Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നേ നമ്മൾ ഇങ്ങനാണ് ഭായ്...കട്ട ഫ്രീക്കാ....’

അപർണ അപർണ ഗോപിനാഥ്.

പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അപർണ പറയുന്നു,
‘ഈ വട്ടുകളാണ് എന്റെ എനർജി’....

വർഷങ്ങൾക്കു മുമ്പ് നടന്ന കഥയാണ്. അന്ന് അപർണയ്ക്ക് വയസ്സ് പന്ത്രണ്ട്. തിരുവനന്തപുരത്തെ കുടുംബവീട്ടിൽ അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം അവധിക്കാലം ആഘോഷിച്ചു ചെന്നൈയ്ക്കു മടങ്ങാനൊരുങ്ങുമ്പോൾ അപർണ പറഞ്ഞു, ‘ഞാൻ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം’

അവളൊരു മിടുക്കിക്കുട്ടി ആണെങ്കിലും ഒറ്റയ്ക്കു വിടാൻ എല്ലാവർക്കും പേടി. അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ ഒരുപാട് ഉപദേശങ്ങൾ കൊടുത്ത് അപർണയെ ചെന്നൈ മെയിലിൽ കയറ്റിവിട്ടു.

അന്ന് ട്രാക്കിലെ എന്തോ ഗുരുതര പ്രശ്നങ്ങൾ കാരണം, ട്രെയിൻ ലേറ്റായി രണ്ട് ദിവസത്തിനു ശേഷമാണ് ചെന്നൈയിൽ എത്തിയത് അപ്പോഴേക്കും വിവരമറിഞ്ഞു പേടിച്ച് അപ്പൂപ്പൻ തിരുവനന്തപുരത്തു നിന്ന് വിമാനത്തിൽ ചെന്നൈയിൽ എത്തിയിരുന്നു. അമ്മയും അപ്പൂപ്പനും അയൽക്കാരും നാട്ടുകാരും ഒക്കെയായി വലിയ ജനക്കൂട്ടം തന്നെ അപർണയെ കാത്തു നിന്നു. എല്ലാവരും കണ്ണു നിറഞ്ഞ് വിഷമിച്ചു നിന്നപ്പോഴും അപർണ രണ്ടു ദിവസം വൈകിയ ട്രെയിൻ യാത്ര ആസ്വദിച്ച സന്തോഷത്തിലായിരുന്നു. അമ്മൂമ്മ കൊടുത്തുവിട്ട ചക്ക ഉപ്പേരിയും മാമ്പഴവും കൊണ്ടാട്ടവും ഒക്കെ സഹയാത്രക്കാരുമായി പങ്കുവച്ച് കഴിച്ച്, അവരോടൊപ്പം കമ്പനിയടിച്ച്, പാട്ടു പാടി, നൃത്തം ചെയ്ത്, പൊട്ടിച്ചിരിച്ച്.....‘അന്നേ നമ്മൾ ഇങ്ങനാണ് ഭായ്...കട്ട ഫ്രീക്കാ....’

മൊട്ടയടിക്ക് വയസ്സ് 34

ഏയ്....എനിക്കത്ര പ്രായമൊന്നുമില്ല. എന്റെ മൊട്ടയടിക്കാണ് മുപ്പത്തിനാല് വയസ്സ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലാസ്റ്റ് മൊട്ടയടി. അതിശയിക്കേണ്ട പെണ്ണുങ്ങൾ മുടി വളർത്തണം എന്ന് നിയമമൊന്നുമില്ലല്ലോ. പക്ഷേ, നിയമമുണ്ട് എന്നാണ് പലരുടെയും ധാരണ. പക്ഷേ, ഞാൻ മുടി വളർത്താനില്ലേ. ആറാം ക്ലാസ് മുതൽ തുടങ്ങിയതാണ് ഈ മൊട്ടയടി മാമാങ്കം.

ഇത് ഫാഷനൊന്നുമല്ല. സ്കൂളിൽ പഠിക്കുമ്പോ പരീക്ഷയ്ക്ക് ജയിക്കാനും, ഓട്ടമത്സരത്തിൽ കപ്പ് അടിക്കാനുമൊക്കെ മൊട്ടയടിച്ചപ്പോ അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ, കോളജിലെത്തിയിട്ടും മൊട്ടയടി മാറാതായപ്പോ അമ്മ അല്പം സ്ട്രിക്ട് ആകാൻ നോക്കി. പക്ഷേ, അമ്മയെ പുന്നാരിച്ച് പാട്ടിലാക്കി ഞാൻ മൊട്ടയടി തുടർന്നു.

