Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജീവിതത്തിൽ ഞാൻ വർഷയല്ലേയല്ല'; ശാലു കുര്യൻ

shalu-kurain-02 ശാലു കുര്യൻ ഭർത്താവിനൊപ്പം.

വൈകുന്നേരം ആറു മണി കഴിഞ്ഞാൽ വീടുകളിലെ ടെലിവിഷനുകൾ ഉച്ചത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. വലിയ ക്യാൻവാസുകളിൽ നിന്നും താരങ്ങൾ സ്വന്തം വീടുകളിലേക്ക് കയറി വന്ന പോലെയായിരുന്നു പലർക്കും സീരിയലുകൾ. അപവാദങ്ങളും ആക്ഷേപങ്ങളും കേൾക്കുമ്പോഴും അതിനെയൊക്കെ എതിർക്കാൻ തക്ക ശേഷി സീരിയലുകൾ കൈവരിച്ചതും ഇതേ ആരാധകർ കൂടെ ഉള്ളതുകൊണ്ട് തന്നെയായിരുന്നു.

അതുകൊണ്ടു തന്നെ സീരിയൽ താരങ്ങൾ പ്രേക്ഷകരുടെ വീട്ടിലെ സ്വന്തം കുട്ടികളായി. എവിടെയെങ്കിലും വച്ച് കാണുമ്പോൾ പ്രായഭേദമന്യേ ആളുകൾ അവരെ കഥാപാത്രങ്ങളായി കാണാനും അതേ രീതിയിൽ സംസാരിക്കാനും തുടങ്ങി. ഇപ്പോൾ ഏറ്റവുമധികം മലയാളി പ്രേക്ഷകർ സംസാരിക്കുന്ന അവരുടെ സ്വന്തം കുട്ടികളിൽ ഒരാൾ ചന്ദനമഴ സീരിയലിലെ "വർഷ" തന്നെയാകും. കുറുമ്പും കുശുമ്പും കുന്നായ്മകളും ഉണ്ടെങ്കിലും സ്നേഹം ഉള്ളിന്റെയുള്ളിൽ പേറുന്ന ഒരു പെൺകുട്ടി. 'അമ്മ പറയുന്നത് എന്തും കണ്ണുമടച്ചു കേൾക്കുന്നവൾ.വില്ലത്തി റോളാണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ സ്നേഹത്തിന്റെ വിത്തിട്ടവൾ.ശാലു കുര്യൻ. ശാലുവിന്റെ വിവാഹമായിരുന്നു  മെയ് ഏഴിന്. വരൻ മെൽവിൻ. സീരിയലിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ശാലു സംസാരിക്കുന്നു.

നൃത്തം 

നൃത്തമോ അഭിനയമോ ഒന്നും കുടുംബത്തിലുള്ള ആർക്കുമില്ല. പാപ്പായ്ക്ക് ഇത്തരം കാര്യങ്ങളൊക്കെ വളരെ ഇഷ്ടമായിരുന്നു. അമ്മയ്ക്കിഷ്ടം സ്പോർട്സും. രണ്ടു പേരും ഇഷ്ടങ്ങളിൽ രണ്ടറ്റത്ത് നിൽക്കുന്നവർ. പക്ഷെ ഇഷ്ടങ്ങളൊന്നും രണ്ടു പേരും എന്റെമേൽ അടിച്ചേൽപ്പിച്ചില്ല. എന്റെ ഇഷ്ടത്തിന് എനിക്ക് എന്തും ചെയ്യാമായിരുന്നു. സ്‌കൂളിൽ പഠിച്ചപ്പോഴാണ്  കുട്ടികളുടെ ഇടയിൽ ആളാവാൻ വേണ്ടി നൃത്തം പഠിക്കാൻ ആരംഭിച്ചത്. ആറാം ക്ലാസ്സു വരെ കൂട്ടത്തിൽ കൂടിയേ ഉള്ളൂ, കാരണം ഞാൻ നന്നായി സ്റ്റേജ് ഫിയർ ഉള്ള ആളാണ്. ഏഴാം ക്ലാസിലായപ്പോൾ 'അമ്മ പഠിപ്പിച്ച സ്‌കൂളിൽ ചേർന്നു.

