Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ തിരക്കിൽ ഒറ്റയ്ക്കാകുന്ന ഒരു പെണ്ണിന്റെ അനുഭവം: ഫൊട്ടോഷൂട്ട്

photoshoot-07

തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഒഴുകുന്ന കൊച്ചിയുടെ രാപ്പകല്‍ കാഴ്ചകളിലേയ്ക്ക് ഒരു കണ്ണാടി വച്ചാല്‍ എങ്ങനെയിരിക്കും? അതും രണ്ടുപകലുകളും ഒരു രാത്രിയും നഗരത്തിരക്കുകളില്‍ ഒറ്റയ്ക്കാകുന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ പറയുമ്പോള്‍ അത് സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളുടെ സത്യസന്ധമായ പ്രതിഫലനമായിരിക്കുമെന്നതില്‍ സംശയമില്ല. അത്തരത്തിലുള്ള വ്യത്യസ്ത ഫോട്ടോഷൂട്ട് എന്ന ആശയവുമായി ശ്രദ്ധേയമാവുകയാണ് വോയേജ് ഓഫ് ടൈം. ഇത്തരത്തില്‍ ചിത്രീകരിച്ച ആയിരത്തോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറ്റമ്പത് ചിത്രങ്ങളില്‍ പതിനഞ്ചെണ്ണം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

photoshoot-13

വളരെ വ്യത്യസ്തമായ ഈ ആശയത്തെക്കുറിച്ച് സംവിധായകന്‍ സുഭാഷ് മന്ത്ര സംസാരിക്കുന്നു.

“നോര്‍മല്‍ ഫൊട്ടോഷൂട്ട്‌ എന്നു പറയുമ്പോള്‍ ലൈറ്റ് ഒക്കെ യൂസ് ചെയ്ത് ഒരു സ്റ്റുഡിയോ ഇന്‍ഡോറില്‍ നടക്കുന്ന പ്രോസസ് ആണല്ലോ. ഇത്തവണ ഒരു വ്യത്യസ്തത കൊണ്ടു വരണമെന്ന് തോന്നി. ഭാനുപ്രിയ എന്ന പെണ്‍കുട്ടി ഈ മേക്കോവറില്‍ കൊച്ചിയിലെ ആളുകളുടെ ഇടയില്‍ പോയി നില്‍ക്കുക, മാറിനിന്ന് അവരുടെ പ്രതികരണങ്ങള്‍ അറിയുക, അതിനോടുള്ള പെണ്‍കുട്ടിയുടെ എക്സ്പ്രഷൻസ് വളരെ സ്വാഭാവികമായി ക്യാമറയില്‍ പകര്‍ത്തുക എന്നതാണ് ഉദ്ദേശിച്ചത്.

photoshoot-15

കൊച്ചിയിലെ വിവിധ ഭാഗങ്ങളിലായി രണ്ടു പകലും ഒരു രാത്രിയുമാണ് ഈ ഷൂട്ടിനായി തിരഞ്ഞെടുത്തത്. മഹാരാജാസ് കോളേജ്, മാര്‍ക്കറ്റ്, മറൈന്‍ ഡ്രൈവ്, സൗത്ത് റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷന്‍ തുടങ്ങിയ തിരക്കുള്ള ഭാഗങ്ങളില്‍ ക്യാമറ ആരും കാണാതെ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി. ഞങ്ങളെപ്പോലും അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. സാരിയുടുത്ത്, പൊട്ടൊക്കെ തൊട്ട് ഒരു പെണ്‍കുട്ടി രാത്രിയില്‍ നില്‍ക്കുമ്പോഴുള്ള ഒരു പൊതുധാരണയുണ്ടല്ലോ. വളരെ മോശമായ പ്രതികരണങ്ങള്‍ ആയിരുന്നു. വിസില്‍ അടിയും ലൈംഗികച്ചുവയുള്ള മോശപ്പെട്ട കമന്‍റുകളും എല്ലാമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ കാണുന്ന ചില കാഴ്ചകള്‍. അതൊക്കെയാണ്‌ ഇങ്ങനെയൊരു ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. എന്തായാലും നന്നായി വര്‍ക്ക് ഔട്ട് ആയി. സമൂഹവുമായി നല്ല രീതിയില്‍ ഇടപഴകുന്ന ഷൂട്ടുചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷമുണ്ട്.

photoshoot-14
photoshoot-01

തേവര റെയില്‍വേട്രാക്കില്‍ പോയ അനുഭവം നമ്മുടെ ധാരണകളെ മാറ്റിയെഴുതുന്നതാണ്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍ ജീവിയ്ക്കുന്ന തമിഴര്‍ ഉള്‍പ്പെടെയുള്ള കൂലിപ്പണിക്കാരാണ്. പക്ഷെ ഇത്തരം സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഏറ്റവും കരുതലോടെ സുരക്ഷിതമായി പെരുമാറിയത് അവരാണ്. സൗത്ത് ബസ് സ്റ്റാന്‍ഡില്‍ നേരെ മറിച്ചുള്ള അനുഭവമായിരുന്നു. മെട്രോ സ്റ്റേഷനിലും ലിസിയിലുമൊക്കെ അവസ്ഥ ഇത് തന്നെയായിരുന്നു.

photoshoot-08
photoshoort-09

സമൂഹത്തില്‍ ആദരിക്കപ്പെടുക എന്നത് ഒരാളുടെ അവകാശമാണ്. ഒരാള്‍ക്ക് മറ്റൊരാളോടുള്ള മനോഭാവവും അതിന്‍റെ പ്രതികരണവും അവഹേളനത്തിന്റെ തലത്തിലേക്ക് പോകുന്നതില്‍ ഒരു ശരികേട് ഉണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും സമൂഹത്തില്‍ ആണെങ്കിലും.അതൊന്നു പറഞ്ഞുവയ്ക്കാനായി.

തിരക്കില്‍ ഒറ്റയ്ക്കാവുന്ന അനുഭവത്തെക്കുറിച്ച് ഭാനുപ്രിയ പറയുന്നതിങ്ങനെ..

photoshoot-12
photoshoot-02

“ഫോട്ടോ ഷൂട്ട്‌ തന്നെ എനിയ്ക്ക് ആദ്യത്തെ അനുഭവമാണ്. അതിന്‍റെ ആശങ്കയുണ്ടായിരുന്നു. ഇത്തരം ഒരു വ്യത്യസ്ത ആശയം കൂടെയാകുമ്പോൾ പിന്നെ പറയേണ്ടല്ലോ. എന്റെ കണ്മുന്നില്‍ കാണില്ലെങ്കിലും അടുത്തുതന്നെ എവിടെയെങ്കിലും ഇവരും ക്യാമറയും ഉണ്ടാകും എന്ന് ഉറപ്പു തന്നിരുന്നു. എങ്കിലും നല്ല ആശങ്കയുണ്ടായിരുന്നു. ഒന്നാമത് കൊച്ചി എനിക്കത്ര പരിചയമുള്ള സ്ഥലമല്ല. ഞാന്‍ തിരുവനന്തപുരത്ത് നിന്നാണ് വരുന്നത്. കണ്ണൂരിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്‌. അതുകൊണ്ട് കൊച്ചിയോടു ഒരു ഭയമുണ്ടായിരുന്നു. പ്രത്യേകിച്ചും രാത്രിയില്‍. എന്നോട് ഒരു കോര്‍ണറില്‍ നിന്ന് നടന്നു വരാനാണ് പറഞ്ഞത്.

