Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക പീഡനത്തെ പിന്തുണയ്ക്കുന്ന 69 ശതമാനം സ്ത്രീകൾ അറിയാൻ

women-talks

കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കുടുംബആരോഗ്യസർവേയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലെ സ്ത്രീകളില്‍ അറുപത്തൊന്‍പത് ശതമാനം പേരും ഗാര്‍ഹികപീഡനത്തെ പിന്തുണയ്ക്കുന്നു എന്ന കണക്ക് സ്ത്രീമുന്നേറ്റത്തിന്റെ പാതയിലെന്ന് അവകാശപ്പെടുന്ന കേരളജനതയ്ക്ക് തികച്ചും അപമാനമാണ്.

ഈ കണക്കുകളില്‍  തള്ളിക്കളയാനാവാത്ത ചില വസ്തുതകളുണ്ട്. കുടുംബത്തിലെ ഊണുമേശയില്‍ നിന്ന് തുടങ്ങുന്ന ആ പ്രത്യേക പ്രിവിലേജ് പുരുഷന്മാര്‍ തങ്ങളുടെ അവകാശമായി കാണുകയും അതിനു ഭംഗം വരുമ്പോള്‍ കായികമായി പ്രതികരിക്കുകയും ചെയ്യുന്നു. തങ്ങള്‍ പ്രിവിലേജിഡാണ്  എന്നു ചിന്തിക്കുന്ന പുരുഷന്മാരേക്കാള്‍ അപകടകാരികളാണ് അവര്‍ അങ്ങനെയാണ് എന്നു ചിന്തിക്കുന്ന സ്ത്രീകള്‍ എന്നതാണ് യാഥാർഥ്യം. ഏത് പ്രത്യേകവകാശത്തിന്റെ  പേരിലാണെങ്കിലും സ്ത്രീകള്‍ പുരുഷന്മാരുടെ അടി കൊള്ളേണ്ടവരാണോ? ഈ വിഷയത്തോട് പ്രതികരിയ്ക്കുകയാണ് ചിലര്‍...

കര്‍ഷകയും ചെറുകിട സംരംഭാകയും മുന്‍ അധ്യാപികയുമായ സന്ധ്യ എന്‍ ബി പറയുന്നു

ഈ സർവേ ഫലം കണ്ടിട്ട് ഒട്ടും അത്ഭുതമില്ല. വർഷങ്ങൾക്കു മുൻപ് ഈ വിഷയത്തിൽ വനിതാ സഹപ്രവർത്തകരുമായുണ്ടായ ചർച്ച ഓർമ്മ വന്നു. ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള പുതു തലമുറയ്ക്ക് മാതൃകയാവേണ്ട അധ്യാപികമാർ എല്ലാവരും ഭർത്താക്കൻമാർക്ക് നമ്മളെ തല്ലാൻ അധികാരമുണ്ടെന്നും തിരിച്ചു തല്ലുന്നത് ചിന്തിക്കാൻ പോലും ആവാത്ത വിധം തെറ്റാണെന്നും വിശ്വസിക്കുന്നവരായിരുന്നു.

sandhya-001 സന്ധ്യ.

അന്ന് മുപ്പത്, നാൽപ്പത് ആയിരങ്ങൾ മാസശമ്പളമുള്ളവർ ഒരു ഇരുന്നൂറ് രൂപ കുറി ചേരുന്നതിനു പോലും" ചേട്ടനോട് ചോദിക്കണം" എന്ന മാനസികാവസ്ഥ ഉള്ളവരായിരുന്നു. എത്രയെത്ര തർക്കിച്ചിട്ടും ഒരു നുള്ളു പോലും അവരുടെയൊന്നും ചിന്താഗതിയിൽ ഒരു മാറ്റവും ഉണ്ടായില്ല. അന്നും ഇന്നും. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യമാണെന്നും എന്റെ സ്വാതന്ത്ര്യമാണ് എന്റെ ജീവിതമെന്നും വിശ്വസിച്ച് ഈയുള്ളവൾ അർമാദിക്കുന്നു. അങ്ങിനെ തന്നെ കരുതുന്ന കുറച്ചു പേർ കൂടെയുണ്ടെന്ന് സന്തോഷിക്കുന്നു.

