Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിനു ജോലികിട്ടി പക്ഷേ?

amrita-faisal അമൃത, ഫൈസൽ.

"ഇന്ത്യയില്‍ ഇതാദ്യമായാണ് ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി കിട്ടുന്നത്. ലോകതൊഴില്‍ ചരിത്രത്തിലും ഇതൊരപൂര്‍വ കാര്യം തന്നെ. കൊച്ചിയില്‍ ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തൊഴില്‍ വാഗ്ദാനം ചെയ്തതെങ്കിലും മറ്റാരെക്കാളും മികച്ച രീതിയില്‍ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നു വാക്കു നല്‍കുന്നു ഇവര്‍. 

മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടര്‍ ജോലികളും ഹൗസ് കീപ്പിങ് ജോലികളുമാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നല്‍കിയിരിക്കുന്നത്. പതിനായിരം മുതല്‍ പതിമൂവായിരം രൂപ വരെയാണ് ശമ്പളം. "- നാല് മാസം മുൻപ് കൃത്യമായി പറഞ്ഞാൽ മെയ് മാസം പതിനാലിന് മാധ്യമങ്ങളിൽ വന്ന വാർത്തയാണിത്. ഇരുപത്തി മൂന്നോളം ട്രാൻസ്ജെൻഡേഴ്സിന് കൊച്ചി മെട്രോയിൽ പറഞ്ഞ പ്രകാരം ജോലിയും കിട്ടി. പക്ഷെ നാല് മാസം കഴിയുമ്പോൾ കൊച്ചി മെട്രോയിൽ ഇപ്പോൾ ജോലി ചെയ്യുന്ന ട്രാൻസ്ജെൻഡേഴ്സിന്റെ എണ്ണം പതിനൊന്ന്. എന്തുകൊണ്ട് ഇവർ കൊഴിഞ്ഞു പോകുന്നു? ആദ്യം മുതൽ തന്നെ ട്രാൻസ് സമൂഹത്തിൽ നിന്നും ഉയർന്നു വന്ന വാർത്ത താമസിക്കാനുള്ള ഇടം ലഭിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. ഒപ്പം ഭക്ഷണവും കുറഞ്ഞ ശമ്പളവും ഒക്കെ പ്രശ്നങ്ങൾ തന്നെയായി. 

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുക എന്നത് ചരിത്ര പ്രധാനമായ ഒരു തീരുമാനമായിരുന്നു. അതിനെ ഉറക്കെ പ്രഖ്യാപിച്ച് കയ്യടി നേടിയത് കേരള സർക്കാരും. എന്നാൽ തങ്ങൾ നേരിടുന്ന പരിഗണനയില്ലായ്മകൾക്കെതിരെ പ്രതിഷേധ സ്വരമുയർത്തിയിട്ടും ഇതുവരെയും കേരള സർക്കാർ ഇവരുടെ നിലവിളി കേട്ടതായി പോലും ഭാവിക്കുന്നില്ല. ട്രാൻസ്ജെൻഡേഴ്സിനായി വകയിരുത്തിയ കോടികൾ എവിടെ പോയെന്നു പോലും ഇവർക്കാർക്കും അറിയുകയുമില്ല. കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ട്രാൻസ് കമ്മ്യൂണിറ്റിയിലെ മൂന്നു പേർ  അനുഭവം പങ്കു വയ്ക്കുന്നു.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളിൽ നിന്നും തന്നെ തുടങ്ങാം...

'' ഞാൻ ടിക്കറ്റ് കൗണ്ടറിലാണ് മെട്രോയിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു. അക്കോമഡേഷൻ ആണ് ഏറ്റവും പ്രധാന പ്രശ്നം. ഇപ്പോൾ മെട്രോ മഹാരാജാസിലെ മുന്നിൽ വരെ ഉടനെ ആകുമെന്ന് പറഞ്ഞു കേൾക്കുന്നു, അതുകഴിഞ്ഞു എല്ലാം നോക്കിയിട്ട് ഒരു മാസത്തിനുള്ളിൽ ശരിയാക്കാം എന്നൊക്കെയാണ് അവർ പറയുന്നത്.

