Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിമിതികളെക്കുറിച്ചു കരയുന്നവർ ഇവളെ വായിക്കണം; ശബ്ദമില്ലാത്ത ലോകത്തു നിന്ന് വ്യവസായ സംരംഭകയായി

mom-daughter

ശബ്ദവും ബഹളവും സൃഷ്ടിക്കുന്ന കോലാഹലത്തിൽനിന്ന് കുറച്ചുനേരത്തേക്കെങ്കിലും മാറിനിൽക്കുമ്പോൾ തോന്നുന്ന ഒരു ആശ്വാസമുണ്ട്. ജോലിയിൽ ഏകാഗ്രമായിരിക്കാനും ശരിയായി ചിന്തിക്കാനുമുള്ള അവസരം. ശ്രദ്ധ ഏറ്റവും തീവ്രമാകുന്ന നിമിഷങ്ങൾ. അത്തരം സുവർണാവസരങ്ങൾ അധികമായി ലഭിക്കുന്നില്ലെന്നു ദുഃഖിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു ജീവിതത്തിന്റെ കഥയാണിത്. ഒപ്പം ഏതു പരിമിതിയേയും അതിജീവിക്കാനും ലക്ഷ്യത്തിലെത്താനും എന്നും അവസരങ്ങളുണ്ടെന്ന ഓർമപ്പെടുത്തലും.

ജന്മനാ കേൾവിശക്തിയില്ലാത്ത, മൂകയായ ഒരാളുടെ ജീവിതം എത്ര ദുരിതപൂർണമാകും എന്നായിരിക്കും എല്ലാവരുടെയും ആദ്യത്തെ ചിന്ത. പക്ഷേ ശ്രദ്ധ മാറ്റുന്ന ബഹളവും  ശബ്ദവും അറിയാതിരിക്കുന്ന, അത്യാവശ്യത്തിനു മാത്രം ആശയവിനിമയം നടത്തേണ്ടിവരുന്ന ഒരാൾക്ക് കുറച്ചൊന്നു ശ്രദ്ധിച്ചാൽ വലിയ നേട്ടങ്ങളിലേക്ക് ഉയരാനുമാകും. സംശയമുണ്ടെങ്കിൽ മുംബൈയിൽനിന്നുള്ള വ്യവസായ സംരംഭകയായ ഈ യുവതിയുടെ ജീവിതകഥ വായിക്കൂ.അതും സ്വന്തം അമ്മയുടെ വാക്കുകളിൽ.

മൂകയും ബധിരയുമായ ഈ യുവതി രണ്ടു വർഷം പഠിച്ചതു ടെക്സ്റ്റൈൽ ബിസിനസ്. ശേഷം ഒരു എംബ്രോയ്ഡറി യൂണിറ്റ് തുടങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിൽനിന്ന് ആരും അസൂയപ്പെട്ടുപോകുന്ന ഉയർച്ചയിലേക്കു കുതിച്ചു. അവരുടെ കഥ ഫെയ്സ്ബുക്കിൽ പങ്കുവച്ച്  അമ്മ എഴുതി: ഏകാഗ്രമായിരിക്കാൻ പരിമിതികൾ എന്റെ മകളെ സഹായിച്ചു. ഏറ്റവും വലിയ അസൗകര്യത്തിൽനിന്ന് മകൾ ഏറ്റവും വലിയ ഉയരത്തിനുള്ള ഇന്ധനം നേടി. 

അതേ, പരിമിതികളെക്കുറിച്ചു കരയുകയല്ല, ലഭിച്ച ശക്തി ഉപയോഗപ്പെടുത്തി നേട്ടങ്ങളിലേക്കു കുതിക്കുകയാണ് വേണ്ടതെന്ന് സ്വന്തം മകളുടെ കഥയിലൂടെ ഓർമിപ്പിക്കുന്ന ഈ അനുഭവകഥ വായിക്കൂ. 

മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോൾ പിടിപെട്ട പകർച്ചവ്യാധിയാണ് എന്നെ ദുഖിപ്പിച്ചതും മകളെ അംഗപരിമിതയാക്കിയതും. ആധുനിക ചികിൽസയുടെ സൗകര്യങ്ങൾ ഞങ്ങൾക്കന്നു ലഭിച്ചിരുന്നില്ല. മകൾ ജനിച്ചതു മൂകയായും ബധിരയായും.അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. മറ്റേതൊരു കുട്ടിയേയും പോലെ സന്തോഷവതി. പക്ഷേ, തകർന്നുപോയി ഞങ്ങൾ; ചിരിച്ചും കരഞ്ഞും കുസൃതി കാട്ടിയും അവൾ ഞങ്ങളുടെ ദുഃഖം അലിയിപ്പിക്കാൻ ശ്രമിച്ചെങ്കിലും.

അവളെപ്പോലെയുള്ള മറ്റു കുട്ടികൾ പഠിക്കുന്ന ഒരു സാധാരണ സ്കൂളിൽ അവൾ ചേർന്നു.മൂന്നു ഭാഷകൾ പഠിക്കുന്നതിനുപകരം പഠിച്ചത് ഒരുഭാഷ. ക്ലാസിലെ മികച്ച വിദ്യാർഥിനിയായി വളർന്നു. മറ്റു കുട്ടികളെയൊക്കെ ശ്രദ്ധിക്കുന്ന, സംരക്ഷിക്കുന്ന മിടുക്കിക്കുട്ടി. ഒരു അനുജത്തി ജനിച്ചപ്പോഴും അവൾ സംരക്ഷകയായിത്തന്നെ തുടർന്നു. വളർന്നുവരുമ്പോൾ ഒരു പരിമിതിയുമില്ലാത്ത ഒരു കുട്ടിയെപ്പോലെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു.

മകളുടെ ദൗർഭാഗ്യത്തെക്കുറിച്ചു ഞങ്ങൾ തന്നെ മറന്നു. 58 ശതമാനം മാർക്കോടെ മകൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചപ്പോൾ ഞങ്ങൾ ആഹ്ലാദിച്ചു. അതിനുശേഷമാണു പുറം ലോകം പരിമിതികളെക്കുറിച്ചു മകളെ ഓർമിപ്പിച്ചതും തളർത്താൻ ശ്രമിച്ചതും. അവൾ തളർന്നു, എപ്പോഴും ദുഃഖിച്ചു. പക്ഷേ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന് ഞങ്ങൾ അവളെ ഓർമിപ്പിച്ചു. ടെക്സ്റ്റൈൽ മേഖലയിലെ പഠനം മകളെ വീണ്ടും പ്രതീക്ഷയിലേക്കു തിരിച്ചുകൊണ്ടുവന്നു.തന്റെ മേഖല അതാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവിടെക്കൊണ്ടു നിർത്തിയില്ല. നൃത്തം പഠിച്ചു. ബ്യൂട്ടീഷ്യൻ കോഴ്സിൽ ചേർന്നു. ഇതിനൊപ്പം വിവിധ ഭക്ഷണങ്ങൾ പാകം ചെയ്യാനും പഠിച്ചു. 

ചുറ്റുമുള്ള നിശ്ശബ്ദത മകളെ ബഹങ്ങളിൽനിന്നു മാറ്റിനിർത്തി. പരിമിതികൾ ശക്തിയാകുന്ന കാഴ്ച. പുതുതായി തുടങ്ങുന്ന എംബ്രോയ്ഡറി ബിസിനസിൽ മകൾ എല്ലാ ശ്രദ്ധയും അർപ്പിച്ചു. ഒരു വ്യവസായ സംരംഭകയാകുകയായിരുന്നു. കൊൽക്കത്തിയിൽനിന്നും ഖരഗ്പൂരിൽനിന്നുമൊക്കെ ഓർഡറുകൾ ലഭിച്ചുതുടങ്ങി. ദിവസം മുഴുവൻ ജോലിചെയ്യേണ്ടിവന്നു ഓർഡറുകൾ പൂർത്തീകരിക്കാൻ. പുതിയ ആശയങ്ങൾ കണ്ടെത്താനും നടപ്പിൽവരുത്താനും രാത്രികൾ പകലാക്കുന്ന മകളെക്കണ്ടു ‍ഞങ്ങൾ ആഹ്ലാദിച്ചു. പതുക്കെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്ക് മകൾ എത്തി. ഒറ്റയ്ക്കു നിൽക്കാമെന്ന അവസ്ഥ.

ചിലപ്പോഴെങ്കിലും മറ്റുള്ളവർ നിങ്ങളെ തളർത്താൻ ശ്രമിക്കാറില്ലേ. അപ്പോൾ വേണം മുന്നോട്ടു കുതിക്കാൻ ശക്തി സംഭരിക്കേണ്ടത്. അതാണ് യഥാർഥത്തിൽ എന്റെ മകൾ ചെയ്തതും. നമുക്കെല്ലാവർക്കും ഈ പാഠം എന്റെ മകളിൽനിന്നു പഠിക്കേണ്ടതുണ്ട്. എത്ര വെല്ലുവിളികൾ വന്നാലും സ്വപ്നത്തെ കൈവിടാതിരിക്കുക. തോക്കുകൾ ഗർജിച്ചോട്ടെ. മുന്നോട്ടു തന്നെ പോകുക!