ള അവാർഡ് കിട്ടണം എന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലട്ടോ.

surabhi-interview-3 സുരഭിലക്ഷ്മി.

ഇത്പ്പോ എന്താ പറയ്വാ, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എത്രയോ ഭാഷകളിൽ നിന്ന് നമ്മുടെ കൊച്ചു മലയാളത്തിന്  അവാർഡ് കിട്ടിയല്ലോ. പറഞ്ഞാലു പറഞ്ഞാലും തീരാത്ത സന്തോഷം. മകൾക്കും വയസ്സായ അച്ഛനും വേണ്ടി ജീവിക്കുന്ന നാൽപ്പത്തഞ്ചു വയസ്സുള്ള വിധവയായ ഒരമ്മയുടെ റോളാണ് മിന്നാമിനുങ്ങിൽ എന്റേത്.

അവർക്കു പേരില്ല. മകളെ പഠിപ്പിക്കാനും നല്ല നിലയിലെത്തി ക്കാനുമായി  വിഷമം പിടിച്ച പല ജോലികളും ചെയ്യേണ്ടി വരു ന്നൊരു കഥാപാത്രം. തിരുവനന്തപുരം സ്ലാങിലാണ് സംസാരമൊക്കെ. എനിക്കു കിട്ടിയ ആദ്യത്തെ മുഴുനീള കഥാപാത്രം കൂടിയാണിത്. ഇതുവരെ കിട്ടിയ എല്ലാ സിനിമകളിലും രണ്ടോ മൂന്നോ സീനേ ഉണ്ടായിരുന്നുള്ളൂ.’   മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുരഭി ലക്ഷ്മിയെ ഏറെയിഷ്ടം എം 80 മൂസയിലെ കോഴിക്കോട് സ്ലാങ് സംസാരിക്കുന്ന പാത്തു എന്ന മുസ്ലിം കഥാപാത്രമായാണ്.

‘പാത്തുവിന്റെ ഭാഷ മിന്നാമിനുങ്ങിൽ വരാതിരിക്കാൻ മനഃപൂർവം ശ്രമിച്ചു. തിരുവനന്തപുരത്തെ ഉൾനാടുകളിലെ ഭാഷ പഠിച്ചെടുക്കുന്നത് ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. മിന്നാമിനുങ്ങ് ടീമിലെ പലരും എന്നെ ഒരുപാട് സഹായിച്ചു. സിനിമ എത്രയും വേഗം എല്ലാവർക്കും കാണാനാകട്ടെ എന്നാണിപ്പോൾ ആഗ്രഹം തോന്നുന്നത്. ഡയറക്ടർ അനിൽ തോമസും ടീമും സിനിമ റിലീസ് ചെയ്യാൻ ഫണ്ടില്ലാതെ വിഷമത്തിലാണ്.’’  സുരഭി പറയുന്നു.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് സുരഭി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ ചെറിയ വേഷമാണ് സുരഭിക്ക് ലഭിച്ചത്. പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി മുപ്പത്താറോളം മലയാള സിനിമയിൽ സുരഭി അഭിനയിച്ചിട്ടു ണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു. എന്തായാലും സുരഭിയുടെ അഭിനയമികവിനുള്ള പൊൻതൂവലാണ് ലഭിച്ച ഇൗ പുരസ്കാരം. സുരഭിയുടെ മധുര പ്രതികാരമാണ് ഇൗ ദേശീയ അവാർഡ്.



‘‘സത്യസന്ധമായി അഭിനയിക്കാനാണ് എനിക്കിഷ്‌ടം. കഥാപാത്ര ങ്ങൾ വലുതായാലും ചെറുതായാലും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന ഫ്ലക്‌സിബിളായിട്ടുള്ള നടിയാകാൻ ഞാൻ ശ്രമിക്കുന്നു. നാടകത്തെക്കുറിച്ചും സ്‌റ്റേജുകളിൽ കഥാപാത്രങ്ങളെ അറിഞ്ഞും അഭിനയിക്കുക എന്നതാണ് എന്റെ തീരുമാനം. പഠനവും അഭിനയവും സീരിയസ്സായി കാണുന്നു.

surabhi-interview സുരഭിലക്ഷ്മി.

മികച്ച പെർഫോമർ ആകണം എന്നാണാഗ്രഹം. എനിക്കൊരു ഡോക്‌ടറേറ്റ് കിട്ടുന്നത് എന്റെ നാട്ടുകാരുടെ അഭിമാനമാണ്’’. സുരഭി പറയുന്നു. അമ്മ ലക്ഷ്‌മിയാണ് എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് അമ്മയെക്കാൾ കൂടുതൽ ധൈര്യമു ള്ളവളാണ് അമ്മമ്മ. എന്റെ ഇഷ്‌ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. എന്റെ ഇഷ്‌ടങ്ങൾക്ക് ആരും തടസ്സം നിൽക്കാറില്ല. എല്ലാവരോടും സൗഹൃദം സ്‌ഥാപിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു നാട്ടിൻപുറത്തു കാരിയുടെ മനസ്സാണ് എന്റേത്. ഒരുതാരമല്ല ജനുവിൻ ആക്‌ടർ ആവുക എന്നതാണ് ലക്ഷ്യം., സുരഭി പറഞ്ഞു.



വിമാനമിറങ്ങിയിട്ടേയ് പല്ലു തേക്കാൻ പോലും സമയം കിട്ടിയിട്ടില്ല. അറിഞ്ഞവരെല്ലാം വിളിയോടു വിളി തുടങ്ങി. പോട്ടേ...’ യാത്ര പറഞ്ഞ് സുരഭി ഫോൺ കോളുകളുടെ കുത്തൊഴുക്കിലേക്ക്..