Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാളിലെ വിപ്ലവകാരിക്ക് അവളെ ഇഷ്ടമാണ്, പക്ഷേ... ; പ്രതീക്ഷയെക്കുറിച്ച് മായാ ആൻ ജോസഫ്

pratheeksha-01

പ്രതീക്ഷകളുടെ ഒരു വലിയ പുഴയുണ്ട് ഓരോ മനുഷ്യന്റെയും മനസ്സിൽ. നാളത്തെ ജീവിതത്തെക്കുറിച്ച്, പ്രിയമുള്ളവരെക്കുറിച്ച്, പ്രണയത്തെയും ജോലിയെയും കുറിച്ച്, അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകൾ.

അമിത പ്രതീക്ഷകൾ അപകടമാണെന്നും പലപ്പോഴും തോന്നും, പക്ഷെ എത്ര തിരിച്ചറിവുണ്ടായാലും ഒരു കുഞ്ഞു പ്രതീക്ഷയുടെ നാളമില്ലാതെ ജീവിതം പലപ്പോഴും അസഹനീയമായി പോകും. ഒരു സ്ത്രീയുടെ പ്രതീക്ഷയുടെ അതിരുകൾ എവിടെ വരെയാകാം? അതും ഒരു വെറും സ്ത്രീയല്ല, ശരീരം കൊണ്ട് പുരുഷനായും മനസ്സു കൊണ്ട് സ്ത്രീയായും ജീവിക്കുന്ന ഒരു ട്രാൻസ്ജെൻഡറിന്റെ പ്രതീക്ഷകൾക്ക് ജീവിതം എന്തു വില കൊടുക്കണം?

"പ്രതീക്ഷ" എന്ന ഫോട്ടോ ഫീച്ചർ ആ മോഹങ്ങൾക്ക് ഇടുന്നത് പൊന്നിന്റെ വിലയാണ്. സ്വപ്നങ്ങളുടെയും സ്നേഹത്തിന്റെയും ഒക്കെ വിലയാണ്. ലിപിക അയ്യപ്പത്തിന്റെ സംവിധാനത്തിൽ വിഷ്ണു പരമേശ്വരന്റെ ക്യാമറയിൽ "പ്രതീക്ഷ" എന്ന ഫോട്ടോ സ്റ്റോറി പുറത്തിറങ്ങുമ്പോൾ ഇതുവരെ കണ്ടു പരിചയിച്ച ട്രാൻസ്‌ജെൻഡർ കഥകളിൽ നിന്നും അത് വ്യത്യസ്തമാകുന്നു. അവരെയും ജീവിതത്തിന്റെ ഒരു ഓരത്ത് നിർത്താൻ ലിപികയ്ക്ക് കഴിഞ്ഞിരിക്കുന്നു.

pratheeksha-10 കുട്ടിക്കാലത്ത് ഒപ്പം കളിച്ച ഗോപിയുടെ സ്നേഹം മുതിർന്ന് സ്വന്തം മനസ്സിനെ തിരിച്ചറിഞ്ഞപ്പോഴും, ഗായത്രി ആയപ്പോഴും അവൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

കുട്ടിക്കാലത്ത് തന്നെ തന്നിലെ സ്ത്രൈണ അസ്തിത്വത്തെ തിരിച്ചറിഞ്ഞ ഗായത്രി എന്ന സ്ത്രീയുടെ കഥയാണ് പ്രതീക്ഷ. ഗണേശൻ എന്ന പേരിൽ ഒരു ജന്മം കഴിഞ്ഞു പോയതു പോലെയാണ് ഇപ്പോൾ അവൾക്ക് തോന്നിയിട്ടുണ്ടാവുക. കുട്ടിക്കാലത്ത് ഒപ്പം കളിച്ച ഗോപിയുടെ സ്നേഹം മുതിർന്ന് സ്വന്തം മനസ്സിനെ തിരിച്ചറിഞ്ഞപ്പോഴും, ഗായത്രി ആയപ്പോഴും അവൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

pratheeksha-003 ട്രാൻസ്‌ജെൻഡർ സമൂഹത്തിനു നേരെ നടക്കുന്ന കയ്യേറ്റങ്ങളെയും ഈ ചെറു ഫോട്ടോ സ്റ്റോറി നോക്കി കാണുന്നുണ്ട്.

