Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെനയുടെ സൈക്കളോജിക്കൽ മൂവ്

Lena

കള്ളം പറയരുത് ലെനയുടെ മുന്നിലിരുന്ന്. പറഞ്ഞ കള്ളം കണ്ണിൽനോക്കി കയ്യോടെ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്.

പന്ത്രണ്ടാം ക്ലാസിൽ പേപ്പർ നിറയെ മാർക്കു വാങ്ങിയ ലെന പിന്നീടു പഠിച്ചതു മനഃശാസ്ത്രമാണ്. സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഒരാൾ അതു ജീവിതത്തിൽ പ്രയോഗിക്കുന്നത് എങ്ങിനെയൊക്കെയാണ്...?

സിക്സ്ത് സെൻസ്

ചെറുപ്പം മുതലേ ഒരു സിക്സ്ത് സെൻസ് ഉള്ളിലുണ്ടെന്നാണു വിശ്വാസം. സഹപാഠികളിൽ ആരെയൊക്കെ വിശ്വസിക്കണം...? ആരുടെകൂടെ കളിക്കാൻ പോകണം...? തുടങ്ങിയ കാര്യങ്ങളിൽ‍ ചില നിരീക്ഷണങ്ങൾ നടത്തി. ചില സാഹചര്യങ്ങളിൽ പണി പാളുന്നതു മുൻകൂട്ടി കണ്ടെത്തി മുങ്ങാനുള്ള അസാധ്യ പാടവവും കാണിച്ചിരുന്നു. മനസ്സിൽ വരുന്ന തോന്നലുകൾക്ക് അൽപം വില കൊടുത്തു നോക്കിയാൽ ഈ സിക്സ്ത് സെൻസ് വളരും. ’

സ്ക്രീൻ സൈക്കോളജി

Lena

സൈക്കോളജി പഠനശേഷം ആദ്യം ചെയ്തത് ടിവി പരമ്പരയാണ്. എപ്പോൾ എങ്ങനെ കരഞ്ഞാൽ ക്ലിക്കാകുമെന്നു കൃത്യമായി മനസ്സിലാക്കി. (അതോടെ പരമ്പരയിൽ ലെന കരയുന്നതു കണ്ട് സ്ത്രീ പ്രേക്ഷകരും ഒപ്പം കരഞ്ഞു.) ഏറ്റെടുത്ത ഓരോ കഥാപാത്രത്തിനും ജീവൻ നൽകാനും ടൈമിങ് മെച്ചപ്പെടാനും മനഃശാസ്ത്ര പഠനം സഹായിച്ചു.

ലൈഫ് സൈക്കോളജി

പറഞ്ഞ കള്ളം പിന്നീട് ഓർത്തിരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരമാവധി ആരോടും കള്ളം പറയാറില്ല. ‘ആദ്യം പറഞ്ഞതു രണ്ടാം തവണ പറയുമ്പോൾ പൊളിയുമെന്നത് ഉറപ്പാണ്. മുന്നിലിരിക്കുന്ന ആളുടെ ശരീരഭാഷ, കണ്ണുകളുടെ ചലനം അങ്ങനെ പലതും അവരറിയാതെ നിരീക്ഷിച്ചാണു തീരുമാനങ്ങൾ എടുക്കുക. തട്ടിപ്പിന്റെ മണം ചെറുതായി പരന്നു തുടങ്ങുമ്പോഴേ നൈസായിട്ടു മുങ്ങും.’

ചില ട്രിക്കുകൾ

നമ്മളോടു സംസാരിക്കുന്ന ആളിന്റെ കണ്ണുകളുടെ ചലനം നിരീക്ഷിക്കുക.

 കൺമണികൾ വലത് മുകൾ ഭാഗത്താണെങ്കിൽ– ഇല്ലാത്തകാര്യം സൃഷ്ടിച്ചു പറയുകയാണ് – കള്ളം പറയാൻ ശ്രമം

 കൺമണികൾ വലതു ഭാഗത്താണെങ്കിൽ– ഇല്ലാത്തകാര്യം പറയാനായി വാക്കുകൾ തേടുകയാണ് – കള്ളം പറയാൻ ശ്രമം

 കൺമണികൾ ഇടത് മുകൾ ഭാഗത്ത് – ഓർമയിൽനിന്നു പറയുന്നത്. – യഥാർഥകാര്യം പറയുന്നു

 കൺമണികൾ ‌ഇടതുഭാഗത്ത് – ഓർമയിൽ നിന്നു വാക്കുകളും സംഗീതവും ഓർക്കുന്നു – യഥാർഥകാര്യം പറയുന്നു

ഓർക്കുക; പഠിച്ച കള്ളൻമാർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല!