ADVERTISEMENT

ഇരട്ടപ്പേരുകൊണ്ടും അർഥംവച്ച നോട്ടംകൊണ്ടും പരിഹാസമുനയുള്ള വാക്കുകൾ കൊണ്ടും അഭിസംബോധന ചെയ്യപ്പെടുന്ന ചിലരുണ്ട്. സമൂഹം അവർക്കു നൽകിയ പേര് ട്രാൻസ്ജെൻഡർ എന്നാണ്. നമുക്കു പരിഹസിക്കാൻ പറ്റിയ ആളുകളെന്ന് സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾക്കു വരെ അവരെ പരിചയപ്പെടുത്തുന്ന, എല്ലാം തികഞ്ഞവരെന്ന് ഊറ്റംകൊള്ളുന്ന മനുഷ്യർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു ജീവിതത്തെപ്പറ്റിയാണ് ഇനി പറയുന്നത്. സ്വത്വബോധം പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും പ്രായോഗിക ബുദ്ധിയോടെ ജീവിതത്തെ തിരികെപ്പിടിച്ച ധീരയായ ഒരു സ്ത്രീയുടെ ജീവിതം. അപമാനങ്ങളെ ഭയന്ന ഭൂതകാലത്തിൽ അയാളുടെ പേര് ജിനു ശശിധരൻ എന്നായിരുന്നു. തൃശൂർ അയ്യന്തോൾ സ്വദേശി ഡോ. ജിനു ശശിധരൻ കേരളത്തിലെ ആദ്യ ട്രാൻസ്‌വുമൺ ഡോക്ടറായ വി.എസ് പ്രിയയായി മാറിയ കഥയാണിത്. ബാല്യകാലസഖിയെപ്പറ്റി എം.പി. പോൾ പറഞ്ഞതു കടമെടുത്താൽ, വക്കിൽ ചോര പൊടിഞ്ഞിരിക്കുന്ന ജീവിതത്തിന്റെ ഒരേട്.

∙ എനിക്ക് ഇങ്ങനെ ജീവിച്ചാൽ പോര

തൃശൂർ അയ്യന്തോളാണ് വീട്. പ്ലസ്ടു വരെ കൊല്ലത്തായിരുന്നു പഠനം. എന്നിലെ പെണ്ണിനെ ഞാൻ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. പക്ഷേ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാത്ത ആ ഘട്ടത്തിൽ എനിക്ക് ആളുകളോട് ഇടപഴകാൻ ഭയവും പേടിയുമായിരുന്നു. എന്നെ പെണ്ണായി കാണണമെന്നു സ്കൂളിലെ കൂട്ടുകാരോടു പറഞ്ഞപ്പോൾ നേരിട്ട പരിഹാസം എന്നെ കൂടുതൽ ഉൾവലിയാൻ പ്രേരിപ്പിച്ചു. കുടുംബം ഒപ്പം വേണം, മറ്റുള്ളവരെപ്പോലെ ജീവിക്കണം എന്നു തോന്നിയത് കോളജ് കാലത്താണ്. ആ സമയത്ത് നോർമൽ ലൈഫ് വേണമെന്ന ആഗ്രഹത്താൽ ഉള്ളിലെ പെണ്ണിനെ ഒളിപ്പിച്ച് ആണിനെപ്പോലെ പെരുമാറാൻ ശ്രമിച്ചു. കൂട്ടുകാരെ കിട്ടാനും നന്നായി പഠിക്കാനും അതെന്നെ സഹായിച്ചു. എനിക്കൊരു ഐഡന്റിന്റി ക്രൈസിസ് ഉണ്ടെന്ന് ആർക്കും മനസ്സിലായതേയില്ല. അതു സമ്മാനിച്ചത് വലിയൊരു എക്സൈറ്റ്മെന്റ് ആയിരുന്നു. പഴയ ജീവിതത്തോടുള്ള പ്രതികാരമെന്ന നിലയിൽ ബിരുദ, ബിരുദാനന്തര കാലഘട്ടത്തിൽ ഒരു ആൺകുട്ടിയുടെ ജീവിതം ഞാൻ ആഘോഷിച്ചു. സ്കൂൾ ജീവിതത്തിൽ ചെയ്യാൻ പേടിച്ചിരുന്ന കാര്യങ്ങൾ ധൈര്യത്തോടെ ചെയ്തു. ഇഷ്ടം പോലെ കൂട്ടുകാരും സ്വാതന്ത്ര്യവുമൊക്കെയായി ജീവിതം ആഘോഷിച്ചു. ഫ്രസ്ട്രേഷൻ വരുമെന്ന ഘട്ടത്തിലാണ് മാറിച്ചിന്തിച്ചത്.

