Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘കടലമ്മ അമ്മയെപ്പോലെ, അമ്മയെ എന്തിനു പേടിക്കണം’’ ; കടൽ അനുഭവങ്ങളുമായി രേഖ

rekha-0225 പത്തു വർഷമായി കടലിൽ പോകാൻ തുടങ്ങിയിട്ട്’ രേഖ പറഞ്ഞു തുടങ്ങി. ചിത്രം : സോണിച്ചൻ പി. ജോസഫ്

വള്ളത്തിലേക്കു കയറുമ്പോൾ ഞാൻ പറഞ്ഞു ‘ഞാനൊഴികെ ഇവർക്കാർക്കും നീന്തൽ അറിയില്ല’ ചിരിയോടെ രേഖ പറഞ്ഞു എനിക്കും അറിയില്ല. ഇതു തൃശൂർ ചേറ്റുവ സ്വദേശി രേഖ. കേന്ദ്ര സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ചു കടലിൽ പോകുന്ന ഏക ഫിഷർ വുമൺ (മത്സ്യത്തൊഴിലാളി സ്ത്രീ). ഫിഷർമെൻ (മത്സ്യത്തൊഴിലാളി) എന്ന സങ്കൽപ്പത്തിൽ നിന്നു ഫിഷർ വുമൺ എന്ന സങ്കൽപ്പത്തിലേക്കു കേന്ദ്ര സർക്കാർ പോലും മാറിയതിന് ഏറ്റവും വലിയ ഉദാഹരണമാണു കടലിൽ പോകാൻ അടുത്തിടെ രേഖയ്ക്കു കിട്ടിയ ലൈസൻസ്. 

തൃശൂരിൽ നിന്ന് ഏതാണ്ട് 28 കിലോമീറ്റർ പടിഞ്ഞാറോട്ട്, അതായത് ചാവക്കാട് റൂട്ടിൽ പോയാൽ ചേറ്റുവയിൽ എത്താം. ചേറ്റുവയാണു രേഖയുടെ സ്ഥലം. തലേന്നു തന്നെ തിരുവനന്തപുരത്തു നിന്നു തൃശൂരിലെത്തിയ ഞങ്ങൾ രേഖയുടെ ഭർത്താവു കാർത്തികേയൻ പറഞ്ഞതനുസരിച്ചു പുലർച്ചെ നാലരയ്ക്കു കാറിൽ ചേറ്റുവ അഴിമുഖം ലക്ഷ്യമാക്കി നീങ്ങി. അഞ്ചരയോടെ കാർത്തികേയനും രേഖയ്ക്കും ഒപ്പം കടലിൽ പോകാമെന്ന ഉറപ്പിലാണു ഞാനും മൂന്നു സുഹൃത്തുക്കളും ചേറ്റുവ ലക്ഷ്യമാക്കി നീങ്ങുന്നത്. 

rekha-05 ഇത് തൃശൂർ ചേറ്റുവ സ്വദേശി രേഖ. കേന്ദ്ര സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ചു കടലിൽ പോകുന്ന ഏക ഫിഷർ വുമൺ (മത്സ്യത്തൊഴിലാളി സ്ത്രീ). ചിത്രം : സോണിച്ചൻ പി. ജോസഫ്

ടാക്സി കാർ ഡ്രൈവർ രാധാകൃഷ്ണനു ചേറ്റുവ പരിചയമുണ്ടെങ്കിലും  അഴിമുഖം അത്ര പരിചയം പോര. എങ്കിലും ചേറ്റുവ പാലം കടന്നയുടനെ ഞങ്ങൾ വീണ്ടും കാർത്തികേയനെ വിളിച്ചപ്പോഴാണ് അറിയുന്നത് പാലം കടക്കേണ്ടെന്ന്. ഡ്രൈവർ രാധാകൃഷ്ണനു കാർത്തികേയൻ വഴി കൃത്യമായി പറഞ്ഞുകൊടുത്തതോടെ ഞങ്ങൾ ഏതാണ്ട് 5.30 നു തന്നെ കടപ്പുറത്തെ രേഖയുടെയും കാർത്തികേയന്റെയും വീടിനു മുന്നിൽ എത്തി. രേഖയും കാർത്തികേയനും കടലിൽ പോകാൻ റെഡി. സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിൽ ഇവരുടെ നാലു പെൺമക്കളും പുലർച്ചെതന്നെ എഴുന്നേറ്റിട്ടുണ്ട്. കാർ വീടിനു മുന്നിലെ റോഡിൽ പാർക്കുചെയ്തു കാർത്തികേയനും രേഖയ്ക്കും ഒപ്പം ഞങ്ങൾ നാലുപേരും നടന്ന് അരക്കിലോമീറ്റർ അകലെയുള്ള അഴിമുഖത്ത് എത്തി.

നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ചു പടം എടുക്കാനുള്ള സൗകര്യത്തിന് മറ്റൊരു ഫൈബർ വള്ളം കൂടി കാർത്തികേയൻ തയാറാക്കി നിർത്തിയിരുന്നു. കാർത്തികേയനും രേഖയ്ക്കും ഒപ്പം അവരുടെ വള്ളത്തിൽ ഞാനും എന്റെ ഒരു സുഹൃത്തും കയറി. മറ്റു രണ്ടു സുഹൃത്തുക്കൾ വാടകയ്ക്കെടുത്ത വള്ളത്തിലും. കടൽ പതിവിൽ നിന്നു വിപരീതമായി ശാന്തമായിരുന്നെങ്കിലും  ‘സുസുക്കി’ ഒറ്റ എൻജിൻ പിടിപ്പിച്ച ഫൈബർ വള്ളത്തിലുള്ള ആഴക്കടൽ യാത്രയിൽ അൽപം നെഞ്ചിടിപ്പുണ്ടാകാതിരുന്നില്ല. മരത്തിൽ കെട്ടിയിരുന്ന വള്ളത്തിന്റെ കയർ അഴിച്ചതു രേഖ തന്നെയായിരുന്നു. എൻജിനിൽ മണ്ണെണ്ണ നിറച്ച് സ്റ്റാർട്ടാക്കിയതു കാർത്തിയേൻ. വള്ളത്തിന്റെ ഡ്രൈവർ സീറ്റിൽ രേഖയും. ‘പത്തു വർഷമായി കടലിൽ പോകാൻ തുടങ്ങിയിട്ട്’ രേഖ പറഞ്ഞു തുടങ്ങി.

rekha-2233 രേഖയും കാർത്തികേയനും മീൻ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നു. ചിത്രം : സോണിച്ചൻ പി. ജോസഫ്

‘ചേട്ടന്റെ കൂടെ കടലിൽ പോകാൻ സഹായത്തിന് ആളെ കിട്ടാതായതോടെയാണു ഞാനും പോകാൻ തുടങ്ങിയത്. വീട്ടിലെ കഷ്ടപ്പാടുകളും ഈ ജോലിയിൽ എത്തിച്ചു. വള്ളം ഓടിക്കുക, വലയിടുക, വല വലിക്കുക തുടങ്ങി ആണുങ്ങൾചെയ്യുന്ന എല്ലാ ജോലികളും ഞാനും ഇപ്പോൾ ചെയ്യും’– രേഖയുടെ വാക്കുകളിൽ ആത്മവിശ്വാസം.‘പെണ്ണ് കടലിൽ പോകരുതെന്നാണല്ലോ വിശ്വാസം. ആദ്യമൊക്കെ തുറക്കാരുടെ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എനിക്ക് കടലമ്മ അമ്മയെ പോലെയാണ്. അമ്മയുടെ അടുത്തുപോകാൻ ഞാൻ ആരെ പേടിക്കണം’

വള്ളം മുന്നോട്ടു നീങ്ങി. കരയിൽ നിന്നു വളരെ അടുത്തുള്ള മത്സ്യക്കൂട് ലക്ഷ്യമാക്കിയാണു വള്ളം നീങ്ങുന്നത്. ‘ഇതാണ് ഞങ്ങളുടെ മത്സ്യകൃഷി. മീനുകൾക്ക് തീറ്റകൊടുത്തിട്ടുപോകാം’.‘എന്താണ് തീറ്റ’ – ഞാൻ ചോദിച്ചു. 