ഒരിക്കലും തിരികെ വരില്ലെന്ന് അയാൾ പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവളുടെ പ്രണയത്തിന്റെ ശക്തി അവളിലേക്ക് ഗോപിയെ കൊണ്ടെത്തിക്കുകയാണ് പ്രതീക്ഷയുടെ അവസാനം. ട്രാൻസ്‌ജെൻഡർ സമൂഹത്തിനു നേരെ നടക്കുന്ന കയ്യേറ്റങ്ങളെയും ഈ ചെറു ഫോട്ടോ സ്റ്റോറി നോക്കി കാണുന്നുണ്ട്. കുളിക്കടവിൽ വച്ച് ഗായത്രിയിലേക്കുള്ള വഴി മദ്ധ്യേ സഞ്ചരിക്കുന്ന ഗണേശനെ കയറി പിടിക്കുന്ന യുവാവിനെ ഗോപിയാണ് ആക്രമിക്കുന്നത്.

pratheeksha-007 കുളിക്കടവിൽ വച്ച് ഗായത്രിയിലേക്കുള്ള വഴി മദ്ധ്യേ സഞ്ചരിക്കുന്ന ഗണേശനെ കയറി പിടിക്കുന്ന യുവാവിനെ ഗോപിയാണ് ആക്രമിക്കുന്നത്.

അയാളിലെ വിപ്ലവകാരിക്ക് അല്ലെങ്കിലും ഗായത്രിയോട് ഇഷ്ടമുണ്ടായിരുന്നു , പക്ഷേ സമൂഹം, ജീവിതം... എല്ലാം ചോദ്യ ചിഹ്നങ്ങൾ ആകുന്നിടത്ത് എന്ത് ചെയ്യാനൊക്കും...ഗായത്രി എന്ന കഥാപാത്രമായി ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മോഡലും ട്രാൻസ്ജെൻഡറുമായ മായ ആൻ ജോസഫാണ്. ''പ്രതീക്ഷ''യെക്കുറിച്ചും ജീവിതത്തെ കുറിച്ചും മായ സംസാരിക്കുന്നു.

പ്രതീക്ഷയിലേയ്ക്കുള്ള യാത്ര

ലിപികയും വിഷ്ണുവുമാണ് ഇതിനു പിന്നിൽ. പണ്ട് വിഷ്ണുവിനോട് ഒരിക്കൽ ഞാൻ എന്റെയൊരു പോർ്ട്ടഫോളിയോ ചെയ്തു തരണമെന്ന് പറഞ്ഞിരുന്നു. ചെയ്തു തരാമെന്നൊക്കെ പറയുകയും ചെയ്തു. പിന്നത് വിട്ടു. കുറച്ചു നാൾ മുൻപ് രണ്ടു പേരും കൂടി വിളിച്ചിട്ടു പറഞ്ഞു നമുക്ക് പോർട്ട് ഫോളിയോ ആയി ചെയ്യണ്ട ഒരു ഫോട്ടോ സ്റ്റോറി പോലെ ചെയ്യാം . ഞാൻ ചെയ്യാമെന്നും പറഞ്ഞു.

pratheeksha-006 ഒരു തറവാട്ടിൽ ജനിച്ചു വളർന്ന ആൺകുട്ടി. ഉള്ളിൽ പെൺകുട്ടിയാണെന്നു അവനറിയാം. പിന്നീട് തറവാട്ടിലെ എല്ലാവരും ഇല്ലാതാകുമ്പോഴും അവൻ അവളായി അവിടെ തുടരുകയാണ്.

പക്ഷേ അത്ര വലിയ പ്രാധാന്യം ഞാൻ കൊടുത്തില്ല. പിന്നീടാണ് എന്നോട് കഥ പറഞ്ഞത് . കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾക്കിത് വേറെ ആരെയെങ്കിലും വച്ച് ചെയ്തൂടെ, കുറേക്കൂടി നല്ല ആരെയെങ്കിലും കിട്ടില്ലേ.. അപ്പോൾ ലിപിക പറഞ്ഞത്, ഇത് മായയെ മനസ്സിൽ കണ്ട് എഴുതിയതാണ്, ഒരു കാരണവശാലും മറ്റാരെയെങ്കിലും കൊണ്ട് ചെയ്യാനാകില്ല. ഇനി അഥവാ മായ ഈ പ്രൊജക്ടിൽ ഇല്ലെങ്കിൽ ഇത് ഞങ്ങൾ ഉപേക്ഷിക്കും , മറ്റെന്തിലും ചെയ്യും എന്ന്. അത്രയും പറയുമ്പോൾ പിന്നെ എന്താണ് പറയുക. അത്ര ആത്മവിശ്വാസം ഉള്ളവർക്ക് മുന്നിൽ  ഇതുചെയ്യാം എന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

പ്രതീക്ഷയുടെ കൂടുകൾ..

