Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സിഇഒ പറയുന്നു; എഴുത്തിനോടും വായനയോടും പ്രണയമുള്ള ടെക്കികൾക്ക് ഈ കമ്പനിയിലേക്ക് സ്വാഗതം

asha-02 ആശാ മുന്ന.

ടെക്‌നോളജിയും പുസ്തകങ്ങളും തമ്മിലെന്താണ് ബന്ധം? പ്രത്യേകിച്ച് ബന്ധങ്ങളൊന്നും ആരോപിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ടെക്കികളായ സ്ത്രീകളോ പുരുഷന്മാരോ അവർ പുസ്തകത്തെ പ്രണയിക്കുന്നവരാണെങ്കിൽ പോലും വായനയോടു ഭ്രാന്തുണ്ടായിരുന്നവരോ എഴുതാൻ ഇഷ്ടമുണ്ടായിരുന്നവരാണെങ്കിലോ പോലും ജോലിയുടെ മുറുക്കമുള്ള അന്തരീക്ഷത്തിൽ വായന എന്നത് എവിടെയോ എന്നോ സ്വന്തമായി ഉണ്ടായിരുന്ന സ്വഭാവമായിരുന്നു എന്ന് അവർ ഓർമ്മിച്ചു കൊണ്ടേയിരിക്കുന്നു.

ഓഫീസിൽ നിന്ന് വീടുകളിലെത്തിയാലോ? ജീവിതം, അടുക്കള, കുഞ്ഞുങ്ങൾ, നല്ല പാതി, മാതാപിതാക്കൾ, നൂറു നൂറു ഉത്തരവാദിത്തങ്ങൾ, അതിനിടയിൽ ഫോൺ കോളുകൾ, ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്... എത്രയധികം കാര്യങ്ങളിലാണ് ഒരു ദിവസം ഓടി കടന്നു പോയിക്കൊണ്ടിരിക്കുന്നത്! 

അപ്പോഴാണ് യാദൃശ്ചികമായി സയന്റി സൊല്യൂഷൻസിന്റെ ഒരു പരസ്യം , പുതിയ ടെക്കികുട്ടികൾക്കായുള്ള അന്വേഷണമാണ്. പക്ഷെ ആകർഷിക്കുന്ന ഒരു ചിത്രം ഒപ്പം വച്ചിരിക്കുന്നു മറ്റൊന്നിന്റെയുമല്ല പുസ്തകങ്ങളുടെ. ഇവിടെ ജോലി ചെയ്യാൻ വെറും ഒരു ടെക്കി ആയിരുന്നാൽ മാത്രം പോരാ മികച്ച ഒരു വായനക്കാരനോ വായനക്കാരിയോ ആയിരിക്കുകയും വേണം. വെറുതെ വേണ്ട, വായിച്ച് നിരൂപണം എഴുതുന്നവർക്ക് മാസാവസാനം ശമ്പളത്തിന്റെ കൂടെ ഒരു ചെറിയ ബോണസും ലഭിക്കും.

ചുരുക്കം സിസ്റ്റത്തിന്റെ മുന്നിലെ ഇടവേളകളില്ലാതെ ജോലിയിൽ നിന്നും വായനയിലൂടെ ഇത്തിരി നേരം സ്വയം ആശ്വാസം കണ്ടെത്തുകയുമാകാം. അങ്ങനെ ജോലി ചെയ്യാതെ ഇരിക്കുന്ന സമയത്തിനു പോലും ബോണസ് കൈപ്പറ്റുകയും ചെയ്യാം. വ്യത്യസ്തവും നൂതനവുമായ ഈ ആശയത്തിന്റെ പിന്നിൽ സയന്റി സൊല്യൂഷന്റെ പുതിയ ഡയറക്ടർ ആശാ മുന്ന ആണ്. 

പെട്ടെന്ന് തോന്നിയ ഒരാശയം

സയന്റി സൊല്യൂഷന് ആകെ നാല് ഡയറക്ടർമാരുണ്ട്. മറ്റു മൂന്നു പേരും പുരുഷന്മാരാണ്. ഞാൻ കഴിഞ്ഞ മാസമാണ് ഇവിടെ ഇവരുടെയൊപ്പം ചേർന്നത്. പൊതുവെ വായനയോടു ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. പിന്നെ ആർക്കുമില്ലാത്ത ചില ഭ്രാന്തുകളും കയ്യിലുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ വെറുതെ കൂവാനും ഒത്തിരി ഭക്ഷണം കഴിക്കാനും ഒക്കെ ഇഷ്ടം.

books ഇവിടെ ജോലി ചെയ്യാൻ വെറും ഒരു ടെക്കി ആയിരുന്നാൽ മാത്രം പോരാ മികച്ച ഒരു വായനക്കാരനോ വായനക്കാരിയോ ആയിരിക്കുകയും വേണം. വെറുതെ വേണ്ട, വായിച്ച് നിരൂപണം എഴുതുന്നവർക്ക് മാസാവസാനം ശമ്പളത്തിന്റെ കൂടെ ഒരു ചെറിയ ബോണസും ലഭിക്കും. ചുരുക്കം സിസ്റ്റത്തിന്റെ മുന്നിലെ ഇടവേളകളില്ലാതെ ജോലിയിൽ നിന്നും വായനയിലൂടെ ഇത്തിരി നേരം സ്വയം ആശ്വാസം കണ്ടെത്തുകയുമാകാം.

അങ്ങനെ ഈ ഓഫീസിന്റെ ഇട്ടാവട്ടത്തിലേയ്ക്ക് വന്നപ്പോൾ സത്യം പറഞ്ഞാൽ വല്ലാതെ ശ്വാസം മുട്ടൽ തോന്നി. സിസ്റ്റത്തിന് മുന്നിൽ ഒരേ തരം ജോലിയിലേക്ക് മാത്രം നോക്കിയിരിക്കുന്ന ജീവനക്കാരെ കണ്ടപ്പോൾ ശ്വാസം മുട്ടൽ കൂടി. അപ്പോഴാണ് എന്തുകൊണ്ട് അവർക്കു വേണ്ടി എന്തെങ്കിലും വ്യത്യസ്തമായ ആശയം നടപ്പിലാക്കിക്കൂടാ എന്ന് തോന്നിയത്. പുസ്തകങ്ങളാണ് ആദ്യം മുന്നിൽ വന്നത്.

കൂടെ ഉള്ള ഡയറക്ടർമാരോട് അഭിപ്രായം ചോദിച്ചു. അവർക്കും സന്തോഷം. വിവരം അറിഞ്ഞപ്പോൾ ടെക്കികളായ നമ്മുടെ കുട്ടികൾക്കും താൽപ്പര്യം. അങ്ങനെ അതങ്ങു ഉറപ്പിച്ചു. ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നവർക്കെല്ലാം വായനയ്ക്കുള്ള സമയം നമ്മൾ അനുവദിക്കുന്നു. പുതിയതായി വരുന്ന കുട്ടികളോട് ചോദിക്കുന്നതും നിങ്ങൾ ഒരു പുസ്തകപ്പുഴു ആണോ എന്നതാണ്. അതായത് പുസ്തക വായന ഒരു കൂട്ടിചേർക്കപ്പെട്ട കഴിവായി ഞങ്ങൾ കാണുന്നു.  "What you are losing is just because you are not reading ...!!" ഇതാണ് സമൂഹത്തിനു ഇതിലൂടെ ഞങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന ആശയം. 

വായിക്കുന്നവർക്ക് വായിക്കാം, വായിക്കാത്തവർ

ഒരു സമൂഹത്തിൽ എല്ലാത്തരം ആൾക്കാരുമുണ്ട്. ഇവിടെയുമുണ്ട്. വായന ഏറെ ഇഷ്ടമുള്ളവരുമുണ്ട്, വായനയോടു അത്ര താൽപ്പര്യം ഇല്ലാത്തവരും ഉണ്ട്. ഇവിടെ ആരെയും നിർബന്ധിക്കുന്നില്ല. പക്ഷെ വായനയെ പ്രോത്സാഹിപ്പിക്കുന്നു എന്നേയുള്ളൂ. വായിക്കേണ്ടവർക്ക് വായിക്കാം , അല്ലാത്തവർക്ക് ജോലി ചെയ്യാം. നിബന്ധനകൾ ഒന്നുമില്ല.

എന്തുകൊണ്ട് പുസ്തകങ്ങൾ

"വായിക്കുന്നവർ വിളഞ്ഞു വളരും, വായിക്കാത്തവർ വളഞ്ഞു വളരും" കുഞ്ഞുണ്ണി മാഷ് വെറുതെ പറഞ്ഞതായിരിക്കില്ലല്ലോ. വായിക്കുന്നവർക്ക് തീർച്ചയായും ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതൊക്കെ പോട്ടെ എന്നു വച്ചാലും എന്തുകൊണ്ട് ഒരു ടെക്‌നോളജി സ്ഥാപനത്തിൽ എന്തിന് ഇത്തരം വായന വേണം  എന്ന ചോദ്യത്തിന് പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കാൻ എന്നു തന്നെയാണുത്തരം.

reading ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നവർക്കെല്ലാം വായനയ്ക്കുള്ള സമയം നമ്മൾ അനുവദിക്കുന്നു.

നിരന്തരമുള്ള ഇത്തരം ജോലികൾ ഇഷ്ടമാണെകിൽക്കൂടി അവ നമ്മളെ വല്ലാത്ത മരവിപ്പിലും വരൾച്ചയിലും കൊണ്ടെത്തിക്കും. വീട്ടിൽ ചെന്നാലും ഇവർക്ക് ഒന്നിനും സമയമുണ്ടാകില്ല. അതായത് പ്രത്യേകിച്ച് ഹോബികളോ ഇഷ്ടമുള്ള  കാര്യം ചെയ്യാൻ ഇത്തിരി നേരമോ ഒന്നും ലഭിക്കുന്നില്ല. പക്ഷെ ഓഫീസിലെ തിരക്ക് പിടിച്ച സമയത്തിനിടയിൽ ഇത്തിരി നേരം സിസ്റ്റത്തിലെ സ്‌ക്രീനിൽ നിന്ന് കണ്ണെടുത്ത് പുസ്തകത്തിലേക്ക് മാറ്റുമ്പോൾ തന്നെ മാറ്റം നമുക്കറിയാനാകും. 

കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പുസ്തകങ്ങൾ കൊണ്ടുവരും. അരമണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ അവർ അവരുടെ വായനയ്ക്കായി തിരഞ്ഞെടുക്കാറുണ്ട്. എന്തായാലും എട്ടു മണിക്കൂർ ജോലിക്കിടയിൽ മുഴുവൻ സമയവും വായനയ്ക്കായി മാറ്റി വയ്ക്കാനുള്ള മര്യാദയില്ലായ്മ അവർ കാണിക്കില്ലെന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ട് അങ്ങനെ കൃത്യമായ സമയം ഒന്നും വായനയ്ക്കായി വച്ചിട്ടില്ല.

ജോലി ചെയ്ത ക്ഷീണിച്ചു എന്നു തോന്നുമ്പോൾ വായനാ മുറിയിൽ പോയി പുസ്തകം വായിക്കാം. മനസ്സിനെ ഫ്രഷ് ആക്കി നിലനിർത്താം. ജീവനക്കാർക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു ഈ ആശയം, എല്ലാവരും വായിക്കാനും താൽപ്പര്യം കാണിക്കുന്നുണ്ട്. ആ സമയം കമ്പനിയുടെ ആകെയുള്ള പ്രൊഡക്ടിവിറ്റിയെ അനുകൂലമായാണ് സ്വാധീനിക്കുന്നതും. മനസ്സ് ഫ്രഷ് ആയതായി ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. 

വായനാമുറിയുള്ള ടെക്കി സ്ഥാപനം

വായനയ്ക്കായി ഒരു മുറി ഒരുങ്ങിക്കൊണ്ടിരിക്കുകയാണിവിടെ. വായനയ്ക്കായി പ്രത്യേക കസേരകൾ ഉള്ള മൂലകളും ഇവിടെയുണ്ട്. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളാണ് നമുക്കുള്ളത്. ജീവനക്കാർ കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായിക്കാൻ താൽപര്യപ്പെടുന്നത്. എന്നുവെച്ചു പ്രാദേശിക പുസ്തകങ്ങളെ ഒഴിവാക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല.

asha-01 ആശാ മുന്ന.

പതിയെ എല്ലാ പുസ്തകങ്ങളും ലഭ്യമാക്കാൻ ശ്രമിക്കും. ഇപ്പോൾ പുസ്തകങ്ങൾ എണ്ണത്തിൽ കുറവാണ്. നമ്മൾ സ്വയം വാങ്ങിയ പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ജീവനക്കാർ വായിക്കാൻ വേണമെന്നു പറഞ്ഞു ലിസ്റ്റ് നൽകുന്ന പുസ്തകങ്ങളും അവർക്കായി ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം വായിക്കുന്ന പുസ്തകങ്ങളുടെ ഒരു ചെറു കുറിപ്പും നമ്മൾ ആവശ്യപ്പെടാറുണ്ട്. നിരൂപണം നൽകുന്നവർക്ക് ശമ്പളത്തോടൊപ്പം ചെറിയൊരു തുകയും നൽകുന്നു. വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കാര്യം. 