photoshoot-11
photoshoot-05

ഏതെങ്കിലും ആങ്കിളില്‍ നിന്ന് ഷൂട്ട്‌ ചെയ്യുകയാണ്. പക്ഷേ എനിക്കറിയില്ലല്ലോ ഇവര്‍ എവിടെയാണ് എന്നുള്ളത്. സാരിയും വലിയ പൊട്ടും ഒക്കെയായി ശ്രദ്ധിക്കപ്പെടുന്ന കോസ്റ്റ്യൂമിലാണ് നടക്കുന്നത്. സ്വാഭാവികമായും പലരും അടുത്ത വന്നു. ചിലര്‍ എന്താ ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ പോയി ചിലര്‍ വന്നിട്ട് ഒരു ക്യാമറ എന്നെ ഷൂട്ട്‌ ചെയ്യുന്നുണ്ട് എന്ന് മുന്നറിയിപ്പു തന്നിട്ടുപോയി. ചിലര്‍ ഒട്ടും കംഫർട്ടബിള്‍  അല്ലാത്ത രീതിയില്‍ സംസാരിച്ചിട്ടു പോയി. മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ അവര്‍ക്ക് അറിയില്ലല്ലോ ഫോട്ടോ ഷൂട്ട്‌ ആണ് എന്നൊന്നും. വളരെ മോശമായ രീതിയില്‍ ചൂളം വിളിയും കമന്‍റുകളും ആയിരുന്നു. ഇതെല്ലാം കടന്ന് കുറേ കഴിഞ്ഞപ്പോഴാണ് ഇവര്‍ എവിടെ നിന്നാണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് കാണുന്നത്. എനിക്കും ഉള്ളില്‍ അറിയാമെങ്കിലും ഒരു പ്രത്യേക അനുഭവം തന്നെയാണ്.

photoshoot-10
photoshoot-06

റെയില്‍വേ സ്റ്റേഷനില്‍ കുറേ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഞാന്‍ അവരുടെ ഇടയില്‍ ചെന്ന് നിന്നു. അവർ എന്നോട് വളരെ സ്വാതന്ത്ര്യത്തോടെ സംസാരിച്ചു. എന്റെ വേഷമൊന്നും അവര്‍ ശ്രദ്ധിച്ചതേയില്ല. അവരെപ്പോലെ ജോലിക്കുവന്ന ഒരാളാണോ എന്നൊക്കെ അന്വേഷിച്ചു. എന്തെങ്കിലും അവര്‍ക്ക് അസ്വാഭാവികത തോന്നിയാല്‍ അത് എന്റെ മുഖത്തെ ആശങ്ക കൊണ്ടു മാത്രം തോന്നിയതായിരിക്കാം. അല്ലെങ്കില്‍ ഏറ്റവും സ്വാഭാവികതയോടെ തന്നെയാണ് അവര്‍ ഇടപഴകിയത്. എനിക്ക് ശരിക്കും അദ്ഭുതം തോന്നി.

photoshoot-03

ബസില്‍ യാത്ര ചെയ്യുമ്പോഴൊക്കെ വ്യക്തിപരമായും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ ഒരു സാധാരണ സ്ത്രീ കടന്നുപോകാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും ക്യാമറ സഞ്ചരിക്കുന്നുണ്ട്. ഫോട്ടോ ഷൂട്ടാണ് എന്ന ബോധ്യത്തോടെ ചെയ്യുന്നതല്ലേ എന്ന് വിമര്‍ശിക്കുന്നവര്‍ ഉണ്ട്. പക്ഷേ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല. തിരക്കില്‍ ഷൂട്ട്‌ ചെയ്യുന്നുണ്ട് എന്നറിയാമെങ്കിലും അവര്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല. ഒറ്റയ്ക്ക് ആള്‍ക്കൂട്ടത്തില്‍ പെട്ടു പോകുന്ന ഏതൊരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകുന്ന ഭയവും ആശങ്കകളും തന്നെയാണ് എനിക്കും തോന്നിയത്. ചില ഫോട്ടോസില്‍ കൃത്യമായി കിട്ടിയിട്ടുണ്ട്. അതു തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതും. കിസ്മത്തിന്റെ പ്രമോഷന്‍ ഹെഡ് ആയിരുന്നു ഈ ആശയത്തിന്റെ സംവിധായകന്‍ സുഭാഷ് മന്ത്ര. അഭിലാഷ് മുല്ലശ്ശേരിയാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഭാനുപ്രിയ  പയ്യന്നൂര്‍ കൊളേജില്‍ ഗസ്റ്റ് ലെക്ചര്‍ ആയിരുന്നു. മുഖ്യധാരാസിനിമയുടെ ഭാഗമാവുക എന്ന സ്വപ്നത്തിന്റെ പാതയിലാണ് ഇവര്‍ മൂന്നുപേരും.