ടീച്ചറുടെ മകളായപ്പോൾ എന്തെങ്കിലും ചെയ്യണം എന്ന് വന്നു. അവിടെ യുവജനോത്സവം എന്നാൽ സിനിമാറ്റിക്ക് ഡാൻസും ഗാനമേളയും ഒക്കെയാണ്, അപ്പോൾ ഇവിടെ എന്തെങ്കിലും ചെയ്‌താൽ ആളാകാം എന്നു തോന്നി. അങ്ങനെയാണ് നൃത്തം പഠിക്കണം എന്ന മോഹം വന്നത്. പക്ഷെ ഇതു കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നു പപ്പ. രണ്ടു ദിവസത്തിനകം എനിക്ക് നല്ലൊരു ഗുരുവിനെയും കണ്ടെത്തിത്തന്നു. മുണ്ടക്കയം ജോസ് എന്ന അധ്യാപകനായിരുന്നു, ഫോക്ക് ഡാൻസ് പഠിപ്പിച്ചത് . പക്ഷെ അതിലൊരു വ്യത്യസ്തത കൂടിയുണ്ട്, കാരണം ആ സ്‌കൂളിൽ അതിനു ശേഷമാണ് ഇത്തരം നൃത്തങ്ങളൊക്കെ വന്നതും യുവജനോത്സവങ്ങൾ കുറച്ചു കൂടി ക്രിയേറ്റിവ് ആയതും.

അതിനു ശേഷം വേറെയും കുട്ടികൾ ഇത്തരം നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. ഒൻപതാം ക്ലാസ്സ് ആയപ്പോഴേക്കും സാർ പറഞ്ഞു. നാടോടി നൃത്തം കൊണ്ട് മാത്രം കാര്യമില്ല കഴിവുള്ള കുട്ടിയല്ലേ ക്ലാസിക്കൽ പഠിക്കണം എന്ന്. അതിനു ശേഷം പള്ളം മധു എന്ന അധ്യാപകന്റെ കീഴിൽ ക്ലാസിക്കൽ നൃത്തം പഠിക്കാൻ ചേർന്നു, വളരെ പെട്ടെന്നാണ് അതും പഠിച്ചത്. ബേസ് അറിയാതെയാണ് ഒരു മാസം കൊണ്ട് വർണം ഒക്കെ പഠിച്ചതും. പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയാത്തതു പോലെ ഞാൻ അതൊന്നും വലിയ കാര്യമായി എടുത്തതേയില്ല. അന്ന് അതിന്റെയൊന്നും വില മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. എന്ത് പറഞ്ഞു തരുന്നു അതുപോലെ ചെയ്യും. അത്ര തന്നെ. ഇപ്പോൾ കുറച്ചു നാൾ മുൻപ് ഒരു അപകടമുണ്ടായി, അതുകൊണ്ട് ചെറുതായി നടുവിന് പ്രശ്നമുണ്ട്, അതിനാൽ നൃത്തം ഇപ്പോൾ ചെയ്യാറില്ല. എന്നാലും കുറച്ചു കാലം കൂടി കഴിഞ്ഞാൽ ചെയ്തേക്കാം. ഒരു തെറാപ്പി പോലെ ചെയ്യണം എന്നാഗ്രഹമുണ്ട്. 

അഭിനയം

നൃത്തം ഉഷാറായി നടക്കുന്നതിനിടയിലാണ് ഇവിടെ കോട്ടയത്ത് ഒരു സിനിമയുടെ ഷൂട്ടിങ് എത്തുന്നത്. അതിനെ കുറിച്ച് പപ്പ വീട്ടിൽ വന്നു പറയുമ്പോൾ എനിക്കൊരാഗ്രഹം എനിക്കും അഭിനയിക്കണം. അല്ലാ... എന്തുകൊണ്ട് എനിക്കഭിനയിച്ചുകൂടാ ... ഞാൻ പപ്പയോടു പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ചിരിച്ചു കൊണ്ട് തള്ളി കളഞ്ഞേനെ പക്ഷെ പപ്പ എന്റെ ആഗ്രഹത്തെ സീരിയസ് ആയെടുത്തു. നൃത്തം പഠിപ്പിക്കുന്ന മാഷുമാരോടൊക്കെ സംസാരിച്ചു. അങ്ങനെ ആദ്യമായി ഒരു ഡോക്യൂമെന്ററിയിലാണ് അഭിനയിക്കുന്നത്. അത് ഇവിടെ കോട്ടയം  തന്നെയായിരുന്നു. എല്ലാം നിമിത്തമായിരുന്നെന്നു തോന്നുന്നു.

shalu-kurian ശാലു കുര്യൻ ഭർത്താവിനൊപ്പം.

