Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുന്നത്?

മണിയൻ പിളള രാജു മണിയൻ പിള്ള രാജു .ഫോട്ടോ: സരിൻ.ടി. ആർ

സിനിമയിൽ നാൽപ്പതുവർഷം പിന്നിടുന്ന മണിയൻ പിളളയുടെ മനസ്സിലൂടെ......

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ സുധീർ കുമാർ എന്ന ചെറുപ്പക്കാരൻ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി പലയിടത്തും അലഞ്ഞു. ഒടുവിൽ സുഹൃത്തും നടിയുമായ മല്ലികയുടെ നിർദേശപ്രകാരം പ്രശസ്ത സംവിധായകൻ ശ്രീകുമാരൻ തമ്പിയെ കാണാൻ ചെന്നു. പക്ഷേ, അദ്ദേഹത്തിന് സുധീർ കുമാറിന്റെ രൂപവും ഭാവവും ഒന്നും തെല്ലും പിടിച്ചില്ല. ‘‘നസീറും മധുവും സത്യനുമൊക്കെ കൊടികുത്തി വാഴുന്ന മലയാളത്തിൽ താൻ എന്തു ചെയ്യാനാണ്? ഒരു പിണ്ണാക്കും ചെയ്യാൻ പറ്റില്ല ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടൊന്നും ഇവിടെ ഒരു നടനും ഉണ്ടായിട്ടില്ല.....’’പരിഹാസം കേട്ട് മനസ്സു തകർന്നാണ് സുധീര്‍ മടങ്ങിയത്. അണ്ണാനഗർ ബസ് സ്റ്റോപ്പിൽ നിന്നു പൊട്ടിപ്പൊട്ടി കരഞ്ഞ സുധീർ കുമാറിനെ തേടി അന്നു വൈകിട്ടു തന്നെ ശ്രീകുമാരൻ തമ്പിയുടെ ഫോൺകോൾ എത്തി. ‘‘നാള രാവിലെ ഷൂട്ടിങ് സെറ്റില്‍ വരണം. ഒരു ചെറിയ വേഷം ഉണ്ട്.’’‌

‌അങ്ങനെ ‘മോഹിനിയാട്ടം’ എന്ന സിനിമയ്ക്കു വേണ്ടി സുധീര്‍കുമാർ ആദ്യമായി മുഖത്തു ചായം തേച്ചു. ‘മോഹിനിയാട്ടം’ റിലീസായിട്ട് മെയ് അഞ്ചിന് നാൽപത് വർഷം തികഞ്ഞു. അന്ന് വിഷമിച്ച് ട്രെയിനിനു കൊണ്ടു തലവെച്ചിരുന്നെങ്കിൽ ഈ അഭിമുഖവും ഫോട്ടോ ഷൂട്ടും ഒന്നും ഉണ്ടാവില്ല. അന്നും ഇന്നും എന്റെ പോളിസിക്കു മാറ്റമില്ല, പരാജയത്തിൽ ഒരുപാട് ദുഃഖിച്ചിരിക്കാനും വിജയത്തിൽ അധികം സന്തോഷിക്കാനും എന്നെ കിട്ടില്ല. ആരോഗ്യമുളളിടത്തോളം അടുത്തതിനു വേണ്ടി അധ്വാനിക്കും. ‘‘വാക്കുകളിൽ ചെറുപ്പവും ഊർജവും നിറച്ച് മണിയൻ പിളള രാജു എന്ന സുധീർ കുമാർ സംസാരിച്ചു, നടനായി. നിർമാതാവുമായി നടന്നു തീർത്ത വഴികളിലെ 40 വർഷത്തെ കഥകള്‍....

മുഖം കൊളളില്ല എന്ന് പറഞ്ഞ് മടക്കി അയച്ച ശ്രീകുമാരൻ തമ്പി എന്തു കൊണ്ടാകും തിരിച്ചു വിളിച്ചത്?

വർഷങ്ങളോളം എന്റെ മനസ്സിലും അതൊരു വലിയ ചോദ്യചിഹ്നം ആയിരുന്നു. പല തവണ തമ്പിസാറിനെ കണ്ടെങ്കിലും ചോദിക്കാനൊരു ധൈര്യക്കുറവ്. ഒടുവിൽ ‘അക്ഷയപാത്രം’ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ രണ്ടും കൽപിച്ച് ചോദിച്ചു....’’മുഖം കൊളളില്ല, നാട്ടിലേക്ക് കെട്ടുകെട്ടിക്കോ എന്ന് ക്രൂരമായി പറഞ്ഞ് വീട്ടിൽ നിന്ന് ഓടിച്ചിട്ടും മണിക്കൂറുകൾക്കുളളില്‍ തിരിച്ചു വിളിച്ചത് എന്തു കൊണ്ടായിരുന്നു..?’’

