Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധാരണക്കാര്‍ക്ക് മേക്കോവര്‍ ക്യാംപെയിനുമായി ജസീന കടവില്‍

jaseena-kadavil

മേക്കോവർ എന്നൊക്കെ പറയുന്നത് സെലിബ്രിറ്റികള്‍ക്ക് മാത്രമാണോ? അല്ല എന്നാണ് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ജസീന കടവില്‍ പറയുന്നത്. ആര്‍ക്കും മേക്കോവർ ചെയ്ത് ആത്മവിശ്വാസം വർധിപ്പിക്കാമെന്ന് പ്രഖ്യാപിച്ചു കൊണ്ട് സാധാരണക്കാരുടെ സൗന്ദര്യ സങ്കൽപ്പങ്ങളിലേക്ക് പുതിയ ഒരു ആശയവുമായി കടന്നുവരുകയാണ് ലെറ്റ്സ് ഡു മേക്കോവർ എന്ന ക്യാംപെയിനിലൂടെ.. ജസീനയുടെ വാക്കുകള്‍..

എന്താണ് ലെറ്റ്സ് ഡു  മേക്കോവർ ക്യാമ്പെയിന്‍?

ഒരു വര്‍ഷം മുന്‍പ് ഒരു മാഗസിന്‍ ഫോട്ടോ ഷൂട്ടിന് വേണ്ടി അരിസ്റ്റോ സുരേഷിനെ  മേക്കോവർ ചെയ്തിരുന്നു. അത് വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആയി. അതുകണ്ടു കഴിഞ്ഞപ്പോഴാണ് പലരും സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല നമുക്കൊക്കെ  മേക്കോവർ ആകാം അല്ലേ എന്നൊക്കെ അന്വേഷിച്ച് വന്നു തുടങ്ങിയത്. എല്ലാവരുടെയും മനസ്സില്‍ ഒരു മേക്കോവർ മോഹമുണ്ട് എന്ന് മനസ്സിലായി.

ആ സമയത്ത് ഞാന്‍ സിനിമയില്‍ അല്ലാതെ മേക്കപ്പ് ചെയ്തു തുടങ്ങിയിരുന്നില്ല. ഇപ്പോള്‍ കലൂര്‍ ദേശാഭിമാനി റോഡില്‍ മേക്കപ്പ്  സ്റ്റുഡിയോ തുടങ്ങി. അപ്പോഴാണ്‌ ഇത്തരം ഒരു ആശയം മനസ്സിലേക്കു വരുന്നത്. എല്ലാവരും കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അവനവനെത്തന്നെയാണ്. നിറം പോകുന്നു, മുഖത്ത്  കുരു വരുന്നു ഇതൊക്കെ മിക്കവരുടെയും പ്രശ്നമാണ്.

make-over-2 മേക്കോവറിന് മുൻപും ശേഷവും.

പിന്നെ ഒരേ രീതിയില്‍ കുറേക്കാലം പോയിക്കഴിയുമ്പോള്‍ ഒരു ചേഞ്ച് എന്ന് പറയുന്നത് പലര്‍ക്കും താൽപ്പര്യമുണ്ട്. പക്ഷേ എങ്ങനെ എന്ന് ധാരണയില്ല താനും. അങ്ങനെയാണ് ഞാന്‍ ഈ ക്യാമ്പെയിന്‍ പരസ്യം ചെയ്യുന്നത്. മേക്കോവർ താൽപ്പര്യമുള്ള സാധാരണക്കാര്‍ക്ക്  വിവരങ്ങള്‍ മെയില്‍ ചെയ്യാം എന്നു പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ മൂന്നുപേരെ മേക്കോവർ ചെയ്ത് ഫോട്ടോ ഷൂട്ട്‌ ചെയ്തുകഴിഞ്ഞു. ഫ്രീ ആയിട്ടാണ് ഈ മേക്കോവർ ചെയ്യുന്നത്. അവിശ്വസനീയമായിട്ടാണ് സ്വന്തം മാറ്റത്തെ ഇവര്‍ നോക്കിക്കാണുന്നത്.

എന്താണ് ഒരു  മേക്കോവർ‍?