ഇപ്പോൾ അടുത്ത ബാച്ച് ഇന്റർവ്യൂ കഴിഞ്ഞു. കുടുംബശ്രീ വഴിയാണ് ആൾക്കാരെ തിരഞ്ഞെടുക്കുന്നതും ജോലിക്ക് കയറ്റുന്നതും. അറുപതു പേരെയാണ് അവർ ജോലിക്കായി ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്ജെൻഡേഴ്സിനെ ഇവിടെ ജോലിക്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവർക്കുള്ള താമസം പ്രശ്നം തന്നെയാണ്. ബാക്കിയുള്ള ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകൾ എല്ലാം കുടുംബശ്രീ പ്രവർത്തകരാണ്.

സ്വന്തം വീടുകളിൽ നിന്ന് വരുന്നവർ അതുകൊണ്ട് വീട്ടിൽ നിന്ന് ഭക്ഷണം ഒക്കെ ഉണ്ടാക്കിയാണ് അവർ വരുന്നത്. അവർക്ക് കൊടുക്കുന്ന അതെ സൗകര്യങ്ങൾ തന്നെയാണ് ഞങ്ങൾക്കും നൽകിയിട്ടുള്ളത്. അതിന്റെ നീതി എന്താണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ സ്വന്തം വീടുകളിൽ നിന്ന് മിക്കവാറും പുറത്താക്കപ്പെട്ടവരോ പിരിഞ്ഞു പോന്നവരോ ഒക്കെയാണ്. നമ്മളെ പോലെയുള്ളവർ എവിടെ താമസിക്കും? അതും അവർ തരുന്ന 8500 രൂപയിൽ? വാടക കൊടുക്കണം, ഭക്ഷണം കഴിക്കണം, ഇപ്പോൾ ഈ ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ഭിക്ഷ ഉൾപ്പെടെയുള്ള മറ്റു ജോലികൾ ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് പലരും.

കുടുംബശ്രീയിൽ ഈ പ്രശ്നങ്ങൾ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് കിട്ടുന്ന അതേ പരിഗണനതന്നെ ഞങ്ങൾക്കു കിട്ടിയിട്ട് കാര്യമില്ല. കുടുംബശ്രീ പ്രവർത്തകർക്ക് ഈ ജോലി ഒരു അധിക വരുമാനത്തിനുള്ള സ്ഥലം മാത്രമാണ്, പക്ഷെ ഞങ്ങൾക്ക് അതുപോലെയല്ല. ഞങ്ങളോ ട്രാൻസ്‌ജെൻഡർ എന്ന പരിധിയിൽ നിർത്തിക്കൊണ്ട് തന്നെ പരിഗണന ലഭിക്കണം. "

കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ഫൈസലിന്റെ വാക്കുകൾക്ക് കുറച്ചു കൂടി തീപ്പൊരിയുണ്ട്...

"എല്ലാവരും ഈ ജോലിയെ ഞങ്ങൾക്ക് കിട്ടിയ ഔദാര്യമായാണ് കണക്കിലാക്കുന്നത്. പക്ഷേ ഇത് ഞങ്ങൾക്ക് ലഭിച്ച ഔദാര്യമല്ല. ട്രാൻസിനെ മൂന്നാമത് ഒരു വിഭാഗമായി പരിഗണിച്ചു കൊണ്ട് എല്ലാ സംസ്ഥാന സർക്കാരുകളോടും സുപ്രീം കോടതി ഉത്തരവിട്ട വിധിയാണത്. വിവിധ വകുപ്പുകളിൽ അവർക്ക് ജോലിക്കും അവകാശമുണ്ടെന്നും സുപ്രീം കോടതി 2014  ൽ ഉത്തരവിട്ടിരുന്നു. പക്ഷെ കേരള സർക്കാരും കെ എം ആർ എല്ലും എല്ലാം ഇത് ഞങ്ങൾക്കെന്തോ ഔദാര്യം വച്ചു നീട്ടിയത് പോലെയാണ്. പക്ഷെ കേരള സർക്കാരാണ് ഇത്ര പെട്ടെന്ന് ട്രാൻസിനു വേണ്ടി ഒരു പ്ലാറ്റ് ഫോം ഒരുക്കിയത്. ഞാൻ പ്രത്യേകിച്ച് ഒരു രാഷ്ട്രീയക്കാരുടെയും ചട്ടുകമായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് പറയാൻ കഴിയും ഏത് സർക്കാർ വന്നിരുന്നെങ്കിലും ട്രാൻസിനു ജോലിക്കുള്ള പ്ലാറ്റ്ഫോം കിട്ടുമായിരുന്നു.

faisal ഫൈസൽ.