അദ്ദേഹം നന്നായൊന്നു ചിരിച്ചിട്ടു പറഞ്ഞു. ‘‘അന്നു താൻ വീട്ടിൽ നിന്നിറങ്ങി പോയി ബസ് സ്റ്റോപ്പിൽ നിന്നു കരയുന്നത് വീടിന്റെ രണ്ടാം നിലയിൽ നിന്ന് എന്റെ ഭാര്യ കാണുന്നുണ്ടായിരുന്നു. അവർ ഓടി എന്റെയടുത്തെത്തി പറഞ്ഞു, ‘ചാൻസ് ചോദിച്ചു വരുന്നവരോട് ഇത്ര ക്രൂരമായി പെരുമാറരുത്. ആ പാവം ബസ് സ്റ്റോപ്പിൽ നിന്നു പൊട്ടിക്കരയുവാ. ഇന്ന് അയാൾ കോടമ്പാക്കത്ത് ഏതെങ്കിലും ട്രെയിനിനു തല വയ്ക്കും.’ അതു കേട്ട് ഞാൻ വല്ലാതെ പേടിച്ചു പോയി. താൻ ചാവാതിരിക്കാൻ വേണ്ടി സിനിമയിൽ തനിക്കു വേണ്ടി ഒരു പുതിയ സീൻ എഴുതിച്ചേർക്കുകയായിരുന്നു.’’

ആയിരം വാതിലുകൾ അടയുമ്പോഴും ദൈവം നമുക്കായി ഒരു വാതിൽ തുറക്കും എന്നു കേട്ടിട്ടില്ലേ...അന്ന് ദൈവത്തിന്റെ രൂപത്തിൽ എനിക്കായി വാതിൽ തുറന്നത് തമ്പിസാറിന്റെ ഭാര്യ ആയിരുന്നു. പിന്നീട് ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും ക്ലച്ച് പിടിക്കാതെ നാട്ടിലേക്കു മടങ്ങി വന്ന് ഒരു സ്ക്രീൻ പ്രിന്റിങ് സ്ഥാപനം തുടങ്ങി. അപ്പോഴാണ് സിനിമാക്കാർ പറയും പോലെ അടുത്ത ട്വിസ്റ്റ്.

ബാലചന്ദ്രമേനോൻ, സുകുമാരി എന്നിവർക്കൊപ്പം ബാലചന്ദ്രമേനോൻ, സുകുമാരി എന്നിവർക്കൊപ്പം

ബാലചന്ദ്രമേനോന്റെ മണിയൻ പിളള അഥവാ മണിയൻ പിളള എന്ന സിനിമയിൽ നായകവേഷം. അതോടെ എനിക്കു പേരായി, കൈ നിറയെ സിനിമകളായി, തിരക്കായി.....പക്ഷേ, ഒന്നു മാത്രം പോയി, അച്ഛനും അമ്മയും ഇട്ട പേര്. പഴയ പേര് ഇപ്പോൾ ഓർക്കുന്നത് വോട്ട് ചെയ്യാൻ പോകുമ്പോഴും പാസ്പോർട്ട് കാണുമ്പോഴും മാത്രമാണ്.

ഈ നാല്‍പ്പതു വർഷത്തിനിടയ്ക്ക് അനുഗ്രഹമായി ഓർത്തു വയ്ക്കുന്ന നിമിഷങ്ങളുണ്ടോ?

ഒരുപാട് എന്റെ മകന് നിരഞ്ജ് എന്നു പേരിട്ടത് തിക്കുറിശ്ശി ചേട്ടനാണ്, ശിവാജി ഗണേശനെ പോലെ അവൻ വലിയ നടനാകും എന്നൊരു പ്രവചനവും നടത്തി. എന്റെ വീടിനു തറക്കല്ലിട്ടതും തിക്കുറിശ്ശി ചേട്ടനായിരുന്നു. കാശൊക്കെ വരുമ്പോൾ പണിയാം എന്നു കരുതി തുടങ്ങിയതാണെങ്കിലും പല വഴിക്ക് പണം വന്നു. ഒരു വർഷത്തിനുളളിൽ പാലു കാച്ചലും നടത്തി.