സാധാരണ ട്രാൻസ്ജെൻഡറിന്റെ കഥകൾ സിനിമയിലും ഷോർട്ട് ഫിലിമിലും ആൽബത്തിലും ഒക്കെ ഇറങ്ങിയിട്ടുണ്ട്, പക്ഷേ ഒരു ഫോട്ടോ സ്റ്റോറി ആദ്യമായിട്ടാണ്. സാധാരണ ട്രാൻസിന്റെ കഥ എന്ന് പറയുമ്പോൾ നമ്മൾ കേട്ടിട്ടുള്ള കഥകൾക്ക് ഒരു ക്ലീഷേ സ്വഭാവം ഉണ്ട്. വീട്ടിൽ നിന്ന് പുറത്താക്കാകുന്നു. ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്നു.

അതിജീവനത്തിനായി ബുദ്ധിമുട്ടുന്നു അങ്ങനെ അങ്ങനെ, പക്ഷേ പ്രതീക്ഷ വളരെ വ്യത്യസ്തമായ ഒരു തലത്തിൽ നിന്ന് കൊണ്ടാണ്‌ ഒരു ട്രാൻസ്‌ജെൻഡർ കഥയെ നോക്കി കാണുന്നത്. ഒരു തറവാട്ടിൽ ജനിച്ചു വളർന്ന ആൺകുട്ടി. ഉള്ളിൽ പെൺകുട്ടിയാണെന്നു അവനറിയാം. പിന്നീട് തറവാട്ടിലെ എല്ലാവരും ഇല്ലാതാകുമ്പോഴും അവൻ അവളായി അവിടെ തുടരുകയാണ്. അവൾക്ക് ഒരു കുട്ടിക്കാല സുഹൃത്തുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് അവളുടേത്‌.

pratheeksha-004 അവൾക്ക് ഒരു കുട്ടിക്കാല സുഹൃത്തുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് അവളുടേത്‌.

ട്രാൻസ്ജെൻഡറിന്റെ പ്രണയത്തെയും ഏതൊരു സാധാരണ പ്രണയം എന്ന പോലെയാണ് ഈ ഫോട്ടോ സ്റ്റോറിയിൽ ചെയ്തിരിക്കുന്നത്. ഇങങനെയൊരു വിഷയം ഇതുവരെ ആരും സംസാരിച്ചിട്ടില്ലെന്നാണ് എന്റെ സുഹൃത്തുക്കളും കണ്ടിട്ട് വിളിച്ച് പറഞ്ഞത്. എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നതും അതാണ്, ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നുണ്ടല്ലോ എന്ന്. 

പ്രതീക്ഷയ്ക്കു വകയുള്ള ജീവിതങ്ങൾ

ഇപ്പോഴും പലർക്കും എന്താണ് ട്രാൻസ്‌ജെൻഡർ എന്നറിയില്ല. പക്ഷേ പലരും കഴിഞ്ഞുപോയ കാലങ്ങളെക്കാൾ നമ്മളെ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒരുപാട് മുന്നോക്ക ചിന്താഗതിയുള്ള സുഹൃത്തുക്കൾ പോലും പലപ്പോഴും അവസാനം ചില ചോദ്യങ്ങൾ ചോദിക്കും. അവിടെ നമ്മൾ ചിതറിപ്പോകും. വിദ്യാഭ്യാസ രീതിയിൽ പോലും നമ്മളെ ക്കുറിച്ച് ഒന്നും മനസ്സിലാക്കി കൊടുക്കാൻ കഴിയാത്തതു കൊണ്ടാണ് ഇത്തരം അറിവില്ലായ്മ സമൂഹത്തിനു ഉണ്ടാകുന്നത്.

ഇപ്പോൾ നമ്മൾ സ്‌കൂളിൽ പഠിക്കുമ്പോൾ പുരുഷൻ, സ്ത്രീ എന്നീ രണ്ടു ലിംഗങ്ങളെയും അവരുടെ ശരീരത്തെയും കുറിച്ച് മാത്രമേ പഠിക്കുന്നുള്ളൂ, പക്ഷെ ഇനിയുള്ള കാലമെങ്കിലും ഇതുരണ്ടുമല്ലാതെ ജീവിക്കുന്ന ഗെയ്‌സിനെ കുറിച്ചും ലെസ്ബിയൻസിനെ കുറിച്ചും ഇന്റർ സെക്സിനെക്കുറിച്ചും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചുമൊക്കെ വ്യക്തമായ വിവരണം വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് കൊടുത്താൽ അത് വളരെ നല്ലൊരു കാര്യമായിരിക്കും. 

