Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്ര ‘ചെറുതല്ല’ റിമയുടെ ഈ ലിറ്റില്‍ ഫ്രീ ലൈബ്രറി

rima-1 റിമ കല്ലിങ്കൽ.

തൂലികാ സൗഹൃദവും ലെന്റിംഗ് ലൈബ്രറിയും ഒക്കെ തുറന്ന മനസ്സോടെ വിദേശികളില്‍ നിന്ന് മലയാളികള്‍ സ്വീകരിച്ച ആശയങ്ങളാണ്. വായനാലോകത്തെ പങ്കുവയ്ക്കലിന്റെ വ്യത്യസ്തമായ മറ്റൊരു മുഖമാണ് ലിറ്റില്‍ ഫ്രീ ലൈബ്രറികള്‍.

1999 ല്‍ ഹഡ്സണില്‍ ആരംഭിച്ച ഈ ആശയത്തിന്‍റെ ചുവടു പിടിച്ച്  പല ലോകരാജ്യങ്ങളിലായി അന്‍പതിനായിരത്തിലധികം ലിറ്റില്‍ ലൈബ്രറികള്‍ ഇപ്പോഴുണ്ട്. കേരളത്തിലെ രണ്ടാമത്തെയും കൊച്ചിയിലെ ആദ്യത്തെയും ലിറ്റില്‍ ഫ്രീ ലൈബ്രറിയുടെ ഉടമ അഭിനേത്രിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ ആണ്. പുതുമ നിറഞ്ഞ ഈ ആശയത്തെക്കുറിച്ച്  വായനാവാരത്തില്‍ റിമ മനോരമഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

ലിറ്റില്‍ ഫ്രീ ലൈബ്രറി എന്ന ആശയം?

കഴിഞ്ഞ വര്‍ഷം ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ് വരുന്ന വഴി കൊല്ലത്ത് 8 പോയിന്‍റ് ആര്‍ട്ട് കഫെയില്‍ പോയിരുന്നു. അവിടെയാണ് ആദ്യമായിട്ട് ഇങ്ങനെയൊരു ലൈബ്രറി കാണുന്നത്. ലോകത്തിന്റെ പലയിടങ്ങളിലും സക്സസ്ഫുള്‍ ആയിട്ടുള്ള ഒരു കണ്സപ്റ്റ് ആണ് ലിറ്റില്‍ ഫ്രീ ലൈബ്രറി. എനിക്കതു വളരെ രസകരമായി തോന്നി. ചെറിയ ഒരു ലൈബ്രറി. You can leave a book there, and take a book. നിങ്ങളുടെ കൈവശമുള്ള ഒരു ബുക്ക് അവിടെ നല്‍കി അവിടെ നിന്ന് ഒരു ബുക്ക് വായിയ്ക്കാനായി എടുക്കാം.അതായത് ഒരു പുസ്തകം ഉള്ള ഒരാള്‍ക്ക് എത്ര ബുക്ക് വേണമെങ്കിലും ഈ ലൈബ്രറിയില്‍ നിന്ന് വായിക്കാം എന്നുള്ളതാണ് പ്രത്യേകത. അതും പെയ്മെന്റ് ഒന്നുമില്ലാതെ തന്നെ. എനിയ്ക്ക് അത് നല്ല ഒരു ആശയമായി തോന്നി.

കൊച്ചിയില്‍ ലിറ്റില്‍ ലൈബ്രറി തുടങ്ങാനുണ്ടായ പ്രചോദനം?

കുട്ടികളില്‍ വായന വളര്‍ത്തുന്നതിനുള്ള  ശ്രമത്തിന്‍റെ ഭാഗമായിട്ട് റോട്ടറി ക്ലബ്ബിന്റെ ഒരു  പ്രോജക്റ്റ് ഉണ്ടായിരുന്നു. വലിയ സ്കൂളുകളില്‍ ഒക്കെ സൗകര്യങ്ങള്‍ ഉണ്ടാകും. പക്ഷെ അത്ര സൗകര്യങ്ങളൊന്നുമില്ലാത്ത സ്കൂളുകളില്‍ നല്ല ലൈബ്രറിയോ കുട്ടികള്‍ക്ക് വായിക്കാൻ പുസ്തകങ്ങളോ ഒന്നുമുണ്ടാവില്ല. ഈ പ്രോജക്റ്റിന്‍റെ ലക്ഷ്യം പലയിടങ്ങളില്‍ നിന്നായി ബുക്ക്സ് കളക്റ്റ് ചെയ്ത് ഈ സ്കൂളുകളില്‍ എത്തിയ്ക്കുക എന്നതായിരുന്നു . വ്യക്തിപരമായി എനിയ്ക്കു  വളരെ സന്തോഷം നല്‍കിയ ഒരു പ്രോജക്റ്റ് ആയിരുന്നു അത്.