ഒരിക്കൽ സെറ്റിൽ വച്ച് ഞാൻ പറഞ്ഞ അൽപം ‘എ’ കലർന്ന ഒരു തമാശ അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ശരീരമാകെ കുലുക്കി പൊട്ടിച്ചിരിച്ച്, കണ്ണിൽ നിന്നു ചാടിയ കണ്ണീരുതുടച്ച് ചേട്ടൻ ചോദിച്ചു, ‘എടാ, നീ എനിക്കുണ്ടായതാണോ?’തിക്കുറിശ്ശി ചേട്ടന്‍ എത്രയോ മഹാനായ നടനാണ്. ദൂരെ നിന്നു കൊണ്ട് ആരാധിച്ച മനുഷ്യൻ ഇങ്ങനെയൊക്കെ ജീവിതത്തിൽ ഇടപെടുന്നത് അനുഗ്രഹം തന്നെയല്ലേ.ഓർമകൾക്കൊന്നും ഇടമില്ലാത്ത രംഗമാണ് സിനിമ. പക്ഷേ, ഞാനൊക്കെ സിംഗിൾ ചായ വാങ്ങി തന്നവരെപ്പോലും മറക്കില്ല. അത്ര കഷ്ടപ്പെട്ടാണ് സിനിമയിൽ വന്നതും നിന്നതും.

അഭിനയിക്കാൻ വന്ന കാലത്ത് പിന്നിൽ നിന്ന് കുത്തിയ ഒരുപാട് പേരുണ്ട്. ‘വാളെടുത്താൽ വാളാൽ’ എന്ന സിനിമ. കോൺസ്റ്റബിളിന്റെ വേഷം, ഡയലോഗില്ല. കൂടെ അഭിനയിക്കുന്ന ബഹദൂർക്ക എനിക്കു വേണ്ടി സംസാരിച്ചു. രക്ഷയില്ല. മടങ്ങിയ എനിക്ക് പ്രൊഡക്ഷൻ മാനേജർ വണ്ടി തന്നില്ല. ഉമാ ലോഡ്ജിലേക്ക് ഓട്ടോ ചാർജ് രണ്ടു രൂപയാണ്. രണ്ടും കൽപിച്ച് ഓട്ടോ വിളിച്ചു. ആ കാശ് കടമായി തന്നത് ലോഡ്ജിനടുത്തുളള മുറുക്കാൻ കടക്കാരനാണ്.

രാജു രാജു

വർഷങ്ങൾക്കു ശേഷം ‘ചിരിയോ ചിരി’ കഴിഞ്ഞ് മദ്രാസിലെ രഞ്ജിത്ത് ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു പ്രൊഡക്ഷൻ മാനേജർ കാണാന്‍ വന്നു പറഞ്ഞു. ‘സ്കൂൾ തുറക്കുന്ന സമയമാണ്, മക്കൾക്ക് ബുക്ക് വാങ്ങാൻ 500 രൂപ തന്ന് സഹായിക്കണം. ’

ആയിരം രൂപ ഞാൻ കൊടുത്തു. അടുത്ത സിനിമയിൽ എന്തെങ്കിലും ചെറിയ അവസരം വാങ്ങിക്കൊടുക്കാൻ ഏർപ്പാടും ചെയ്തു. ‘സാറിനെ മരിച്ചാലും മറക്കില്ല’ എന്നു പറഞ്ഞു നിന്ന ആളോട് ഞാൻ ആ സത്യം വെളിപ്പെടുത്തി, ‘പണ്ട് വാളെടുത്തവൻ വാളാൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് നിങ്ങൾ ഇറക്കിവിട്ട സുധീർ കുമാറാണ് ഞാൻ. അന്ന് എന്റെ സമയം മോശമായിരുന്നു.’ ഞാൻ കൊടുത്ത 1000 രൂപ അയാളുടെ കൈയിലിരുന്ന് പൊളളുന്നത് ഞാൻ കണ്ടു. ഇങ്ങനെയുളള മധുരപ്രതികാരങ്ങളൊക്കെ പലരോടും ചെയ്തിട്ടുണ്ട്.

സഹായിച്ചവരും കുറവല്ല. വീടിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം വാങ്ങുന്ന സമയം. കുറച്ച് കാശിന്റെ കുറവുണ്ട്. മദ്രാസിൽ വച്ച് മമ്മൂട്ടിയോട് കാര്യം പറഞ്ഞു. ‘നിനക്കൊക്കെ എന്തിനാടാ വീട്’ എന്നു ചോദിച്ച് അദ്ദേഹം നടന്നു പോയി. ചോദിച്ചത് തന്നെ നാണക്കേടായി എന്ന വിഷമത്തിൽ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയതു മമ്മൂട്ടിയാണ്. അടുത്തു വന്ന് കൈയിലൊരു പൊതിവച്ചു തന്നു. ചോദിച്ച പണവും അതിലധികവും. കണ്ണു നിറഞ്ഞു പോയി.കുറച്ചു നാൾ കഴിഞ്ഞ് ആ കടം വീട്ടി. ഇന്ന് ആ സ്ഥലത്തിന് കോടികളാണ് വില. അടുത്തിടെ ഇക്കാര്യം മമ്മൂട്ടിയോട് പറയുമ്പോൾ മറുപടി ഇങ്ങനെ, ‘കുറച്ച് കാശ് എനിക്കു കൂടി താ. ഞാനും ഇൻവെസ്റ്റ് ചെയ്തതല്ലേ....’ ശകുനത്തിൽ വിശ്വാസമില്ല. എങ്കിലും എന്ത് കാര്യത്തിനും ആത്മസുഹൃത്ത് കുഞ്ചന്റെ കൈയിൽ നിന്ന് പണം വാങ്ങുന്നത് എന്റെ രാശിയാണ്.