അപർണ അപർണ ഗോപിനാഥ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

എണ്ണിത്തുടങ്ങിയത് ആറാം ക്ലാസിൽ വച്ചാണ്. അതിനും മുൻപേ നമ്മളീ പരിപാടി തുടങ്ങിയിരുന്നു. അങ്ങനെ കണക്കുകൂട്ടിയാൽ മൊട്ടയുടെ വയസ്സ് ഒരു നാൽപത് നാൽപത്തിനാല് വരും. എണ്ണിത്തുടങ്ങിയ ശേഷം മുപ്പത്തിനാലാമത്തെ മൊട്ടയടിയാണ് കഴിഞ്ഞത്

ഞാൻ ഒരിക്കലേ മുടി നീട്ടി വളർത്തിയിട്ടുള്ളൂ. അതു നാടകത്തിനു വേണ്ടിയാണ്. തിയറ്റർ ആണ് എന്റെ പാഷൻ. അതിനു വേണ്ടി മുടി മുട്ടറ്റം വളർത്താനും ഞാൻ റെഡി. ഈ മൊട്ടയ്ക്ക് എവിടന്ന് മുട്ടറ്റം മുടി വളരാനാ എന്നൊന്നും വിചാരിക്കണ്ട... എന്റെ അമ്മയ്ക്ക് ഇരുന്നാൽ നിലത്തിഴയുന്നത്ര നീളത്തിൽ മുടിയുണ്ടായിരുന്നു.

‘ബൈസിക്കിൾ തീവ്സ് ’’ എന്ന സിനിമയിലാണ് എനിക്കല്പം നീളമുള്ള മുടിയുള്ളത്. ഹൊ അന്ന് ഞാൻ പെട്ട പാട്. മുടി ഇങ്ങനെ നീണ്ടു നീണ്ടു വളർന്നു കിടക്കുന്നത്. വയ്യ, എനിക്കത് ആലോചിക്കാനേ വയ്യ.

മൈക്കൽ ജാക്സനെ ആരാ കല്യാണം കഴിച്ചത്?

ഈ ഞാൻ, അല്ലാതാര്.’അങ്ങനെ ആലോചിച്ചിരുന്നൊരു കാലമുണ്ടായിരുന്നു സുഹൃത്തേ. എന്തിഷ്ടമായിരുന്നു എനിക്ക് മൈക്കൽ ജാക്സനെ. നീട്ടി വളർത്തുന്ന മുടിയുടെ കാര്യ മൊഴിച്ച്....ദൈവത്തിന് ആ മൈക്കൽ ജാക്സനെ ചെന്നൈയിലെങ്ങാൻ ജനിപ്പിച്ചാൽ പോരായിരുന്നോ എന്നു കൊതിച്ച കാലം.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് സ്കൂളിൽ ആദ്യമായി സിനിമാറ്റിക് ഡാൻസ് കോംപറ്റീഷൻ നടന്നത്. പങ്കെടുക്കുന്നവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ നാല് ബോയ്സിനൊപ്പം ഞാനും കൈ പൊക്കി. ഒറ്റ പെൺപിള്ളേർ വേറെയില്ല. എന്നു വച്ച് പിൻമാറാൻ പറ്റുമോ? ഞാനും അവരും കൂടെ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. മറ്റുള്ളവരൊക്കെ കൊറിയോഗ്രാഫറെ വച്ചപ്പോ ഞങ്ങൾ എന്റെ മേൽനോട്ടത്തിൽ മൈക്കൽ ജാക്സനെ അനുകരിച്ച് സ്റ്റെപ്പുകൾ പഠിച്ചു. എന്തായാലും ഞങ്ങളുടെ ജാക്സനെയാണ് കാണികൾക്കിഷ്ടമായത്. അങ്ങനെ ഞങ്ങൾ അടിച്ചു കസറി...