അവതാരകയും മാര്‍ക്കറ്റ് റിസര്‍ച്ചറുമായ ആന്‍ പാലി ഈ വിഷയത്തെ നോക്കിക്കാണുന്നതിങ്ങനെ  

ഗ്രീക്ക് പുരാണങ്ങളിൽ, 'പണ്ടോറ' എന്ന പെൺകുട്ടിക്ക് വിവാഹദിനത്തിൽ  കിട്ടിയ അനേകം സമ്മാനങ്ങളിൽ ഒന്ന് ഒരു പെട്ടിയായിരുന്നു' . പക്ഷേ തുറന്നു നോക്കിയപ്പോൾ  ഒരു മൂളലോടെ അതിൽ നിന്നും പറന്നുയർന്നത് ആർത്തിയും അസൂയയും സംശയവും ദാരിദ്ര്യവും കൂടാതെ ഈ ലോകത്തിലുള്ള സകലമാന ദുരിതങ്ങളും രോഗങ്ങളും കഷ്ടങ്ങളും കാലങ്ങളായി ഭാഷ, ഭൂഖണ്ഡം, ജാതി എന്നിങ്ങളെയുള്ള എല്ലാ അതിരുകളെയും നിഷ്പ്രഭമാക്കി കുടുംബജീവിതം എന്ന് പറഞ്ഞാൽ അനുസരണ, സഹനം, കണ്ണീർ എന്നൊക്കെയാണെന്ന ധാരണകൾ ഓരോ തലമുറയിലേക്കും എത്ര സ്കിൽഫുൾ ആയാണ്  മുത്തശ്ശിമാർ പകർന്നു കൊടുത്ത് ? 

വിവാഹാനന്തരം നിറങ്ങളും ചിരികളും പ്രണയവുമെല്ലാം വെറും സ്വപ്നങ്ങൾ മാത്രമായിരിക്കും എന്ന് വിളിച്ചു പറയുന്ന  ലോകത്തോട് 'OMKV ' പോസ്റ്ററുകളുമായിട്ടാണ് ഇന്ന് പെണ്ണുങ്ങൾ നിൽക്കുന്നത്. അതിനിടയിൽ വന്ന ഈ സർവേ റിപ്പോർട്ട് ബഹുഭൂരിപക്ഷത്തിന്റെയും സ്വരമാണെന്ന് കരുതാനാവില്ല. ഗാർഹിക പീഡനത്തെ അനുകൂലിക്കുന്ന സ്ത്രീകളെല്ലാം സ്വന്തം ശരീരത്തിൽ അടിയോ,തല്ലോ മേടിച്ചേക്കാമെന്നോ ആ വേദന എല്ലാം അനുഭവിച്ചേക്കാം എന്നോ തീരുമാനിക്കുന്നവരുമല്ല.

ann ആൻ പാലി.

സഞ്ചാരം , അഭിപ്രായം, വസ്ത്രം, ജോലി എന്നിവയിലൊക്കെ സ്വാതന്ത്ര്യവും സന്തോഷവും നേടുന്ന മറ്റു സ്ത്രീകളോടുള്ള  അസൂയ കൊണ്ടാവാം. ആ സ്വാതന്ത്രങ്ങളെ എല്ലാം അനുസരണക്കേട്, ബഹുമാനക്കുറവ് ,തന്നിഷ്ടം  എന്നിങ്ങനെ  പെണ്ണുങ്ങളുടെ  'ബഹുമതികളായി ' ചിത്രീകരിച്ചു , അവയ്ക്കുള്ള ഒരേയൊരു മരുന്നായി ഭർത്താവിന്റെ തല്ലോ, തൊഴിയോ ആവാം എന്ന് ജഡ്ജ്മെന്റലാവുന്ന 69 ശതമാനം സ്ത്രീകൾ. അവർ നിശ്ചയിക്കുന്ന ചില നിയമങ്ങൾ, അവർ പഠിച്ചു വെച്ച ചില ശീലങ്ങൾ, അവർ ഇഷ്ടപ്പെടുന്ന ചില നിശ്ശബ്ദതകൾ, അവയൊക്കെ പാലിക്കാത്ത സ്ത്രീകൾ  എവിടെയുണ്ടെങ്കിലും  അവരെല്ലാം  'ഗാർഹിക പീഡനത്തിന് അർഹരാണെന്നു' കരുതുന്നവർ.