പ്ലസ്ടു ആയപ്പോഴേക്കും പുരുഷോത്തമൻ സാറിന്റെ തിങ്കളും താരകങ്ങളും എന്ന സീരിയലിൽ കയറി. ഒരു തവണ നമ്മൾ ഈ ഫീൽഡിൽ വന്നാൽ പിന്നെ കോണ്ടാക്ട് ഉണ്ടാക്കിയെടുക്കാൻ എളുപ്പമാണ്. അതുവഴി പിന്നെ സാധ്യതകളും ലഭിക്കും. അതിനു ശേഷം കീം സാറിന്റെ "കൃഷ്ണപക്ഷക്കിളികൾ " അതും ചെയ്തു. പിന്നെ ഡിഗ്രി ആയപ്പോഴേക്കും പഠിക്കാൻ വേണ്ടി സീരിയൽ വിട്ടു. അപ്പോഴാണ് രണ്ടു സിനിമ ഓഫറുകൾ വന്നത്. അത് രണ്ടും കോട്ടയം ആയതിനാൽ ചെയ്തു.

ജൂബിലി, കബഡി കബഡി. വീട്ടിൽ നിന്നും ജോലിക്ക് പോയി വരുന്ന പോലെ തന്നെയാണ് ലൊക്കേഷനിൽ പോയി വന്നു കൊണ്ടിരുന്നത്. ക്ലാസ്സ് പോലും നഷ്ടമായില്ല. പിന്നീട് എല്ലാം സ്ലോ ആയി. ഡിഗ്രി കഴിയുമ്പോഴേക്കും സീരിയലിൽ നിന്നും ഓഫറുകൾ വന്നു തുടങ്ങി. അത് തമിഴിൽ നിന്നും പ്രധാന കഥാപാത്രമായി അഴകി എന്ന സീരിയൽ, പിന്നെ തെൻട്രൽ. രണ്ടും ചെന്നൈയിൽ ആയിരുന്നു ഷൂട്ടിങ്. അത് ചെയ്തുകൊണ്ടിരുന്നപ്പോൾ മലയാളത്തിൽ സീരിയൽ ഓഫർ വന്നു. സ്വാമിയേ ശരണമയ്യപ്പ, കടമറ്റത്തച്ചൻ.. അങ്ങനെ... ആ സമയത്താണ് ഇന്ദുലേഖയുടെ പരസ്യത്തിലേയ്ക്ക് വിളി വരുന്നത്. ആ പരസ്യം നന്നായി ക്ലിക്കായി. അതുകണ്ട ശ്രീകുമാരൻ തമ്പി സാറിന്റെ ചട്ടമ്പി കല്യാണിയിലേയ്ക്ക് വിളിച്ചു. അതും ടൈറ്റിൽ കഥാപാത്രം. പിന്നെ ഇന്ദിര എന്ന സീരിയലിൽ ആദ്യം നെഗറ്റീവ് കഥപാത്രം ജലറാണി എന്ന പേരിൽ. ഇതെല്ലാം ഒരേ സമയത്തായിരുന്നു ഷൂട്ടിങ്. ഇത് രണ്ടും കണ്ടിട്ട് സരയു എന്ന സീരിയൽ. അതിനു ശേഷം ഇപ്പോൾ ചന്ദനമഴ. 

ചന്ദനമഴയിലെ വർഷ

നെഗറ്റീവ് റോളുകൾ വേറെയും ചെയ്‌തെങ്കിലും ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിച്ചത് ചന്ദനമഴയിലെ വർഷയെ കുറിച്ചാണ്. എല്ലാരും പറയാറുണ്ട് വർഷയെ കുറിച്ച്. വർഷ നല്ല കുട്ടിയാണ് പക്ഷെ അമ്മയുടെ പുറകെ ആവശ്യമില്ലാതെ പോകുന്നത് കൊണ്ടാണ് ഇങ്ങനെ ആയി മാറുന്നതെന്നൊക്കെ. 