ആശയുടെ ഇഷ്ടങ്ങൾ ഭ്രാന്തുകൾ

ഏറ്റവും ഇഷ്ടം വയറു നിറയെ ഭക്ഷണം കഴിക്കാനാണ്. എല്ലാത്തരം ഭക്ഷണങ്ങളോടും താൽപ്പര്യമുണ്ട്. തടി കൂടുന്നതൊന്നും അത്ര ശ്രദ്ധിക്കാറില്ല. അധികം പൊക്കമില്ലാത്ത പ്രകൃതമാണ്, പക്ഷെ ഇപ്പോൾ നല്ല തടിയുണ്ട്. എന്നാൽ അത് ഒരു ടെൻഷനോ ബുദ്ധിമുട്ടോ ഒന്നുമല്ല. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടമാണ്. പിന്നെ വായന. ഇടയ്ക്ക് മനസ്സിൽ തോന്നിയത് കുത്തികുറിയ്ക്കൽ. അങ്ങനെ പോകുന്നു ദിവസങ്ങൾ. 

മൊബൈൽ ഇല്ലാത്ത സി ഐ ഒ

കഴിഞ്ഞ നാല് മാസമായി ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല. ഓഫീസ് ആവശ്യങ്ങൾക്കായി ലാൻഡ് ഫോൺ ഉപയോഗിക്കും. അത്ര വല്യ ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ ഒരു നമ്പറുണ്ട്. പിന്നെ ഫെയ്‌സ്ബുക്കും വാട്സാപ്പുമൊക്കെ മൊബൈലിലാണ് ഉപയോഗിച്ചിരുന്നത്.

പക്ഷെ അതിനും അടിമയല്ല, വളരെ അത്യാവശ്യത്തിനു മാത്രം. ആൾക്കാരുമായി നേരിട്ടു സംസാരിക്കാനും ഇടപെടാനുമൊക്കെയാണ് എനിക്കിഷ്ടം. കൂടുതലും എന്നെക്കാൾ പ്രായമുള്ളവരുമായി സംസാരിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. അവരുടെയൊക്കെ ഒപ്പം ഇരുന്ന് സംസാരിക്കുമ്പോൾ മൊബൈലിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് മര്യാദയല്ലല്ലോ. അതുകൊണ്ടു തന്നെയാണ് മൊബൈൽ ഉപയോഗം കുറച്ചത്. ഇപ്പോൾ അതും ശീലമായി. വീട്ടിൽ ഭർത്താവും ഒരു മകളുമുണ്ട്. മകൾ അദ്വൈത , ആറു വയസ്സുകാരിയാണ്. 

asha-family ആശാ മുന്ന കുടുംബത്തോടൊപ്പം.

ചില സ്ത്രീകൾ എങ്ങനെ നോക്കിയാലും വ്യത്യസ്തരാണ്. അവനവന്റെ ജീവിതത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യസ്തമായ ആശയം തനിക്ക് ചുറ്റുമുള്ളവരിൽ പ്രയോഗിക്കാനാണെങ്കിലും അവർ ഉത്സുകരാണ്. ആശാ മുന്ന അത്തരത്തിൽ ഒരു സ്ത്രീയാണ്.

ജീവിതം എന്നാൽ ഏറ്റവും സാധാരണമായി ജീവിക്കുന്ന ഒരു അസാധാരണക്കാരിയാണ് താനെന്നും അതുകൊണ്ട് തന്നെയാകും ആശാ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ സ്വയം അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. ഒരു ടെക്കി കമ്പനി സി ഇ ഒയിൽ നിന്ന് പ്രതീക്ഷിക്കാനാകാത്ത വ്യത്യസ്തതകൾ ഉള്ളപ്പോൾ ത്തന്നെ മികച്ച ഒരു സംരംഭകയുമാണ് ആശയെന്ന് നൂതനമായ, ഒപ്പം പ്രോഡക്റ്റീവായ ആശയങ്ങൾ നടപ്പിൽ വരുത്തുന്നതോടെ അവർ തെളിയിക്കുന്നു.