സിനിമാക്കാർക്കു പെണ്ണു കിട്ടാത്ത കാലത്തായിരുന്നില്ലേ വിവാഹം?

പിന്നല്ലേ. കുഞ്ചന്റെ ഒരു അനുഭവമുണ്ട്. കുറേ ആലോചിച്ചിട്ടൊന്നും കുഞ്ചനു വിവാഹം ശരിയാകുന്നില്ല. അവസാനം ഒരെണ്ണം ഏതാണ്ട് ഒത്തു വന്നു. എന്നാ പിന്നെ മരുമോന്റെ ഒരു പടം കണ്ടിട്ടാകാമെന്ന് പെണ്ണിന്റെ അച്ഛനൊരു മോഹം. കുഞ്ചൻ ചവറ്റു കുട്ടയിൽ നിന്ന് എച്ചിലില പെറുക്കി വറ്റെടുത്ത് തിന്നുന്ന സീന്‍ ആ സിനിമയിലുണ്ട്. അതു കണ്ട് അവർ അന്തം വിട്ടു. കല്യാണവും മുടങ്ങി. എന്റെ കാര്യത്തിലും വീട്ടുകാർക്ക് ഈ ടെൻഷനുളളതിനാൽ ആലോചന പണ്ടേ തുടങ്ങി. പക്ഷേ, ഒന്നും ഒത്തില്ല.

രാജുവും ഇന്ദിരയും വിവാഹദിനത്തിൽ രാജുവും ഇന്ദിരയും വിവാഹദിനത്തിൽ

‘ചിരിയോ ചിരി’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. എന്റെ സുഹൃത്തായ മണി, ‘എന്റെ ചിറ്റപ്പന്റെ വീട് അടുത്തുണ്ട്’ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി. വളരെക്കാലം കാത്തിരുന്ന ശേഷം ഉരുളി കമിഴ്ത്തി കിട്ടിയ മകളാണ് അവർക്കുളളത്. ഇന്ദിര. അന്ന് ഒരു നോട്ടം കണ്ടതോടെ എനിക്ക് ഇഷ്ടമായി മണിയോ‍‍ട് കാര്യം പറഞ്ഞു. പട്ടാളക്കാരനായിരുന്നു അവളുടെ അച്ഛൻ, സിനിമാക്കാരെ തീരെ ഇഷ്ടമില്ല. എന്നാലും ഒന്നു അറിഞ്ഞിരിക്കാം എന്നു കരുതി അവർ പോയി കണ്ടത് ‘അറിയാത്ത വീഥികൾ’ എന്ന പടം. അതിൽ സബിതാ ആനന്ദിനെ ബലാൽക്കാരം ചെയ്തു കൊന്ന് കുറ്റം മോഹൻലാലിന്റെ തലയില്‍ അടിച്ചേൽപിക്കുന്ന കഥാപാത്രമാണ് ഞാന്‍. ആലോചന മുടങ്ങി. നാളുകൾക്ക് ശേഷം മറ്റൊരു സുഹൃത്തായ ബാബുചേട്ടൻ വഴി ആലോചന വീണ്ടും ചെന്നു. അങ്ങനെയാണ് കല്യാണം നടന്നത്. അതിനു ശേഷം ഇന്ദിര പറഞ്ഞു, ‘പിന്നീട് വന്ന പല ആലോചനകളും അവളുടെ ഇഷ്ടക്കേട് കൊണ്ട് നടക്കാതിരുന്നതാണെന്ന്. അവളുടെ അച്ഛനും എന്നെക്കുറിച്ചുളള തെറ്റിദ്ധാരണകളും പയ്യെപ്പയ്യെ മാറി.

സിനിമകള്‍ ചെയ്യും മുമ്പ് ഭാര്യയോട് കഥ പറയുമോ?

മിക്കവാറും പറയാറുണ്ട്. പക്ഷേ, ‘പാവാട’ ചെയ്തപ്പോൾ അതുണ്ടായില്ല. മനഃപൂർവം ചെയ്തതു തന്നെയാണ്. ഫുൾ വർക്ക് കഴിഞ്ഞ് സിഡി കാണുമ്പോൾ അവളുമുണ്ട്. ആശാ ശരത് കോടതിയിൽ വരുന്ന രംഗം വന്നപ്പോൾ അടുത്ത് ഒരു ഏങ്ങലടി. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. അന്നേരം ഞാൻ മനസ്സിൽ കുറിച്ചു. ചിത്രം വിജയിക്കും. സ്ത്രീകൾക്ക് അത്ര മനസ്സിൽ തട്ടുന്നതാണ് ആശയുടെ ഡയലോഗുകൾ. കോടതി രംഗത്തിൽ പൃഥ്വിയുടെ അഭിനയം കണ്ടിട്ട് പ്രിയദർശൻ പറഞ്ഞത്, അമ്മയോടുളള സ്നേഹം അവന്റെ കണ്ണിലുണ്ട് എന്നാണ്. സ്ത്രീകൾ വളരെ സെൻസിറ്റീവായി കണ്ട സിനിമയാണത്.

സിസിലി വര്‍ഗീസിന്റെ വേഷത്തിലേക്ക് ശോഭനയെയാണ് ആദ്യം വിളിച്ചത്. ഡാൻസ് പ്രോഗ്രാമുണ്ട്, മകളുണ്ട്, ചെന്നൈ വിട്ടു വരാൻ പറ്റില്ല എന്നു പറഞ്ഞ് ശോഭന ഒഴിയാൻ നോക്കി. മദ്രാസില്‍ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ഒരുക്കമായിരുന്നു. അന്നേരമാണ് പൃഥ്വിരാജിന്റെ ചേച്ചി വരെയാകാം, അമ്മയാകാൻ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്. ആശയും ആദ്യം ബുദ്ധിമുട്ട് പറഞ്ഞു, കമലാഹാസന്റെ വരെ നായികയായതല്ലേ, സ്വാഭാവികം. പക്ഷേ, ഞങ്ങൾക്ക് വേറെ ഓപ്ഷനില്ലായിരുന്നു. ഫ്ലാഷ്ബാക്കിൽ അന്നത്തെ കാലത്ത് അതിസുന്ദരിയായിരുന്നു നായികയെയാണ് കാണിക്കുന്നത്. അത് മറ്റാരും ചെയ്താൽ ശരിയാകില്ല. രഞ്ജി പണിക്കരുൾപ്പെടെ സിനിമാ രംഗത്തെ പലരും റെക്കമന്റ് ചെയ്തിട്ടാണ് ആശ സമ്മതിച്ചത്. നരച്ച തലയുളള പോസ്റ്റർ ഇറക്കരുത് എന്ന റിക്വസ്റ്റ് മാത്രമേ അവർ വച്ചുളളൂ.

സിസിലി വർഗീസിനെ പോലെ ജീവിതത്തിൽ ഇങ്ങനെ ചതിക്കപ്പെട്ട പലരേയും ഞാൻ കണ്ടിട്ടുണ്ട്. 1975 ൽ ഞാനും അഭിനയിച്ച സിനിമയായിരുന്നു ‘ഉത്രാടരാത്രി’. അതിൽ നടി ശോഭ കുളിക്കുന്ന രംഗമുണ്ട്. ചരുവത്തിൽ നിന്ന് വലിയ പാത്രത്തിൽ വെളളം കോരിയൊഴിക്കുന്ന ശബ്ദം. കൂടെ ശോഭ പാടുന്ന മൂളിപ്പാട്ടാണ് ‘മഞ്ഞു കൊഴിയുന്നു മാമരം കോച്ചുന്നു....’ ഈ പാട്ട് കേട്ട് നായകന്‍ ഒരു പെട്ടി എടുത്തു വച്ച് ജനലിലൂടെ ഒളിഞ്ഞു നോക്കും. ആരാ എന്നു ചോദിക്കുമ്പോൾ ഓടി മറയും. പക്ഷേ, മദ്രാസിൽ പടം കാണിക്കുമ്പോൾ ബോക്സിനു മുകളിൽ കയറി നായകൻ നോക്കുന്ന സീനിനു പിന്നാലെ അകത്തു നിന്ന് പൂർണ നഗ്നായായി ഒരു പെൺകുട്ടി കുളിക്കുന്നുണ്ട്.