താമസവും ഭക്ഷണവും ഒക്കെ പ്രശ്നമായപ്പോൾ ഞങ്ങൾ മെട്രോയുടെ എം.ഡി ഏലിയാസ് സാറിനെ പോയി കണ്ട് സംസാരിച്ചിരുന്നു. കാരണം അവിടെ ഞങ്ങൾക്കൊപ്പം വരുന്നത് കുടുംബശ്രീയിലെ സ്ത്രീകളാണ്. അവർക്ക് ഞങ്ങളുടെ അത്ര പ്രശ്നങ്ങളില്ല. ഈ ജോലി അവർക്ക് നിലനിൽപ്പിന്റേതുമല്ല, ഒരു അധിക വരുമാനം മാത്രമാണ്. പക്ഷെ ഞങ്ങൾക്ക് ഈ ജോലി അതിജീവനത്തിനു വേണ്ടി ഉള്ളതാണ്. പലരും ഇപ്പോഴും തെരുവിലാണ്. പക്ഷെ അദ്ദേഹം പറഞ്ഞത് സ്ത്രീകൾക്കു കിട്ടുന്ന പരിഗണന മാത്രമേ ഞങ്ങൾക്ക് കിട്ടൂ. അതിൽ അധികമൊന്നും ഞങ്ങൾക്കു കിട്ടില്ല എന്നാണ്.

നമുക്കറിയാം ജോലിക്കാര്യത്തിൽ ശമ്പളം വരുമ്പോൾ സ്ത്രീ-പുരുഷ സമത്വമൊന്നും സംസാരിക്കാനാകില്ല. ഒരേ ജോലി ചെയ്താലും പുരുഷന് കൊടുക്കുന്നത്ര ശമ്പളം എവിടെയും സ്ത്രീക്ക് ലഭിക്കാറില്ല. പുരുഷന്മാരാണ് കഴിവുള്ളവർ എന്ന ഒരു ചിന്ത നമ്മുടെയൊക്കെ ഇടയിലുമുണ്ട്. വർഷങ്ങളായി അങ്ങനെയൊരു സിസ്റ്റം ഇവിടെയുണ്ട്. ഇപ്പോൾ ട്രാൻസ്ജെൻഡേഴ്സ് വരുമ്പോൾ അവരെയും സ്ത്രീകളായി തന്നെ കണക്കാക്കി ജോലി ചെയ്യിക്കുകയും ശമ്പളം നൽകുകയും വേണം എന്ന നിയമം എപ്പോഴോ ആരൊക്കെയോ തീരുമാനിച്ചു വച്ചതു പോലെയുണ്ട്. അതുകൊണ്ടാണല്ലോ കുടുംബശ്രീയുടെ കീഴിൽ തന്നെ ഞങ്ങളെ കൊണ്ടു വന്നതും.

നമുക്ക് ആദ്യം പറഞ്ഞ ശമ്പളം 13,500  ആയിരുന്നു. പി എഫ് ഒക്കെ കഴിഞ്ഞു 9500  അവർ തരാമെന്നു പറഞ്ഞെങ്കിൽ പോലും അവസാനം കയ്യിൽ കിട്ടുന്നത് 8500  മാത്രമാണ്. എറണാകുളത്ത് ഒരു വീടെടുത്ത് ഭക്ഷണം ഉൾപ്പെടെ വേണമെങ്കിൽ പോലും എത്ര രൂപ ചിലവാകുമെന്ന് ഊഹിക്കാമല്ലോ. എന്നാൽ സർക്കാർ ജോലിക്കാർ എന്ന പേരുമുണ്ട്. പുറമേയ്ക്കും സ്വന്തം നാട്ടിലുമൊക്കെ ഞങ്ങൾ സർക്കാർ ജോലിക്കാരാണ്. പക്ഷെ ഇവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾക്കു മാത്രമേ അറിയൂ. സാധാരണ ഓഫുകൾ എല്ലാ ജോലിയിലും അനുവദിക്കുന്നതാണ് ഏതൊരു സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും അതുണ്ട്.