അറിവില്ലായ്മയുടെ കാര്യം പറയാനാണെങ്കിൽ എന്റെയൊരു വളരെ അടുത്ത സുഹൃത്തുണ്ടായിരുന്നു. ആശയ പരമായി വളരെയേറെ മുന്നോക്കം ചിന്തിക്കുന്ന ഒരാളായിരുന്നു. കൂടെ ഉണ്ടാകും എന്നൊക്കെ ചിന്തിച്ചിരുന്ന ഒരു സുഹൃത്ത്, ഒരു ദിവസം സുഹൃത്ത് എന്നോട് ചോദിച്ചത്, മായ എന്തിനാണ് ഇങ്ങനെ വേഷം കെട്ടി നടക്കുന്നത് പുരുഷന്മാരെ പോലെ ജീവിച്ചൂടെ എന്നാണ്. ഇത്രയും നാൾ കൂടെ നടന്നിട്ട് അവർക്ക് നമ്മളെ മനസ്സിലായില്ലെങ്കിൽ പിന്നെ എന്താണ് അവരുടെ പുരോഗമന ചിന്ത?

pratheeksha-005 ട്രാൻസ്ജെൻഡറിന്റെ പ്രണയത്തെയും ഏതൊരു സാധാരണ പ്രണയം എന്ന പോലെയാണ് ഈ ഫോട്ടോ സ്റ്റോറിയിൽ ചെയ്തിരിക്കുന്നത്.

എന്താണ് അവരുടെ സൗഹൃദം? ആ വാക്കിൽ ഞാൻ ശരിക്കും ഷോക്കായിപ്പോയി, അതോടെ അവരുമായുള്ള സൗഹൃദം ഒഴിവാക്കി. അത്തരക്കാരെ ഒപ്പം കൊണ്ട് നടക്കാനാവില്ല. ഇവരുടെയൊക്കെ വിചാരം നമ്മൾ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ നാളെ മുതൽ അങ്ങ് ട്രാൻസ് ആയേക്കാം, ഇളകി ഇളകി നടക്കാം എന്ന മട്ടിൽ പോകുന്നതാന്നെന്നാണ്. അതുകൊണ്ടാണ് അവർ നാളെ മുതൽ നിങ്ങൾക്ക് ഇങ്ങനെ നടന്നൂടെ എന്നൊക്കെ ചോദിക്കുന്നത്, പക്ഷെ നമുക്ക് അത് കഴിയില്ല. ഇങ്ങനെ തുറിച്ചു നോക്കുന്ന, കളിയാക്കാൻ സാധ്യതയുള്ള ഒരു ജീവിതം വേണം എന്ന് വച്ച് ആരെങ്കിലും തിരഞ്ഞെടുക്കുമോ? അതെങ്കിലും ഓർക്കണ്ടേ? അങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്റെ ജീവിതം അത്ര ബുദ്ധിമുട്ടല്ല...

കുട്ടികാലത്ത് തന്നെ സ്ത്രൈണതയുണ്ട്. പക്ഷേ ആ അവസ്ഥയുടെ പേര് ട്രാൻസ്‌ജെൻഡർ എന്നാണ്. അത് ഇത്ര വലിയ ഒരു അവസ്ഥയാണ് എന്നൊന്നും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. പിന്നീട് വലുതായപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ ആക്റ്റീവ് ആയപ്പോഴാണ് ഇതുപോലെ വേറെയും ആളുകൾ സമൂഹത്തിലുണ്ട് ഇതൊരു വ്യത്യസ്തമായ അവസ്ഥയാണ്‌ എന്നൊക്കെ മനസ്സിലാക്കിയത്. നമ്മുടെ മാനസിക അവസ്ഥയുള്ള ആളുകളെ എവിടെ ആയാലും നമ്മൾ കണ്ടെത്തുമല്ലോ. അന്ന് ഓർക്കുട്ട് ഒക്കെയാണ് ഉള്ളത്. അവിടെ നിന്നും സമാന ചിന്താഗതിക്കാരായ കുറേപ്പേറെ ലഭിച്ചു. 