∙ പ്രഫഷനൽ ജീവിതത്തിൽ അഭിനയത്തിനു സ്കോപ്പില്ല

priya3

പഠനം കഴിഞ്ഞ് ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതുവരെയേ ആ അഭിനയത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പഠനം, കോളജ്, സൗഹൃദം ഇങ്ങനെ പലതിലുമായിരുന്നു അതുവരെ ഫോക്കസ്. ആയുർവേദം എനിക്ക് ഏറെയിഷ്ടമുള്ള പ്രഫഷനാണ്. പക്ഷേ അതുപോലെതന്നെ  പ്രധാനമാണ് എന്റെ സ്വകാര്യജീവിതവും. കുടുംബം, കുഞ്ഞുങ്ങൾ ഇതൊക്കെ എന്റെയും സ്വപ്നമാണ്. പക്ഷേ നിലവിലെ ശരീരംകൊണ്ട് എനിക്കതൊന്നും സാധ്യമല്ല. ആ തിരിച്ചറിവിലാണ് എനിക്ക് ആദ്യമായി ഫ്രസ്ട്രേഷൻ തോന്നിയത്. കുടുംബത്തോട് ഇതു തുറന്നു പറയാൻ വയ്യ. ആകെക്കൂടി ഒരു ഒറ്റപ്പെടൽ, ജീവിതം മടുത്തുവെന്ന തോന്നൽ. പുറമേ നോക്കുന്നവർക്ക് എന്റെ ജീവിതം പെർഫെക്ടാണ്. ഒരു സക്സസ്ഫുൾ ഡോക്ടർ. സ്പെഷലൈസേഷനൊക്കെ കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു. സാമ്പത്തിക സ്ഥിരതയുണ്ട്. പക്ഷേ ഇത്രയൊക്കെയുണ്ടായിട്ടും ജീവിതം ശൂന്യമാണെന്ന് എനിക്കു തോന്നി. ഇത്രയും വർഷം ഈ ഭൂമിയിൽ ഞാൻ ജീവിക്കുകയായിരുന്നോ എന്നു സംശയം തോന്നി. ട്രാൻസിഷനു ശേഷമാണ് ഞാൻ‌ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്. അതുവരെ മരണത്തിലേക്കുള്ള ദൂരം മാത്രമായിരുന്നു എനിക്ക് ജീവിതം. ഇപ്പോൾ ജീവിച്ചു തന്നെ മരിക്കണം എന്നാണ് ആഗ്രഹം.

മാനസിക പ്രശ്നമെന്നു ഭയന്ന് ഒളിച്ചുവച്ചു

ഏതൊരു ട്രാൻസ് വ്യക്തിയും താൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാണെന്നു തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. പക്ഷേ അത് ആരോടാണു പറയേണ്ടതെന്നറിയാതെ, ആ തോന്നൽ ഒരു മാനസിക പ്രശ്നമായിരിക്കുമോ എന്നു ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മനസ്സിലുള്ളതെല്ലാം ഡയറിയിലെഴുതി. അവിചാരിതമായി വീട്ടുകാർ അത് കാണുകയും മാനസിക പ്രശ്നമാണോ എന്ന ടെൻഷനിൽ സൈക്യാട്രിസ്റ്റിനെ കാണിക്കുകയും ചെയ്തു. ആ ഡോക്ടറാണ് എന്റേതു മാനസിക പ്രശ്നമല്ലെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയത്. കുട്ടി കുറച്ച് വ്യത്യസ്തനാണെന്നും മെഡിസിനുകളുടെ ആവശ്യമില്ലെന്നും നിർബന്ധമാണെങ്കിൽ മെഡിസിൻ നൽകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മെഡിസിൻ വേണ്ടെന്ന് വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടാണ് ഇന്നും നോർമലായി ഞാൻ ജീവിക്കുന്നത്. ആ സംഭവം കാര്യങ്ങളെ കുറച്ചുകൂടി ലഘൂകരിച്ചു. എന്നെപ്പറ്റി അത്രയും നേരത്തേ അവർക്കു ലഭിച്ച തിരിച്ചറിവ് എന്നെ പലരീതിയിലും സഹായിച്ചിട്ടുണ്ട്.