പക്ഷെ ഇവിടെ ഓഫ് എടുത്താൽ ആ ദിവസത്തെ സാലറി ആയിരം രൂപയൊക്കെ ആണ് കട്ട് ചെയ്യുന്നത്. ഇതുവരെയായിട്ടും  കൃത്യമായ ഒരു ജോബ് ലെറ്റർ ഞങ്ങൾക്ക് കിട്ടിയിട്ടില്ല. ഒരു ഓഫർ ലെറ്റർ മാത്രമാണ് അവർ തന്നത്. അത് ഏതു നേരം വേണമെങ്കിലും പിരിച്ചു വിടാം എന്ന ഭീഷണി ധ്വനിപ്പിക്കുന്ന ഒരു ഓഫർ ലെറ്റർ. ഇങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു പോകേണ്ടത്?

ഇപ്പോൾ ഈ ജോലി മുന്നോട്ടു കൊണ്ടു പോകാൻ മറ്റു ജോലികൾ ചെയ്യേണ്ട അവസ്ഥയിലാണ് ഞങ്ങൾ. ഞാൻ ഇടയ്ക്ക് കല്ല് ചുമക്കാനുമൊക്കെ പോകുന്നുണ്ട്. ഭക്ഷണം കഴിക്കണ്ടേ, മാസാവസാനം ശമ്പളം ലഭിക്കുന്നതുവരെ വളരെ ബുദ്ധിമുട്ടിയാണു കഴിയുന്നത്. നല്ലൊരു താമസം എങ്കിലും അനുവദിക്കുക തന്നെ വേണം. നിരന്തരം ഞങ്ങൾ അഭ്യർത്ഥിച്ചപ്പോൾ ഒരു കന്യാസ്ത്രീ ഹോസ്റ്റലിൽ താമസം ലഭിച്ചതാണ്. പക്ഷെ അവിടെയും കൊടുക്കണം അഞ്ഞൂറ് രൂപ. ദിവസവുമുള്ള ഭക്ഷണത്തിനു വേറെ. ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നാണ് എല്ലാവരും പറയുന്നത്?

സത്യം പറഞ്ഞാൽ ട്രാൻസിനു മെട്രോയിൽ ജോലി ലഭിച്ചത് കേരള സർക്കാർ കാരണമാണെന്നാണ് എല്ലായിടത്തും അവർ പറഞ്ഞു ആഘോഷിച്ചത്. പക്ഷെ അതിലെ തമാശ എന്താണെന്ന് വച്ചാൽ കോൺഗ്രസ്സ് ഭരണകാലത്ത് ജയിലിൽ ട്രാൻസിനു വേണ്ടി ഒരു ജയിൽ മുറി തുറന്നിരുന്നു. പക്ഷെ ആ സമയത്ത് ഒരു കുറ്റത്തിന്റെ പേരിലും ഞങ്ങൾക്കാർക്കും ജയിലിനുള്ളിൽ കിടക്കേണ്ടി വന്നില്ല. പക്ഷെ ഇടതു പക്ഷ സർക്കാരിന്റെ കാലത്താണ് ട്രാൻസും പോലീസും തമ്മിലുള്ള ഒരു പ്രശ്നത്തിൽ പതിനൊന്ന് ട്രാൻസിനെ പോലീസ് പിടികൂടി ആ ജയിലിൽ അടച്ചു അത് ഉദ്ഘാടനം ചെയ്യുന്നത്.