സാരി ഉടുക്കാനും ചുരിദാർ ഇടാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. ബസിലൊക്കെ പോകുമ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങളിലെ പുതിയ ഫാഷൻ ഒക്കെ ശ്രദ്ധിക്കുക ഇതൊക്കെ തന്നെയായിരുന്നു പരിപാടി. പക്ഷേ എന്താണ് എനിക്കു മാത്രം ഇങ്ങനെ എന്നൊക്കെ അന്നൊരു പേടിയുണ്ടായിരുന്നു. എന്നെ മനസ്സിലായപ്പോൾ ഞാൻ വീട്ടിൽ അറിയിച്ചു, പക്ഷേ ഒരു പൊട്ടിത്തെറി ഒന്നും ഉണ്ടായില്ല.അവർ കാര്യങ്ങളെ വളരെ പോസിറ്റിവ് ആയാണ് നോക്കികണ്ടത്. അവർക്ക് സങ്കടമുണ്ടായിരുന്നു പക്ഷേ നീ എടുക്കുന്ന തീരുമാനങ്ങൾ നല്ല തീരുമാനങ്ങൾ ആക്കുക.

അതിന്റെ പേരിൽ വീടൊന്നും വിട്ടു പോകണ്ട. ഇവിടെത്തന്നെ താമസിക്കാം എന്നാണു അവർ എന്നോട് പറഞ്ഞത് . ഒരുപക്ഷേ മറ്റു ട്രാൻസിനെ അപേക്ഷിച്ച് നോക്കുമ്പോൾ എന്റെ കുടുംബത്തിന്റെ വാക്കുകൾ തന്നെയാകും എന്നെ ഇങ്ങനെ കൊണ്ടു പോകുന്നത്. അവർ തന്ന സ്വാതന്ത്ര്യം ഒരു വിധത്തിലും ഞാൻ ചൂഷണം ചെയ്യാറില്ല. വീട്ടിൽ സാരിയൊന്നുമല്ല, വേഷം പുറത്തൊക്കെ പോകുമ്പോഴാണ് അത്തരം വേഷങ്ങൾ ഉപയോഗിക്കുക. മായ എന്ന എന്റെ യഥാർഥ ജീവിതത്തിന്റെ ഭംഗിയും എന്റെ കുടുംബത്തിന്റെ സ്നേഹവും എനിക്ക് ആസ്വദിക്കാൻ കഴിയുന്നു എന്നതായിരിക്കാം എന്റെ ഭാഗ്യം.

pratheeksha-002 ഫോട്ടോ സ്റ്റോറിയിൽ പറയുന്നത് പോലെ എല്ലാ ട്രാന്സ്ജെന്ഡേഴ്സിനുമുണ്ട് പ്രതീക്ഷകളും പ്രണയങ്ങളും.

കുറെ പേരുടെ കഥ കേട്ടിട്ടുണ്ട്, കുടുംബത്തിൽ നിന്നും പുറത്തു പോയ ട്രാൻസ്ജെൻഡേഴ്സിന്റെ. പക്ഷെ നമ്മൾ കുറച്ചു ക്ഷമ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഇതിൽ ഉള്ളൂ എന്നാണെനിക്കു തോന്നുന്നത്. ചിലപ്പോൾ അമിത വൈകാരികത മൂലം നമ്മൾ ഓവർ റിയാക്റ്റ് ചെയ്ത് പെട്ടെന്ന് എല്ലാവരെയും വെറുപ്പിച്ച് വീട് വിട്ടിറങ്ങും. അതിന്റെയൊന്നും ആവശ്യമില്ല. പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുറെയൊക്കെ വിട്ടുവീഴ്ചകൾ ചെയ്താൽ എല്ലാവർക്കുമൊപ്പം ജീവിക്കാവുന്നതേയുള്ളൂ എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. ഞാനിപ്പോൾ ഒരു യോഗ ട്രെയിനറാണ്. എന്റെ കുട്ടികൾക്കും അറിയാം ഞാനൊരു ട്രാൻസ്ജെൻഡറാണെന്ന്. പക്ഷെ അതൊന്നും ആർക്കും ഒരു പ്രശ്നമല്ല.

മോഡലിങ്...