അന്നും ഇന്നും എന്റെ പ്രണയം മൈക്കൽ ജാക്സനോടാണ്. മൈക്കൽ ജാക്സനെപ്പോലൊരാൾ വന്നാൽ കല്യാണം കഴിക്ക്യോ എന്നൊന്നും ചോദിക്കരുത്. ബികോസ്, മൈക്കൽ ജാക്സനെപ്പോലെ മൈക്കൽ ജാക്സൻ മാത്രമേയുള്ളൂ, വെണ്ടയ്ക്കാ സാമ്പാറിനു പകരം ഉള്ളി സാമ്പാർ പോരല്ലോ.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയം മൂത്തു മൂത്ത് ഞാനൊരു കുസൃതി ഒപ്പിച്ചു. ഡസ്കിൽ നല്ല കട്ട അക്ഷരത്തിൽ, ആന വലുപ്പത്തിൽ എഴുതി വച്ചു, ‘അപർണ ജാക്സൻ . ഹൊ അപ്പോ തോന്നിയ സുഖം....ആനന്ദത്തിൽ ചിറകടിച്ച് വീട്ടിൽ വന്നപ്പോ എല്ലാവരും കൂടി നിന്ന് ചെവി പൊട്ടുന്ന ചീത്ത. ടീച്ചർ അമ്മയെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തിരുന്നു.

നല്ല ചുട്ട അടി കൊടുക്കുന്നതല്ലേ അതിന്റെയൊരു ത്രിൽ

എനർജി കൂടുതലുളളതെന്തും എനിക്ക് ഇഷ്ടമാണ്. കിസ് ചെയ്യുന്നതിനേക്കാൾ നാലിരട്ടി എനർജി വേണം തോന്ന്യാസം കാണിക്കുന്നവർക്കിട്ട് നല്ല തല്ല് കൊടുക്കാൻ. So I love to slap, than kissing....

ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് ഒരാളെ മാത്രമേ ഞാൻ സീരിയസായി അടിച്ചിട്ടുള്ളൂ. സ്കൂളിൽ പഠിക്കുമ്പോഴാണത്. ബസിൽ സ്കൂളിലേക്ക് പോകുന്ന വഴി ഒരാൾ തോണ്ടാനും ശല്യം ചെയ്യാനും തുടങ്ങി. തിരിഞ്ഞ് നിന്ന് കൊടുത്തു ഒറ്റ അടി. അത് ഭയങ്കര സംഭവമായി എന്ന വിചാരമൊന്നും എനിക്കില്ല. ഞാനും അയാളും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. ഞാൻ കയറുന്നതിന്റെ രണ്ട് മൂന്ന് ബസ് സ്റ്റോപ്പ് അപ്പുറത്തു നിന്ന് അയാൾ കയറും. കണ്ടു പരിചയമുണ്ട്. എന്നിട്ട് വൃത്തികേടു കാണിക്കാൻ വന്നപ്പോ സഹിച്ചില്ല. കൊടുത്തു കരണത്തൊരെണ്ണം.

അപർണ അപർണ ഗോപിനാഥ്

ഒരു മനുഷ്യ ജീവിയെ തല്ലേണ്ടി വന്നല്ലോ എന്നോർത്ത് ഭയങ്കര സങ്കടമായിരുന്നു. അടുത്ത ദിവസം അയാൾ പകരം വീട്ടുമോ എന്ന് പേടിയും. പക്ഷേ, കുറ്റബോധമൊന്നും തോന്നിയില്ല. കാരണം, അയാൾ ചെയ്തത് അടി കൊള്ളേണ്ട പണി തന്നെയാണെന്ന് ഞാൻ അന്നും ഇന്നും കരുതുന്നത്. ബസിലെ മോശം പെരുമാറ്റം നേരിടാൻ ഇതേയുള്ളൂ വഴി.

സ്കൂളിലും കോളജിലുമൊക്കെ ടീച്ചർമാർ എന്നെത്തിരക്കുമ്പോ കൂട്ടുകാർ പറയും, ‘അവള് ദാ, അവന്മാരുടെ ഗാങ്ങിൽ കാണും’ എന്ന്. സത്യമാ, ഞാൻ കോളജിലെയും സ്കൂളിലെ യും ‘ഷീ’ റോ അല്ല, ‘ഹീ’റോ ആയിരുന്നു....!!

ഉന്നം മറന്നു തെന്നിപ്പറന്ന.....

എന്ത് രസാന്നറിയോ, ബൈക്കിലിങ്ങനെ കറങ്ങി നടക്കാൻ. കൂടെ മഴയും വേണം. എന്നിട്ട്, ഒരു പാട്ടും കൂടി പാടണം.

ങേ.....അപർണ പാട്വോ എന്നല്ലേ? എനിക്ക് പാടാൻ അറിയില്ല. എങ്കിലും പാടും വരയ്ക്കാൻ അറിയില്ല. പക്ഷേ, വരയ്ക്കും. എന്താണെന്നറിയില്ല, എന്നെക്കൊണ്ട് പറ്റാത്തതൊക്കെ എനിക്ക് എങ്ങനെയെങ്കിലും ചെയ്തേ പറ്റൂ.
ചെന്നൈയിലെ വീടിന്റെ മുന്നിലൊരു മെക്കാനിക്ക് ഷോപ്പുണ്ടായിരുന്നു. സുന്ദരന്മാരായ നിരവധി ബൈക്കുകൾ വരുന്ന സ്ഥലം. പെൺകുട്ടികളൊക്കെ മണ്ണപ്പം ചുടാനും പൂ പറിക്കാനും പോകുമ്പോ ഞാൻ ഇങ്ങോട്ടാണ് പോരുക. ‘അണ്ണാ, ഒന്ന് കറങ്ങാൻ കൊണ്ടോവോ.....’ എന്ന് ചോദിക്കും. എന്റെ ശല്യം കൂടുമ്പോ പാവം അണ്ണന്മാര് കൊച്ചല്ലേന്ന് വിചാരിച്ച് കൊണ്ടു പോകും ആറാം ക്ലാസിലെത്തിയപ്പോ, ‘അണ്ണാ ഒന്ന് ബൈക്ക് പഠിപ്പിച്ചു തര്വോ...’ എന്നായി ചോദ്യം. അങ്ങനെയാണ് ബൈക്ക് ഓടിക്കാൻ പഠിക്കുന്നത്. ഒമ്പതിൽ പഠിക്കുമ്പോൾ ബുള്ളറ്റ് ഓടിച്ചു തുടങ്ങി. അമ്മയ്ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല. പക്ഷേ, അമ്മയുടെ എല്ലാ പരിഭവങ്ങളും അകറ്റാൻ ഒരുഗ്രൻ വഴിയുണ്ടെനിക്ക്. സ്നേഹിച്ച് അടുത്തു ചെന്നു കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താൽ മതി. എന്റെ പാവം അമ്മ.

എനിക്കറിയാം, ഞാനൊരു കുട്ടിയാണെന്ന്

കുട്ടികൾക്കു വേണ്ടിയുള്ള തിയറ്റർ ഗ്രൂപ്പായ ലിറ്റിൽ തിയറ്ററിനു വേണ്ടിയാണ് ഞാൻ ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. അവരുടെ കൂടെ പ്രവർത്തിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി. കുട്ടികളെ സന്തോഷിപ്പിക്കാൻ ഒരേ സമയം എളുപ്പവും വിഷമവുമാണ്. അവരുടെ മനസ്സിനെ സ്പർശിക്കാൻ കഴിഞ്ഞാലേ അവർ എന്തും ആസ്വദിക്കുകയും സഹകരിക്കുകയും ചെയ്യൂ. അവരുടെ കൗതുകം പിടിച്ചെടുക്കാൻ ബലൂണിനും മഴവില്ലിനും ഒരു പോലെ കഴിയും. അളവില്ലാത്തത്ര എനർജി, അതാണ് കുട്ടികളുടെ പ്രത്യേകത. ആ എനർജിയിലേക്ക് നടക്കാനാണ് എനിക്കിഷ്ടം. കുട്ടികൾക്കു വേണ്ടി മുതിർന്നവരെ അഭിനയിപ്പിച്ച് സംവിധാനം ചെയ്യുന്ന ഒരു നാടകമാണ് ഇപ്പോഴെന്റെ ലക്ഷ്യം. ഇടയ്ക്കൊക്കെ എനിക്കും തോന്നാറുണ്ട്, ഞാനൊരു അഡൽറ്റ് കിഡ് ആണെന്ന്.

ആക്ടിങ് വേറെ, സ്വഭാവം വേറെ

ചിലർ ചോദിക്കും അഭിനയിച്ച കഥാപാത്രം പോലെയാണോ സ്വഭാവം എന്ന്. എന്ത് മണ്ടൻ ചോദ്യാ മാഷേ അത്. കഥാപാത്രം കഥാപാത്രമല്ലേ. സിനിമയിൽ എത്തും മുൻപ് ഞാൻ വജൈന ടൈറ്റനിങ് ജെല്ലിന്റെ പരസ്യത്തിലഭിനയിച്ചു. ‘എബിസിഡി’ എന്ന സിനിമ അഭിനയിച്ചു കഴിഞ്ഞപ്പോഴാണു പലരും ഞാനാണെന്ന് തിരിച്ചറിഞ്ഞത്. ഈ പരസ്യം ആർക്കും കാണാം, അതിനെക്കുറിച്ച് അന്വേഷിക്കാം, അറിയാം, പക്ഷേ പറയാൻ പാടില്ല എന്ന മട്ടാണ് രസം.

അമച്വർ നാടകരംഗത്തുള്ളവർക്കൊന്നും വലിയ വരുമാനമില്ല. തുടക്കക്കാലത്ത് ഞാൻ പല ജോലികളും ചെയ്തിട്ടുണ്ട്. വോയിസ് ഓവറുകൾ, ടെലിഫോണിക് മെസേജസ്, ഡാൻസ് പഠിപ്പിക്കൽ.....ഡിഗ്രി കഴിഞ്ഞതിനു ശേഷം അമ്മയോട് സ്വന്തം ആവശ്യങ്ങൾക്ക് പണം ചോദിച്ചിരുന്നില്ല. അമ്മ തരാഞ്ഞിട്ടല്ല, എന്റെ ചെലവുകൾ സ്വയം നടത്തണം എന്ന് തോന്നിയതുകൊ ണ്ടാണ്. അങ്ങനെ വരുമാനത്തിനു വേണ്ടി ചെയ്ത ജോലികളിലൊന്നായിരുന്നു ആ പരസ്യം. ആ പ്രോഡക്ട് ഉപയോഗിക്കുന്ന കഥാപാത്രമായി അഭിനയിക്കുകയാണ് ഞാൻ ചെയ്തത്. പ്രോഡക്ട് ശുപാർശ ചെയ്തിട്ടില്ല. അഭിനയം ആണല്ലോ എന്റെ തൊഴിൽ.

മുടിയുടെ സ്റ്റൈൽ കണ്ട് ഒരാൾ ഗൗരവക്കാരിയാണ്, മുണ്ടുടുത്തതുകൊണ്ട് പാവം ആണ് എന്നൊക്കെ പറയാൻ പറ്റുമോ? ഒറ്റയ്ക്കാണ് പണ്ടു മുതലേ യാത്ര ചെയ്യാറുള്ളത്. എനിക്ക് ഇഷ്ടമില്ലാത്ത ഇടങ്ങളിലും കാര്യങ്ങളിലും നിൽക്കാറുമില്ല. എന്നു വച്ച് ഞാൻ വല്യ വിപ്ലവകാരിയോ കുഴപ്പക്കാരിയോ അല്ല. ചില പ്രത്യേക ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടെന്നു മാത്രം. കാതു നിറയെ കമ്മലിടുക, സ്വയം ഡാൻസ് പഠിക്കുക, മൊട്ടയടിക്കുക, കടുത്ത ഭക്തയായിരിക്കുക ഒക്കെ അതിൽപ്പെടും. പന്ത്രണ്ടാം വയസ്സിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ എന്നെ അനുവദിച്ചത് അമ്മയാണ്. അതിനുള്ള ധൈര്യം അമ്മയ്ക്കുണ്ടായി. എന്റെ ബോൾഡ്നെസ് ആത്മവിശ്വാസം, സന്തോഷം എല്ലാത്തിനും കാരണം അമ്മയാണ്. ഇതൊന്നും ചുമ്മാ പൊക്കിപ്പറയുന്നതല്ല, എന്റെ അമ്മേ, അമ്മ ശരിക്കും പൊളിച്ചൂട്ടോ. പിന്നെ, വെറുതേ ഇങ്ങനെ ജീവിച്ചിട്ടെന്തിനാ? ഒരൽപം എക്സ്ട്രാ എനർജി ഇല്ലാതെ....