‘ചാള അരിഞ്ഞതാണ്’ –കാർത്തികേയനാണ് മറുപടി പറഞ്ഞത്. രണ്ടായിരത്തോളം കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം തന്നതാണ്. ഇപ്പോൾ അഞ്ചര മാസം പ്രായം ആയി. കാർത്തികേയനും രേഖയും കൂടി തീറ്റകൊടുത്തു. ഇവർക്കു സഹായിയായി ഒരാൾ കൂടി വള്ളത്തിലുണ്ടായിരുന്നു. ‘എത്ര കിലോമീറ്റർ ദൂരത്തേക്കാണു നമ്മൾ പോകുന്നത്’ – ഞാൻ ചോദിച്ചു. ഇവരുടെ സഹായിയുടേതായിരുന്നു മറുപടി. ‘ഏതാണ്ടു പത്തു മൈൽ. അതായത് 15 കിലോമീറ്റർ എങ്കിലും ഉൾക്കടലിൽ പോയാണു നമ്മൾക്കു വലയിടേണ്ടത്’. 

rekha-12 ‘സൂര്യനുദിക്കുന്നതിനു മുമ്പു വല വെള്ളത്തിൽ വീണാലേ മീൻ കുടുങ്ങൂ’. ചിത്രം : സോണിച്ചൻ പി. ജോസഫ്

രേഖയുടെ നിയന്ത്രണത്തിൽ നല്ല വേഗത്തിൽ വള്ളം നീങ്ങി. കടൽ ശാന്തമാണെങ്കിലും നല്ല കുലുക്കമുണ്ട്. പടിഞ്ഞാറു ലക്ഷ്യമാക്കി വള്ളം നീങ്ങുന്നു. കിഴക്കു പൊട്ടുപോലെ സൂര്യൻ. കര കാണാനില്ല. ദൂരെ കടൽപ്പന്നികൾ ചാടി മറിയുന്ന അത്ഭുതക്കാഴ്ച. കടൽ കാക്കകൾ അവയ്ക്കു വട്ടമിടുന്നു. ‘എത്ര രൂപയാകും ഒരു എൻജിന്’ – ഞാൻ ചോദിച്ചു. ‘ഒന്നേകാൽ ലക്ഷത്തോളം’ –രേഖയുടേതായിരുന്നു മറുപടി. ‘പക്ഷേ  ഈ എൻജിൻ പഴയതാണ്. 25 വർഷത്തിലേറെ പഴക്കമുണ്ട്. പത്തു വർഷമായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയിട്ട്. വില ഒരു ലക്ഷത്തോളമായി. വള്ളവും പഴയതാണ്. പുതിയതിന് ഒരു ലക്ഷത്തോളം രൂപ വില വരും’. 

‘പഴയ എൻജിനായതുകൊണ്ടു മണ്ണെണ്ണയും ഒരു പാടു വേണം. ദിവസവും ശരാശരി 30–35 ലിറ്റർ മണ്ണെണ്ണയാണു വേണ്ടത്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം പുതിയ ഒരു വള്ളത്തിനും എൻജിനും  സഹായം നൽകുമെന്നു പ്രതീക്ഷയുണ്ട്’ –കാർത്തികേയൻ പറഞ്ഞു. സംസാരം തുടരുന്നതിനിടയിൽ രേഖ വള്ളത്തിന്റെ വേഗത കുറച്ചു. വള്ളത്തിലുണ്ടായിരുന്ന സഹായി ചേട്ടനോടു കൊടി കെട്ടിയ കമ്പ് എടുക്കാൻ കാർത്തികേയൻ പറഞ്ഞു.