അവർ മുഖം കുനിച്ചു നടക്കുന്ന വഴികളിലെ കാഴ്ചകളൊന്നും മറ്റുള്ളവർ കാണാൻ പാടില്ലെന്നും അവർ മുഖം വക്രിക്കുന്ന ശബ്ദങ്ങളൊന്നും മറ്റുള്ളവർ കേൾക്കാൻ പാടില്ലെന്നും  ശഠിക്കുന്നവർ. അവരെ തിരുത്താൻ കഴിയില്ലെന്നറിയാം. പക്ഷേ സ്നേഹമുള്ള  അമ്മായിയായും വകേലെ എളേമ്മ ആയും ഇത്തരം മണ്ടത്തരങ്ങളുമായി വരുന്ന 'അഭ്യുദയകാംക്ഷികളോട്' ഒരു മറുവാക്ക് പോലും പറയാതെ , വെറും ഒരു ചിരി കൊണ്ട് വായടപ്പിക്കാൻ ഇന്ന് നമുക്ക്  കഴിയുന്നുണ്ട്. 

കല്യാണ ദിനം ഇനി വരുന്ന കഷ്ടപ്പാടുകളെ  തിരിച്ചറിഞ്ഞു ഭയന്ന 'പണ്ടോറ', പക്ഷേ  പെട്ടിയിൽ കരുതലോടെ ഒന്ന് മാത്രം സൂക്ഷിച്ചു വെച്ചു. അതായിരുന്നു, 'പ്രതീക്ഷ' ആയതിനാൽ,  ഇന്നത്തെ പെൺകുട്ടികളുടെ ചിറകുകൾ മുറിക്കാൻ തക്കവണ്ണം മൂർച്ചയൊന്നും ഈ അഭിപ്രായങ്ങൾക്കുണ്ടെന്നു ഞാൻ കരുതുന്നുമില്ല. സന്തോഷവും, സ്വാതന്ത്ര്വും ആത്മവിശ്വാസവുമുള്ള പെൺകുഞ്ഞുങ്ങൾ തന്നെയാവും നാളെ നമ്മുടെ നാട്ടിലുണ്ടാവുക‍ ഉറപ്പ്.

മുന്‍ പോസ്റ്റല്‍ ഉദ്യോഗസ്ഥയും തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ അമ്മയുമായ  ഗീതാ പുഷ്ക്കരന്‍

ഈ ലോകത്ത് മലയാളി വീട്ടമ്മമാരുടെ ഭാവശുദ്ധി വാഴത്തപ്പെടട്ടേ. ഇതും ഇതിൽപ്പരവും വരും. നമുക്ക്. ആ കഥയറിയുമോ? ഇതിൽപ്പരം വരുന്ന കഥ  അറിയാത്തവർ ഒന്നു വായിക്കണേ പ്ലീസ്....

ഒരു ജ്ഞാനിയായ ചെറുപ്പക്കാരന് വഴിയിൽ നിന്ന് ഒരു തലയോടു കിട്ടി. അദ്ദേഹം തലയിലെഴുത്തു വായിക്കാൻ കഴിവുള്ളവനായിരുന്നു.ആ തലയോട്ടിൽ ഇങ്ങനെ എഴുതിയിരുന്നു

-

ഇതും ഇതിൽപ്പരവും വരും 

geetha-pushkaran ഗീതാപുഷ്ക്കരൻ.