മേക്കപ്പ് എന്നു പറയുന്നത്  മുഖം വെളുപ്പിക്കലല്ല. വ്യക്തിത്വത്തെ ഉയര്‍ത്തുകയും കൂടിയാണ്. ചിലപ്പോള്‍ ഒന്നു കണ്ണെഴുതുപോലെയുള്ള  ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ നമുക്ക് ഒരു ആത്മവിശ്വാസം വരും. എന്നും ഒരേ ഹെയര്‍ സ്റ്റൈല്‍ ഒക്കെയായാല്‍ പുതുമയുണ്ടാവില്ല. ചെറിയ മാറ്റങ്ങള്‍ ഇടയ്ക്ക് വരുത്താം. അത് ഡ്രസ്കോഡിലോ ഹെയര്‍  സ്റ്റൈലിലോ ഒക്കെയാവാം. ഒരു റിഫ്രഷ്‌മെന്‍റ്  ഫീല്‍ ചെയ്യും.

സിനിമയില്‍? 

സിനിമയില്‍ അഞ്ചു വര്‍ഷമായി. ക്ലാസ് നമ്പര്‍ ബി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഹെയര്‍ സ്റ്റൈലിസ്റ്റായാണ് വന്നത്. ഇപ്പോള്‍ ഇരുപത് സിനിമകള്‍ ചെയ്തു കഴിഞ്ഞു.1983, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം, ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി, ഇടുക്കി ഗോള്‍ഡ്‌, മെമ്മറീസ്, ഗാങ്ങ്സ്റ്റർ എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ പഠിച്ചത് എം എ ഇംഗ്ലിഷ് ആണ്. മഹാരാജാസില്‍ ആയിരുന്നു. പിന്നെ കുറേ വര്‍ഷങ്ങള്‍ മാര്‍ക്കറ്റിംഗ് ജോലിയൊക്കെ ചെയ്തു. ആ സമയത്ത് വിവാഹം കഴിച്ചെങ്കിലും അത് പരാജയമായിരുന്നു.

make-over-03 ഒരു വര്‍ഷം മുന്‍പ് ഒരു മാഗസിന്‍ ഫോട്ടോ ഷൂട്ടിന് വേണ്ടി അരിസ്റ്റോ സുരേഷിനെ മേക്കോവർ ചെയ്തിരുന്നു.

ഒരു വർഷം കഴിഞ്ഞപ്പോള്‍ പിരിഞ്ഞു. അന്നുമുതല്‍ ഒറ്റയ്ക്കായിരുന്നു. ആ സമയത്ത് ഒരു ബന്ധു ലുലു മാളില്‍ ഒരു ഷോറൂം തുടങ്ങാല്‍ ആലോചിച്ചു. അതില്‍ എന്നെയും ചേര്‍ക്കാം എന്ന് പറഞ്ഞതനുസരിച്ച് പട്ടണം റഷീദിന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിൽ മേക്കപ്പ് പഠിച്ചു. പക്ഷേ എന്‍റെ കോഴ്സ് കഴിഞ്ഞപ്പോഴേക്കും ആ ബന്ധു മരിച്ചു പോയി. എന്തു ചെയ്യണം എന്ന അവസ്ഥയിലായി ഞാന്‍. ആ സമയത്ത് എന്‍റെ കൂടെ പഠിച്ച ഒരാളാണ്  സിനിമയിലേക്കു വേണ്ടി ഫെഫ്കയുടെ കാര്‍ഡ് എടുത്ത് തരുന്നത്. അങ്ങനെ  സിനിമയിലായി.

അഞ്ചുകൊല്ലം കൊണ്ട് സിനിമയില്‍ വന്ന മാറ്റം? 

ഞാന്‍ വന്ന സമയത്ത് മേക്കപ്പിന് സാധ്യത കൂടുതലുണ്ടായിരുന്നു. വിഗ് ഒക്കെ എല്ലാത്തിലും കാണും. ഓരോ കഥാപാത്രത്തിന് അതിന്റേതായ രീതിയില്‍, പല കാലഘട്ടത്തിലെ ഒക്കെ വിഗ് ചേഞ്ച് കൊടുക്കണായിരുന്നു. അതുപോലെ മുടിയെക്കുറിച്ചൊക്കെ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊക്കെ കണ്‍സപ്റ്റ് ഉണ്ടായിരുന്നു.

