Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ സ്വപ്നം കണ്ടിരുന്നു, അതു പക്ഷെ ഞാനല്ല...

Malavika Wales മാളവിക വെയ്ൽസ്.ഫോട്ടോ: ശ്യാം ബാബു

അയൽപക്കത്തെ വീട്ടിൽ ചെന്ന് കോളിങ് ബെൽ അടിച്ചാൽ ചിരിയോടെ വാതിൽ തുറക്കുന്ന പെൺകുട്ടിക്ക് ഈ മാളവികയുടെ മുഖമല്ല? അതു കൊണ്ടാകാം സിനിമയായാലും സീരിയൽ ആയാലും മാളവികയോട് എല്ലാവർക്കും ഇത്രയും സ്നേഹം.

‘‘എല്ലാവരും ചോദിക്കാറുണ്ട്, സിനിമയിൽ നിന്ന് സീരിയലിലേക്കു പോരുമ്പോൾ വിഷമമുണ്ടായിരുന്നോ എന്ന്. പൊന്നമ്പിളിയെപ്പോലെ ഇത്ര ശക്തമായ ഒരു കഥാപാത്രം സിനിമയിൽ കിട്ടുമായിരുന്നോ എന്ന് എനിക്കു തോന്നുന്നില്ല. സീരിയലിൽ വന്ന ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയുന്നത്. പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ ഞാൻ കണ്ണടയൊക്കെ വച്ച് ഷോപ്പിങ്ങിനിറങ്ങും. പക്ഷേ, ആളുകൾ ഒറ്റ നോട്ടത്തിൽ പിടികൂടും.

സത്യത്തിൽ അഭിനയവും നൃത്തവും ഒന്നും ഇനി ജീവിതത്തിൽ ഒരിക്കലും വേണ്ടെന്നു വച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. ഹ്യൂമൻ റിസോഴ്സിൽ പി.ജി. ചെയ്യാൻ ചെന്നൈയിലേക്ക് വണ്ടികയറാൻ എല്ലാ ഒരുക്കങ്ങളും ചെയ്തതാണ്. അപ്പോഴാണ് വഴിത്തിരിവുപോലെ പൊന്നമ്പിളി വന്നത്.’’‌

സുന്ദരിപ്പെൺകുട്ടികൾ സിനിമ സ്വപ്നം കാണുന്ന ടീനേജ് കാലത്ത് ആരാകാനായിരുന്നു മോഹം?

സിനിമ സ്വപ്നം കണ്ടിരുന്നു, ഞാനല്ല, അച്ഛനായിരുന്നു എനിക്കു വേണ്ടി സ്വപ്നങ്ങൾ കണ്ടിരുന്നത്. ഞാൻ അഭിനയിക്കണമെന്ന് എന്നേക്കാൾ ആഗ്രഹം അച്ഛനായിരുന്നു. ആറു വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പ്രസന്ന ഉണ്ണി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം.... കുഞ്ഞുനാൾ മുതൽ ജ്യോതിഷികൾ പറഞ്ഞിരുന്നു, എനിക്ക് കലയിൽ ഭാവിയുണ്ടെന്ന്. അതായിരിക്കണം അച്ഛനു കൂടുതൽ ധൈര്യം കൊടുത്തതും.

2009 മിസ്കേരള മത്സരത്തിൽ പങ്കെടുത്തതും അച്ഛന്റെ താൽപര്യമായിരുന്നു. ഒരാഴ്ച നീണ്ട ഗ്രൂമിങ് നല്ല ആത്മവിശ്വാസം തന്നു. ഒന്നാമതാകാനായില്ല. എന്നാലും ‘മിസ് ബ്യൂട്ടിഫുൾ ഐ’ ടൈറ്റിൽ നേടി. പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണു മലർവാടിയിൽ അവസരം കിട്ടിയത്. ഇവന്റ് മാനേജേഴ്സിൽ നിന്ന് ഫോട്ടോ കണ്ടിട്ട് വിളിച്ചതാണ്. ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. ഒപ്പം ടെൻഷനും.

Malavika Wales മാളവിക വെയ്ൽസ്.ഫോട്ടോ: ശ്യാം ബാബു

പ്ലസ് ടു പരീക്ഷാക്കാലമായിരുന്നു. ഒഡിഷന് ആലുവയിലേക്ക് പോയി. വളരെ നല്ല ആളുകൾ. അന്തരീക്ഷം, വീട്ടിൽ നിന്നു ഫുൾ സപ്പോർട്ട്. പരീക്ഷ തീരും മുമ്പ് മലർവാടിയുടെ ഷൂട്ടിങ് തുടങ്ങി.