അന്ന് കൊച്ചി പോലീസ് കമ്മീഷണറിനോട് ഞങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അദ്ദേഹമാണ് ഞങ്ങൾക്ക് വേണ്ടി കെ എം ആർ എൽ നോട് സംസാരിച്ചത്. അങ്ങനെ അവർ ഞങ്ങളെ ജോലിക്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിലൊന്നും കേരള സർക്കാരിന് യാതൊരു പങ്കുമില്ല. പക്ഷെ പേര് കിട്ടിയത് സർക്കാരിനാണ്. യഥാർത്ഥത്തിൽ മെട്രോ എം ഡി ഏലിയാസ് സാർ എടുത്ത തീരുമാനമാണത്. അതും കെ എം ആർ എല്ലിന്റെ കോൺട്രാക്ട് ആണ് കുടുംബശ്രീ, അവരുടെ കോൺട്രാക്ട് ആണ് ട്രാൻസ്. പക്ഷെ കുടുംബശ്രീയുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല, ഞങ്ങൾ അതിൽ അംഗങ്ങളുമല്ല. 

കൊച്ചി മെട്രോ പോലെയുള്ള ചരിത്രത്തിൽ ഇടം നേടിയ സ്ഥാപനത്തിൽ ഇത്രയധികം ട്രാൻസിനു ഒരുമിച്ച് ജോലി ഓഫർ നൽകുക എന്നാൽ ചെറിയ കാര്യമല്ല. പക്ഷെ എവിടെയാണ് പ്രശ്നം എന്ന് വച്ചാൽ ഈ ജോലി ഞങ്ങൾക്ക് അതിജീവനം ആകുന്നില്ല. ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചൊന്നും പഠിച്ചിട്ടൊന്നുമല്ല ഈ ജോലി ഞങ്ങൾക്ക് തന്നത്. സത്യം പറഞ്ഞാൽ ഇതൊരു സർക്കാർ ജോലിയല്ല. വീട്ടിൽ കുറെ പ്രശ്നങ്ങളുണ്ട്.

ഒരു സ്ഥിരം വരുമാനമുള്ള ജോലിയെന്ന ഓഫറിൽ വീണതുകൊണ്ടാണ് ഞാൻ കൊച്ചിയിൽ എത്തിയത്. പക്ഷെ എന്റെ വീടിനോ എന്റെ ഭക്ഷണത്തിനോ പോലും ഈ ജോലിയിൽ നിന്നു കിട്ടുന്ന ശമ്പളം തികയുന്നില്ല എന്നതാണ് പ്രശ്നം. പക്ഷെ എല്ലാവരും പറയുന്നത് നിങ്ങൾക്ക് സർക്കാർ ജോലി തന്നില്ലേ എന്നാണ്. സർക്കാർ ജോലിയുടേതായ സ്ഥിരതയോ ഇൻക്രിമെന്റോ ആനുകൂല്യങ്ങളോ ഒന്നും ഈ ജോലിക്കില്ല. എങ്ങനെയാണ് സർക്കാരിന് ഈ ക്രെഡിറ്റ് പോയത്? ഈ ക്രെഡിറ്റ് ഏറ്റെടുക്കുമ്പോൾ ഞങ്ങൾ ഈ പ്രശ്നം പലയിടത്തും പറയുമ്പോൾ എന്തുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല? അതും ഞങ്ങളുടെ ചോദ്യമാണ്. 

ആദ്യം ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി പത്തുകോടിയിലധികം രൂപ വിലയിരുത്തിയിട്ടുണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്. എന്നിട്ടും നമുക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തപ്പോൾ അതിനേപ്പറ്റി അന്വേഷിച്ചപ്പോഴാണ് നമുക്ക് മൂന്നു കോടിയിൽ താഴെയേ അനുവദിക്കപ്പെട്ടിട്ടുള്ളൂ എന്നൊക്കെ മനസ്സിലാകുന്നത്. പലതും വാഗ്ദാനങ്ങൾ മാത്രമായി പോകുന്നതിന്റെ സങ്കടമുണ്ട്. ഒരുപക്ഷെ ഉദ്യോഗസ്ഥർക്ക് ഇതേ കുറിച്ച് വ്യക്തമായ ബോധ്യം ഇല്ലാത്തതു കൊണ്ടായിരിക്കാം. പക്ഷെ എല്ലായ്പ്പോഴും ട്രാൻസ് ആക്ടിവിസ്റ്റുകൾ ഉറക്കെ പറയുന്നുണ്ടല്ലോ ഞങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന ആൾക്കാരാണെന്ന്.

യാത്രക്കാർ പൊതുവെ രണ്ടു തരവുമുണ്ട്. ചിലർ കാണുമ്പോൾ ചിരിക്കുകയും പത്രത്തിലൊക്കെ കണ്ടല്ലോ എന്നൊക്കെ പറഞ്ഞു വിശേഷങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്യും. മറ്റു ചിലർ ദേ മറ്റേ ആൾക്കാർ എന്നൊക്കെ പറഞ്ഞു പരിഹസിക്കും. എത്രയായാലും നമ്മുടെ നാട്ടിലെ മനുഷ്യരല്ലേ, അവരുടെ മനോഭാവം മാറാൻ ഇനിയും സമയമെടുക്കും. അത്തരം പ്രശ്നങ്ങളൊന്നും നമ്മളെ അലട്ടാറില്ല. ഞാൻ 2009 ൽ ഒരു പ്രോഗ്രാമിൽ വച്ച് എന്റെ വ്യക്തിത്വം ട്രാൻസിന്റേതാണെന്നു ഉറക്കെ പ്രഖ്യാപിച്ച ഒരാളാണ്.

അതിനു ശേഷം ട്രാൻസിനു അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് 2014 ൽ ആണ്. അതിനു ശേഷം നിരവധി പേര് തങ്ങളുടെ വ്യക്തിത്വം തുറന്നു പറയാൻ തയാറായി. പതുക്കെ മാറ്റങ്ങൾ വരുന്നുണ്ട്. എന്റെ വീട്ടിൽ നിന്നും എനിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. സഹോദരങ്ങളിൽ നിന്ന് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു തന്നെയായാലും ഈ നാടും എന്റെ വീട്ടുകാരെയും വിട്ടു പോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഇപ്പോൾ എനിക്കറിയാം എന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ സ്നേഹിക്കുന്നതും അംഗീകരിക്കുന്നതും എന്റെ വീട്ടുകാരാണ്.

ഞാൻ ഇപ്പോഴും പുറമേയ്ക്ക് പുരുഷനെ പോലെ വസ്ത്രധാരണം ചെയ്യുന്ന ഒരാളാണ്. മെട്രോയിലെ അഭിമുഖത്തിന് വേണ്ടി ചെന്നപ്പോൾ അത് ചർച്ച ആയിരുന്നു. എനിക്ക് മുൻപ് വന്നവരുടെ അഭിമുഖങ്ങൾക്കു ശേഷം എന്നെ കണ്ടപ്പോൾ അവർ പറഞ്ഞത് അവിടെ സ്ത്രീകൾക്ക് ഒരു പ്രത്യേക ഡ്രസ്സ് കോഡുണ്ട്  അത് ഭിംന്നലിംഗക്കാരും ഉപയോഗിക്കേണ്ടി വരും എന്നാണ്. പക്ഷെ ഞാൻ ചോദിച്ചു ഇപ്പോൾ ട്രാൻസ്ജെൻഡേഴ്സ് എന്നാൽ പുരുഷന്മാർ സ്ത്രീകൾ ആയവർ മാത്രമല്ല സ്ത്രീകൾ ഹോർമോൺ മാറ്റങ്ങളൊക്കെ വരുത്തി പുരുഷന്മാർ ആയവരും ഉണ്ട് അവരും ഇതേ വസ്ത്രം തന്നെയാണോ ധരിക്കേണ്ടത്.

അപ്പോഴാണ് അവർ അതേക്കുറിച്ച് ആലോചിച്ചത്. എന്റെ വസ്ത്രം എന്റെ സ്വകാര്യതയും എന്റെ തിരഞ്ഞെടുപ്പുമാണ്, ഡ്രസ്സ് കോഡ് ഉണ്ടെങ്കിൽ നിയമം ആണെങ്കിൽ ഉപയോഗിക്കാൻ എനിക്ക് മടിയില്ല. പക്ഷെ ട്രാൻസിനു വേണ്ടിയുള്ള ആ നിയമത്തെ ചോദ്യം ചെയ്തത് അവർക്ക് ചർച്ചയ്ക്കുള്ള ഒരു അവസരമായിരുന്നു. പൊതുവെ നമ്മുടെ മുന്നിലുള്ള ട്രാൻസ് മുന്നോട്ടു വയ്ക്കുന്ന ഒരു ഡ്രസ്സ് കോഡുണ്ട്. സ്ത്രീകളെ പോലെ വേഷം ധരിക്കണം. അമിതമായ മേക്കപ്പ് വേണം എന്നൊക്കെ. അതിന്റെയൊന്നും ആവശ്യം തന്നെയില്ല. ഈ അവസ്ഥ ശരീരത്തിന്റേതല്ല  മാനസികമായ ഒരു അവസ്ഥയാണ് ഞങ്ങളുടേത്. അത് എല്ലാവരും മനസ്സിലാക്കണം.