കുറേക്കൂടി ജോലി ഉണ്ടായിരുന്നു എന്നര്‍ത്ഥം. ഇടുക്കി ഗോള്‍ഡൊക്കെ മുതല്‍ മേക്കപ്പേവേണ്ട എന്താണോ അതു പോലെയാണ് വരുന്നത്. ദൃശ്യത്തില്‍  പള്ളിയില്‍ [പോകുന്ന സീനില്‍ ഞാന്‍ ആ കുട്ടിയുടെ മുടിയൊക്കെ  കെട്ടി കൊടുക്കും.അപ്പോള്‍ ജീത്തു സാര്‍ പറയും അത് വേണ്ട,നോര്‍മല്‍ മതി എന്ന്. നമുക്ക് ക്രിയേറ്റീവായിട്ട് ചെയ്യാൻ അധികമില്ല. സിനിമയുടെ മാറ്റമാണ്. നല്ല മാറ്റവുമാണ്.നമ്മള്‍ അത് സ്വീകരിച്ചേ  പറ്റൂ.

പറയുന്നത് ചെയ്യണം,സ്ക്രിപ്റ്റ് തരില്ല

ഞങ്ങള്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകൾക്ക്  സ്ക്രിപ്റ്റ് ഒന്നും തരില്ല. മറ്റു ഭാഷകളില്‍ സ്ക്രിപ്റ്റ് കൂടി നല്‍കും. നമുക്ക് അന്നന്നത്തെ സീനുകള്‍ എടുക്കാനുള്ളതിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് തരുന്നത്. എനിയ്ക്കിഷ്ടമുള്ളതു കൊണ്ടും കൂടുതല്‍ ക്രിയേറ്റീവ് ആയി ചെയ്യാന്‍ താൽപ്പര്യം ഉള്ളതു കൊണ്ടും അസിസ്സ്റ്റന്റ്സിനോടൊക്കെ ചോദിച്ച് കൊണ്ടിരിയ്ക്കും. നായികയാണെങ്കില്‍ ഏത് പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടിയാണ്,പാവപ്പെട്ട കുടുംബമാണോ, ഇടത്തരമാണോ എന്നൊക്കെ. അപ്പോള്‍ നമ്മള്‍ അങ്ങനെ ആലോചിക്കും. അല്ലാതെ സ്ക്രിപ്റ്റ് ഒന്നും തരാനുള്ള ഒരു അംഗീകാരം ഞങ്ങള്‍ക്ക് ഇതുവരെ ആയിട്ടില്ല സിനിമയില്‍.

സ്ത്രീകളെ ഒതുക്കുന്ന രീതിയാണ്

ഫെഫ്ക്കയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള കാര്‍ഡുകള്‍ പുരുഷന്മാര്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ. സ്ത്രീകള്‍ക്ക് ഹെയര്‍ സ്റ്റൈലിസ്റ്റ് കാര്‍ഡ് മാത്രമേ കിട്ടുകയുള്ളൂ. അതെന്താണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. തമിഴിലൊക്കെ സ്ത്രീകളുണ്ട് മേക്കപ്പാർട്ടിസ്റ്റുകളായിട്ട്. പലരും രജനീകാന്തിന്‍റെ ഉള്‍പ്പെടെ സ്ട്രോങ്ങ്‌ റെക്കമെന്റേഷനില്‍ ഒക്കെ വാങ്ങിയെടുക്കുന്നതാണ്. നടന്മാര്‍ക്ക് മേക്കപ്പാർട്ടിസ്റ്റും നടിമാര്‍ക്ക് ഹെയര്‍ സ്റ്റൈലിസ്റ്റും അതാണ്‌ ഇവിടുത്തെ രീതി.

make-over-1 മേക്കോവറിന് മുൻപും ശേഷവും.

സ്ത്രീകളെ ഒതുക്കാനുള്ള ശ്രമങ്ങളും ഉണ്ട്. കോസ്റ്റ്യൂമില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വന്നതോടെ ദേഷ്യം ഉള്ളവരുണ്ട്. നന്നായി വര്‍ക്ക് ചെയ്യുന്നവര്‍ പെര്‍ഫോം ചെയ്യും. അതിനെന്താ? സ്ത്രീകള്‍ കുറച്ചൂടെ ആത്മാര്‍ത്ഥമായി  പണിയെടുക്കും. കാശ് വെട്ടിക്കില്ല. കുറച്ച് ക്രിയേറ്റീവ് ഡിസൈൻസ് ചെയ്യും. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് വീണ്ടും വര്‍ക്കും കിട്ടും.