ഞങ്ങൾക്ക് ഒരു ഓർഗനൈസേഷനുണ്ട്. എല്ലാത്തരം ട്രാൻസും ഉള്ളതാണിവിടെ. അവിടെ റെഡ് ലോട്ടസിന്റെ ഉടമ ശർമിള കാരണമാണ് മോഡലിങ്ങിലേയ്ക്കിറങ്ങിയത്. നമ്മുടെ ട്രാൻസ്ജെൻഡേഴ്സ് പോളിസി ശർമിള വായിച്ചിരുന്നു. അവരുടെ ഒരു സാരിയുടെ കളക്ഷൻ അതിനു ശേഷം എന്തുകൊണ്ട് ട്രാൻസ്ജെൻഡേഴ്സിനെ വെച്ച് നടത്തിക്കൂടാ എന്ന് ശർമിള ആലോചിച്ചു.

അങ്ങനെയാണ് ഞങ്ങളുടെ ഓർഗനൈസേഷനിൽ എത്തുന്നത്. ഡോ. ജിജോ കുര്യാക്കോസാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആൾ. അദ്ദേഹത്തെ കോണ്ടാക്ട് ചെയ്തപ്പോഴാണ് അദ്ദേഹം എന്നെ സജെസ്റ്റ് ചെയ്തത്. ഫോട്ടോസൊക്കെ കണ്ടു എന്നെ ശർമിള വിളിച്ചു. കൂടെ ഒരാളും കൂടി വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ സുഹൃത്ത് ഗൗരി സാവിത്രിയേയും സജ്ജസ്റ്റ് ചെയ്തു. അവളെയും ശർമിളയ്ക്കിഷ്ടമായി.

പക്ഷേ ഞങ്ങൾക്ക് സംശയമായിരുന്നു. ഞങ്ങളെ വച്ച് പരസ്യം ചെയ്തിട്ട് ഒടുവിൽ അവരുടെ സാരി ആരും വാങ്ങിയില്ലെങ്കിൽ എന്തു ചെയ്യും എന്നൊക്കെ, പക്ഷെ ശർമിള പറഞ്ഞു അത് സാരമില്ല ആരും വാങ്ങിയില്ലെങ്കിൽ ഞാൻ തന്നെ ഉടുത്ത് തീർത്തോളം എന്തായാലും നിങ്ങൾ ഉണ്ടാവണം എന്നൊക്കെ. പക്ഷേ ആ പരസ്യം നല്ല ഹിറ്റായി. അതിനു ശേഷം അവർക്ക് നല്ല കച്ചവടവും ഉണ്ടായി. അങ്ങനെയാണ് പരസ്യത്തിലേക്കും മോഡലിങ്ങിലേയ്ക്കും വന്നത്. 

അതിജീവനം അത്ര എളുപ്പമല്ല പക്ഷേ...

പല ട്രാൻസ്ജെൻഡേഴ്സും പറയുന്നത് കേൾക്കാറുണ്ട്, അവരുടെ സ്‌കൂൾ ജീവിതത്തെ കുറിച്ച്. കൗമാര പ്രായത്തിലാണല്ലോ മാറ്റങ്ങൾ കണ്ടു തുടങ്ങുക, അപ്പോൾ സ്വാഭാവികമായും കൂടെ ഉള്ളവരും നമ്മളെ കാണുന്നവരും പരിഹസിക്കും ഉപദ്രവിക്കാൻ ശ്രമിക്കും. എല്ലാ ട്രാൻസിനും അങ്ങനെയൊരു കഥ പറയാനുണ്ടാകും, പക്ഷേ ഇത് സഹിക്കാൻ ആകാതെ പലരും സ്‌കൂൾ ഡ്രോപ്പ് ഔട്ടായി പോകുന്നിടത്താണ് പ്രശ്നം.

ഞാനും ഗൗരിയുമൊക്കെ ഇത്തരം പരിഹാസഭങ്ങൾ കേട്ടവർ തന്നെയാണ്. പക്ഷേ ഞങ്ങൾക്കറിയാം വിദ്യാഭ്യാസമില്ലെങ്കിൽ നാളെ നമുക്ക് ഒന്നും ചെയ്യാനാകില്ല. എങ്ങും എത്താനാകില്ല, അതുകൊണ്ടു തന്നെ അതിനെ ഒക്കെ അവഗണിച്ച് പഠിച്ചു. കളിയാക്കൽ ഒരു വശത്തു നടക്കും. നമുക്ക് നമ്മുടെ കുടുംബത്തെ നോക്കണം. ഞാൻ മരിക്കുന്നതുവരെ എന്റെ അച്ഛനെയും അമ്മയെയും എനിക്ക് തന്നെ നോക്കണം. അതിനു വേണ്ടുന്ന കാര്യങ്ങൾ ഏറ്റവും മാന്യമായി എനിക്കുചെയ്യണം. അപ്പോൾ എനിക്ക് വിദ്യാഭ്യാസം ഉണ്ടായാലേ പറ്റൂ, അപ്പോൾ പിന്നെ പഠിച്ചേ പറ്റുമായിരുന്നുള്ളൂ. 