rekha-07 രേഖയും കാർത്തികേയനും കടലിൽ. ചിത്രം : സോണിച്ചൻ പി. ജോസഫ്

കാർത്തികേയൻ വലയിടാനുള്ള പുറപ്പാടിലാണെന്നു മനസ്സിലായി. കൊടി കെട്ടിയ കമ്പിൽ വലയുടെ ഒരറ്റം കെട്ടി.  വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന രീതിയിൽ തെർമോകേ‌ാളും മറ്റും കമ്പിന്റെ  ചുവട്ടിൽ ഉറപ്പിച്ചിട്ടുണ്ട്. വലയിട്ടിട്ടുണ്ടെന്ന്  ഇട്ടവർക്കും  മറ്റു വള്ളക്കാർക്കും തിരിച്ചറിയാനാണു വലയുടെ രണ്ടറ്റത്തും കൊടി കെട്ടുന്നത്. പിന്നീട് എന്റെ ചോദ്യം വലയെക്കുറിച്ച് ആയി. ‘എന്തുതരം വലയാണിത്’. ‘ഇത് ചാള വലയാണ്. ഓരോ മീനിനും  ഓരോ വലയാണ് ഉപയോഗിക്കുന്നത്, ചാള(മത്തി), അയല, ചൂര എന്നിവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം വലയിടണം’. – രേഖയാണ് മറുപടി പറഞ്ഞത്. 

‘മീൻ  കയറി ഈ വലയിൽ ഉടക്കും. പിന്നീട്  മീനിനു മുന്നോട്ടുപോകാൻ കഴിയാതെ കുടുങ്ങിക്കിടക്കും’ ‘ഇതിന് എത്ര നീളം വരും’– എന്റെ സംശയങ്ങൾ തീരുന്നില്ല. ‘ഏകദേശം 500 മീറ്ററോളം വരും’ – വല വെള്ളത്തിൽ താഴാനായി കെട്ടിയിട്ടിരിക്കുന്ന കല്ല് ഓരോന്നായി വെള്ളത്തിലേക്ക് ഇട്ടോണ്ട് രേഖ പറഞ്ഞു. ഏതാണ്ട്  15 മിനിറ്റുകൊണ്ട് വല മുഴുവൻ വെള്ളത്തിലായി. മറ്റേയറ്റവും കൊടിയിൽ കെട്ടി. ഇനി കാത്തിരുപ്പാണ്. ഏതാണ്ട് ഒരു മണിക്കൂറിലധികം ഞങ്ങൾ വള്ളത്തിൽ കാത്തുകിടന്നു. മീൻ വലയിൽ കുടുങ്ങാനുള്ള കാത്തിരുപ്പ്. 

rekha-002 ‘ചേട്ടന്റെ കൂടെ കടലിൽ പോകാൻ സഹായത്തിന് ആളെ കിട്ടാതായതോടെയാണു ഞാനും പോകാൻ തുടങ്ങിയത്. വീട്ടിലെ കഷ്ടപ്പാടുകളും ഈ ജോലിയിൽ എത്തിച്ചു. വള്ളം ഓടിക്കുക, വലയിടുക, വല വലിക്കുക തുടങ്ങി ആണുങ്ങൾചെയ്യുന്ന എല്ലാ ജോലികളും ഞാനും ഇപ്പോൾ ചെയ്യും’– രേഖയുടെ വാക്കുകളിൽ ആത്മവിശ്വാസം. ചിത്രം : സോണിച്ചൻ പി. ജോസഫ്.

‘സൂര്യനുദിക്കുന്നതിനു മുമ്പു വല വെള്ളത്തിൽ  വീണാലേ മീൻ കുടുങ്ങൂ’. സഹായിയും പ്രായത്തിൽ മുതിർന്നയാളുമായ ചേട്ടന്റേതായിരുന്നു മറുപടി. പെട്ടെന്നു കാർത്തികേയൻ ഒരു പ്ലാസ്റ്റിക് നൂലെടുത്തു വെള്ളത്തിലേക്ക് ഇട്ടു. ‘ ഇതെന്താണ്’– ഞാൻ  ചോദിച്ചു. ‘ ഇത് വെള്ളത്തിന്റെ ആഴമളക്കുകയാണ്’– നൂൽ വലിച്ചുയർത്തുന്നതിനിടയിൽ കാർത്തികേയൻ പറഞ്ഞു. 