കൊച്ചി മെട്രോയിൽ നിന്നും പിരിഞ്ഞു പോയ അമൃത ശിൽപ്പ അനുഭവം പറയുന്നു. അമൃത ഇപ്പോൾ സ്വന്തമായി അച്ചാർ ഉണ്ടാക്കി വിൽപ്പന നടത്താൻ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പെൺ വേഷം കെട്ടുന്ന റോഡ് ഷോകളിലും പങ്കെടുക്കാറുണ്ട്. 

മൂന്നു ദിവസമാണ് ഞാൻ മെട്രോയിൽ ജോലി ചെയ്തത്. ഈ മൂന്നു ദിവസത്തിനു ശേഷം ഏലിയാസ് സാറുമായി ഒരു മീറ്റിങ് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് ഞങ്ങളെ സ്ത്രീകളായി മാത്രമേ കാണാൻ കഴിയൂ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോഴേ പിരിച്ച് വിടും എന്നാണ്. പക്ഷെ പത്രങ്ങളും ചാനലുകളുമൊക്കെ കൊട്ടിഘോഷിച്ചത് സർക്കാർ ഞങ്ങൾക്ക് ട്രാന്സ്ജെൻഡേഴ്സ് എന്ന പ്രത്യേക പരിഗണനയോടെ ജോലി നൽകുന്നു എന്നൊക്കെയാണ്. അതുകൊണ്ട് അത്ര പ്രതീക്ഷയോടെയാണ് ഞങ്ങൾ കയറിയതും.

amritha2 അമൃത.

പക്ഷെ അവർ നമുക്കെന്തോ ഔദാര്യം നൽകുന്നതു പോലെയാണ് എനിക്കു തോന്നിയത്. ദാനം നൽകുന്നതു പോലെയാണ് അവരുടെ സംസാരവും. അത് ഔദാര്യമായി ഞങ്ങൾക്ക് ലഭിക്കേണ്ട ഒന്നല്ല ഞങ്ങളുടെ അവകാശമാണ്. അതുകൊണ്ടാണ് അവിടുന്ന് പിരിയാൻ തീരുമാനിച്ചത്. പിന്നെ പിരിയുക എന്നാൽ ഞങ്ങൾക്ക് അവിടെ ചെന്നു എന്ന പേരിൽ അപ്പോയിന്റ്മെന്റ് ലെറ്ററോ ഒന്നും തന്നിട്ടും ഉണ്ടായിരുന്നില്ല. ഇതുവരെ ആ മൂന്നു ദിവസത്തെ ശമ്പളം പോലും ലഭിച്ചിട്ടും ഇല്ല. കുടുംബശ്രീ എന്നാൽ സ്ത്രീകളാണ്. പക്ഷെ ഞങ്ങൾ പൂർണമായും സ്ത്രീകളാണ് എന്ന് അവകാശപ്പെടാൻ കഴിയാത്തവരാണ്. ക്രോസ്സ് ഡ്രസ്സേഴ്സ് ആയുള്ളവരും ഞങ്ങളുടെ ഇടയിലുണ്ട്. അപ്പോൾ ഞങ്ങൾ സ്ത്രീകളായി അവരോധിക്കപ്പെടുക എന്നാൽ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നും ഞങ്ങൾ ഒറ്റപ്പെടും. അങ്ങനെ ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല. മെട്രോയിൽ ഇനിയെങ്കിലും ഈ കമ്മ്യൂണിറ്റിയ്ക്കു വേണ്ടി ഗുണങ്ങൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ രൂക്ഷമാവുകയാണ്. ഏറ്റവും പുതിയതായി അഭിമുഖത്തിനു വന്ന ട്രാൻസ് കമ്മ്യൂണിറ്റിയിൽ പെട്ടവരെ എല്ലാവരെയും സർട്ടിഫിക്കറ്റുകൾ പോലും നോക്കാതെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേക്ക് നിയമിച്ചു എന്നാണു ആക്റ്റിവിസ്റ്റായ ദിയാ സനാ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