ഇപ്പോൾ വീട് വിട്ടിറങ്ങുന്ന പലരും എത്തുന്നത് ബാഗ്ലൂർ ഒക്കെയാണ്. അവിടെ മിക്കവാറും അവർ ജോലിചെയ്യുന്നത് ലൈംഗികത്തൊഴിലാളികളായാണ്. അവിടെ അവർ ദിവസവും മൂവായിരത്തിനും അയ്യായിരത്തിനും ഒക്കെയാണ് ജോലി ചെയ്യുന്നത്. അങ്ങനെയുള്ളവരോട് നിങ്ങൾ നാട്ടിൽ വരൂ, നിങ്ങളെ തയ്യൽ പഠിപ്പിക്കാം നിങ്ങൾക്ക് ദിവസം അഞ്ഞൂറ് മുതൽ എഴുന്നൂറ് രൂപ വരെ ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞാൽ അവർ വരാൻ തയ്യാറാവില്ല. എനിക്ക് സ്വന്തമായി വീടില്ല. കൂടെ അച്ഛനും അമ്മയും ഉള്ളതുകൊണ്ട് എനിക്ക് വലിയ പ്രശ്നമില്ല. ഇവിടെ ട്രാൻസ്ജെൻഡേഴ്സിന് വീട് കൊടുക്കില്ല. അതൊരു പ്രശ്നമാകുന്നതിനു മുൻപ് ജോലി ചെയ്ത് വീട് നിർമ്മിക്കണം. എന്റെ ഏറ്റവും വലിയ സ്വപ്നം അതാണ്. 

പ്രതീക്ഷ.. പ്രണയം... സ്വപ്‌നങ്ങൾ...

ഫോട്ടോ സ്റ്റോറിയിൽ പറയുന്നത് പോലെ എല്ലാ ട്രാന്സ്ജെന്ഡേഴ്സിനുമുണ്ട് പ്രതീക്ഷകളും പ്രണയങ്ങളും. സ്നേഹിക്കുന്ന ആളോടൊപ്പം ഒന്നിച്ച് ജീവിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അവർക്ക് ഇഷ്ടമുണ്ടായിട്ടല്ല സെക്സ് വർക്ക് ചെയ്യണമെന്ന്. ഇഷ്ടമുള്ള ആളുമായി ഒന്നിച്ച് ജീവിക്കണം എന്നു തന്നെയാണ്. ചില നിവൃത്തികേടുകളാണ് എല്ലാവർക്കും. എനിക്കുമുണ്ട് ഒരു പ്രണയം.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്കറിയാം പല കാരണങ്ങൾ കൊണ്ടും ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ എളുപ്പമല്ല. അതുകൊണ്ട് പരസ്പരം സ്നേഹിച്ചു കൊണ്ട് തന്നെ അകന്നു കഴിയുകയാണ്. പല കാരണങ്ങളും പല പ്രശ്നങ്ങളും നമ്മുടെ ചുറ്റുമുണ്ടല്ലോ. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും സമൂഹം നമ്മളെ അങ്ങനെ ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കില്ല.

അതുകൊണ്ട് സ്നേഹം ഉള്ളിൽ തന്നെ വച്ച് മൂടി. പക്ഷെ ഇനിയുള്ള തലമുറയ്‌ക്കെങ്കിലും അതിനുള്ള സ്വാതന്ത്ര്യം ലഭിക്കണം അതിനായാണ് ഇപ്പോൾ  ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഈ ഒരു ഫോട്ടോ സ്റ്റോറി പോലും അതിനു വേണ്ടിയായിരുന്നു. എല്ലാവർക്കും ഇങ്ങനെ പ്രതീക്ഷകളും ഇഷ്ടങ്ങളും ജീവിതവും ഉണ്ടെന്നുള്ള തിരിച്ചറിവ് കുറച്ചു പേർക്കെങ്കിലും ഉണ്ടായാൽ അത് വലിയ കാര്യമാണ്.

ഇനിയുള്ള തലമുറയ്ക്ക് എന്തായാലും അതിനുള്ള സാഹചര്യം കിട്ടുമെന്ന് തന്നെ തോന്നുന്നു. വിദ്യാഭ്യാസത്തിൽ അതും കൂടി ഉൾപ്പെടുത്തിയാൽ നന്നാകും. പിന്നെ സമൂഹമാധ്യമങ്ങളിലൊക്കെ നന്നായി സംസാരിക്കുന്നതു കൊണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് അത്യാവശ്യം കാര്യങ്ങളൊക്കെ അറിയാം. കഴിഞ്ഞ ദിവസം ഒരു ചടങ്ങിന് പോയപ്പോൾ ഒരു കോളേജിലെ മൂന്നു നാല് കുട്ടികൾ വന്നു കുറേ സംസാരിച്ചു. വളരെ നല്ല സപ്പോർട്ട് അവരിൽ നിന്ന് ലഭിച്ചു. അതൊക്കെ പ്രതീക്ഷ നൽകുന്നതാണ്.

വലിയൊരു സ്വപ്നം കൂടിയുണ്ട്, നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പ്രസംഗത്തിൽ ട്രാൻസ്ജെൻഡേഴ്സുകളും നമ്മുടെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണെന്നും അവരെയും ആംഗീകരിക്കണം എന്നും ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് വലിയ മാറ്റം വരുത്തിയേനെ. അദ്ദേഹത്തെ പോലെ അംഗീകരിക്കപ്പെട്ട ഒരാൾ സമൂഹത്തോട് പറയുമ്പോൾ കുറേ പേരെങ്കിലും വിചാരിക്കും, അദ്ദേഹം പറഞ്ഞതല്ലേ എപ്പോൾ അത് ശരിയായിരിക്കും, എന്ന്. അത് നന്നായി നമ്മുടെ ജീവിതത്തെ സ്വാധീനിക്കും. അത്തരത്തിൽ ഉള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിനായി സത്യം പറഞ്ഞാൽ കാത്തിരിക്കുകയാണ്. 

പ്രതീക്ഷയുടെ പ്രശ്നങ്ങൾ...

ഇത്രയും സപ്പോർട്ട് നമുക്ക് മീഡിയ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ലഭിക്കുമ്പോൾ പോലും പലയിടത്തു നിന്നും അവഗണിക്കപ്പെടുന്നുമുണ്ട്. പ്രതീക്ഷയുടെ ഫോട്ടോ ചെയ്യാൻ വേണ്ടി നമ്മൾ ഒരു കാവ് നോക്കിയിരുന്നു. പക്ഷേ വിഷയം കേൾക്കുമ്പോൾ അവർ അവിടെ ചെയ്യാൻ പറ്റില്ലെന്ന് പറയും. ഒടുവിൽ ഇരിങ്ങോൾ കാവിൽ അതിന്റെ സെറ്റ് ഇട്ടിട്ടാണ് ഷൂട്ട് ചെയ്തത്.

pratheeksha-008 സ്നേഹിക്കുന്ന ആളോടൊപ്പം ഒന്നിച്ച് ജീവിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്.

സമൂഹമാധ്യമങ്ങൾ നല്ല സപ്പോർട്ടുമായി കൂടെയുണ്ടെന്നു തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ ഇത് കണ്ടു ഒരു സിനിമയിലേയ്ക്ക് ഒരു ചെറിയ റോൾ തന്നിട്ടുണ്ട്. അതേ സംവിധായകൻ തന്നെ അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ മുപ്പതു മിനിട്ടുള്ള ഒരു നീണ്ട കഥപാത്രം ഓഫർ ചെയ്തിട്ടുണ്ട്. സാധാരണ ട്രാൻസിനെ കാണിക്കുമ്പോൾ തമാശയായിട്ടോ അശ്ലീലത കലർത്തിയോ ഒക്കെയാണ് കാണിക്കുക. പക്ഷേ ഈ രണ്ടാമത്തെ സിനിമയിലെ കഥാപാത്രം വളരെ ശക്തമായ കഥാപാത്രമാണ്. സത്യം പറഞ്ഞാൽ ഇനിയിപ്പോൾ എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല, ഇത്തരമൊരു കഥാപാത്രത്തിനായി നമ്മളെ സ്വീകരിച്ചു എന്ന് പറഞ്ഞത് തന്നെ വലിയ കാര്യമാണ്.