‘15 മാറ് വരും. ഏതാണ്ട് 22 മീറ്റർ ആഴം.’– കാർത്തികേയൻ പറഞ്ഞു. എന്റെ നെഞ്ചൊന്നു പിടഞ്ഞു. 22 മീറ്റർ. ഓർക്കാൻ കൂടി വയ്യ. എന്റെ മനസ്സു പറഞ്ഞു. 

കടൽ വളരെ ശാന്തം. ദൂരെമാറി മറ്റു കൂറ്റൻ മത്സ്യബന്ധന ബോട്ടുകൾ പോകുന്നു. വലിയ ബോട്ടിന്റെ യാത്രയിലുണ്ടായ ഓളത്തിൽ ഞങ്ങളുടെ ചെറുവള്ളം ഒന്നുലഞ്ഞു. എന്നാലും കടലിലെ ഉലച്ചിലിൽ കടൽച്ചൊരുക്കും  ഛർദ്ദിയും ഞങ്ങൾക്ക് ആർക്കും ഉണ്ടായില്ല. ‘കടൽ ശാന്തമായതുകൊണ്ടാണു വലിയ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്. ഞാൻ ആദ്യമായി കടലിൽ വന്നപ്പോൾ ഛർദ്ദികാരണം വള്ളത്തിൽ കിടന്നുപോയിട്ടുണ്ട്’ –രേഖ പറഞ്ഞു. 

rekha-0013 പെണ്ണ് കടലിൽ പോകരുതെന്നാണല്ലോ വിശ്വാസം. ആദ്യമൊക്കെ തുറക്കാരുടെ എതിർപ്പുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എനിക്ക് കടലമ്മ അമ്മയെ പോലെയാണ്. അമ്മയുടെ അടുത്തുപോകാൻ ഞാൻ ആരെ പേടിക്കണം’. ചിത്രം : സോണിച്ചൻ പി. ജോസഫ്

സാധാരണ ലഭിക്കുന്ന മത്സ്യങ്ങളെക്കുറിച്ചും കടൽ അനുഭവങ്ങളും  കാർത്തിയേനും രേഖയും പങ്കുവച്ചു. ‘കാറ്റും കോളും നിങ്ങളുടെ ജോലിയെ എങ്ങനെയാണു ബാധിക്കുക’– എന്റെ സുഹൃത്തിന്റേതായിരുന്നു ചോദ്യം. ‘അടുത്തിടെ ഒരു ദിവസം ഞങ്ങളുടെ വള്ളത്തിന്റെ എൻജിൻ പണിക്കിടെ പണിമുടക്കി. ഞങ്ങളാകട്ടെ നടുക്കടലിലും. നേരം പുലർന്നിട്ടുമില്ല.  ഒരുപാട് ഒഴുകി നടന്നു. ഏതായാലും പുലരാറയപ്പോഴേക്കും കൈയ്യിലുണ്ടായിരുന്ന വെളിച്ചം കാണിച്ചതു  കണ്ടു മറ്റൊരു വള്ളക്കാർ വന്നു ഞങ്ങളെ രക്ഷിച്ചു. ഒടുവിൽ അവരുടെ വള്ളത്തിൽ കെട്ടിവലിച്ച് ഞങ്ങളുടെ വള്ളം രാവിലെ എട്ടുമണിയോടെ കരയിൽ എത്തിച്ചു’.– രേഖ ഒറ്റ ശ്വാസത്തിൽ പറയുന്നതു ഞങ്ങൾ ശ്വാസം അടക്കിയിരുന്നു കേട്ടു. 