ഫോട്ടോഷൂട്ട്

ഇപ്പോൾ എല്ലാവരും തന്നെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. പക്ഷെ എനിക്കെന്തോ ഒട്ടും താൽപ്പര്യം തോന്നിയിട്ടില്ല, പ്രധാന കാരണം മടി തന്നെയാണ്. പ്രത്യേകിച്ച് വ്യായാമങ്ങളോടോ സൗന്ദര്യ വർദ്ധന വസ്തുക്കളോടോ വലിയ താൽപ്പര്യമില്ല. ആവശ്യമുണ്ടെങ്കിൽ മാത്രമേ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാറുള്ളൂ. ഇപ്പോൾ തന്നെ സെൽഫികൾ എടുത്തിട്ടുണ്ട് എന്നല്ലാതെ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത് ഈയടുത്ത് വിവാഹത്തിനായി മാത്രമാണ്.

shalu-kurian ശാലുകുര്യൻ.

മടി എന്റെ കൂടപ്പിറപ്പാണ്. ബ്യൂട്ടി പാർലറിൽ പോലും പോകാറില്ല. പുരികം നന്നായി വളർന്നാൽ മാത്രമേ ത്രെഡ് ചെയ്യാൻ പോലും പോകാറുള്ളൂ . എല്ലാരും പറയാറുണ്ട് ഫിറ്റ്നസ് നോക്കണം അല്ലെങ്കിൽ പെട്ടെന്ന് അമ്മച്ചി ആയിപ്പോകും, പക്ഷെ എനിക്ക് തോന്നും.. എന്നെങ്കിലും ഒരു ദിവസം കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തന്നെ തോന്നും ഇങ്ങനെയൊന്നും പോരാ നന്നാവണമെന്ന്. അങ്ങനെ ഒരു നിമിഷം വരുമ്പോൾ ഞാൻ കുറച്ചു കൂടി ആരോഗ്യവും ശരീരവും ഒക്കെ ശ്രദ്ധിക്കുമായിരിക്കും. 

വിവാദങ്ങൾ

ഈ പദം ഉപയോഗിക്കേണ്ടി വരുന്നതിൽ ഒന്നും തോന്നരുത്, "ഞരമ്പുരോഗികൾ" എന്ന് ചിലരെ വിളിക്കേണ്ടി വരും. ഈ പറയുന്നവരുടെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ ഉള്ളതൊക്കെ തന്നെയേ ഞങ്ങൾക്കും ഉള്ളൂ. എത്ര പബ്ലിക് പ്രോപ്പർട്ടി എന്ന് പറഞ്ഞാലും ഞങ്ങളും ഒരു കുടുംബത്തിൽ നിന്നും വന്നതാണ്, ആരും മാനത്ത് നിന്ന് പൊട്ടി വീണവരല്ല. ഞങ്ങൾക്കും അച്ഛനും അമ്മയും ഒക്കെയുണ്ട്. ജനിച്ചപ്പോഴേ ആർട്ടിസ്റ്റുകളല്ല. അഭിനയത്തെ പാഷൻ ആയി വന്ന നിരവധി പേരുണ്ട് ഇവിടെ.

മോശം ജോലിയൊന്നുമല്ല ചെയ്യുന്നത്. നമുക്കിഷ്ടപ്പെട്ട വസ്ത്രം, ജോലി, അതിനെന്തിനാണ് ഒരു ചോദ്യം ചെയ്യൽ? വാട്സ്ആപ്പിൽ ഒരു വീഡിയോ ലീക്കായി എന്നൊക്കെ പറഞ്ഞു വാർത്തയായപ്പോൾ ഞാൻ ചോദിച്ചത് എന്റെ അപ്പനും അമ്മയ്ക്കും ഇല്ലാത്ത വിഷമം ഇവിടെ ആർക്കാണ് എന്നായിരുന്നു. ട്രെഡ് മിൽ ഒക്കെ ഉപയോഗിക്കുമ്പോൾ സാരിയും നീളംകൂടിയ വസ്ത്രമോ ഒന്നും ഇട്ട് ആർക്കും ഉപയോഗിക്കാൻ പറ്റില്ല. അതിനു ചേരുന്ന വേഷം വേണം. അതിലെന്താണ് , ആർക്കാണ് പ്രശ്നം? അതിലെനിക്ക് ഇപ്പോഴും മനസ്താപം ഇല്ല. പിന്നെ സമൂഹം ഒരു പെൺകുട്ടിയ്ക്ക് കൊടുക്കുന്ന ചട്ടക്കൂടുകൾ ഉണ്ട് അതാണ് പ്രശ്നം