പോസ്റ്റ് വായിക്കാം :–

കൊച്ചിൻ മെട്രോയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ടൊരു കാര്യം. ഇന്ന് ഇപ്പോൾ കുടുംബശ്രീയുടെ ജില്ലാ ഹെഡ് ടാനിയെ വിളിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സിന്  ഇന്ന് അവിടെ അഭിമുഖം ഉണ്ടെന്നറിഞ്ഞു കുറേപേർ അവരുടെ സർട്ടിഫിക്കറ്റുമായി നിൽക്കുന്നുണ്ട്. ആരുടെയും സർട്ടിഫിക്കേറ്റ് പരിശോധിക്കാതെ എല്ലാവരെയും ഹൗസ് കീപ്പിങ് വിഭാഗത്തിലേക്കു നിയമിച്ചു എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ വിളിച്ചത്. അപ്പോൾ അവർ പറഞ്ഞത് ഇതിനു ചില നിയമങ്ങളുണ്ട്  അതനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നാണ്. ഈ നിയമം എന്താണെന്നു ട്രാൻസ്ജെൻഡേഴ്സിനറിയില്ല. എന്താ നിയമം എന്നു ചോദിച്ചപ്പോൾ അവർ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു.  അഴുക്കു മാത്രം കോരാനാണോ അവർക്ക് നിങ്ങളുടെ ഔദാര്യം. കൂലിപ്പണി ചെയ്താൽ അവർ ഇതിനേക്കാൾ കൂടുതൽ സമ്പാദിക്കുമല്ലോ ?... കൊച്ചിൻ മെട്രോ മറുപടി തരണം ... നിങ്ങൾ കൊടുത്ത കോൺട്രാക്ടിന്റെ ഭാഗമായി എത്രമാത്രം കമ്മീഷൻ ആണ് ഈ എറണാകുളം ജില്ലാ കുടുംബശ്രീ നേടുന്നത്.. ?... പാവങ്ങളെ കൂടെ കഞ്ഞി കുടിക്കാൻ അനുവദിക്കൂ #കൊച്ചിൻമെട്രോ #നീതിപാലിക്കുക.

amrita-shilpa അമൃത.

ചരിത്ര പ്രധാനമായ തീരുമാനമായിരുന്നു കൊച്ചി മെട്രോയുടേത്. അവകാശം ആരു തട്ടിയെടുത്തുകൊണ്ടു പോയാലും ട്രാൻസ് വിഭാഗങ്ങൾക്ക് ജോലി കിട്ടിയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ട അർഹതയുണ്ട്. ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശമാണത്. അത് ആരുടേയും ഔദാര്യമല്ലെന്ന് അവർ ആവർത്തിക്കുന്നു. പക്ഷെ ട്രാൻസ് വിഭാഗങ്ങളെ ക്കുറിച്ച് കൃത്യമായ ധാരണയോ പഠനമോ ഇല്ലാതെ കൊച്ചി മെട്രോ എടുത്ത ഈ തീരുമാനം അതേ വിഭാഗങ്ങൾക്ക് ഇപ്പോൾ വിഷമസന്ധി തന്നെയാണ്. എംഎംആർഎൽ നിലപാട് മാറ്റും എന്നു തന്നെയാണ് അവരുടെ പ്രതീക്ഷയും. അല്ലെങ്കിൽ കേരള സർക്കാർ ഇനിയെങ്കിലും ഈ വിഷയത്തിൽ ഇടപെടും എന്നും അവർ പ്രതീക്ഷിക്കുന്നു. അവകാശം തട്ടിയെടുത്ത സ്ഥിതിയ്ക്ക് സർക്കാരിന്റെ ധാർമിക ഉത്തരവാദിത്തം കൂടിയാകുന്നുണ്ട് ആ കൂട്ടിരിക്കൽ.