തൊട്ടടുത്തുകൂടി ഒരു ചെറുവള്ളം കടന്നുപോയി. ‘അവർക്കു നന്നായി മീൻകിട്ടിയിട്ടുണ്ട്. ചാളയാണ്. അവർ രാത്രിയിൽ പോയതാണ്’.– രേഖ പറഞ്ഞു. ഇതിനിടയിൽ കാർത്തികേയൻ വള്ളം തിരിച്ചു, വലയ്ക്കു ചേർത്തു നിർത്തി എൻജിൻ ഓഫ് ചെയ്തു. വല ഉയർത്തുകയാണ്. ‘വല ഉയർത്തുമ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്യേണ്ട കാര്യമില്ല’ –കാർത്തികേയൻ പറഞ്ഞു. കാർത്തികേയൻ ഉയർത്തുന്ന വലയിൽ നിന്നു രേഖയും സഹയായിയും ചേർന്നു മീൻ  വിടുവിച്ച് എടുത്തു. ഏതാണ്ട് അരമണിക്കൂർകൊണ്ടു വല ഉയർത്തി. കാര്യമായിട്ടു മീൻ ഒന്നും കിട്ടിയില്ല. മീൻ കൂടുതൽ  ഉണ്ടെങ്കിൽ കരയ്ക്ക് അടുപ്പിച്ചാണു വലയിൽ നിന്ന് എടുക്കുന്നത്. 

fish തൊട്ടടുത്തുകൂടി ഒരു ചെറുവള്ളം കടന്നുപോയി. ‘അവർക്കു നന്നായി മീൻകിട്ടിയിട്ടുണ്ട്. ചാളയാണ്. അവർ രാത്രിയിൽ പോയതാണ്’.– രേഖ പറഞ്ഞു. ചിത്രം : സോണിച്ചൻ പി. ജോസഫ്

ഏതാണ്ട് ഒൻപതു മണിയോടെ ഞങ്ങളുടെ  വള്ളം കര ലക്ഷ്യമാക്കി നീങ്ങി. ഒൻപതര ആയപ്പോൾ ഞങ്ങൾ കരയിൽ എത്തി. കരയിൽ എത്തിയപ്പോൾ കാർത്തികേയന്റെയും രേഖയുടെയും ഇളയ മകൾ ലക്ഷ്മിപ്രിയ അച്ഛനേയും അമ്മയേയും കാത്തു സ്കൂൾ യൂണിഫോമിൽ നിൽക്കുകയാണ്. വൈകിയതുകൊണ്ടു അച്ഛൻ കൊണ്ടുപോയി സ്കൂളിലാക്കണം, മൂന്നാം ക്ലാസുകാരി കൊച്ചു ലക്ഷ്മിക്ക് ഒരു ഡിമാൻഡേയുള്ളു. 

ആകെ കിട്ടിയ മുന്നോ നാലോ കിലോ ചാളയുമായി കാർത്തികേയനും രേഖയും കടപ്പുറത്തെ അവരുടെ ചെറിയ വീടു ലക്ഷ്യമാക്കി നടന്നു. ഒപ്പം ഞങ്ങളും ‘ പ്രേമ വിവാഹമായിരുന്നു ഞങ്ങളുടേത്. രണ്ടു സമുദായവും. തൃശൂർ കൂർക്കാഞ്ചേരിയിലാണു രേഖയുടെ വീട് രണ്ടു വീട്ടുകാർക്കും എതിർപ്പായിരുന്നു. വാടകയ്ക്കു വീടുപോലും കിട്ടിയില്ല. ഏതു കഷ്ടപ്പാടിലും ചില സുഹൃത്തുക്കൾ മാത്രമാണു സഹായിച്ചത്. – കാർത്തികേയൻ പറഞ്ഞു.

ഇവർക്കു നാലു പെൺ മക്കൾ. മൂത്തമകൾ മായ പ്ലസ് ടു വിദ്യാർഥി. രണ്ടാമത്തെ മകൾ അഞ്ജലി ഒൻപതാം ക്ലാസുകാരി,  മൂന്നാമത്തവൾ ദേവിപ്രിയ അഞ്ചാംക്ലാസിൽ പഠിക്കുന്നു. ഇളയവൾ ലക്ഷ്മിപ്രിയ. ‘നിങ്ങൾ പുലർച്ചെ ജോലിക്കു പോരുമ്പോൾ കുട്ടികളുടെ ഭക്ഷണകാര്യം ആരു നോക്കും’?– ഞാൻ ചോദിച്ചു.  ‘മൂത്തവൾ മായ പാചകവും ഇളയവരുടെ കാര്യങ്ങളും നോക്കും’–രേഖ ആത്മവിശ്വസത്തോടെയും തെല്ല് അഭിമാനത്തോടെയും  പറഞ്ഞു. 