എന്റെ പരിചയത്തിലുളള ഒരു ബാങ്ക് മാനേജരുണ്ടായിരുന്നു. പുളളിക്ക് അഭിനയിക്കാൻ ചാൻസ് കിട്ടി. ബൈക്കിൽ വന്നിറങ്ങി സ്റ്റെയർ കെയ്സ് കയറി പോകുന്നു. മുറിയിൽ നിന്നിറങ്ങി വരുമ്പോൾ ആരോടോ കശപിശ ഉണ്ടാകുന്നു. ഇതാണ് സീൻ. കുറേ മാസങ്ങൾ കഴിഞ്ഞ് സിനിമ റിലീസാകുമ്പോൾ സഹപ്രവർത്തകരെ കൂട്ടി അയാൾ സിനിമയ്ക്കു പോയി. ബൈക്കിൽ വന്ന് റൂമിൽ കയറിക്കഴിഞ്ഞ് പിന്നെയുളളത് ഒരു പെണ്ണിനൊപ്പമുളള കിടപ്പറ രംഗങ്ങൾ. മാനക്കേട് സഹിക്കാതെ ട്രാൻ‌സ്ഫർ വാങ്ങി നാടു വിടുകയായിരുന്നു അയാൾ.

വിജയചിത്രങ്ങൾ മാത്രമല്ലല്ലോ അക്കൗണ്ടിൽ?‌

നിർമിക്കുന്ന പത്താമത്തെ സിനിമായാണ് പാവാട. ചെന്നൈയിൽ വച്ച് ഒരു സംസാരത്തിനിടെയാണ് ബിപിൻ ചന്ദ്രന്‍ ഈ കഥ പറയുന്നത്. പിറ്റേ ദിവസം തന്നെ ആ പേര് രജിസ്റ്റർ ചെയ്തു. കഥ മാറിയെങ്കിലും പേര് മാറ്റാൻ തയാറല്ലായിരുന്നു. ഫ്രണ്ട്ഷിപ്പും അമ്മ–മകൻ ബന്ധവും എന്നും വിറ്റുപോകുന്ന രണ്ട് കഥാവിഷയങ്ങളാണ്. ‘പാവാട’ എടുക്കുമ്പോഴേ അറിയാമായിരുന്നു വിജയിക്കുമെന്ന്. വർക്ക് നടക്കുമ്പോൾ തന്നെ പൊട്ടുമെന്ന് മനസ്സിൽ തോന്നിയ ചിത്രങ്ങളുണ്ട്. ‘അനശ്വരം’ അങ്ങനെയൊരു ചിത്രമാണ്. ആ കടം വീട്ടാൻ മൂന്നുവർഷം ഓടിനടന്ന അഭിനയിക്കേണ്ടി വന്നു. പിന്നീട് നിർമിച്ച ‘കണ്ണെഴുതി പൊട്ടും തൊട്ട്’ അവാർഡുകൾ നേടിയെങ്കിലും സാമ്പത്തിക വിജയമായില്ല.

നിരഞ്ജ്, ഇന്ദിര, രാജു, സച്ചിൻ നിരഞ്ജ്, ഇന്ദിര, രാജു, സച്ചിൻ

അവസാന ചിത്രം ‘ബ്ലാക്ക് ബട്ടർഫ്ലൈ’യിൽ മകനായിരുന്നു ഒരു നടൻ. റിലീസ് ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി കാറിൽ കയറുമ്പോൾ അതാ കിടക്കുന്നു ഫോൺ താഴെ. 35000 രൂപ വിലയുളള പുത്തൻ ഫോൺ തവിടുപൊടി. ഉച്ചയായതോടെ സിനിമയുടെ ഭാവിയും തീരുമാനമായി. സുഹൃത്തുക്കൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘രാവിലെ ഫോൺ പൊട്ടി, ഉച്ചയ്ക്ക് പടവും പൊട്ടി.’ അങ്ങനെ രണ്ടു പൊട്ടൽ ഒരേ ദിവസം സഹിച്ചവനാണ് ഞാൻ.

പാവാടയിൽ സുനിൽ സുഖദയുടെ കഥാപാത്രം പറയുന്നുണ്ട്, ഇന്നത്തെ ന്യൂജനറേഷൻ പിളളാര് പാന്റ് താഴ്ത്തിയിട്ട് നിക്കർ കാണിച്ച് ക്ലിച്ചാ ക്ലിച്ചാ എന്ന് പടമെടുക്കും എന്ന്. ന്യൂജനറേഷനിട്ട് ഒരു കൊട്ടാണോ?

അങ്ങനെയല്ല. നമ്മളൊക്കെ വന്ന ഒരു വഴിയുണ്ട്. ആ ഡെഡിക്കേഷൻ. എങ്ങനെ കഠിനാധ്വാനം ചെയ്തും ഇവിടെ പിടിച്ചു നിൽക്കാനുളള ശ്രമം. ‘ഒന്നാണ് നമ്മൾ’ എന്ന പഴയ സിനിമയിൽ ഞാനും രണ്ടര വയസ്സുളള ബേബി ശാലിനിയും കൂടി ഒരു ഡാൻസുണ്ട്. കുറച്ചു ദ‌ിവസം മുമ്പ് ഈ സിനിമ ടിവിയിൽ കണ്ടിട്ട് മുകേഷ് വിളിച്ചു. ‘എങ്ങനെയും മലയാള സിനിമയിൽ കയറിപ്പറ്റണം, അതിനായി എന്ത് ത്യാഗം ചെയ്യാനും റെഡി’ എന്ന് നിന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് എന്നു പറഞ്ഞു ചിരിച്ചു.