ഒളിച്ചോടാം, അല്ലെങ്കിൽ അഭിനയിക്കാം

priya1

എന്തുതരം മാറ്റത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നതെന്ന് കൃത്യമായി തിരിച്ചറിയാനൊരു സാഹചര്യം ആദ്യകാലത്ത് എനിക്കോ എന്റെ ചുറ്റുപാടുമുള്ളവർക്കോ ഉണ്ടായിരുന്നില്ല. ഞാനൊരു ട്രാൻസ്ജെൻഡറാണെന്നോ എന്താണ് ചെയ്യേണ്ടതെന്നോ ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്റെ മുന്നിൽ ആകെയുണ്ടായിരുന്നത് രണ്ടു ഓപ്ഷനുകളായിരുന്നു. ഒന്ന്, സ്വത്വം തിരിച്ചറിഞ്ഞ നാളുകളിൽ വീടുവിട്ട് ഓടിപ്പോവുക. രണ്ട്, ഉള്ളിലെ മാറ്റങ്ങളെ അടക്കി വീട്ടുകാരോടൊപ്പം ജീവിക്കുക. എന്നെ വീട്ടിൽത്തന്നെ പിടിച്ചു നിർത്തിയത് കുടുംബവുമായുള്ള ശക്തമായ ആത്മബന്ധം തന്നെയാണ്. ഞാൻ എങ്ങനെയായിരുന്നെങ്കിലും അങ്ങനെതന്നെ എന്നെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർ തയാറായിരുന്നു. ജെൻഡർ ഐഡന്റിറ്റി ക്രൈസിസ് ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും കുടുംബാംഗങ്ങളുടെ പിന്തുണ നൽകിയ കരുത്തിലാണ് ഞാൻ പിടിച്ചു നിന്നത്.

മാറാരോഗം വന്നാലും ചികിൽസിക്കും പക്ഷേ...

priya4

എത്ര സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായാലും, തങ്ങളുടെ കുഞ്ഞിന് അതിഗുരുതരമായ ഏതെങ്കിലും രോഗം വന്നാൽ ചികിൽസിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും കഴിവിലുമപ്പുറം ശ്രമിക്കും. എന്നാൽ കുട്ടി ട്രാൻസ്ജെൻഡറാണെന്നറിഞ്ഞാൽ ഇത്തരം പരിഗണനകളൊന്നുമുണ്ടാവില്ല. കുടുംബത്തിന്റെ നിലയും വിലയും പോകുമെന്ന് പറഞ്ഞ് അവരെ ഒഴിവാക്കാനോ അത്തരം കുട്ടികളുടെ സ്വത്വത്തെ ഒളിപ്പിച്ചു വയ്ക്കാനോ ആകും പലരും വ്യഗ്രത കാട്ടുക. ആ സോഷ്യൽ സ്റ്റിഗ്മയാണ് മാറേണ്ടത്. നവ സമൂഹത്തിൽ ഈ വിഷയം എത്രത്തോളം പ്രസക്തമാണെന്നു മനസ്സിലാക്കണമെങ്കിൽ മെഡിക്കൽ രംഗത്തെ വളർച്ച മാത്രം ശ്രദ്ധിച്ചാൽ മതി. ജെൻഡർ ട്രാൻസിഷൻ എന്നു പറയുന്നത് വലിയൊരു സയൻസാണ്. ട്രാൻസിനെപ്പറ്റി സമൂഹം കുറേ അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും മുൻവിധികളും വച്ചുപുലർത്തുമ്പോൾപോലും മെഡിക്കൽ സയൻസ് ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

ആണ് പെണ്ണായി മാറിയതിന്റെ കൗതുകമാണ് ആളുകൾക്ക്

ആദ്യകാലത്ത് കുടുംബത്തിനു വേണ്ടി ഞാൻ എന്റെ ജെൻഡർ ഐഡന്റിറ്റി ഒളിച്ചു വച്ചു. ആണിന്റെ മാസ്ക് അണിഞ്ഞ് ഒരു പെണ്ണിന് ഒരുപാടുകാലം ജീവിക്കാനാവില്ല. ഒരു ഘട്ടം കഴിഞ്ഞാൽ പിടിവിട്ടു പോകും. ജെൻഡർ ട്രാൻസിഷന് വിധേയയായ എന്നെക്കണ്ടപ്പോൾ ഒരാണ് പെണ്ണായി മാറിയ കൗതുകമായിരുന്നു ആളുകൾക്ക്. പക്ഷേ ശരിക്കും സംഭവിച്ചത് പെണ്ണ് പെണ്ണായിത്തന്നെ ജീവിക്കാൻ തയാറായി എന്നതാണ്. എന്റെ ജീവിതകഥയെ ഇങ്ങനെ ചുരുക്കിപ്പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽനിന്ന് നൽകാൻ ഞാൻ ആഗ്രഹിക്കുന്ന സന്ദേശമിതാണ്– കുട്ടികളെ അവരായിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കാനും സ്നേഹിക്കാനും അവർക്ക് കരുതൽ നൽകാനും കുടുംബം തയാറാകണം. അവർക്ക് നല്ല വിദ്യാഭ്യാസം നൽകി നല്ല പൗരന്മാരായി വളർത്താൻ ശ്രമിക്കണം.

ട്രാൻസിഷന് വിധേയായത് ഏറെ തയാറെടുപ്പോടെ

ട്രാൻസ്ജെൻഡർ എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് സമൂഹത്തിന്റെ പ്രശ്നമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ട്രാൻസ് വ്യക്തിക്ക് അയാളുടെ ജെൻഡർ ഐഡന്റിറ്റിയെപ്പറ്റി ഉറപ്പുണ്ടാകും. പക്ഷേ സമൂഹം അവരെ കാണുക ഓപ്പസിറ്റ് ജെൻഡറിലായിരിക്കും. സ്വത്വം തിരിച്ചറിഞ്ഞ ഒരു ട്രാൻസിന് തന്റെ പ്രശ്നത്തിനുള്ള ഒരേയൊരു പോംവഴി ബയോളജിക്കൽ സെക്സിനെ കറക്ട് ചെയ്യുക എന്നതാണ്. അത്തരമൊരു പ്രശ്നപരിഹാരത്തിലേക്കെത്താൻ എനിക്ക് അറിവു വേണമായിരുന്നു, തയാറെടുപ്പ് വേണമായിരുന്നു. വീട്ടുകാരെ ബോധ്യപ്പെടുത്തണമായിരുന്നു. ട്രാൻസിഷന് തയാറെടുക്കുന്നതിനു മുൻപ് അതിനെപ്പറ്റി രണ്ടുമൂന്നു വർഷം ഞാൻ റിസർച്ച് നടത്തി. ചികിൽസയുടെ ഗുണദോഷത്തെപ്പറ്റി, മെഡിക്കൽ ആക്സ്പെക്റ്റിനെപ്പറ്റി, സോഷ്യൽ ഇംപാക്റ്റിനെപ്പറ്റിയൊക്കെ വിശദമായി പഠിച്ചു. ട്രാൻസിഷനെപ്പറ്റി കേൾക്കുമ്പോൾ എന്റെ കുടുംബത്തിനുണ്ടാകാവുന്ന ആശങ്കകൾ, അത് പരിഹരിക്കാനുള്ള മാർഗങ്ങൾ എന്നിവ കൂടി കണ്ടെത്തിയിട്ടാണ് തീരുമാനം വീട്ടിലവതരിപ്പിച്ചത്. കാരണം അവരുടെ പിന്തുണയോടെ മുന്നോട്ടു പോകാനായിരുന്നു ആഗ്രഹം. എന്തിന്റെ പേരിലായാലും പരസ്പരം ഉപേക്ഷിക്കപ്പെടാൻ ഞങ്ങൾ തയാറല്ലായിരുന്നു. എല്ലാം അനുകൂലമായി വന്നത് ഇത്രയും നല്ല കുടുംബത്തിൽ പിറക്കാൻ പറ്റിയതിന്റെ ഭാഗ്യംകൊണ്ടാണോ, സമയം അനുകൂലമായതുകൊണ്ടാണോ എന്നെനിക്കറിയില്ല.

English Summary: Exclussive Interview WithTrans  Dr. Priya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com