കൊച്ചു വീടിനകത്തേക്കു പോയ രേഖ ഒരു ട്രോഫിയുമായാണു വന്നത്. കേന്ദ്ര കൃഷി സഹമന്ത്രി സുദർശൻ ഭഗത് സമ്മാനിച്ച കാർത്തികേയന്റെയും രേഖയുടെയും പടമുള്ള ട്രോഫി. ട്രോഫിക്കൊപ്പം രേഖയുടെ കഥ വന്ന പത്രങ്ങളും മാസികകളും ഉണ്ട്. ആരും അറിയാതിരുന്ന ഈ വീട്ടമ്മയെ കണ്ടെത്തിയതും അവർക്കു സഹായമായതും കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥരാണ്. 

rekha-09 കാർത്തികേയൻ വള്ളം തിരിച്ചു, വലയ്ക്കു ചേർത്തു നിർത്തി എൻജിൻ ഓഫ് ചെയ്തു. വല ഉയർത്തുകയാണ്. ‘വല ഉയർത്തുമ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്യേണ്ട കാര്യമില്ല’ –കാർത്തികേയൻ പറഞ്ഞു. കാർത്തികേയൻ ഉയർത്തുന്ന വലയിൽ നിന്നു രേഖയും സഹായിയും ചേർന്നു മീൻ വിടുവിച്ച് എടുത്തു. ചിത്രം : സോണിച്ചൻ പി. ജോസഫ്

രേഖയെക്കുറിച്ച് ആകാശവാണി സംപ്രേഷണം ചെയ്ത ഒരു പരിപാടി മൊബൈലിൽ സേവ് ചെയ്തിരുന്നത് ലക്ഷ്മിപ്രിയ ഞങ്ങളെ കേൾപ്പിച്ചുതന്നു. പരിപാടിയുടെ അവസാനം രേഖയുടെ പദ്യപാരായണവും. ആരേയും അതിശയിപ്പിക്കുന്ന രേഖയുടെ കവിത കേട്ടപ്പോഴാണു ഞാൻ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചു ചേദിച്ചത്. ‘ഹിന്ദി പ്രവീൺ പഠിച്ചിട്ടുണ്ട്. പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ’– രേഖ തെല്ല് നിരാശയോടെ പറഞ്ഞു. 

rekha-006 രേഖയെക്കുറിച്ച് ആകാശവാണി സംപ്രേഷണം ചെയ്ത ഒരു പരിപാടി മൊബൈലിൽ സേവ് ചെയ്തിരുന്നത് ലക്ഷ്മിപ്രിയ ഞങ്ങളെ കേൾപ്പിച്ചുതന്നു. പരിപാടിയുടെ അവസാനം രേഖയുടെ പദ്യപാരായണവും. ആരേയും അതിശയിപ്പിക്കുന്ന രേഖയുടെ കവിത കേട്ടപ്പോഴാണു ഞാൻ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചു ചേദിച്ചത്. ‘ഹിന്ദി പ്രവീൺ പഠിച്ചിട്ടുണ്ട്. ചിത്രം : സോണിച്ചൻ പി. ജോസഫ്

‘പുതിയ വള്ളവും ഒരു എൻജിനും വലയുമൊക്കെയാണു ഞങ്ങളുടെ സ്വപ്നം. ജിപിഎസും കോമ്പസും ഒക്കെ ഉപയോഗിച്ചു മീൻപിടിക്കുന്ന ഇക്കാലത്തു ഞങ്ങൾക്കു വലിയ സ്വപ്നങ്ങളൊന്നുമില്ല’– കഠിനമായ ഈ ജോലി ചെയ്യാൻ തയാറായ ഈ സ്ത്രീ യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളോടായി പറഞ്ഞു.