പിന്നെ, സംവിധായകന്‍ പറയുമ്പോള്‍ അതേ പടി ചെയ്യാതെ നമ്മളും അഭിപ്രായങ്ങള്‍ പറയും. ഇങ്ങനെ ചെയ്‌താല്‍ നന്നാവും എന്നൊക്കെ. മിക്ക സംവിധായകരും അത് അംഗീകരിക്കാറുമുണ്ട്. 

ജോലിസ്ഥിരത ഉറപ്പ് വരുത്തണം

ഇപ്പോള്‍ ഞാന്‍ സിനിമ കുറച്ചിരിക്കുകയാണ്. ഒന്നാമത് ആര്‍ട്ടിസ്റ്റ്ന് പലര്‍ക്കും പെഴ്സണല്‍ ഹെയര്‍സ്റ്റൈലിസ്റ്റ് ഉണ്ട് ഇപ്പോള്‍. നമ്മള്‍ ഫെഫ്കയില്‍ പൈസ കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കും. ലെവി, വാര്‍ഷിക വരിസംഖ്യ ഒക്കെ അടയ്ക്കും. പക്ഷേ സെറ്റില്‍ ചെല്ലുമ്പോള്‍ ചിലപ്പോള്‍ പറഞ്ഞുവിടും. ആര്‍ട്ടിസ്റ്റിനു പെഴ്സണല്‍ സ്റ്റൈലിസ്റ്റ് വരും എന്ന് പറഞ്ഞ്. വന്‍തുക കൊടുത്താണ് അവരെയൊക്കെ കൊണ്ടു വരുന്നത്.

നമുക്ക്  ഫെഫ്ക്ക നിശ്ചയിച്ചിരിക്കുന്ന ബാറ്റ ഒരുദിവസം 1087 രൂപയാണ്. രാവിലെ ഏഴുമണി മുതല്‍ രാത്രി ഒന്‍പതര വരെ. അത് കുറവാണ് ശരിയ്ക്കും. ഇപ്പോൾ അടുത്ത് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയില്‍ മുപ്പത് ദിവസം എന്ന് പറഞ്ഞാണ് വിളിച്ചത്. പക്ഷെ അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ നായിക ജോയിന്‍ ചെയ്തു.

അവര്‍ക്ക് പെഴ്സണല്‍ സ്റ്റൈലിസ്റ്റ് ഉള്ളതു കൊണ്ട് എന്നെ തിരിച്ച് വിട്ടു. പന്ത്രണ്ട് ദിവസം ഞാന്‍ വേറെ വര്‍ക്ക് കമ്മിറ്റ് ചെയ്യാതെ വെയിറ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തേയ്ക്ക് വീണ്ടും. സാമ്പത്തികമായി അത് നഷ്ടമാണ്. ഇപ്പോള്‍ ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ കുറവാണ്. താൽപ്പര്യമുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. പക്ഷെ ജോലിയില്‍ ഒരു സ്ഥിരത കൂടി ഉറപ്പു വന്നാലേ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് വരുകയുള്ളൂ.

ഇപ്പോള്‍ പിന്നെ  സ്ത്രീകഥാപത്രങ്ങള്‍ക്ക്  സിനിമയില്‍ പ്രാധാന്യം കുറവാണ്. അമ്മയില്ല, ചേച്ചിയില്ല, അമ്മൂമ്മയുമില്ല. അതുകൊണ്ട് വര്‍ക്കും കുറയും. അതുകൊണ്ട് സിനിമ കുറച്ചിരിക്കുകയാണ്. പരസ്യങ്ങള്‍, പോര്‍ട്ട് ഫോളിയോ, ബ്രൈടല്‍ മേയ്ക്ക് അപ്പ് ഒക്കെയാണ് കൂടുതല്‍. ക്രിയേറ്റീവ് ആയി എന്തെങ്കിലും സ്വന്തമായി ചെയ്യാനുള്ള സാധ്യതയും സിനിമയേക്കാള്‍ ഇവയിലാണ്. വ്യക്തിപരമായ താൽപ്പര്യം കൊണ്ടാണ് കൂടുതലും സിനിമയൊക്കെ ചെയ്യുന്നത്.