മറ്റു ബിസിനസ് പോലെ, സിനിമിൽ നമ്മളെ പ്രമോട്ട് ചെയ്യാൻ ആരുമുണ്ടാകില്ല. എന്റെ അച്ഛൻ പടമെടുത്താൽ പോലും പറയും,‘ഇപ്പോൾ മാർക്കറ്റ് നിവിൻ പോളിക്കാണ് നീ മാറിനിൽക്ക്....’ എന്ന്. സിനിമയിൽ കയറിവരാന്‌ കഠിനാധ്വാനം കൂടിയേ തീരൂ. ഇപ്പോഴും ക്യാമറയുടെ മുന്നിൽ ഫസ്റ്റ് ഷോട്ടിന് നിൽക്കുമ്പോൾ എനിക്ക് വിറയ്ക്കും. തട്ടിൽ കയറും മുമ്പ് മുട്ടു വിറയ്ക്കും എന്ന് പറയാറില്ലേ, അതു തന്നെ.

മണിയൻ പിളള രാജു മണിയൻ പിള്ള രാജു .ഫോട്ടോ: സരിൻ.ടി. ആർ

പക്ഷേ ഇന്നത്തെ ആളുകൾക്ക് ആ പേടിയില്ല. അഭിനയം ഈസി, ചാൻസ് കിട്ടാനും ഈസി. പത്മരാജന്റെയും എം.ടിയുടെയും ലോഹിതദാസിന്റെയുമൊക്കെ സിനിമകളിൽ മോഹൻലാലും മമ്മൂട്ടിയും ചെയ്തതു പോലുളള റോളുകൾ അവർക്ക് വരട്ടെ, അന്നേരം അറിയാം അഭിനയത്തിന്റെ റേഞ്ച്. ഇപ്പോഴത്തെ കാണികളും വളരെ അഡ്വാൻസ്ഡാണ്. ബേസിക് അറിവുണ്ട്. നല്ല സിനിമ വന്നാലേ അവർ അംഗീകരിക്കൂ.

ആദ്യകാല കഥകളൊക്കെ മക്കളെ ഓര്‍മിപ്പിക്കാറുണ്ടോ?

പിന്നില്ലാതെ. എന്റെ എന്തു കാര്യം പറ‍ഞ്ഞു തുടങ്ങിയാലും വന്നെത്തുന്നത് ഒരു പഴയ കഥയിലാകും. ഈ വാച്ചിന്റെ കഥ പറയാം. ഷാഗൺ എന്ന ഇംപോർട്ടഡ് ബ്രാൻഡാണിത്. ഒരിക്കൽ വിദേശത്ത് നിന്ന് വരുമ്പോൾ ഇതിന്റെ ലേഡീസ് വാച്ച് മൂത്ത മോൻ ഇന്ദിരയ്ക്കു വേണ്ടി വാങ്ങി വന്നു. വലിയ പിശുക്കനാണ് അവൻ. സമ്മാനം കിട്ടിയപ്പോൾ ഇന്ദിര ഞെട്ടി, ഞാനും ‘അമ്മയ്ക്ക് സമ്മാനം വാങ്ങാൻ നിന്റെ പോക്കറ്റിൽ നിന്ന് കാശിറങ്ങും അല്ലേ...’ അടുത്ത ജന്മദിനത്തിന് അവന്റെ വക എനിക്കു കിട്ടിയ സമ്മാനമാണ് ഈ വാച്ച്. കാശിന്റെ കാര്യത്തിൽ ഞാനൊക്കെ ഇന്ന് ലാവിഷാണ്. എവിടെ ഭക്ഷണം കഴിക്കാൻ പോയാലും ഞാനേ പേ ചെയ്യൂ. മുമ്പ് കൂട്ടുകാരുമായി ഭക്ഷണം കഴിച്ചിട്ട് ബില്ല് വരുമ്പോൾ തന്ത്രപൂർവം കൈ കഴുകാൻ പോകും. കൂട്ടുകാർ ഭക്ഷണം വാങ്ങിത്തരുമ്പോൾ കൊടുക്കാൻ കാശില്ലാതെ ഉരുകിയ വിഷമവും മനസ്സിലുണ്ട്.

വണ്ടിയോട് മോഹം തുടങ്ങിയ കാലത്ത് വെളള ഫിയറ്റ് വാങ്ങണമെന്നായിരുന്നു ആഗ്രഹം. 1983 ൽ പച്ചയും വെളളയും നിറത്തിലുളള സെക്കൻഡ് ഹാൻഡ് ഫിയറ്റ് വാങ്ങി. വർക്ക് ഷോപ്പിൽ കയറ്റി വെളുത്ത പെയിന്റടിച്ച് ‘ഒന്നാണ് നമ്മൾ’ എന്ന സിനിമയുടെ സെറ്റിലേക്ക് ഓടിച്ചു പോയി. വീട്ടുമുറ്റത്ത് മാരുതി 800 തൊട്ട് ഓഡി വരെ മാറി മാറി വന്നു. ബെൻസിന്റെ പുത്തൻ മോഡലുകളിലൊന്നായ ജിഎ‍ൽഎ ക്ലാസ് വണ്ടി വാങ്ങിയിട്ട് ഒരു വർഷമായി. ഭാഗ്യം പടികടന്നു വരുമ്പോൾ‌ പഴയതൊക്കെ മറക്കുന്നത് എന്റെ ശീലമല്ല.

രണ്ടു മക്കളാണ് ഞങ്ങൾക്ക്. മൂത്ത മോൻ സച്ചിൻ എൻജിനീയറിങ് കഴിഞ്ഞ് യു.കെയിൽ ഉപരിപഠനത്തിനു ശേഷം ഗുജറാത്തിൽ കെയിനിൽ ജോലി ചെയ്യുന്നു. അഭിനയിക്കാൻ വിളിക്കുമെന്ന് പേടിച്ച് ഷൂട്ടിങ് കാണാൻ പോലും വരില്ല. അവന്റെ വിവാഹം നടത്താനുളള തീരുമാനത്തിലാണ് ഞങ്ങൾ.

മണിയൻ പിളള രാജു മണിയൻ പിള്ള രാജു .ഫോട്ടോ: സരിൻ.ടി. ആർ

രണ്ടാമൻ നിരഞ്ജ് ബികോം കഴിഞ്ഞ് യു.കെയിൽ ഇന്റര്‍ നാഷനൽ മാർക്കറ്റിങ് മാനേജ്മെന്റ് കോഴ്സ് ചെയ്യുന്നു. അവന് സിനിമയിൽ താൽപര്യം ഉണ്ട്. പഠിത്തം കഴിഞ്ഞ് അഭിനയിച്ചാൽ മതി എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ അതിനു മുമ്പേ ബ്ലാക് ബട്ടർഫ്ലൈ’യിൽ അഭിനയിച്ചു. ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും അഭിനയമോ പ്രൊഡക്ഷനോ ഒക്കെയായി അവൻ മടങ്ങി വരും.

നടനായി, നിർമാതാവായി. എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുന്നത്?

വളരെ വെപ്രാളമുളള ആളാണ് ഞാൻ, ക്ഷമ കുറവ്. നല്ല കഴിവുളള സംവിധായകരെ വച്ച് പ്രൊഡ്യൂസറുടെ കമാൻഡിങ് പവറോടെ പടം ചെയ്യാനാണിഷ്ടം. സംവിധാനം എന്റെ മേഖലയല്ല. അടുത്ത ജന്മത്തിൽ ആരാകണമെന്ന് ദൈവം ചോദിച്ചാൽ നടനായാൽ‌ മതിയെന്ന് ഞാൻ പറയും. സിനിമ എന്റെ പാഷനാണ്. കിട്ടിയ‌തെല്ലാം ഭാഗ്യം. നന്ദിയേ ഉളളൂ എല്ലാവരോടും. ചിലർ പറയും എനിക്ക് കർണന്റെ വേഷം ചെയ്യണം. ഭീമനാകണം എന്നൊക്കെ. സ്വപ്നം മാത്രം കണ്ടിട്ട് കാര്യമില്ലല്ലോ. മറ്റൊരാൾ എഴുതി സംവിധാനം ചെയ്ത് ആ വേഷത്തിൽ നമ്മളെ വിളിച്ചാലല്ലേ പറ്റൂ. വരാനുളളത് നമ്മളെ തേടിവരും.

എന്തായാലും വനിതയിലൂടെ തന്നെയാകട്ടെ എന്റെ പുതിയ പടത്തിന്റെ അനൗൺസ്മെന്റ്. ശ്രീലങ്കയിൽ വച്ചാണണു ചിത്രീകരണം. സംവിധാനം പ്രിയദർശൻ. നായകൻ പൃഥ്വിരാജ്. അപ്പോൾ നായികയോ എന്നു ചോദിക്കരുത്.....അതുമാത്രം സസ്പെൻസ്.
 

Your Rating: