Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരുകൾ ലംഘിക്കുന്ന സമൂഹമാധ്യമങ്ങൾ; ഇവർക്കും പറയാനുണ്ട്

social-media-women

സ്ത്രീകളും അവരുടെ കാഴ്ചപ്പാടുകളും എപ്പോഴും പുരുഷന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കാം. പക്ഷെ അതിന്റെ തുറന്നു പറച്ചിലുകളിൽ അവൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ക്രൂശിക്കപ്പെടുന്നു. എവിടെയെങ്കിലും ഒരു വാർത്തയുണ്ടായാൽ അവിടെ ഒരു സ്ത്രീയും പുരുഷനും ഇടപെട്ടാൽ അതിലെ സ്ത്രീ തന്നെയാണ് ആദ്യം കുറ്റപ്പെടുത്തലും അശ്ലീലകരമായ അഭിപ്രായങ്ങളും സ്വീകരിക്കാൻ ബാധ്യതപ്പെട്ടവൾ എന്നാണ് സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുമ്പോൾ ന്യായം സ്ത്രീയുടെ പക്ഷത്താണെങ്കിൽ പോലും സെലിബ്രിറ്റികളായ സ്ത്രീകൾ വളരെ പെട്ടെന്ന് ഹരാസ് ചെയ്യപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിലാണെങ്കിൽ പോലും അവരുടെ ചിത്രങ്ങൾക്കടിയിൽ വളരെ അസഭ്യമായി അഭിപ്രായങ്ങൾ ഇട്ടവർ തന്നെ അവരെ അനുകൂലിച്ച് കമൻറുകൾ ഇടുമ്പോൾ ഉണ്ടാകുന്ന ഇരട്ടത്താപ്പുകൾ രസകരമാണ്. സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ച് എന്താണ് അവിടെ ആക്റ്റീവ് ആയ സ്ത്രീകൾക്ക് പറയാനുള്ളത്?

സീരിയൽ താരമായ വരദ സമൂഹമാധ്യമങ്ങളിലെ സ്വന്തം പേജിൽ നിരന്തരം പോസ്റ്റുകൾ ഇടുകയും അഭിപ്രായങ്ങൾ കുറിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. പോസ്റ്റ് വഴി ചലച്ചിത്രതാരം ദിലീപിനെ അനുകൂലിച്ചു എന്ന പേരിൽ ഏറെ അപഹസിക്കപ്പെടുകയും ചെയ്ത താരമാണ് വരദ. ഈ വിഷയത്തിൽ വരദയ്ക്കു പറയാനുള്ളതു കേൾക്കാം.

"എന്റെ അഭിപ്രായം പറയാനുള്ള വേദിയാണ് എനിക്ക് ആ പേജ്. ഞാൻ വളരെ ന്യൂട്രൽ ആയ ഒരഭിപ്രായമാണ് പറഞ്ഞതും. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല ആ അഭിപ്രായം. പക്ഷെ അതിന്റെ ഉദ്ദേശം മനസ്സിലാക്കാതെയാണ് പലരും ആ വാക്കുകൾ നെഗറ്റീവ് ആയി കണ്ടതും അതിനെതിരെ പരാമർശങ്ങൾ ഉണ്ടായതും. ആ പോസ്റ്റ് ഒരുപാടു ഷെയർ ചെയ്യപ്പെട്ടു. കമന്റുകൾ വായിച്ചു ഭ്രാന്ത് പിടിച്ചപ്പോൾ അവസാനം ഫെയ്‌സ്ബുക്ക് നോക്കാതെയായപ്പോഴാണ് മാനസികമായ ഒരു ആശ്വാസം ലഭിച്ചത്.

varada വരദ.

അത് വളരെ വിഷമകരമായ ഒരു അവസ്ഥയായിരുന്നു. പല തരത്തിലുള്ള ആൾക്കാരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഇപ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രം വന്നാൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ കാണാം. നടിയുടെ കാര്യം എടുത്താൽ പോലും ഇതിനു മുൻപ് വന്ന അവരുടെ പല ചിത്രങ്ങൾക്ക് താഴെയും വളരെ മോശമായുള്ള അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. നടിയുടെ വാർത്ത ആദ്യം പുറത്ത് വന്നപ്പോഴും അവർ ഒരു സിനിമാനടി ആയതിനാൽ അവരെ മോശമായി കാണിക്കാനാണ് പലരും ശ്രമിച്ചതും. അവർ എങ്ങനെ ആണെന്ന് ആർക്കും അറിയില്ല, പക്ഷെ അഭിനയിക്കുന്ന ആളാണ് എന്നത് കൊണ്ട് പലപ്പോഴും നടിമാർ അപമാനിക്കപ്പെടാറുണ്ട്. അഭിനയം മറ്റ് ഏതൊരു ജോലിയെയും പോലെ തന്നെയുള്ള ഒരു ജോലി മാത്രമാണ്"

എഴുത്തുകാരിയായ ആർ ഷഹ്ന പറയുന്നു :

shahna-r ആർ. ഷഹ്ന.

"സ്ത്രീ കാഴ്ച്ചപ്പാടുകളെ വളരെ മോശമായി ചിത്രീകരിക്കുകയും ലൈംഗികതയുമായി കൂട്ടിച്ചേർത്ത് പരിഹസിക്കുകയും  ചെയ്യുന്ന നിലവാരത്തെ ഏതു രീതിയിൽ ആണു വിലയിരുത്തേണ്ടത്? ഇന്നും പുരുഷാധിപത്യ ഫ്യൂഡൽ വ്യവസ്ഥിതിയെ മനസ്സിൽ ചുമന്നു നടക്കുന്നവരുടെ മനസ്സിന്റെ വികലതയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.തലകുനിഞ്ഞിരുന്നുള്ള വിപ്ലവം! സഹതാപത്തോടെയേ ഇതൊക്കെ വീക്ഷിക്കാൻ കഴിയൂ.അദ്യശ്യനായ എതിരാളിയെ തോൽപ്പിക്കാൻ ശ്രമിക്കും പോലേയുള്ള പ്രകടനം മാത്രം! വീഴ്ച്ചകളെ ആഘോഷിക്കാൻ എന്തുതരം താണ പ്രവർത്തികൾ ചെയ്യാനും മടികാണിക്കാത്ത വിധം അധ:പ്പതിച്ചു തുടങ്ങിയ ഈ സമൂഹത്തിൽ പല സാമൂഹിക പ്രശ്നങ്ങളിലും ഇടപെടാനും പ്രതികരിക്കാനും ആലോചിക്കേണ്ട അവസ്ഥയിൽ ആണ്...കാരണം.വാക്കുകളെ വളച്ചൊടിക്കുന്ന വിപ്ലവമാണിന്ന് നടക്കുന്നത്!"

എഴുത്തുകാരിയും ഡോക്ടറുമായ സലീല മുല്ലൻ 

"മറ്റേതൊരു മേഖലയും പോലെ മാധ്യമ ലോകവും എന്നും പുരുഷാധീശ മേഖല തന്നെയാണ്. അവയുടെ അധികാരഘടന മുതൽ ഉള്ളടക്കം വരെ എന്നും പുരുഷപക്ഷപാതപരവും സ്ത്രീവിരുദ്ധവുമായിരിക്കും. സാമൂഹ്യ മാധ്യമങ്ങളും ഈ വിഷയത്തിൽ വ്യത്യസ്തമല്ല. ഫേസ് ബുക്ക്, വാട്സപ്പ്, യൂ ട്യൂബ് തുടങ്ങിയ നവ മാധ്യമങ്ങൾ സ്ത്രീകൾക്കെതിരായ വാർത്തകളും പ്രചാരണങ്ങളും കൊണ്ട് സമ്പന്നമാണ്. പ്രതികരിക്കുന്ന സ്ത്രീകളെ പ്രതിരോധിക്കാൻ യുക്തിഭദ്രങ്ങളായ വാദങ്ങളെക്കാൾ അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന അപവാദങ്ങൾ  മെനയാനും പ്രചരിപ്പിക്കാനുമാണ് പുരുഷകേന്ദ്രീകൃതമായ ഇത്തരം മാധ്യമ ഇടങ്ങൾ ശ്രദ്ധിക്കുന്നത്. 

salila-mullan സലീല മുല്ലൻ.

സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനും അത് പ്രചരിപ്പിക്കാനുമുള്ള പ്രവണത മുമ്പെന്നത്തേക്കാളും വർധിച്ചിരിക്കുന്നു. ദീപ നിഷാന്തിനെയും ചിന്ത ജെറോമിനെയും ശോഭ സുരേന്ദ്രനെയും ഒക്കെ പ്രതിരോധിക്കുന്നതിന് അവരുടെ വ്യക്തിജീവിതത്തെ  മോശമായി ചിത്രീകരിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും  ട്രോളുകളും പ്രചരിപ്പിച്ചാണ്. നടിമാരുടെ കാര്യത്തിൽ ഇത് എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നു. അവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള  കടന്നുകയറ്റം പൊതുജനങ്ങളുടെ  അവകാശമാണെന്ന രീതിയിലാണ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. അടുത്തയിടെ ഉണ്ടായ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ അതിൽ പ്രതിയാണെന്ന് സംശയിക്കുന്ന, അറസ്റ്റിലായ നടന്റെ ഭാര്യയുടേയും മകളുടെ പോലും സ്വകാര്യജീവിതത്തിലേക്ക് ഒരാവകാശം പോലെ തള്ളിക്കേറി സ്ത്രീത്വത്തെ പോലും മോശമാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ നടത്താൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്.  

ഞങ്ങൾ സ്ത്രീകളെ നിങ്ങൾ ദേവതയാക്കണ്ട, മാതാവായി ബഹുമാനിക്കുകയും വേണ്ട.അബലകളായും കരുതണ്ട  പറ്റുമെങ്കിൽ സുഹൃത്തായി കരുതൂ. ഞങ്ങൾക്ക് തുല്യത തരൂ,  ഞങ്ങളെ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് വിടൂ"

കവയിത്രിയും അധ്യാപികയുമായ ആര്യാ ഗോപി പറയുന്നു:

"ഇരുതല മൂർച്ചയുള്ള ഒരു നാവ് എപ്പോഴും സോഷ്യൽ മീഡിയ എഴുത്തുകളിൽ ഒളിഞ്ഞു കിടപ്പുണ്ട്. ആക്ഷേപങ്ങളും പരിഹാസങ്ങളും പടച്ചു വിടുന്നവരും ഒന്നൊഴിയാതെ അതു വായിക്കുന്നവരും പിന്തുടരുന്നവരും ഒരേ മനോഗതിയിൽപ്പെട്ടവർ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റു ചെയ്തവർ സ്ത്രീയോ, പുരുഷനോ ആയിരുന്നാലും, അവർ ശിക്ഷ അർഹിക്കുന്നുണ്ട്. കോടതിയുടെ നീതി നിർവ്വഹണം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ കാര്യകാരണങ്ങൾ തല കീഴായി മറിയും.

പക്ഷപാതരഹിതമായി ഇത്തരം വിഷയങ്ങളെ സമീപിക്കാനോ ചർച്ച ചെയ്യാനോ പോലും പറ്റിയ ഇടമായി സമൂഹമാധ്യമങ്ങൾ മാറുന്നില്ല. കാരണം ന്യായീകരണ തൊഴിലാളികളും കൂലിയെഴുത്തുകാരും മൂടുതാങ്ങികളും സ്ത്രീ വിരുദ്ധരും മനുഷ്യവിരുദ്ധരും ധാരാളമായി പൊട്ടി മുളയ്ക്കുന്ന ഒരു ഇടമായി പരിണമിയ്ക്കുന്നുണ്ട് ഈ അടുത്ത കാലത്തായി സമൂഹമാധ്യമങ്ങൾ. ഇത്തരം ഇകഴ്ത്തലുകളെയും കണ്ണടച്ചുള്ള പുകഴ്ത്തലുകളെയും അവഗണിക്കുക മാത്രമാണ് ഇനി രക്ഷ.

arya-gopi ആര്യാ ഗോപി.

സമൂഹമാധ്യമങ്ങൾക്കപ്പുറമുള്ള കാഴ്ച- കേൾവി- വായനയുടെ വ്യവഹാരങ്ങൾ നിഷ്പക്ഷമായി വിലയിരുത്തുന്നത് കൂടിയാകണം നമ്മുടെ പൊതുബോധം. സ്ത്രീയുടെ അഭിമാനത്തിന്റെയും അപമാനത്തിന്റെയും കണക്കെടുപ്പ് സമൂഹമാധ്യമങ്ങൾ നടത്തേണ്ട. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും നിഷ്പ്രയാസം കഴിയുന്ന ഇടമാണത്. ആ  ബോധ്യമാണ്, നമുക്ക് വേണ്ടത്. വേണ്ടതിനെ കൊള്ളാനും വേണ്ടാത്തതിനെ തള്ളാനുമുള്ള ആർജ്ജവം. അത് നേടാൻ പൊതുജീവിതം കപടതയില്ലാത്തതാകണം എന്ന് മാത്രം. "

നർത്തകിയും എഴുത്തുകാരിയുമായ ഡോ. സംപ്രീത കേശവൻ  

മാധ്യമങ്ങൾ മാറിയാലും കാലം മാറിയാലും ശാരീരികവും മാനസികവുമായി നിരവധി മൂല്യച്യുതികൾക്കു മുൻപിൽ നിന്ന് കൊടുക്കേണ്ടി വരുന്ന അരികുവത്കൃതരായി സ്ത്രീയെ മാറ്റിയ സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും ഒരു ആധുനികതയ്ക്കും തിരുത്താനാകാത്ത വിള്ളലുകളോടെ നിലകൊള്ളും. ഈയടുത്ത ദിവസങ്ങളിൽ അത്തരം കാഴ്ചകൾ ഏറെ കാണുകയുണ്ടായി.

sampreetha-kesavan ഡോ.സംപ്രീത കേശവൻ.

വളർന്ന മകളെ നോക്കാതെ പോയവൾ, വളർത്തിയ അമ്മയെയും അച്ഛനെയും നോക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയവൾ, അഗ്രഗാമികൾ ഉയരത്തിൽ വീശിയ പതാകയെ കുറിച്ച് ചിന്തിക്കാൻ പോലുമാകാതെ തഴയപ്പെട്ട പെൺതാരങ്ങൾ, ഇങ്ങനെ ആരോപിക്കപ്പെട്ട ഒരുപിടി പെണ്ണുങ്ങൾ, അവരെപ്പറ്റി കൗതുക വാർത്തകൾ ചമയ്ക്കുന്ന ഓൺലൈൻ പോർട്ടലുകളുടെ ലിങ്കുകൾ നിറഞ്ഞ ഫെയ്‌സ്ബുക്ക്, ഓരോ പെൺ വാർത്തയുടെ പുറകിലും കൗതുകം നിറച്ച പാതിയർത്ഥമുള്ള വരികൾ. പഴയ തുടർനോവലുകളെ ഓർമ്മിപ്പിക്കുന്ന ആകാംക്ഷകൾ ഈ ഓരോ വാർത്തയും നിലനിർത്തുന്നുമുണ്ട്.

അതുപോലെ സ്ത്രീ പ്രശ്നങ്ങൾക്ക് നേരെ വരുന്ന ഓരോ വാർത്തയെയും പ്രതിരോധിക്കുന്ന ഒരു പറ്റം സ്ത്രീകളും പുരുഷന്മാരും ഫെയ്‌സ്ബുക്കിലുണ്ട്. വിവര ദോഷികളായ സാമൂഹിക വിരുദ്ധരെ ഒഴിവാക്കുകയോ തിരുത്തുകയോ ചെയ്യുന്ന ഇടങ്ങളാകണം പൊതു ഇടങ്ങൾ എന്നാഗ്രഹമുണ്ട്. വ്യക്തിപരമായ അവഹേളനം സമൂഹത്തിനു നേരെയുള്ള ചെളി തേയ്ക്കലുമാണ്. "