പുതിയ ആളുകള്‍?

ഞാന്‍ വന്ന സമയത്ത്  ചിലപ്പോള്‍ സെറ്റില്‍ ഞാന്‍ മാത്രമേ സ്ത്രീ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അഞ്ചോ ആറോ സ്ത്രീകള്‍ കാണും. കാമറ അസിസ്റ്റന്റ്സ് ഉണ്ട്. സഹ സംവിധായകര്‍ ഉണ്ട്. കോസ്റ്റ്യൂമർ ഉണ്ട്. എന്‍റെ വ്യക്തിപരമായ അനുഭവം വച്ച് വളരെ സേഫാണ് ഈ ഫീല്‍ഡ്‌. നല്ലൊരു ജോലിയാണ്. എല്ലാവരും വൈറ്റ്  കോളര്‍ ജോലി ചെയ്താല്‍ പോരല്ലോ..ക്രിയേറ്റീവ് ആണ് ഈ ജോലി. പല സ്ഥലങ്ങളില്‍ പോകാം. പല ആളുകളെ കാണാം. 

wedding ശബരീനാഥിന്റെയും ദിവ്യ എസ് അയ്യരുടെയും വിവാഹത്തിന് മേക്കപ്പ് ചെയ്തത് ജെസീന ആയിരുന്നു.

ഒരേ ഒരു നെഗറ്റീവ് കണ്ടിട്ടുള്ളത് സിനിമയില്‍ എല്ലാവർക്കും അവനവന്റെ കാര്യം മാത്രമേയുള്ളൂ എന്നതാണ്. ആരും  ആരുടെ കൂടെയും നില്‍ക്കില്ല. അടച്ച് പറയുന്നതല്ല. മുന്‍പ് ഒരു സെറ്റില്‍ വച്ച് പുറത്ത് നിന്നൊരാള്‍ ശല്യവുമായി വന്നു. എന്‍റെ ധൈര്യം കൊണ്ടാണ് അന്ന് അതില്‍ നിന്നു രക്ഷപ്പെട്ടത്. ആരും ഇടപെടില്ല. സ്വന്തം കാര്യം മാത്രം.സപ്പോര്‍ട്ട് ചെയ്താല്‍ പ്രശ്നമാകുമോ എന്നൊക്കെ ഓര്‍ത്തായിരിക്കും. ടെക്നീഷ്യൻസിന് മിക്കവര്‍ക്കും സംവിധായകനെയും പ്രോഡക്ഷന്‍ കണ്ട്രോളറെയും ഒക്കെ പേടിയാണ്. പേടിക്കുന്നത് എന്തിനാണ്? എന്തെങ്കിലും പ്രതികരിച്ചാല്‍ പിന്നെ അവസരം കിട്ടുമോ എന്നുള്ള ഭയമാണ്.

ചാലഞ്ചിംഗ് ആയ വര്‍ക്ക് 

അങ്ങനെ വന്നിട്ടില്ല .ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ കുറച്ച് ബുദ്ധിമുട്ടിയത് റിങ് മാസ്റ്ററില്‍ ഹണി റോസിന്റെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു. ആദ്യത്തെ ദിവസം മുടി പ്രത്യേക രീതിയില്‍ കേള്‍ ചെയ്തു. മണിക്കൂറുകള്‍ കൊണ്ടാണ് ചെയ്തത്. അതു കണ്ടപ്പോള്‍ സംവിധായകന്‍ പറഞ്ഞു നന്നായിട്ടുണ്ട് എന്ന്. വിഗ് ആണെന്നാണ്‌ അദ്ദേഹം വിചാരിച്ചത്. എന്തായാലും കണ്ടിന്യുവിറ്റി വേണമല്ലോ. അങ്ങനെ പതിനാറുദിവസം അത് തന്നെ ചെയ്യേണ്ടി വന്നു. കുറച്ച്  കഷ്ടപ്പെട്ടാലും എല്ലാവരും നന്നായെന്ന് പറഞ്ഞു. ഇനി വരുന്ന കമ്മാരസംഭവത്തില്‍പ്രതീക്ഷയുണ്ട്..

.