സ്ത്രീശരീരം

എന്റെ ശരീരത്തെ കുറിച്ചു എനിക്ക് അഭിമാനമേയുള്ളൂ. ഞാൻ എന്താണ് എന്റെ ശരീരം എന്താണ് അതിനെക്കുറിച്ച് എനിക്ക് അഭിമാനമേ തോന്നീട്ടുള്ളൂ. ഇപ്പോൾ എനിക്കിഷ്ടമുള്ളത് എനിക്ക് കഴിക്കണം, ഡയറ്റ് ചെയ്യാതെ എനിക്കിഷ്ടമുള്ള പോലെ തുടരണം. ആരു ചോദിച്ചാലും എനിക്ക് പറ്റുന്ന ഒരു സമയത്തു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അവരവർക്കിഷ്ടമുള്ള കാര്യങ്ങൾ തന്നെയാണ് വസ്ത്രങ്ങളുടെ കാര്യത്തിൽ വരെ നമ്മൾ ഓരോരുത്തരും ചെയ്യുന്നത്. അതിൽ എന്തിനു ചോദ്യം ചെയ്യൽ? വസ്ത്രം കണ്ടാണ് ബലാത്സംഗം ചെയ്യുന്നതൊക്കെ പറയുമ്പോൾ പത്തും പന്ത്രണ്ടും വയസ്സായ കുട്ടികൾ, മാസങ്ങൾ പ്രായമുള്ള കുട്ടികൾ അവർക്കൊക്കെ എന്ത് ശരീരവും വസ്ത്രത്തിനു പ്രശ്നവും ഉണ്ടായിട്ടാണ്? 

രാത്രി യാത്രകൾ

നേരത്തെയൊന്നും ഞാൻ തീരെ അലേർട്ട് ആയിരുന്നില്ല. ലൊക്കേഷനടുത്തു ഞങ്ങളൊരു വീടെടുത്തിരുന്നു. അപ്പോൾ അവിടുന്ന് പോകുമ്പോഴാണെങ്കിലും തിരിച്ചു വരുമ്പോഴാണെങ്കിലും വണ്ടിയിൽ കിടന്ന് ഉറക്കമായിരിക്കും. ആദ്യമൊക്കെ പപ്പ വരാറുണ്ടായിരുന്നു, പിന്നെ ഒറ്റയ്ക്കാണ് യാത്രകൾ.

shalu-kurian ശാലുകുര്യൻ.

സെറ്റിലൊക്കെ എല്ലാവരും നല്ല പരിചയക്കാരാണ്. ഒരുപാടു വർഷമായി പരിചയ മുള്ളതല്ലേ അതുകൊണ്ട്  ഒരു കുടുംബം പോലെ ഉള്ളപ്പോൾ നമുക്ക് എല്ലാവരെയും വിശ്വാസമാണല്ലോ അപ്പോൾ പേടി ഉണ്ടാവില്ല. പക്ഷ അന്നത്തെ നടിയുടെ വാർത്ത കേട്ടതിനു ശേഷം ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. ഉറക്കം ഒന്നും പതിവാക്കാറില്ല, ഏതു വഴിയാണ് പോകുന്നത്. അവിടുത്തെ മാർക്കുകൾ ഒക്കെ നോക്കാറുണ്ട്. അത് ആരെയും വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നമ്മുടെ ഉള്ളിലുള്ള തോന്നൽ കൊണ്ടാകും. ഇതുവരെ അത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 

ഗോസിപ്പ്

ആദ്യമൊക്കെ വിഷമം തോന്നാറുണ്ടായിരുന്നു. പിന്നെ ഇപ്പൊ അതൊന്നും ഒരു പ്രശ്നമായി തോന്നാറില്ല. നമ്മളെ വിശ്വാസം ഉള്ളവരൊക്കെ ചുറ്റുമുണ്ട്. പിന്നെ നമ്മളാരെ പേടിക്കണം. ആരെയാണ് നമ്മൾ ബോധിപ്പിക്കേണ്ടത്. ഇവർ ആരുമല്ല നമുക്ക് അരി വാങ്ങി തരുന്നത്.പിന്നെന്താ.പല പ്രാവശ്യം കേട്ട് കഴിയുമ്പോൾ നമുക്ക് ധൈര്യം വരും...