ഇഷ്ടം ഇയർ റിങ്സിനോട്

ചേച്ചി ആരാധനയുടെ ഭയങ്കര ഫാനാണ് ഞാൻ. ചേച്ചി കാതു കുത്തി ആറ് റിങ്സ് ഇട്ടു. മാത്രമല്ല, ‘നീ എന്നെ കോപ്പി ചെയ്യല്ലേ, കോപ്പി ചെയ്യല്ലേ’ എന്ന് പറയുകയും ചെയ്തു. പക്ഷേ, ഫാനായാൽ കോപ്പി ചെയ്യാതെ പറ്റുമോ? ഞാനും കുത്തി അഞ്ചെണ്ണം. എന്നിട്ട് കമ്മലിടാനുള്ള പ്രധാന ഇടം ഒഴിച്ച് ബാക്കിയുള്ളിടത്തെല്ലാം കമ്മലിട്ടു. പിന്നീട് മൂന്നു കുത്തു കൂടി കുത്തി.

ഇയർ റിങ്സ് എനിക്ക് അത്രയ്ക്കിഷ്ടമാണ്. മാറ്റാനേ പറ്റില്ല. ഇത്രയും കമ്മൽ സന്തോഷത്തോടെ ഇട്ടു കൊണ്ടു നടക്കുന്നു എന്നു കരുതി, കാതുകുത്ത് ഒരു പ്രശ്നമേയല്ല എന്നു കരുതരുത്. നല്ല വേദനയെടുത്തു തന്നെയാ ഇതെല്ലാം ചെയ്തത്. കാതുകുത്തി രണ്ട് ദിവസം കഴിഞ്ഞപ്പോ മുടി ക്രോപ്പ് ചെയ്യാൻ പോയി. കാതു കുത്തലിന്റെ കഥയൊന്നുമറിയാത്ത ചേട്ടൻ ക്രോപ്പ് ചെയ്ത മുടി സ്റ്റൈലായി അങ്ങ് ചീകി. പിന്നെ, ചേട്ടായി കേട്ടത് സൈറൺ കൂവുന്നതു പോലെയുള്ള എന്റെ കരച്ചിലാണ്.

അപർണ അപർണ ഗോപിനാഥ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

കണ്ടാൽ തോന്നില്ലെങ്കിലും

രണ്ടു സ്വകാര്യങ്ങൾ കൂടി പറയാം. ഒന്ന് എന്റെ ഭക്തിയാണ്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, പക്ഷേ, സത്യം, ഭയങ്കര ഭക്തയാണ് ഞാൻ. ചിലർ പറയും ‘ഭക്തയാണെന്ന് കണ്ടാൽ തോന്നില്ലെന്ന്. കണ്ടാൽ ഭക്തയാണെന്ന് എന്തിനാ തോന്നുന്നേ? കണ്ടാൽ തോന്നിയില്ലെങ്കിലും ഒരാൾക്ക് ഭക്തി ഉണ്ടായിക്കൂടേ? പിന്നെ, രണ്ടാമത്തെ കാര്യം. എനിക്ക് പെൺ സുഹൃത്തുക്കൾ കുറവാണ്. മാത്രമല്ല, എന്റെ നാല് ബെസ്റ്റ് ഫ്രണ്ട്സും ബോയ്സാ...ആരും സിനിമാക്കാരൊന്നുമല്ല. കുട്ടിക്കാലം മുതലേയുള്ള ഫ്രണ്ട്സ്. മുകുന്ദൻ, ശാന്തകുമാർ, നിക്കു, ഷഹീൻ ഇവരൊക്കെ എന്നേക്കാൾ ഡബിൾ ക്രാക്കായതാണ് മറ്റൊരു സന്തോഷം. അവന്മാർ ഇതു സമ്മതിച്ചു തരില്ല. ‘ഏറ്റവും ക്രാക്ക് നീയാ...’ എന്ന് പറയും. ഞങ്ങൾ കൂട്ടി മുട്ടുമ്പോൾ മിക്കപ്പോഴും അടി കൂടുന്നത് ഇതും പറഞ്ഞാണ്.