എഴുത്തുകാരിയായ സംഗീതാ നായർ പറയുന്നു 

"സ്ത്രീയെ സംബന്ധിച്ച എന്തും ശരീരത്തോടും സദാചാരത്തോടും ചേർത്തു കാണുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ അവളെ അശ്ലീലച്ചുവയോടെ സംബോധന ചെയ്യാനും പരാമർശിക്കാനും യാതൊരു മടിയുമില്ല നമുക്ക്. പ്രിൻറ് / ഓൺലൈൻ വ്യത്യാസമില്ലാതെ എല്ലാ മാധ്യമങ്ങളും സ്ത്രീവിരുദ്ധപരാമർശങ്ങൾ യാതൊരു സങ്കോചവുമില്ലാതെ പ്രയോഗിക്കുന്നതായി കാണാം. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ചു നടന്ന ഒരു കല്യാണം വിവാദമായപ്പോൾ എല്ലാ വാർത്തകളിലും ആ പെൺകുട്ടിയെ "തേച്ചിട്ടു പോയവൾ" എന്ന് വിശേഷിപ്പിച്ചതു കണ്ടു.

തനിക്ക് വേറെ ഇഷ്ടമുണ്ടെന്ന് വേണ്ടപ്പെട്ടവരേയും പ്രതിശ്രുതവരനേയും അറിയിച്ചിട്ടും അവരുടെ നിർബന്ധബുദ്ധിക്ക് വഴങ്ങേണ്ടി വന്ന പെൺകുട്ടിയെ തേപ്പുകാരിയെന്നാക്ഷേപിക്കുമ്പോൾ, അവൾ ചെയ്തത് തെറ്റാണെന്നും, ജാതി വ്യവസ്ഥയിലധിഷഠിതമായ പുരുഷാധിപത്യ സമൂഹത്തിന്റെ പൊതുധാരയ്ക്ക് ചേർന്നു നടക്കാതിരുന്നാൽ ന്യായാന്യായങ്ങൾ പരിഗണിക്കപ്പെടാതെ പഴികേൾക്കേണ്ടി വരും എന്നുമുള്ള ഒരു തോന്നൽ, തോന്നലല്ല, സന്ദേശം ഊട്ടിയുറപ്പിക്കപ്പെടുകയല്ലേ ചെയ്യുന്നത്?  

sangeetha-nair സംഗീതാ നായർ.

പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെയെല്ലാം "ഇര" എന്നോ സ്ഥലപ്പേരിലൂടെയോ മാത്രം വിശേഷിപ്പിക്കുമ്പോൾ പേരു വെളിപ്പെടുത്താൻ പോലും പറ്റാത്ത കളങ്കമാണ് അവൾക്കു വന്നതെന്ന്, അതവളുടെ മാത്രം കുറ്റമാണെന്ന് വരുത്തിത്തീർക്കുകയല്ലേ? ഇതിലൊക്കെ പങ്കാളികളായ പുരുഷൻമാർക്ക് സാധാരണ ജീവിതം നയിക്കാനാവുമ്പോൾ സ്ത്രീയെപ്പറ്റിയുള്ള അപവാദപ്രചാരണങ്ങൾ അവസാനമില്ലാതെ തുടരുന്നെങ്കിൽ, എത്ര സ്ത്രീവിരുദ്ധമാണ് നമ്മുടെ പൊതുബോധമെന്നോർക്കുക.

ഗൂഗിളിൽ "സൗത്ത് ഇന്ത്യൻ മസാല" എന്ന് പരതിയാൽ മസാലക്കൂട്ടുകളല്ല, മാദകസുന്ദരികളുടെ ചിത്രങ്ങളാണ് കിട്ടുക എന്നത്  വാക്കുകൾ എങ്ങനെ തരംതാഴ്ത്തപ്പെടുന്നു എന്നതിന് ചെറിയൊരുദാഹരണം മാത്രം. സ്ത്രീയെ അവഹേളിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളും വ്യാജവാർത്തകളും തീർത്തും ഒഴിവാക്കാൻ നവമാധ്യമങ്ങൾ കടുത്ത ജാഗ്രത പുലർത്തിയേ തീരൂ . "