അദ്ദേഹം അമ്പരന്നു. തലയോടായിക്കഴിഞ്ഞ് ഇനിയെന്തു വരാൻ എന്നദ്ദേഹം അത്ഭുതം കൂറി. എന്തായാലും തലയോടു ഭദ്രമായി സൂക്ഷിച്ച് നിരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. തലയോട് ഒരു പട്ടിൽപ്പൊതിഞ്ഞ് പെട്ടിയിൽ സൂക്ഷിച്ചുവച്ചു. അദ്ദേഹം വിവാഹിതനായി. ഭാര്യയെപ്പോഴോ ഒരിക്കൽ അദ്ദേഹമാ തലയോട് എടുത്തു സൂക്ഷിച്ചുനോക്കി തിരികെവക്കുന്നത് കണ്ടു. പലപ്രാവശ്യം ഈ ചെയ്തി ആവർത്തിക്കുന്നതുകണ്ട അവർ അദ്ദേഹമില്ലാത്ത അവസരത്തിൽ അതെടുത്ത് കല്ലുരലിലിട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ചുപൊടിച്ചു കടലിൽകലക്കി. അദ്ദേഹത്തിന്റെ മരിച്ചുപോയ പ്രണയിനിയുടേതാവാം ആ തലയോട് എന്നനിഗമനത്തിലായിരുന്നു ആ പ്രവർത്തി.

ഇപ്പോൾ മനസ്സിലായില്ലേ ഇതിൽപ്പരം എന്ത്ന്ന്.

കേരളീയ വനിതകൾ പുരുഷന്മാർക്ക് തല്ലുവാൻ സ്വമേധയാ കരണം കാട്ടിക്കൊടുക്കുന്ന അവസരങ്ങൾ കണ്ടില്ലേ ഇല്ലെങ്കിൽ കണ്ടു പഠിക്കുക ലോകത്താകമാനമുള്ള മാന്യ വനിതകളേ, ഇതോടൊപ്പം ഞാനാ അവസരങ്ങൾകൂട്ടിച്ചേർത്തിട്ടുണ്ട് ..പുതിയ പാഠങ്ങൾ.

ഭർത്താവിന്റെ മാതാപിതാക്കളെ ഭാര്യ ബഹുമാനിച്ചില്ലെങ്കിൽ കരണം കാട്ടിക്കൊടുക്കുക.

 

കുടുംബത്തേയും കുട്ടികളേയും നോക്കാതിരുന്നാൽ മറുകരണവും കാട്ടിക്കൊടുക്കുക.

 

നന്നായി പാചകംചെയ്യാൻ അറിയാത്തവർ,പുറംകാട്ടി ഇടിമേടിക്കാൻ സൗകര്യത്തിന് നിന്നുകൊടുക്കുക.

 

പറയുമ്പോൾ കിടന്നുകൊടുക്കുവാൻ പ്രയാസമുള്ളവർ സർവ്വാംഗങ്ങളും കാട്ടി തല്ലുമേടിക്കാൻ പാകത്തിനു നിൽക്കുക.

 

അനുവാദമില്ലാതെ പുറത്തു പോയാൽ, വേഗം മടങ്ങിയെത്തി അടിവാങ്ങാൻ സന്നദ്ധയായി നിൽക്കുക.

ഭർത്താവ് സംശയരോഗിയാണെങ്കിൽ ,മർദ്ദനമുറകളോടു സർവ്വാത്മനാ സഹകരിക്കുക, ഭർത്താവുമായി തർക്കിക്കുന്ന ഭാര്യമാർ തല്ലു വാങ്ങാൻ സന്നദ്ധയായി നിന്നുകൊണ്ടു തർക്കിക്കുക.

മുകളിൽപ്പറയുന്ന കാര്യങ്ങൾ ചെയ്യാത്ത പുരുഷന്മാരെ, സ്വന്തം മാതാപിതാക്കളെ ചവിട്ടി പുറത്താക്കുന്നവരെ, ഭാര്യയോടു പറയാതെ ഊരുചുറ്റുന്നവരെ, സംശയ രോഗിയായ ഭാര്യയുള്ളവരെ, ഭാര്യയോട്, മാന്യഭർത്താവിന്റെ പിതാവിന്റെ നാമധേയത്തിൽപ്പോലും തർക്കിക്കുന്നവരെ, ഒരു കട്ടൻകാപ്പി പോലും ഉണ്ടാക്കാനറിയാത്തവരെ, ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്താൻ ഇഷ്ടമില്ലാത്തവരെ, കുടുംബം നോക്കാതെ കള്ളുകുടിയുംപെണ്ണൂ പിടിച്ചും നടക്കുന്ന മാന്യരെ, എങ്ങിനെ ആദരിക്കണമെന്ന്, കാൽ കഴുകിച്ച് പീഠത്തിലിരുത്തി പൂവിട്ട് പൂജിച്ച് പാലും പഴവും വെള്ളിപ്പാത്രങ്ങളിൽ നൽകി സ്വീകരിച്ചാദരിച്ചാൽ മതിയാകുവോ എന്നുകൂടി പറയെന്റെ 69% പെൺ പിറപ്പുകളെ...

മർദ്ദിക്കാനല്ല, മാനിക്കാൻ പഠിക്കട്ടേ ആൺമക്കൾ.നാൽപ്പതുവർഷം നീണ്ട വിവാഹ ജീവിതത്തിനിടയിൽ, ഔദ്യോഗിക ജീവിതത്തിനിടയിൽ വിശ്രമം, ഉല്ലാസം, വിനോദയാത്ര തുടങ്ങിയവയൊന്നും ഉണ്ടായിട്ടേയില്ല. വിരലിലെണ്ണാവുന്ന സിനിമകളേ കണ്ടിട്ടുള്ളു. ഉത്സവം കാണാറില്ല. ബന്ധുവീട് സന്ദർശം, അയൽവക്ക സന്ദർശനം തുടങ്ങിയവ മരണത്തിനും രോഗമറിയുവാനും മാത്രം. വിവാഹത്തിനു പോലും പട്ടും പൂവും ആഭരങ്ങളും ഉണ്ടായിട്ടില്ല. ഒരു പിറന്നാളുപോലും ആഘോഷിച്ചിട്ടില്ല. സ്വന്തം  സഹോദരന്മാർപോലും ഒരു വസ്ത്രം വാങ്ങി തന്നിട്ടില്ല. കൊടുത്തേ ശീലമുള്ളു. ആരോടും ഔദ്യോഗിക ജീവിതത്തിനിടയിൽ കട്ടൻചായ പോലും വാങ്ങിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല കൈക്കൂലിയായി. ആകെയുണ്ടായിരുന്ന ആഡംബരം

പുസ്തകങ്ങളായിരുന്നു. ഇതെന്റെ മാത്രം കഥയല്ല. 95% മദ്ധ്യവർഗ്ഗ കുടുംബിനികളുടേയും ചരിത്രമാണ്, ജീവിതമാണ് -എന്നിട്ടും നമ്മൾ ആരായി ചിന്തിക്കേണ്ടിയിരിക്കുന്നു പലതും വരും തലമുറയെങ്കിലും ജീവിക്കട്ടെ ഉല്ലാസത്തോടെ, ആർജ്ജവത്തോടെ. എനിക്ക് കിട്ടാത്ത സുഖങ്ങളും അവസരങ്ങളും എന്റെ മരുമകൾക്ക്, അടുത്ത തലമുറക്ക് കിട്ടണമെന്നാണ് ആഗ്രഹം.

അതിനായി ആദ്യം എന്റെ മകൻ നന്നാവണം.ഭാര്യയെ മനസ്സിലാക്കണം, മാനിക്കണം, സർവ്വോപരി സ്നേഹിക്കണം. ഇതാവട്ടേ ഇനിയെങ്കിലും നമ്മൾ സ്ത്രീകളുടെ ലക്ഷ്യം. ആൺമക്കൾ നന്നാവട്ടേ. സ്ത്രീ സൗഹൃദ മനസ്സുണ്ടാവട്ടെ-അമ്മയും പെങ്ങളും ഭാര്യയും അന്യ സ്ത്രീയുംകുഞ്ഞുങ്ങളും വൃദ്ധരും നിരാലംബരും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് നമ്മുടെ ആൺമക്കൾ അറിയട്ടേ ആദ്യം. മാനിക്കാൻ പഠിക്കട്ടേ സ്ത്രീകളെ

മർദ്ദിക്കാനല്ല ,മാനിക്കാൻ പഠിക്കട്ടെ.

എന്തൊക്കെയായാലും തങ്ങള്‍ അടി കൊള്ളേണ്ടവരല്ല എന്ന് വിശ്വസിക്കുന്ന ബാക്കി ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തോട് വിയോജിയ്ക്കുന്ന ബാക്കി ശതമാനം പുരുഷന്മാരും ഒരു പ്രതീക്ഷ തന്നെയാണ്.