little-library കേരളത്തിലെ രണ്ടാമത്തെയും കൊച്ചിയിലെ ആദ്യത്തെയും ലിറ്റില്‍ ഫ്രീ ലൈബ്രറിയുടെ ഉടമ അഭിനേത്രിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ ആണ്.

ആ പ്രോജക്റ്റിന്‍റെ ഭാഗമായിരുന്നവരോട് ലിറ്റില്‍ ഫ്രീ ലൈബ്രറിയുടെ ആശയം പങ്കുവച്ചിരുന്നു.അവരെല്ലാം വളരെ നല്ല അഭിപ്രായമാണ് ഇതിനെക്കുറിച്ച് പറഞ്ഞത്. എനിക്കു ബുക്സ് ഭയങ്കര ഇഷ്ടമാണ്. ചെറുപ്പത്തില്‍ നല്ലപോലെ വായിച്ചിരുന്നു. ഇപ്പോൾ അതിന്റെ നൂറിലൊന്നു പോലും വായിക്കുന്നില്ല. എങ്കിലും പുസ്തകങ്ങൾ ചുറ്റുമുള്ളത്  ഇഷ്ടമുള്ള ഒരാളാണ്. വ്യക്തിപരമായ താല്‍പര്യവും വായനാ പ്രോജക്റ്റും എല്ലാം കൂടെ ആയപ്പോ ഇതിലേയ്ക്ക് എത്തുകയായിരുന്നു. 

ലിറ്റില്‍ ലൈബ്രറിയില്‍ എത്തുന്ന പുസ്തകങ്ങള്‍?

ലൈബ്രറിയ്ക്ക് വേണ്ടി പുസ്തകങ്ങള്‍ ഷോപ്പില്‍ നിന്ന് വാങ്ങാറില്ല. എന്‍റെ സ്വകാര്യ ശേഖരത്തിലുള്ളതും സുഹൃത്തുക്കള്‍ തരുന്ന പുസ്തകങ്ങളുമൊക്കെയാണ് ഇപ്പോഴുള്ളത്. ഒരുപാടു പുസ്തകങ്ങള്‍ ഞങ്ങളുടെ ലിറ്റില്‍ ലൈബ്രറിയിലേയ്ക്ക് ലഭിച്ചിട്ടുണ്ട്. കേട്ടറിഞ്ഞ് വന്നു പല സുഹൃത്തുക്കളും ബുക്കുകള്‍ നല്‍കാറുണ്ട്.

റിമ എങ്ങനെയുള്ള ഒരു വായനക്കാരിയാണ്?

ബുക്ക് വാങ്ങല്‍ ഒക്കെ അടുത്തിടെയല്ലേ തുടങ്ങിയത്. ലൈബ്രറി തന്നെയായിരുന്നു വായനയ്ക്ക് ആശ്രയം. ഞാന്‍ പഠിച്ച ചിന്മയ സ്കൂളില്‍ നല്ല ഒരു ലൈബ്രറി ഉണ്ടായിരുന്നു. വീടിനടുത്ത് ഒരു ലെന്റിംഗ് ലൈബ്രറിയും ഉണ്ടായിരുന്നു. റസ്ക്കിന്‍ ബോണ്ടില്‍ തുടങ്ങി  സ്ഥിരം ടീനേജ് ഫേവറൈറ്റ്സ് ആയ നാന്‍സി ഡ്രൂവും ഫേമസ് ഫൈവും ഒക്കെയാണ് ഞാനും വായിച്ചിരുന്നത്.അടുത്തിടെയാണ് കുറച്ചു കൂടെ സീരിയസ് ഫിക്ഷന്‍ ഒക്കെ വായിച്ച് തുടങ്ങിയത്.നോണ്‍ ഫിക്ഷനും താല്പര്യമാണ്.

RIMA റിമ കല്ലിങ്കൽ.

ഇപ്പോഴെനിക്ക് പുതിയൊരു ശീലമുണ്ട്. ട്രാവല്‍ ചെയ്യുമ്പോൾ ബുക്ക് വാങ്ങും. ആ സ്ഥലം, അവിടുത്തെ കള്‍ച്ചര്‍, ഹിസ്റ്ററി ഒക്കെ ആ നാടിന്‍റെ പശ്ചാത്തലത്തില്‍ വായിക്കുന്നത് രസമാണ്. ആഫ്രിക്കയില്‍ പോയപ്പോള്‍ യുണൈറ്റഡ് ആഫ്രിക്ക എന്നൊരു ബുക്കായിരുന്നു കൊണ്ടു പോയത്..ഹൗ ഫുട്ബോള്‍  യുണൈററ്  ആഫ്രിക്ക ഓവര്‍  ദ പോവര്‍ട്ടി എന്നൊക്കെയാണ്  ആ ബുക്ക് പറയുന്നത്. അതുപോലെ ശ്രീലങ്കയില്‍ പോയപ്പോള്‍ ‘ദി ഡിവൈഡഡ്  ഐലന്റ്’  എന്ന ബുക്ക്..ശ്രീലങ്കയുടെ നൂറു വര്‍ഷത്തെ ചരിത്രം പറയുന്ന ഒരു ബുക്ക്. ആ രാജ്യത്ത് ചെല്ലുമ്പോള്‍ നമുക്ക് തോന്നും  എത്ര ഭംഗിയുള്ള ശാന്തമായ സ്ഥലമാണ് ഇതെന്ന്. പക്ഷെ ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യും ആ ശാന്തതയുടെ അടിയില്‍ പതുങ്ങിക്കിടക്കുന്ന മറ്റൊരു തലം ഉണ്ടെന്ന്. അങ്ങനെ ബുക്ക്സില്‍ നിന്നു കിട്ടുന്ന ഒരു സംഭവമുണ്ട്. ഐ എന്‍ജോയ്  ദാറ്റ്‌.

ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വായന?

വായിയ്ക്കുമ്പോള്‍ ചില മോമന്റ്സ് ഒക്കെ മനസ്സില്‍ തങ്ങി നില്‍ക്കും.സിനിമയില്‍ എക്സ്പ്രസ് ചെയ്യുന്ന ഒരു ഇമോഷന്റെയൊക്കെ ഒരു  സബ്‌ ലെയര്‍ ചിലപ്പോള്‍ നമുക്ക് വായനയില്‍  കിട്ടും. സിനിമയില്‍ അതിലേയ്ക്ക് പോകില്ല. സിനിമയില്‍ നമുക്ക് ചിന്തിയ്ക്കാന്‍ പറ്റാത്ത റിലേഷന്‍ഷിപ്പുകളും  പ്ലോട്ടുകളും ഒക്കെ ബുക്കുകളില്‍ നിന്ന് കിട്ടും. അതുകൊണ്ട് ആര്‍ട്ടിസ്റ്റ് എന്നതിനേക്കാള്‍  മേയ്ക്കര്‍ എന്ന നിലയിലാണ് വായന കൂടുതല്‍ അഫക്റ്റ് ചെയ്യുക എന്നു തോന്നുന്നു. ഇപ്പോള്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആഭാസം എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഭാഗമായി ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’യാണ് ഞാന്‍ ഇപ്പോള്‍ വായിച്ച് കൊണ്ടിരിയ്ക്കുന്നത്.

ഇ-വായനയുടെ കാലമാണല്ലോ?

അത് നമ്മുടെ കണ്‍വീനിയന്‍സ് പോലെയാണ്. എനിക്കു ബുക്കുകളാണ് ഇഷ്ടം. പക്ഷെ എന്‍റെ കയ്യില്‍ കിന്‍ഡില്‍ ഉണ്ട്. യാത്രയൊക്കെ ചെയ്യുമ്പോള്‍ അതാണ്‌ സൗകര്യം. അങ്ങനെ വേര്‍തിരിവൊന്നും തോന്നാറില്ല. വായിയ്ക്കുക എന്നതാണ് പ്രധാനം.എന്നാലും ബുക്കുകളോട് കുറച്ച് ഇഷ്ടക്കൂടുതല്‍ ഉണ്ട്.