വിവാഹം കഴിഞ്ഞ് ഞാനും ഭഗത്തും നെടുമുടി വേണുച്ചേട്ടന്റെ അനുഗ്രഹം വാങ്ങുന്ന സീനായിരുന്നു ആദ്യത്തേത്. അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചത് ആ വലിയ നടന്റെ അനുഗ്രഹത്തോ ടെയായിരുന്നു. അത് ഞാൻ എക്കാലവും ഓർമിക്കുന്നൊരു സന്തോഷ നിമിഷമാണ്.

മലർവാടിക്കു ശേഷം മാളവിക സെലക്ടീവായി?

തുടരെ തുടരെ സിനിമകൾ ചെയ്യേണ്ട എന്നതും അച്ഛന്റെ തീരുമാനമായിരുന്നു. ഞാൻ നല്ലൊരു അഭിനേത്രിയായിക്കാണുക എന്നാതായിരുന്നു അച്ഛന്റെ മോഹം. അഭിനയം സീരിയസായി തുടരണമെങ്കിൽ നല്ല സ്കൂളിങ് കിട്ടണം. മുംബൈയിൽ അനുപംഖേറിന്റെ ആക്ടേഴ്സ് ട്രെയിനിങ് അക്കാദമി തുടങ്ങിയ സമയമാണ്. മൂന്നു മാസത്തെ ഡിപ്ലോമ കോഴ്സിന് അവിടെ ചേർന്നു. ചില ക്ലാസുകൾ അനുപം സാർ നേരിട്ടാണെടുക്കുക. അവിടെ ഓരോ ആക്ടിവിറ്റി തരും. ഏതെങ്കിലും വിഷയം തിരഞ്ഞെടുത്ത് ഓരോരുത്തരും അഭിനയിച്ചു കാണിക്കണം.

ഒരിക്കൽ അനുപം സാറിന്റെ മുന്നിൽ ഡ്രാമ അവതരിപ്പിക്കാൻ പറഞ്ഞു. ഹിന്ദിയിലായിരുന്നു അവതരിപ്പിക്കേണ്ടത്. ഉത്തരേന്ത്യൻ കുട്ടികളാണ് ക്ലാസിൽ കൂടുതലും. ഞാൻ സൗത്തിൽ നിന്നാണെന്ന പ്രത്യേക പരിഗണയൊന്നും കിട്ടിയില്ല. എന്നെ ആകെ വിറച്ചു തുടങ്ങി. അദ്ദേഹത്തെപ്പോലൊരു വലിയ നടന്റെ മുന്നിൽ ഞാൻ എന്തു ചെയ്യാനാണ്? പക്ഷേ രണ്ടും കൽപിച്ച് ഞാൻ എന്റെ റോൾ ചെയ്തു. കഴിഞ്ഞപ്പോൾ അദ്ദേഹം വന്ന് കൈ തന്നു. കേരളത്തിൽ നിന്നാണെന്നും ഹിന്ദി കാര്യമായി അറിയില്ല എന്നും അറിഞ്ഞപ്പോൾ പ്രത്യേക സ്നേഹത്തോടെ സംസാരിച്ചു. അഭിനയിക്കുന്നതിനു മുൻപ് നിരീക്ഷണം ഏറ്റവും ആവശ്യമാണെന്നു പഠിപ്പിച്ചത് മുംബൈയിലെ അക്കാദമിയാണ്.

ഇത്രയും ഗൗരവത്തോടെ സിനിമയെ കാണാൻ തുടങ്ങിയ ആൾ പിന്നെ എന്തേ സിനിമ വേണ്ടെന്നു വച്ചു?

ചെറിയ വേഷമാണെങ്കിലും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കഥാപാത്രവും നന്നായി എൻജോയ് ചെയ്യാൻ കഴിയുന്ന സെറ്റും ഒക്കെയുള്ള സിനിമകളായിരുന്നു തിരഞ്ഞെടുത്തത്. ‘ഇന്നാണാ കല്യാണം’, കന്നടയിൽ ‘നന്ദീശ’ അങ്ങനെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിരുന്നുളളൂ. അപ്പോഴാണ് അപ്രതീക്ഷിതമായി അച്ഛന്റെ മരണം.

മാളവിക അമ്മ സുധിന വെയ്ൽസിനൊപ്പം മാളവിക അമ്മ സുധിന വെയ്ൽ‌സിനൊപ്പം

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഞാൻ വിശ്വസിച്ചിട്ടില്ല അച്ഛൻ ഞങ്ങളെവിട്ടു പോയി എന്ന്. മുമ്പൊരിക്കൽ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധയായിരുന്നു. മരുന്നും ഭക്ഷണവുമെല്ലാം വളരെ ശ്രദ്ധിച്ചിരുന്നു. ദിവസവും ചിട്ടയായി വ്യായാമം ചെയ്യും. അങ്ങനെ ഒരു ദിവസം എക്സർസൈസ്‍ ചെയ്യുമ്പോഴാണ് രണ്ടാമത്തെ ഹൃദയാഘാതമുണ്ടായത്. ട്രെഡ്മില്ലിൽ നിന്ന് അച്ഛൻ കുഴഞ്ഞു വീണത് ഞങ്ങളുടെ മുന്നിൽ വച്ചാണ്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പു തന്നെ.....