സീരിയലുകൾ 

സീരിയലുകൾ എപ്പോഴും വീട്ടമ്മമാർക്ക്‌ വേണ്ടിയുള്ളതാണ്. ഒരുപക്ഷെ സർക്കാർ ജോലിയെക്കാൾ നല്ല പണിയാണ് വീടുകളിൽ എല്ലാവരും ചെയ്യുന്നതും. അതൊക്കെ കഴിഞ്ഞു അവർക്ക് ഒരു ആസ്വാദനം എന്നാൽ ടെലിവിഷനാണ്. അതിനു വേണ്ടിയാണ് സീരിയലുകൾ ഉണ്ടായത് തന്നെ. പക്ഷെ അപ്പോൾ അവർ അഡിക്ട് ആയി. ഇപ്പോൾ പറയുന്നത് സീരിയൽ കാരണം കുടുംബങ്ങൾ നശിക്കുന്നു എന്നതാണ്. പക്ഷെ സീരിയൽ കണ്ട് ഒരു കുടുംബമെങ്കിലും നശിച്ചതായി എനിക്കറിയില്ല. നമ്മളുടെ ആറ്റിറ്റ്യൂഡ് ആണ് പ്രശ്നം. വില്ലത്തരം ഒക്കെ അനുകരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ ഒന്നു ചിന്തിക്കൂ ഇത്തരത്തിൽ ഒന്ന് കാണുമ്പോൾ നാം ഒരിക്കലും അങ്ങനെ ആകാൻ പാടില്ല അങ്ങനെ ആയാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും എന്നല്ലേ സീരിയൽ നൽകുന്ന മെസേജ്? അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

വിവാഹം

ഞങ്ങളുടേത് പ്രണയ വിവാഹം ആണെന്നാണ് പലരും കരുതുന്നത്. പക്ഷെ ഒരിക്കലും അല്ല. സാധാരണ സെലിബ്രിറ്റീസ് മാട്രിമണിയിൽ കൊടുക്കുമോ എന്നറിയില്ല, പക്ഷെ ഞാൻ കൊടുത്തിരുന്നു. ഒരിടത്തെ കൊടുത്തിരുന്നുള്ളൂ. കുറെ ആലോചനകൾ വന്നിരുന്നു. സെപ്റ്റംബറിലാണ് ചേർന്നത്. ഡിസംബറിലാണ് ആലോചന വന്നത്. എന്റെ ഫോണിലാണ് കോൾ വന്നത്, ആൾ ഇന്നതാണെന്നറിഞ്ഞപ്പോൾ ഫോൺ ഞാൻ അമ്മയ്ക്ക് കൊടുത്തു. പിറ്റേന്ന് പറയണം എന്നൊക്കെ പറഞ്ഞു. പക്ഷെ പിറ്റേന്നും അവർ വിളിച്ചു താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, പിന്നെ പപ്പ തിരികെ വിളിച്ചു.

അവർ മുംബൈയിലാണ് മുപ്പതു വർഷത്തിലേറെയായി താമസം. രണ്ടു ദിവസത്തിനകം നാട്ടിൽ വരുന്നുണ്ട് അപ്പോൾ കാണാം എന്ന് പറഞ്ഞു പിന്നെ അവർ കാണാൻ വന്നു ഇവിടുന്ന് അങ്ങോട്ട് പോയി വിവാഹ തീയതി ഉറപ്പിച്ചു. നോയമ്പ് കഴിയാൻ കാത്തു നില്കുകയായിരുന്നു വാർത്ത പബ്ലിക്ക് ആക്കാൻ. അങ്ങനെ പുറത്തറിഞ്ഞു, എന്തായാലും എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിയുന്നു, ഞങ്ങൾ സന്തോഷത്തിലാണ്.

നേരത്തെ കോട്ടയത്തു നിന്നാണ് തിരുവനന്തപുരം പോകേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ എറണാകുളത്ത് നിന്നുമാണ് പോകേണ്ടി വരുന്നത്. ഇപ്പോൾ ചന്ദനമഴയിലെ വർഷയായി മാത്രമാണ് അഭിനയം, ഇടയ്ക്ക് ചില ഷോകളിലും ഉദ്ഘാടനങ്ങൾക്കുമൊക്കെ വേണ്ടിയും പോകേണ്ടി വരാറുണ്ട്. പക്ഷെ മെൽവിൻ നല്ല സപ്പോർട്ടാണ്. ഏതു സമയത്തും എന്തും ഷെയർ ചെയ്യാൻ പറ്റിയ നല്ല സുഹൃത്താണദ്ദേഹം. വിവാഹം കഴിഞ്ഞതോടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ കിട്ടി എന്നും പറയാം. 

അഭിനയമോഹം

അഭിനയമോഹം ഉള്ള ആളാണ് മെൽവിനും. അഭിനയത്തിൽ ഡിപ്ലോമ കോഴ്സ് ഒക്കെ കഴിഞ്ഞ ആളാണ്. ഇപ്പോൾ അദ്ദേഹം നാട്ടിൽ ഒരു ഹോട്ടലിൽ പി ആർ മാനേജരായി ജോലി ചെയ്യുകയാണ്. ഈ സമയങ്ങളിൽ നാട്ടിൽ ഇൻഡസ്ട്രിയിൽ കുറെ കോണ്ടാക്ടുകൾ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അപ്പോൾ എഫ് ബിയിൽ നോക്കുമ്പോൾ ഞങ്ങൾക്ക് രണ്ടു പേർക്കും കുറെ മ്യൂച്വൽ സുഹൃത്തുക്കൾ ഒക്കെയുണ്ട്. സിനിമയുമായി അടുപ്പമുണ്ട്. അപ്പോൾ സ്വാഭാവികമായി ആളുകൾ സംശയിച്ചു ഞങ്ങൾ പ്രണയത്തിൽ ആയിരുന്നോ എന്ന്. പെണ്ണ് കാണാൻ വന്നപ്പോൾ മാത്രമാണ്ഞാൻ അദ്ദേഹത്തെ  ആദ്യമായി കാണുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയിലെ ഗുരുവായ സന്ധ്യ മോഹൻ പുതിയ സിനിമ എടുക്കുന്നുണ്ട്. അതിൽ മെൽവിൻ അസിസ്റ്റന്റ് ആകുന്നുണ്ട്. അഭിനയത്തിലും ചിലപ്പോൾ ഒരു കൈ നോക്കിയേക്കാം. 

വർഷയല്ല

അമ്മയും അച്ഛനും ഒക്കെ ഇപ്പോഴും മുംബൈയിൽ തന്നെയാണ്. പക്ഷെ അവരാരും സീരിയൽ കാണുന്നവരല്ല, അതുകൊണ്ട് അവരുടെ മുന്നിൽ ഞാനൊരു ആർട്ടിസ്റ്റ് എന്ന തലത്തിലൊന്നുമല്ല നിൽക്കുന്നതും. അതാണ് എനിക്കുമിഷ്ടം. നമ്മുടെ വീട്ടിൽ നമ്മൾ അടുക്കള പണിയൊന്നും ചെയ്യാതെ കാലിന്മേൽ കാലും കയറ്റി ഇരിക്കുന്ന വ്യക്തി അല്ലല്ലോ. വീട്ടിലെ പണികളൊക്കെ എടുക്കുന്ന വീട്ടിലെ കുട്ടിയല്ലേ. പുറമെയാണ് നമ്മൾ ആർട്ടിസ്റ്റ്. വീട്ടിൽ നമ്മൾ സെർവെൻറ് ആണ്. അത് അദ്ദേഹത്തിന്റെ വീട്ടിലും അങ്ങനെ തന്നെയാകും.

Shalu Kurian സീരിയലിലെ സഹതാരങ്ങൾക്കൊപ്പം.

ഒരിക്കലും വർഷയുടെ സ്വഭാവമേയല്ല എനിക്ക് അതിനു നേരെ വിരുദ്ധ സ്വഭാവമാണ്. ഇപ്പോൾ എന്നെ കാണാൻ വേണ്ടി സീരിയൽ കാണുന്നുണ്ട് അവർ. പിന്നെ എനിക്കുള്ള ആദ്യത്തെ പോയിന്റ് ഒരു പുരോഹിതന്റെ കൊച്ചുമകൾ എന്നതായിരുന്നു. മുത്തശ്ശൻ പള്ളിയിൽ പുരോഹിതനാണ്. എന്തായാലും ചെന്ന് കയറുന്ന വീട്ടിലും ഇവിടുത്തെ പോലെ തന്നെ സാധാരണ കുട്ടിയാകാനാണ് എനിക്കിഷ്ടം. ഇപ്പോഴും പുറമെ ആരെങ്കിലും സെലിബ്രിറ്റി എന്ന തലത്തിൽ സംസാരിക്കുമ്പോൾ എനിക്ക് ചമ്മൽ ഉണ്ടാകാറുണ്ട്. ഇവിടുത്തെ അച്ഛനും അമ്മയുമൊക്കെ മുംബൈയിൽ തന്നെയാണ്. ഞാനും മെൽവിനുമാണ് എറണാകുളത്തുള്ളത്. ഞങ്ങൾക്കുള്ള ഭക്ഷണമൊക്കെ ഞാൻ തനിയെ വയ്ക്കും. ഇതുവരെ അദ്ദേഹം കഴിച്ചിട്ട് കുറ്റം പറഞ്ഞിട്ടില്ല. കൈപ്പുണ്യമുണ്ടെന്നു ഇപ്പോൾ വിശ്വാസമായി.

വിവാഹശേഷം

എനിക്ക് ഒരേ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ കാണാൻ വന്നപ്പോൾ. വിവാഹ ശേഷവും അഭിനയിക്കണം. അത് സമ്മതിക്കുകയും ചെയ്തിരുന്നു. അത് സന്തോഷമാണ് കാരണം അദ്ദേഹം ഈ ഫീൽഡിനെ കുറിച്ചു അറിയുന്ന ആളാണ്. അദ്ദേഹത്തിൽ കണ്ട ആദ്യ ഗുണവും അതായിരുന്നു. പുറത്തെ ഗോസിപ്പുകൾ കേട്ട് നമ്മളെ വിലയിരുത്തുന്ന ആളല്ല. പിന്നെ അദ്ദേഹം നന്നായി പുസ്തകം വായിക്കുന്ന ആളാണ്. ഞാനും നന്നായി വായിക്കാറുണ്ട്, ഇനിയിപ്പോൾ അദ്ദേഹത്തോട് പറഞ്ഞു പുസ്തകം വാങ്ങിപ്പിക്കാമല്ലോ...!!!

വായന

വായന നന്നായുണ്ട്. പൗലോ കൊയ്‌ലോ.എല്ലാവരും പറയുന്നത് പോലെ തന്നെ. പിന്നെ മലയാളത്തിൽ ബഷീർ. പിന്നീട് ഫിലോസഫി വായനയിലേക്ക് തിരിഞ്ഞിരുന്നു. അത് ജോലിയിലും സ്വഭാവത്തിലും ഏറെ മാറ്റങ്ങൾ ഉണ്ടാക്കി. ഓഷോയാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. അദ്ദേഹം എഴുതുന്ന എല്ലാം ഒന്നും നമുക്ക് പ്രാവർത്തികമാക്കാൻ കഴിയില്ല. പക്ഷെ പറ്റുന്നത് പോലൊക്കെ ചെയ്യാറുണ്ട്. 

പോസിറ്റീവ് കഥാപാത്രം

ചെയ്യാൻ എന്തെങ്കിലുമുള്ള കഥാപത്രങ്ങളെ ഇനിയും ചെയ്യൂ. അദ്ദേഹത്തിന്റെ സമ്മതം കിട്ടിയതിനാൽ ഇനിയും അഭിനയിക്കാൻ തന്നെയാണ് തീരുമാനം. പണ്ടൊക്കെ ചെയ്യാൻ കൂടുതൽ ഉണ്ടായിരുന്നത് വില്ലത്തി കഥാപാത്രങ്ങൾക്കായിരുന്നു. അല്ലാത്ത കഥാപാത്രങ്ങൾ കണ്ണീരൊലിപ്പിച്ചിരിക്കും. എനിക്ക് കരയുന്നത് ഇഷ്ടമല്ലാത്ത ആളാണ്. പക്ഷെ ഇപ്പോൾ പോസിറ്റീവ് കഥാപാത്രങ്ങൾ അങ്ങനെ കരച്ചിലുകൾ കുറവാണ്. ബോൾഡ് ആണ് മിക്കവാറും. അതുകൊണ്ട് ഇനി പോസിറ്റീവ് ആയ കഥാപാത്രം ചെയ്യാനാണ് ഇഷ്ടം. എങ്കിലും ഇപ്പോൾ ഞാൻ മറ്റൊരു സർക്കിളിലാണ്, അവരുടെ ഇഷ്ടവും നോക്കും തീർച്ചയായും.