ലിറ്റില്‍ ലൈബ്രറിയിലെ വായനക്കാര്‍ ആരൊക്കെയാണ്?

സ്കൂള്‍ കുട്ടികള്‍ക്കും അറിയുന്ന സുഹൃത്തുക്കള്‍ക്കുമായിട്ടാണ് ഇപ്പോള്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളത്.പ്രത്യേകമായ മെമ്പര്‍ഷിപ്പ് ഒന്നുമില്ല.അടുത്തിടെ ഒരു കൊച്ചു പയ്യന്‍ വന്നിരുന്നു. ആരാണെന്ന് പോലും എനിയ്ക്ക് അറിയില്ല.അവന്‍ വരുകയും വായിക്കുകയും ചെയ്യും.അതൊക്കെ സന്തോഷമാണ്.

Rima Kallingal റിമ കല്ലിങ്കൽ.

ലിറ്റില്‍ ലൈബ്രറിയുടെ അടുത്ത ഘട്ടം?

അടുത്ത ലെവലില്‍ ഒരു ബുക്ക് ക്ലബ്ബ് പോലെ ആലോചനയിലുണ്ട്. ഉദാഹരണത്തിന് കൈററ് റണ്ണര്‍ ബുക്ക് ഉണ്ട്. അത് സിനിമയുമുണ്ട്. ആ സിനിമയും കൂടെ കാണിച്ചിട്ട്  അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഒക്കെ. കുറച്ചു പേരെ ഉണ്ടാകുകയുള്ളൂ. പക്ഷെ അത്തരം കുറച്ചാളുകള്‍ക്ക് ഒത്തു ചേരാനുള്ള ഒരു ക്രിയേറ്റീവ് പ്ലാറ്റ്ഫോം. കുറച്ചു കൂടി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഹെല്‍പ് ആകുന്ന തരം ബുക്കുകള്‍ ഉള്‍പ്പെടുത്താന്‍ പ്ലാന്‍ ഉണ്ട്. മഹേഷിന്റെ പ്രതികാരത്തിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗ് വര്‍ക്ക് ബുക്കുണ്ട്. അതു നല്‍കാമെന്നു ശ്യാം പുഷ്ക്കരന്‍ പറഞ്ഞിട്ടുണ്ട്. തിരക്കഥ എഴുതുന്ന ആളുകള്‍ക്ക് വളരെ ഹെല്‍പ്പ് ആകുന്ന ബുക്കുകള്‍. അതോടൊപ്പം സ്ക്രിപ്റ്റ് റൈറ്ററുമായി അവര്‍ക്ക് ഇന്ററാക്ററ് ചെയ്യാം. അങ്ങനെയുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് അടുത്ത പ്ലാന്‍.

ലിറ്റില്‍ ഫ്രീ ലൈബ്രറി

പുസ്തകങ്ങള്‍ വായിയ്ക്കാനും പങ്കു വയ്ക്കാനുമായി 1999 ല്‍ ഹഡ്സണില്‍ ആരംഭിച്ച ലൈബ്രറി പ്രസ്ഥാനം. അധ്യാപികയും പുസ്തകസ്നേഹിയുമായിരുന്ന തന്‍റെ അമ്മയുടെ ഓര്‍മ്മയ്ക്ക് വേണ്ടി ടോഡ്‌ ബോള്‍ എന്നയാളാണ് ലിറ്റില്‍ ഫ്രീ ലൈബ്രറിയ്ക്കു തുടക്കമിട്ടത്.പല രാജ്യങ്ങളിലായി അന്‍പതിനായിരത്തിലധികം റെജിസ്റ്റേഡ് ലിറ്റില്‍ ലൈബ്രറികള്‍ നിലവിലുണ്ട്. 2015മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യത്തെ ലിറ്റില്‍ ലൈബ്രറി മുംബൈയിലും 2016ല്‍ കേരളത്തിലെ ആദ്യത്തെ ലൈബ്രറി കൊല്ലം ആശ്രാമത്ത് 8 പോയിന്‍റ് ആര്‍ട്ട് കഫെയിലും ആരംഭിച്ചു. ഒഫിഷ്യല്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ ആര്‍ക്ക് വേണമെങ്കിലും ലിറ്റില്‍ ഫ്രീ ലൈബ്രറി ഉടമകളാകാം.