മരണം ഒച്ചയൊന്നുമുണ്ടാക്കാതെ ആ ജീവൻ കൊണ്ടുപോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു. എവിടെയും കൂടെ വരുന്നതും എല്ലാത്തിനും പ്രോത്സാഹനം തരുന്നതും അച്ഛനായിരുന്നു. അച്ഛന്റെ കുടുംബത്തിൽ നിന്നാണ് എനിക്ക് കലാവാസന കിട്ടിയത്. ആ കുറവു നികത്താൻ ആർക്കും കഴിയില്ല. അഭിനയവും ഡാൻസും ഒന്നും പിന്നെ തുടരാൻ തോന്നിയില്ല.

ജീവിതത്തിലെ തിരിച്ചടികളാണോ പൊന്നമ്പിളിയെ കൂടുതൽ ഉൾക്കൊള്ളാൻ സഹായിച്ചത്?

കുടുംബം നോക്കാനായി പല ജോലികളും, ചെണ്ടവാദ്യം വരെ ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ് പൊന്നമ്പിളി. പൊന്നമ്പിളിയാകണമെങ്കിൽ ചെണ്ടകൊട്ട് പഠിക്കണമെന്ന് ആദ്യമേ പറ ഞ്ഞിരുന്നു. കണ്ടപ്പോൾ അതുയർത്താൻ തന്നെ ത്രാണിയുണ്ടോയെന്ന് സംശയമായിരുന്നു. ഇപ്പോൾ മോശമല്ലാതെ ചെണ്ട കൊട്ടാൻ അറിയാം.

അമ്പല നടയിൽ ദേവിക്കു മുന്നിലാണ് ആദ്യമായി കൊട്ടിയത്. അതൊരു നല്ല അനുഭവമായിരുന്നു. സങ്കടങ്ങൾ ചെണ്ട കൊട്ടി തീർക്കുന്ന പൊന്നമ്പിളിയുടെ കയ്യിൽ ഇനി മതിയെന്നോണം അച്ഛൻ അപ്പുമാഷ് തൊടുന്ന ഒരു രംഗമുണ്ട്. വിക്രമൻ അങ്കിളാണ് അപ്പുമാഷായി അഭിനയിക്കുന്നത്. അന്നു കരയാൻ ഗ്ലിസറിൻ വേണ്ടി വന്നില്ല. അച്ഛന്റെ ആ കരുതൽ സ്പർശം ഇനിയുണ്ടാകില്ലെന്നു മനസ്സ് പിടഞ്ഞതാകാം. ചെണ്ട കൊട്ടുന്നതിനൊപ്പം ഞാൻ നിർത്താതെ കരഞ്ഞു.

ഒപ്പം നടക്കാൻ ഒരു കൂട്ടു വേണമെന്ന് തോന്നുന്നില്ലേ?

സീരിയലിലെ ഹീറോ രാഹുൽ രവിയും ഞാനും പ്രണയത്തിലാണോയെന്ന് പലർക്കും സംശയം. പ്രണയം ഏതായാലും ഇപ്പോഴില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള പക്വതയും എനിക്കായിട്ടില്ല.

Malavika Wales മാളവിക വെയ്ൽസ്.ഫോട്ടോ: ശ്യാം ബാബു

അച്ഛന്റെ കുറവ് അറിയാതിരിക്കാൻ അമ്മ പരമാവധി ശ്രമിക്കുന്നുണ്ട്. ചേട്ടൻ മിഥുനും ഭാര്യ നീലിമയും വളരെ സപ്പോർട്ടീവാണ്. അച്ഛന്റെ അതേ വഴിയിൽ തന്നെയാണ് ചേട്ടൻ. ചാർട്ടേഡ് അക്കൗണ്ടന്റാണ്.

നിന്റെ ഒപ്പം മരണം വരെ കല ഉണ്ടാകണമെന്ന് അച്ഛൻ പറയുമായിരുന്നു. അതോർമിപ്പിച്ചാണ് അമ്മ എനിക്ക് ധൈര്യം പകർന്നത്. അമ്മയുടെ വിഷമങ്ങൾ ഉളളിലൊതുക്കി ഇങ്ങനെ തണലായി നിൽക്കുന്നതു കാണുമ്പോൾ അഭിമാനം തോന്നും. അമ്മയാണ് സെറ്റിൽ ഇപ്പോൾ കൂടെ വരുന്നത്. എന്റെ ഫാഷൻ ഡിസൈനറും അമ്മ തന്നെ.